Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരാർ ഒപ്പിടാൻ എത്തുന്നത് ഗൗതം അദാനി തന്നെ; ഒപ്പം ഒൻപതംഗ സംഘവും; വിഎസിനെ കണ്ട് ചർച്ച നടത്തി പിന്തുണ തേടാനും നീക്കം; ഇന്ന് വിഴിഞ്ഞം കരാറിൽ അദാനി ഗ്രൂപ്പും കേരളവും ഒപ്പിടും

കരാർ ഒപ്പിടാൻ എത്തുന്നത് ഗൗതം അദാനി തന്നെ; ഒപ്പം ഒൻപതംഗ സംഘവും; വിഎസിനെ കണ്ട് ചർച്ച നടത്തി പിന്തുണ തേടാനും നീക്കം; ഇന്ന് വിഴിഞ്ഞം കരാറിൽ അദാനി ഗ്രൂപ്പും കേരളവും ഒപ്പിടും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ നിർമ്മാണ കരാർ ഇന്ന് യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അദാനി പോർട്‌സ് കമ്പനി ഉടമ ഗൗതം അദാനി, അദാനി ഗ്രൂപ്പ് ഡയറക്ടർമാർ, മന്ത്രിമാർ, എംഎ‍ൽഎമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലാണ് കരാർ ഒപ്പിടൽ. കരാറിൽ സുതാര്യത ഇല്ലെന്നാരോപിച്ച് ഇടതുമുന്നണി ചടങ്ങ് ബഹിഷ്‌കരിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പ് രൂപീകരിച്ച അദാനി പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംസ്ഥാന സർക്കാരും തമ്മിലാണ് കരാർ ഒപ്പിടൽ. അദാനി ഗ്രൂപ്പ് ഡയറക്ടറും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സന്തോഷ് കുമാർ മഹാപത്രയും തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസും ഒപ്പുവയ്ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനി തന്നെ കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ എത്തുന്നുണ്ട്. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കൊപ്പം ഒൻപതംഗ സംഘമുണ്ടാവും. കമ്പനിയുടെ പ്രധാന ഡയറക്ടർമാരെല്ലാം എത്തുന്നുണ്ട്. ഡയറക്ടർ ബോർഡ് ചെയർമാൻ കരൺ ജി.അദാനി, എക്‌സിക്യൂട്ടിവ് ഡയറക്ടർ പ്രണവ് വി അദാനി, ഡയറക്ടർമാരായ ഡോ.മലായ് മഹാദേവയ്യ, സുദീപ്ത ഭട്ടാചാര്യ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ജി.ജെ.റാവു, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഭൂപേഷ് ചൗധരി, വൈസ് പ്രസിഡന്റ് സുമിത് അഗർവാൾ, റോയ് പോൾ തുടങ്ങിയവരാണെത്തുക. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അദാനിക്ക് പരിപാടിയുണ്ട്. വിഴിഞ്ഞവും അദ്ദേഹം സന്ദർശിക്കും.

കേരളത്തിലെ വൻകിട തുറമുഖ പദ്ധതിയായ വിഴിഞ്ഞം ഏറ്റെടുക്കുന്നതിനൊപ്പം രാഷ്ട്രീയ സമന്വയത്തിനും അദാനിയുടെ ശ്രമം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ മാത്രമേ വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാൻ താൽപര്യമുള്ളൂ എന്ന് അദാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗതം അദാനി ഇന്നു പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ നേരിൽ കാണുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുൻ സെക്രട്ടറി പിണറായി വിജയനെയും കരാർ ഒപ്പിടൽ ചടങ്ങിന് അദാനി ഗ്രൂപ്പ് അധികൃതർ നേരിട്ടു ക്ഷണിക്കുകയും ചെയ്തു. പദ്ധതിയിലെ സർക്കാർ നടപടിയിൽ സുതാര്യതയില്ലെന്നാരോപിച്ച് ഇന്നത്തെ ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ പ്രതിപക്ഷം തീരുമാനിച്ചെങ്കിലും പദ്ധതിയോടു തങ്ങൾക്ക് എതിർപ്പൊന്നും ഇല്ലെന്ന് അവർ വ്യക്തമാക്കിയത് ഇതേത്തുടർന്നാണെന്നു സൂചന. അദാനിയുമായുള്ള കൂടിക്കാഴ്ച വിഎസിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്ക് അദാനി അധികൃതർ സമയം ചോദിച്ചിരുന്നെങ്കിലും പാർട്ടി പരിപാടികളുമായി തൃശൂരിൽ പോകേണ്ടതിനാ!ലാണു കാണാൻ സാധിക്കാത്തതെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയായിരുന്ന വി എസ് തന്നെയാണ് അദാനിയെ കേരളത്തിലെ പദ്ധതികളുടെ നടത്തിപ്പിനായി ക്ഷണിച്ചുകൊണ്ടുവന്നത്. ചീമേനി താപവൈദ്യുതി നിലയവും പൊന്നാനി തുറമുഖവും വികസിപ്പിക്കലായിരുന്നു അന്നത്തെ പ്രധാന ചർച്ച. വിഴിഞ്ഞം തുറമുഖ പദ്ധതിയും അന്നു ചർച്ച ചെയ്തിരുന്നു. ഇത്രയും വലിയ പദ്ധതി ഏറ്റെടുക്കുമ്പോൾ ഇടതു-വലതു സമന്വയം വേണമെന്ന് അദാനി ഗ്രൂപ്പ് മുമ്പേ നിർദ്ദേശിച്ചിരുന്നു. ഈയിടെ തലസ്ഥാനത്തെത്തിയ വിഴിഞ്ഞം കമ്പനി സിഇഒ: സന്തോഷ് കുമാർ മഹാപത്ര സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കളെ നേരിൽ കണ്ടതും ഇതേ തുടർന്നാണ്.

വിഴിഞ്ഞത്തിൽ 5552 കോടിയാണ് ഒന്നാം ഘട്ടത്തിലെ മുതൽ മുടക്ക്. ഇതിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിർമ്മാണം തുടങ്ങും. രണ്ട് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. തുറമുഖ നിർമ്മാണത്തിന്റെ രൂപരേഖ, ഒപ്പിടൽ ചടങ്ങിനൊപ്പം അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കും. നാല് വർഷത്തിനകം നിർമ്മാണം പൂർത്തിയാവും. അതോടെ ലോകത്തെ വൻകിട തുറമുഖ ഭൂപടത്തിൽ തിരുവനന്തപുരവും സ്ഥാനം പിടിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയെയല്ല, പൊതു സമ്പത്ത് അദാനിക്ക് തീറെഴുതുന്ന കരാറിലെ വ്യവസ്ഥകളെയാണ് തങ്ങൾ എതിർക്കുന്നതെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അതേസമയം, മത്സ്യത്തൊഴിലാളി പുനരധിവാസ പാക്കേജ് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച ലത്തീൻ കത്തോലിക്കാസഭ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് തത്കാലത്തേക്ക് പിന്മാറി. മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പരിഗണിച്ചാണ് ഇത്.

ഗ്യാസ്, പവർ, ഇൻഫ്രാസ്ട്രക്ചർ, തുറമുഖം,ചരക്കുകടത്ത് തുടങ്ങി വിവിധ മേഖലകളിൽ ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന 34.86 ബില്ല്യൺ ഡോളർ വ്യാപാരത്തിന് ഉടമകളാണ് അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് അദാനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP