Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രേമം' മോഡലിൽ ചെകുത്താൻ ലോറിയിൽ 100 പേർ; കോടാലി ജീപ്പിൽ 20 പേർ; അകമ്പടിയായി എത്തിയതു നൂറോളം ബൈക്കുകൾ: എൻജിനിയറിങ് കോളേജിനെ തെരുവു ചന്തയാക്കിയപ്പോൾ പൊലിഞ്ഞത് ഒന്നിലും ഭാഗഭാക്കാകാതെ നടന്നു പോയ ഒരു സാധു പെൺകുട്ടിയുടെ ജീവിതം

'പ്രേമം' മോഡലിൽ ചെകുത്താൻ ലോറിയിൽ 100 പേർ; കോടാലി ജീപ്പിൽ 20 പേർ; അകമ്പടിയായി എത്തിയതു നൂറോളം ബൈക്കുകൾ: എൻജിനിയറിങ് കോളേജിനെ തെരുവു ചന്തയാക്കിയപ്പോൾ പൊലിഞ്ഞത് ഒന്നിലും ഭാഗഭാക്കാകാതെ നടന്നു പോയ ഒരു സാധു പെൺകുട്ടിയുടെ ജീവിതം

തിരുവനന്തപുരം: പഠന സ്ഥലത്തെ തെരുവു ചന്തയാക്കിയാൽ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് ഇന്നലെ തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിൽ നടന്ന ദാരുണ ദുരന്തം. വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു പോലും പ്രവേശനമില്ലാത്ത ക്യാമ്പസിലേക്ക് ചെകുത്താൻ എന്നു പേരിട്ട ലോറിയും തുറന്ന ജീപ്പും നൂറോളം ബൈക്കുകളും ഇരമ്പി പാഞ്ഞടുത്തപ്പോൾ പൊലിഞ്ഞത് ഒന്നും അറിയാതെ വഴിയെ നടന്നു പോയ ഒരു പാവം പെൺകുട്ടിയുടെ ജീവൻ.

ആദ്യം എല്ലാം ഒളിച്ചു വച്ചു മുഖം രക്ഷിക്കാൻ ശ്രമിച്ച കോളേജ് അധികൃതർ പേരിനു വേണ്ടി 12 പേരെ സസ്‌പെൻഡു ചെയ്‌തെങ്കിലും മരണം വിളിച്ച പെൺകുട്ടിയുഖെ ജീവന് അത് പരിഹാരമാകുമോ?

തിരുവനന്തപുരം ശ്രീകാര്യത്തെ സർക്കാർ എൻജിനീയറിങ് കോളജിലാണ് ഒരു വിഭാഗം സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാർത്ഥിനി മരിച്ചത്. ആറാം സെമസ്റ്റർ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയായ മലപ്പുറം സ്വദേശി തെസ്‌നി ബഷീറാണു മരിച്ചത്.

ഇടിച്ച വാഹനം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തിട്ടുണ്ട്. ആഘോഷം സംഘടിപ്പിച്ച 12 വിദ്യാർത്ഥികളെ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇന്നലെ തന്നെ കോളേജ് അധികൃതർ സസ്‌പെന്റ് ചെയ്തിരുന്നു.

അതിരുവിട്ട ഓണാഘോഷം നഷ്ടമാക്കിയത് വിലപ്പെട്ട ഒരു ജീവൻ

ൻജിനീയറിങ് കോളജിലെ മെൻസ് ഹോസ്റ്റലിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഓണാഘാഷം അതിരുവിട്ടതോടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ലോറിയും രണ്ടു തുറന്ന ജീപ്പിലുമായി എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടാണു വിദ്യാർത്ഥികൾ ആഘോഷം നടത്തിയത്. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തെസ്‌നിയെ നിയന്ത്രണം വിട്ടുപാഞ്ഞുവന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ ഇടിച്ചിട്ടും ആഘോഷക്കാർ വാഹനം നിർത്താതെ പോയി.

ചെകുത്താൻ ലോറിയും കോടാലി ജീപ്പും

കാഴ്ചയിൽ തന്നെ ഭീകരത ധ്വനിപ്പിക്കുന്നതാണ് കോടാലി ജീപ്പിന്റെ സഞ്ചാരവഴികൾ. വശങ്ങളിൽ കോടാലി, മഴു, മൺവെട്ടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് പോലെ ആൾട്ടർ ചെയ്ത മഞ്ഞ ജീപ്പ്. രാത്രി സഞ്ചാരിയാണ് ഈ ജീപ്പ്. മെൻസ് ഹോസ്റ്റലിനു മുന്നിൽ ഇത് എല്ലാ രാത്രികളിലും പാർക്ക് ചെയ്യും. സിഇടിയിൽ വാഹനങ്ങൾ കയറ്റുന്നതിന് കർശന വിലക്കാണുള്ളത്. എന്നാൽ ഓണാഘോഷവും മദ്യലഹരിയും കെബിഎഫ് 7268 എന്ന കോടാലി ജീപ്പിനും അതിൽ വന്ന വിദ്യാർത്ഥികൾക്കും അതൊന്നും ബാധകമായില്ല. രാത്രികളിലും ആഘോഷവേളകളിലും ഈ ജീപ്പ് കാമ്പസിലൂടെ ചീറിപ്പായുമെന്നാണു റിപ്പോർട്ട്.

ദുരന്തം നടന്ന ബുധനാഴ്ച വൈകിട്ട് നാലിനും ജീപ്പ് കോളേജിലെത്തി. 4.10നാണ് തെസ്‌നി ബഷീറിനെ ഇടിച്ചിട്ടത്. തുടർന്നു ഇത് അപ്രത്യക്ഷമായി. വ്യാഴാഴ്ച രാവിലെ കാര്യവട്ടം കാമ്പസിന് പിന്നിൽ നിന്ന് പൊലീസാണ് ജീപ്പ് കണ്ടെത്തിയത്. ഹോസ്റ്റലിലെ നാലാംവർഷ വിദ്യാർത്ഥികളാണ് ജീപ്പിന്റെ പരമ്പരാഗത അവകാശികൾ. അവസാനവർഷ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ തൊട്ടടുത്ത ജൂനിയേഴ്‌സിന് ജീപ്പിന്റെ കീ കൈമാറും. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കെന്നാണ് വയ്പ്. എന്നാൽ സി.ഇ.ടി ഫെസ്റ്റ്, ഓണം തുടങ്ങിയ ആഘോഷ വേളകളിൽ ജീപ്പ് മാരക വേഗത്തിൽ കാമ്പസിലൂടെ ചീറിപ്പായുമെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു. അഞ്ചുപേർ കയറേണ്ട ജീപ്പിൽ 25 പേരെ വരെ കുത്തിനിറച്ച് അലറി ബഹളം വച്ച് മിന്നൽവേഗത്തിൽ ചെത്തി നടക്കുകയാണ് പതിവ്. തമിഴ് നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ജീപ്പ് കാടൻ ഭാവനയ്ക്കനുസരിച്ച് മാറ്റം വരുത്തിയതാണ്. അങ്ങനെയാണ് സർഗ്ഗഭാവനയുണ്ടാകേണ്ട എൻജിനീയറിങ് വിദ്യാർത്ഥികളുടെ ജീപ്പിൽ വടിവാളും കോടാലിയുമൊക്കെ സ്ഥാനം പിടിച്ചത്. ഇതല്ലാതെ മറ്റൊരു ജീപ്പും കാമ്പസിൽ വിലസുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

എറണാകുളം കടവന്ത്ര സ്വദേശി സച്ചിൻ എന്നയാളുടെ പേരിലാണ് ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറയുന്നു. രേഖകളില്ലാത്തതിന് മൂന്നുതവണ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീപ്പിനെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആഘോഷവേളകളിൽ ജീപ്പുകൾക്ക് പുറമെ, ആട്‌തോമയുടെ ലോറി പോലെ 'ചെകുത്താൻ'എന്നെഴുതിയ തുറന്ന ലോറിയും വാടകയ്‌ക്കെടുത്തുകൊണ്ടുവരാറുണ്ട്. ബുധനാഴ്ചയും ഈ ലോറി ഉണ്ടായിരുന്നു.

അപകടമുണ്ടാക്കിയ ജീപ്പ് മുമ്പും തലവേദന സൃഷ്ടിച്ചത്

പകടകരമായ രീതിയിൽ ഓടിച്ചതിന് കോടാലി ജീപ്പിനെയും വിദ്യാർത്ഥികളെയും നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു കർശന നിയന്ത്രണമുള്ള കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസിലേക്കാണ് ഓണാഘോഷ ലഹരിയിൽ വിദ്യാർത്ഥി സംഘത്തിന്റെ കോടാലി ജീപ്പു പാഞ്ഞുവന്നത്.

ആശുപത്രിയിൽ എത്തിച്ചതു സഹപാഠികൾ

ലക്കു ഗുരുതരപരിക്കേറ്റ വിദ്യാർത്ഥിനിയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. തലയിൽ മൂന്നു പ്രാവശ്യം ശസ്ത്രക്രിയ നടത്തിയ കുട്ടിയുടെ ജീവൻ വെറ്റിലേറ്റിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. വൈകുന്നേരം നാലുമണിക്കുണ്ടായ അപകട വിവരം രാത്രി ഒൻപത് മണിക്കാണ് കോളജ് അധികൃതർ പൊലീസിനെ അറിയിച്ചത്.

വിദ്യാർത്ഥികളെ രക്ഷിക്കാൻ കോളേജ് അധികൃതർ കൂട്ടുനിന്നെന്നു ബന്ധുക്കൾ

ദ്യലഹരിയിലായിരുന്ന വിദ്യാർത്ഥികളെ കോളജധികൃതരും സഹായിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കോളേജ് അധികൃതർ സംഭവത്തെ കുറിച്ച് പൊലീസിൽ അറിയിക്കാൻ വൈകിയത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് വിഭാഗവും തെളിവെടുത്തു. വിവരം കോളജ് അധികൃതർ അറിയിക്കാൻ വൈകിയതും അന്വേഷണത്തിൽ ഉൾപ്പെടുത്തും. അന്വേഷണത്തിന് മൂന്നംഗ അദ്ധ്യാപക സമിതിയെ നിയോഗിച്ചതായി കോളജ് പ്രിൻസിപ്പാൾ പറഞ്ഞു.

നാലാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി ഒന്നാം പ്രതി

ജീപ്പോടിച്ചിരുന്ന നാലാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥി കണ്ണൂർ സ്വദേശി ബൈജുവിനെ ഒന്നാം പ്രതിയാക്കിയാണു പത്തു വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമത്തിനു പൊലീസ് കേസെടുത്തത്. പെൺകുട്ടി മരിച്ചതോടെ മനഃപൂർവമല്ലാത്ത നരഹത്യക്കു പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെല്ലാം ഒളിവിലാണ്.

സമാനദുരന്തം 13 വർഷം മുമ്പും

13 വർഷം മുൻപ് സമാനമായ ദുരന്തം സിഇടി ക്യാമ്പസിൽ ഉണ്ടായിട്ടുണ്ട്. അമിത ശങ്കർ എന്ന വിദ്യാർത്ഥിനി അന്ന് ബൈക്കിടിച്ചു മരിച്ചിരുന്നു. ഇതേത്തുടർന്നാണു വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. എന്നാൽ, സിഇടി മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കു വൈകിട്ട് ഓണാഘോഷത്തിനു വ്യവസ്ഥകളോടെ കോളജ് അധികൃതർ അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP