Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിത വീണ്ടും പൊതുവേദിയിൽ; ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി; ഫോട്ടോ ട്വീറ്റ് ചെയ്ത് മോദിയും; ഗുരുതരാവസ്ഥയിൽ രോഗശയ്യയിൽ ആണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് പുരുട്ച്ചി തലൈവിയുടെ ദർശനം

ജയലളിത വീണ്ടും പൊതുവേദിയിൽ; ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി; ഫോട്ടോ ട്വീറ്റ് ചെയ്ത് മോദിയും; ഗുരുതരാവസ്ഥയിൽ രോഗശയ്യയിൽ ആണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് പുരുട്ച്ചി തലൈവിയുടെ ദർശനം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എഴുനേൽക്കാൻ പോലും വയ്യാതെ രോഗഗ്രസ്ഥയായി ഗുരുതരാവസ്ഥയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന പ്രചരണങ്ങൾക്ക് മറുപടി നൽകി തലൈവി വീണ്ടും പൊതുവേദിയിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് ജയലളിത പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനാണ് ജയലളിത നേരിട്ട് എത്തിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ജയലളിത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അവർ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാമിന്റെ സംസ്‌ക്കാര ചടങ്ങിൽ പോലും പങ്കെടുത്തിരുന്നില്ല.

പച്ചസാരിയുടുത്ത പുഞ്ചിരിച്ച മുഖവുമായി പൂചെണ്ടുമായി ജയലളിത വിമാനത്താവളത്തിൽ എത്തി. പൂർണ ആരോഗ്യവതിയായി കാണപ്പെട്ട ജയലളിത പ്രസന്നവതിയായിരുന്നു. വിമാനത്താവളത്തിൽ വച്ചു മോദിയുമായി അവർ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവർണർ കെ. റോസയ്യയും മുന്മുഖ്യമന്ത്രി പനീർശെൽവവും അവരോടൊപ്പമുണ്ടായിരുന്നു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനൊണ് മോദി ചെന്നൈയിലെത്തിയത്. എന്നാൽ മദ്രാസ് യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തിൽ ജയലളിത പങ്കെടുത്തില്ല. അസുഖ ബാധിതയായതിനാൽ മുൻ രാഷ്ട്രപതി ഡോക്ടർ കലാമിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് ജയലളിതതന്നെ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് അവരുടെ ആരോഗ്യനിലയെക്കുറിത്ത് അഭ്യൂഹങ്ങൾ ശക്തമായത്.

ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നൽകിയത്. തൊട്ടു പിറകെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും എത്തി. അപ്പോഴെല്ലാം കള്ളപ്രചരണങ്ങളെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. യാതൊരു പ്രശ്‌നവും ജയലളിതയ്ക്ക് ഇല്ലെന്നും വാദിച്ചു. അതിനിടെയാണ് തമിഴ്‌നാടിന്റെ ആത്മാഭിമാനം ലോക രാഷ്ട്രയങ്ങൾക്ക് മുന്നിൽ ഉയർത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം അന്തരിച്ചത്. രാമശ്വരത്ത് കലാമിന്റെ അന്ത്യകർമ്മങ്ങൾ ജയലളിത എത്തിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ശരിവച്ച് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾ സജീവമായി. ജയലളിതയ്ക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള ആരോഗ്യം പോലുമില്ലെന്ന് വാദമെത്തി.

കലാമിന്റെ സംസ്‌കാര ചടങ്ങിൽ ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നായിരന്നു ജയലളിത പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്‌കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അന്ന് ജയലളിത പുറത്തിറക്കെ വാർത്താക്കുറിപ്പ്. ജയലളിതയ്ക്ക് കരളിൽ ക്യാൻസറാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. ഇതിനോട് വൈകാരികമായാണ് എഐഎഡിഎംകെ എംപി പ്രതികരിച്ചത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്നാണ് എഐഎഡിഎംകെ എംപി പി ആർ സുന്ദരം പ്രതികരിച്ചത്. മോദിയെ സ്വീകരിക്കാൻ എത്തിയതിലൂടെ വിവാദങ്ങളെ ഒരു പരിധിവരെ ചെറുക്കാനും പാർട്ടിക്കാകും.

അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ പൊതു തെരഞ്ഞെടുപ്പ്. എഐഎഡിഎംകെയ്ക്ക് നിലവിൽ വ്യക്തമായ മുൻതൂക്കമുണ്ട്. എന്നാൽ ജയലളിത പാർട്ടിയുടെ നേതൃത്വത്തിൽ അസുഖപരമായ കാരണങ്ങളാൽ മാറുമെന്നായിരുന്നു ഡിഎംകെയുടെ പ്രചരണം. അതുകൊണ്ട് തന്നെ ഡിഎംകെയ്ക്ക് വീണ്ടും രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചെത്താൻ ആകുമെന്നും വിലയിരുത്തി. ഈ വിവാദത്തിൽ കരുതലോടെയായിരുന്നു ബിജെപിയുടെ നീക്കങ്ങൾ. വിവാദങ്ങൾ ഉണ്ടാക്കിയുമില്ല. എന്നാൽ തമിഴ് രാഷ്ട്രീയത്തിൽ നിന്ന് ജയലളിത മാറിയാൽ അവസരം മുതലെടുക്കാനുള്ള കുരക്കൾ ബിജെപിയും നീക്കുന്നുണ്ടായിരുന്നു. സൂപ്പർ താരം രജനികാന്തിനെ രംഗത്തിറക്കി തമിഴ് മനസ്സ് പിടിക്കാനാണ് മോദിയുടെ ശ്രമം. അതിന് കൂടിയുള്ള സാധ്യതകൾ ആരായുന്നതാണ് ഇന്നത്തെ മോദിയുടെ ചെന്നൈയിലേക്കുള്ള വരവ്.

ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ ജയലളിത നേരിട്ട് എത്തിയത്. തമിഴ്‌നാടിനെ നയിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ജയലളിത വിളിച്ചു പറയുകയാണ്. മോദിയെ സ്വീകരിക്കാൻ എത്തിയില്ലെങ്കിൽ ജയയുടെ ആരോഗ്യത്തിലെ ചർച്ച കൂടുതൽ കടുക്കും. അത് പാർട്ടിക്ക് ദോഷവും ചെയ്യും. അതുകൊണ്ട് തന്നെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മോദിയെ സ്വീകരിക്കാനുള്ള ചടങ്ങ് പൊതു വേദിയിലേക്ക് മടങ്ങിയെത്താൻ ജയലളിത തെരഞ്ഞെടുത്തതും. അതിനിടെ ഡോക്ടർമാരുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് ജയലളിത വിമാനത്താവളത്തിലെത്തിയത്. ഡോക്ടർമാരുടെ ഉപദേശം മാനിച്ചാണ് മറ്റ് പൊതു ചടങ്ങുകൾ ഒഴിവാക്കിയതും. അതുകൊണ്ട് തന്നെ വിവാദം പൂർണ്ണമായും അവസാനിക്കുകയുമില്ല. മുഖ്യമന്ത്രിയുടെ രോഗവിവരം രഹസ്യമാക്കുന്നത് എന്തിനെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം.

ജയലളിതയുടെ ആരോഗ്യം മോശമാണെങ്കിൽ അത് എഐഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ആരോഗ്യത്തെ കുറിച്ച് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ശസ്ത്രക്രിയാ വാർത്ത ജയലളിതയുടെ അവരുടെ പാർട്ടി നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസിൽ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ ഇനിയും വിശദീകരണം നൽകിയിട്ടില്ല. കലാമിന്റെ മരണമെത്തിയതോടെ അസുഖമാണെന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നു. ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താൽപര്യമുള്ള വിഷയമാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ ശേഷം മെയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങിൽ ജയ ടി.വിയും സർക്കാർ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്കൊപ്പം 28 മന്ത്രിമാരും 14 പേർ വീതമുള്ള രണ്ട് ബാച്ചുകളായി 'കൂട്ടസത്യപ്രതിജ്ഞ'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോർട്ടുകൾ.

ജൂലായ് ആദ്യം നടന്ന ഇഫ്താർ പരിപാടിയിലും ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീർശെൽവത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാൽ ഇഫ്താറിൽ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ജയ നിർവഹിച്ചത്. ജയയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സർക്കാർ ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിൽ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടിൽ കൂടുതൽ ഓഫീസിൽ ചെലവഴിച്ചിരുന്നില്ല. പൊതുപരിപാടികൾ ഉണ്ടെങ്കിൽ അത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു. എപ്പോഴെല്ലാം ഓഫീസിൽ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല. ഒന്നര മാസം മുമ്പ് ഓഫീസിലെത്തുന്നതും നിറുത്തി.

അനധികൃത സ്വത്ത് സമ്പാദന കേസിലെ തടവ് ശിക്ഷയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിത പുറത്തായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. എന്നാൽ ജയലളിതയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവോടെ വീണ്ടും മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയു ംചെയ്തു. കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയിൽ നിന്ന് ഡോക്ടർമാർ ജയലളിതയെ പരിശോധിക്കാൻ ചെന്നൈയിൽ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ചെയ്തത്. കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ചെന്നൈയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്‌നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം.

അസുഖബാധിതയായതിനാൽ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തിൽ, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇതോടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തത വരുത്താൻ എഐഎഡിഎംകെ പോലും തയ്യായില്ല. ഏതായാലും മോദിയെ സ്വീകരിക്കാനെത്തി ഈ വിവാദങ്ങൾക്ക് താൽകാലിക വിരാമമിടാൻ ജയലളിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി ക്യാൻസർ ബാധിതയാണെന്ന അഭ്യൂഹം ആരും പൂർണ്ണമായും നിഷേധിക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP