Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടറാകാൻ കഴിയാത്തതിന് കാരണം സഹോദരന്റെ അപ്രതീക്ഷിത മരണം; കോടതി വിധിയുമായി ആശ്രിത നിയമനത്തിന് അവകാശം സ്ഥാപിച്ചെടുത്തിട്ടും കനിയേണ്ടവർ കനിയുന്നില്ല; ചുവപ്പുനാടയിൽ കുരുക്കിയ ആദിവാസിയുടെ കഥ

ഡോക്ടറാകാൻ കഴിയാത്തതിന് കാരണം സഹോദരന്റെ അപ്രതീക്ഷിത മരണം; കോടതി വിധിയുമായി ആശ്രിത നിയമനത്തിന് അവകാശം സ്ഥാപിച്ചെടുത്തിട്ടും കനിയേണ്ടവർ കനിയുന്നില്ല;  ചുവപ്പുനാടയിൽ കുരുക്കിയ ആദിവാസിയുടെ കഥ

തിരുവനന്തപുരം: സഹോദരന്റെ മരണത്തെ തുടർന്ന് ലഭിക്കേണ്ട ജോലി ലഭിക്കാൻ സുഗതൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 12 വർഷം. 12 വർഷമായി സർക്കാർ മേലാളൻന്മാർ സുഗതനോട് പറയുന്നത് ഇങ്ങനെ ' ഇപ്പ ശരിയാക്കി തരാം '. മുഖ്യമന്ത്രി തൊട്ട് എല്ലാവരെയും കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും, അവകാശപ്പെട്ട നീതിക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാൽപതാം വയസിലും സുഗതൻ.

വയനാട് ജില്ലയിലെ അടിയാൻ ആദിവാസി വിഭാഗത്തിൽ പെട്ട സുഗതന് ഇനിയങ്ങോട്ട് ജിവിക്കാൻ സർക്കാർ കണ്ണുതുറക്കണം. തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് സഹോദരൻ സുനിലിന്റെ മരണം. വീടിന്റെ ഏകാശ്രയമായിരുന്ന പൊലീസ് കോൺസറ്റബിൾ സുനിലിന്റെ മരണത്തോടെ തുടർന്ന് പഠിക്കാൻ കഴിയാത്ത സാഹചര്യചത്തിലാണ,് സുഗതൻ ഡോക്ടർ എന്ന സ്വപ്‌നം മാറ്റി വയ്ക്കുന്നത്. 2003ലാണ് സുഗതന്റെ സഹോദരൻ സുനിൽ മരണപ്പെടുന്നത്.

സഹോദരന്റെ ജോലിക്ക് വേണ്ടി ആദ്യമായി സർക്കാർ ഓഫീസിൽ കയറിയത് 28ആം വയസിലാണ്. ഇപ്പോൾ സുഗതന് നാൽപത് വയസായി. ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കണമെന്നാണ് സുഗതന്റെ അപേക്ഷ. അർഹതപ്പെട്ട ജോലി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ സെക്രട്ടറിയേറ്റ് കയറിയിറങ്ങിയെങ്കിലും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് 2010ലും 2011ലും സുതാര്യകേരളം വഴി അപേക്ഷ നൽകിയിരുന്നു.

സുഗതന്റെ ജോലി സ്വപ്‌നത്തിന് ആദ്യം വിലങ്ങു തടിയായത് സഹോദരൻ സുനിലിന്റെ ഭാര്യ ആയിരുന്നു. സുനിലിന്റെ ജോലിയും, വകുപ്പിൽ നിന്ന് ലഭിക്കേണ്ട മറ്റ് സാമ്പത്തിക സഹായങ്ങളും നിയമപ്രകാരമുള്ള അവകാശി എന്ന നിലയിൽ ഭാര്യയ്ക്കായിരുന്നു. എന്നാൽ സുനിലിന്റെ മരണത്തെ തുടർന്ന് സർക്കാരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങൾ ലഭിച്ച ശേഷം സുനിൽ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. സുനിലിന്റെ മരണത്തിനു ശേഷം ലഭിച്ച തുക പൂർണമായും കൈവശപ്പെടുത്തിയാണ് സുനിലിന്റെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചത്.

മകന്റെ പേരിൽ ഒരു രൂപപോലും വാങ്ങാൻ കഴിയാതെ സുനിലിന്റെ അച്ഛനും 2009ൽ മരിച്ചു. എന്നാൽ സുനിലിന്റെ ജോലിക്കായുള്ള ഭാര്യയുടെ അവകാശത്തെ കോടതി തള്ളി. ' മറ്റൊരു വ്യക്തിയെ വിവാഹം ചെയ്തതോടെ മരണപ്പെട്ട ഭർത്താവിന്റെ ജോലിക്കു വേണ്ടിയുള്ള അവകാശം അംഗീകരിക്കാനാകില്ലെന്ന് കോടതി 2010 ഒക്ടോബറിൽ വിധിച്ചിരുന്നു. ഇതോടെ സുനിലിന്റെ ജോലിയുടെ അവകാശി സുഗതനാണ്.

ജോലിയുടെ അവകാശതർക്കം കോടതി ഇടപെട്ടു പരിഹരിച്ചതോടെ സുനിൽ ജോലി ചെയ്തിരുന്ന കേരള പൊലീസ് ആംഡ് ബറ്റാലിയൻ ഒന്നിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് സുഗതൻ അപേക്ഷിച്ചത്. അപേക്ഷ പരിഗണിച്ച് രണ്ടു വർഷത്തിനു ശേഷം സുനിലിന്റെ സഹോദരനാണ് സുഗതനെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ചട്ടപ്രകാരമുള്ള രേഖകളുമായി സുഗതൻ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ചുവപ്പ് നാടയിൽ അപേക്ഷ കുരുങ്ങി കിടന്നു.

2012 ഫെബ്രുവരിയിൽ സുഗതന്റെ അപേക്ഷ തള്ളി കൊണ്ട് ആഭ്യന്തരവകുപ്പ് കത്തയച്ചു. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുന്ന സഹോദരന്റെ ഭാര്യയുടെ അവകാശത്തിന്റെ പേരിലായിരുന്നു ആഭ്യന്തര വകുപ്പ് സുഗതന്റെ അപേക്ഷ തള്ളിയത്. എന്നാൽ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സുഗതൻ കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിൽ ഹർജി നൽകി. ഹർജി അംഗീകരിച്ച ട്രിബ്യൂണൽ സർക്കാർ ഉത്തരവ് റദ്ദാക്കുകയും മൂന്നു മാസത്തിനുള്ളിൽ സുഗതന് ജോലി നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കോടതി ഉത്തരവ് തത്വത്തിൽ അംഗീകരിച്ചെങ്കിലും പിന്നീട് പൊലീസ് വകുപ്പിൽ തസ്തിക ഒഴിവില്ലാത്തതിനാൽ സുഗതന്റെ അപേക്ഷ പൊതുഭരണ വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിപ്പ് നൽകി. എന്നാൽ തസ്തിക ഒഴിവില്ലെന്ന് അറിയിപ്പ് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ആഭ്യന്തരവകുപ്പ് 316 സൂപ്പർന്യൂമററി തസ്തികകളിലേക്ക് നിയമനം നടത്തിയെങ്കിലും തന്നെ മനഃപൂർവം ഒഴിവാക്കിയതായാണ് ആരോപണം. അതിനു ശേഷവും നിരവധി നിയമനങ്ങൾ പൊതുഭരണവകുപ്പും നടത്തിയെങ്കിലും സുഗതനെ അതിലും ഉപേക്ഷിച്ചു.

ആദിവാസികൾക്കു വേണ്ടി എന്തും ചെയ്യാൻ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാർ തങ്ങളുടെ പരാതി കണ്ടില്ലെന്ന് നടിക്കുന്നത് മനഃപൂർവമാണെന്നാണ് സുഗതനും കുടുംബവും ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP