Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലാക്കാരുടെ കുടുംബ സ്‌നേഹ പാരമ്പര്യം റിമി ടോമിയും കാത്തു സൂക്ഷിച്ചു; റിമി ഷോകളുടെ മാനേജ്‌മെന്റിലൂടെ ഈവന്റ് മാനേജരായി തെന്നിന്ത്യ നായികയുടെ മനസ്സിൽ കയറി: മുക്തയുടെ വരൻ റിങ്കു ടോമിയുടെ കഥ

പാലാക്കാരുടെ കുടുംബ സ്‌നേഹ പാരമ്പര്യം റിമി ടോമിയും കാത്തു സൂക്ഷിച്ചു; റിമി ഷോകളുടെ മാനേജ്‌മെന്റിലൂടെ ഈവന്റ് മാനേജരായി തെന്നിന്ത്യ നായികയുടെ മനസ്സിൽ കയറി: മുക്തയുടെ വരൻ റിങ്കു ടോമിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലാക്കാർ അങ്ങനെയാണ്. നല്ല കുടുംബ സ്‌നേഹം ഉള്ളവർ, ഒരാൾ രക്ഷപ്പെട്ടാൽ അവർ കുടുംബത്തിലുള്ള മറ്റുള്ളവരെയും രക്ഷപ്പെടുത്തും. വേണ്ടി വന്നാൽ ബന്ധുക്കളെയും സ്‌നേഹിതരെയും രക്ഷപ്പെടുത്താൻ ഒരു മടിയുമില്ല പാലാക്കാർക്ക്. ഈ വർഗ്ഗ സ്‌നേഹം മൂലമാണ് പാലായിലും കാഞ്ഞിരപ്പള്ളിയിലും ഉള്ള അനേകം പേർ അമേരിക്കയിലും ഇംഗ്ലണ്ടിലും എത്തി രക്ഷപ്പെട്ടത്. അതു കൊണ്ട് തന്നെ ഒന്നാന്തരം പാലാക്കാരിയായ റിമി ടോമിയുടെ കാര്യം പറയേണ്ടതുണ്ടോ?

ഗാനമേള ട്രൂപ്പുകളിൽ തിളങ്ങി തുടങ്ങിയ റിമി പാട്ടിന്റെ മികവ് കൊണ്ട് മാത്രമല്ല ചടുലമായ അവതരണ ശൈലി കൊണ്ട് കൂടിയാണ് മലയാളത്തിന്റെ ഹൃദയം പെട്ടന്ന് കവർന്നത്. പാട്ടിൽ ചിത്രയോളം വരില്ലെങ്കിലും പ്രശസ്തിയിൽ ഇന്ന് റിമി ടോമി ചിത്രയേക്കാൾ മുൻപിലാണ്. റിമി ടോമി ഷോകൾക്ക് ചാനലുകളിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വൻ ജന പ്രതീതിയാണ്. അമേരിക്കയിലും യൂറോപ്പിലും ഒക്കെ റിമി ടോമി അറിയപ്പെടാത്ത പത്ത് കലാകാരന്മാരുയി ചെന്നാൽ പോലും ആളുകൾ തടിച്ചു കൂടും. പാലാക്കാരിയോടുള്ള സ്‌നേഹം മാത്രമല്ല സദസ്സിനെ കയ്യിലെടുക്കാനുള്ള അസാധാരണമായ വിരുത് കൂടിയാണ് ഇതിന് പിന്നിൽ.

അമേരിക്കയിലും ഇംഗ്ലണ്ടിലും ഏറ്റവും കൂടുതൽ ഷോ നടത്തിയ കലാകാരികളിൽ മുൻപിൽ റിമി ടോമി വന്നത് ഇങ്ങനെയാണ്. ഗൾഫിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരിയായി റിമി ടോമി മാറി കഴിഞ്ഞു. സ്റ്റേജിൽ കയറും മുൻപ് സദസ്സിലുള്ള പത്ത് പേരെക്കുറിച്ചെങ്കിലും റിമി വിവരങ്ങൾ ശേഖരിച്ചിരിക്കും ഷോയുടെ സ്‌പോൺസർമാർ മറ്റ് പരിചയക്കാർ എന്നിവരെ ഒക്കെ സ്വന്തക്കാരെ പോലെ പുകഴ്‌ത്തി കയ്യിലെടുക്കും. പ്രാഞ്ചിയേട്ടന്മാർ വല്ലതും ഉണ്ടെങ്കിൽ കണ്ടെത്തി അവരെയും പുക്‌ഴിത്തി ഷോ നടത്തുന്നവരുടെ സാമ്പത്തിക പരാധീനത മാറ്റാനും റിമിക്കറിയാം.

ഇതേ വിരുതാണ് റിമി കുടുംബക്കാരുടെ കാര്യത്തിലും നടത്തിയത്. സഹോദരൻ റിങ്കു വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് കാര്യമായി കര കയറാതെ നിൽക്കുന്നത് ഒഴിവാക്കാൻ സ്വന്തം പരിപാടികളുടെ മാനേജ്‌മെന്റ് ചുമതല ഏൽപ്പിച്ചാണ് റിമി കുടുംബ സ്‌നേഹം കാണിച്ചത്. റിമി ടോമിയുടെ ഈവന്റ് മാനേജ്‌മെന്റ് കമ്പനി എന്ന പേര് വീണതോടെ റിങ്കു കൊച്ചിയിലെ അറിയപ്പെടുന്ന ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായി. കൂട്ടത്തിൽ കൊള്ളാവുന്ന ഒരു ക്രിസ്ത്യാനി പെണ്ണിനെ കൂടി കണ്ടെത്തി റിമി ആങ്ങളെ ഏൽപ്പിച്ചതോടെ എല്ലാം ശുഭം. മിനിമം ഗാരന്റിയുള്ളതാണ് റിമിയുടെ ഷോകൾ. അതുകൊണ്ട് തന്നെ റിങ്കിയുടെ ഈവന്റ് മാനേജ്‌മെന്റിനും പിഴച്ചില്ല. കുറഞ്ഞ നാളുകൊണ്ട് സഹാദോരിയുടെ പ്രശസ്തിയുടെ കരുത്തിൽ ഈവന്റ് മാനേജ്‌മെന്റെ കമ്പനിയെ ഉയരത്തിലെത്തിക്കാൻ റിങ്കുവിന് കഴിഞ്ഞു. ഇതിനിടെയിലെ പരിചയം തന്നെയാണ് വിവാഹത്തിലും എത്തിക്കുന്നത്.

നടി മുക്തയെ യാണ് റിങ്കു കല്ല്യാണം കഴിക്കാൻ പോകുന്നത്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്യാൻ പോകുന്നത്. ഈ മാസം ഇരുപതിനാണ് ഇരുവരുടെയും വിവാഹം. മുക്ത തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ഈ മാസം 30ന് തന്റെ വിവാഹമാണെന്നന്നും വരൻ റിങ്കു ടോമിയാണെന്നും ഒപ്പം എല്ലാവരുടേയും പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണമെന്നും മുക്ത ഫേസ്‌ബുക്കിൽ കുറിച്ചു. ഇരുവരുടേയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഇതിന് സാഹചര്യമൊരുക്കിയത് റിമി ടോമി തന്നെയാണ്. മുക്തയും റിങ്കുവും തമ്മിലെ വിവാഹ നിശ്ചയം 23ന് കൊച്ചിയിൽ വച്ച് നടക്കും.

ഡിഎൻആർ എന്നാണ് റിങ്കുവിന്റെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കമ്പനി നടത്തുന്നത്. വലിയ ആഘോഷ പരിപാടികൾ തുടങ്ങി എല്ലാം ഈ കമ്പനി നടത്തികൊടുക്കുന്നു. കേരളത്തിലെ കല്ല്യാണങ്ങൾക്ക് ഈവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സാന്നിധ്യം അനിവാര്യമായതും റിങ്കുവിന് തുണയായി. റിമി ടോമിയുടെ സഹോദരന് അങ്ങനെ കൈനിറയെ പോജക്ടുകളെത്തി. അവാർഡ് നിശകളൊരുക്കിയും സംഗീത പാർട്ടികളൊരുക്കിയുമെല്ലാം കേരളത്തിലുടനീളം അവർ നിറഞ്ഞു. അതിനിടെയിലാണ് മുക്തയുമായുള്ള പരിചയം വിവാഹത്തിലേക്ക് എത്തുന്ന ബന്ധമായി വളരുന്നതും.

ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് റിങ്കുവും മുക്തയും വിവാഹിതരാവാൻ തീരുമാനിച്ചത്. പ്രണയ വിവാഹമാണെന്ന പ്രചരണം മുക്ത നിഷേധിച്ചു. റിമിയുടെ കുടുംബത്തിന്റെ ഭാഗമാവുകയെന്നത് വലിയ സൗഭാഗ്യമാണെന്ന് മുക്ത പറഞ്ഞു. മുക്ത എൽസ ജോർജെന്നാണ് മുഴുവൻ പേര്. കോതമംഗലം സ്വദേശികളായ ജോർജിന്റെയും സാലിയുടെയും മകളാണ്. കൊച്ചിയിലാണ് താമസം. കലോത്സവ വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയുമാണ് മുക്ത സിനിമയിലെത്തിയത്. തമിഴിൽ ഭാനു എന്ന പേരിലാണ് മുക്ത അഭിനയിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി തമിഴ് സിനിമകളിലും അഭിനയിച്ചു. ആര്യ നായകനായി എത്തുന്ന വി എസ്ഒപിയാണ് മുക്തയുടെ പുതിയ ചിത്രം. റാണിയാണ് റിങ്കുവിന്റെ അമ്മ. വിവാഹശേഷവും അഭിനയം തുടരുമെന്നും റിങ്കുവും റിമിയും തനിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മുക്ത പറഞ്ഞു. പരേതനായ ടോമി ജോസഫിന്റേയും റാണിയുടേയും മകനാണ് റിങ്കു. റിമി ടോമിയെ കൂടാതെ റിനു ടോമിയെന്നൊരു സഹോദരി കൂടിയുണ്ട് റിങ്കുവിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP