Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷാകവചം തീർക്കാൻ അടൂർ പ്രകാശ് നടത്തിയ അവസാന കരുനീക്കങ്ങളും പിഴച്ചു; ബിജു രമേശിന്റെ രാജധാനി പൊളിഞ്ഞു വീഴും; സർക്കാർ പുറമ്പോക്ക് കൈയേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്; ഓപ്പറേഷൻ അനന്തയ്ക്ക് വേണ്ടി വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടുമായി കലക്ടർ ബിജു പ്രഭാകർ

രക്ഷാകവചം തീർക്കാൻ അടൂർ പ്രകാശ് നടത്തിയ അവസാന കരുനീക്കങ്ങളും പിഴച്ചു; ബിജു രമേശിന്റെ രാജധാനി പൊളിഞ്ഞു വീഴും; സർക്കാർ പുറമ്പോക്ക് കൈയേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്; ഓപ്പറേഷൻ അനന്തയ്ക്ക് വേണ്ടി വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടുമായി കലക്ടർ ബിജു പ്രഭാകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ സർക്കാർ പുറമ്പോക്ക് കൈയേറി വ്യവസായി ബിജു രമേശ് നിർമ്മിച്ച രാജധാനി ഹോട്ടൽ പൊളിച്ചും നീക്കും. ഉന്നതതലത്തിലുള്ള സമ്മർദ്ദങ്ങളെല്ലാം മറികടന്ന് തിരുവനന്തപുരം ജില്ലാകലക്ടർ ബിജു പ്രഭാകറാണ് ഹോട്ടൽ എത്രയും വേഗം പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായാണ് ജില്ലാ ഭരണകൂടം കിഴക്കേക്കോട്ടയിലെ രാജധാനി ബിൽഡിങ്‌സ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. 15 ദിവസത്തിനകം കെട്ടിടം പൊളിക്കണം. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. ബിജു രമേശ് കെട്ടിടം പൊളിച്ചു നീക്കാൻ തയ്യാറാകാത്ത പക്ഷം സർക്കാർ കെട്ടിടം പൊളിച്ചു നീക്കുമെന്നും ജില്ലാ ഭരണാധികാരികൾ വ്യക്തമാക്കി. തെക്കനംകര കനാൽ കൈയേറിയാണ് ബിൽഡിങ് നിർമ്മിച്ചതെന്ന് നേരത്തെ റവന്യൂ അധികാരികൾ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

റവന്യൂ ഉദ്യോഗസ്ഥരും കെട്ടിടമുടമയുടെ പ്രതിനിധികളും ചേർന്ന് നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റണമോയെന്ന കാര്യത്തിൽ വിധി അറിയാൻ ഇനിയും ഒരു ഹിയറിങ് കൂടി കെട്ടിടമുടമയ്ക്ക് നൽകിയിരുന്നു. ഇതും കഴിഞ്ഞതോടെയാണ് കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനം കൈക്കൊണ്ടത്. കെട്ടിടവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ തന്റെ പക്ഷം കേൾക്കണമെന്നും കെട്ടിടത്തിൽ റവന്യൂ സംഘം നടത്തുന്ന പരിശോധനയിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സംയുക്ത പരിശോധനയ്ക്കു നിർദ്ദേശം നൽകിയത്. എ.ഡി.എം. വി.ആർ.വിനോദ്, സബ് കളക്ടർ കാർത്തികേയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നേരത്തെ കെട്ടിടം പരിശോധിച്ചത്. ഇതിനുശേഷമാണ് റവന്യൂ വകുപ്പ് അധികൃതർ നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നു ഓപ്പറേഷൻ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി ബിൽഡിങ്‌സ് പൊളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ നടപടിക്രമങ്ങളിലെ വീഴ്ച കാരണം കെട്ടിടമുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം നൽകിയ നോട്ടീസ് പാകപ്പിഴകൾ നിറഞ്ഞതായതിനാൽ ചീഫ് സെക്രട്ടറി തന്നെ ഇടപെട്ട്് ഇത് പിൻവലിച്ചു. തുടർന്നാണ് വിശദമായ രേഖകൾ സ്‌കെച്ചിന്റെ സഹായത്തോടെ നോട്ടീസിനൊപ്പം നൽകിയത്. വിശദീകരണം എഴുതിനൽകാൻ പത്ത് ദിവസവും ഇത് കൂടാതെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മൂന്ന് ദിവസം കൂടി നൽകിയിരുന്നു. ഈ സമയപരിധി നിലനിൽക്കെയാണ് ജില്ലാ കളക്ടർ വീണ്ടും നോട്ടീസ് നൽകുന്നത്. ഇതോടെയാണ് നടപടി നിയമക്കുരുക്കിലേക്ക് നീങ്ങിയത്.

ഭൂമി കൈയേറിയെന്ന ആരോപണത്തിൽ കൃത്യതയും സുതാര്യതയുമില്ലെന്നായിരുന്നു ബിജു രമേശിന്റെ വാദം. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നൽകിയ നോട്ടീസിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിന്റെ വാദം മൂന്നുതവണ ജില്ലാഭരണകൂടം കേട്ടുകഴിഞ്ഞു. എന്നിട്ടും കെട്ടിടം പൊളിക്കാതിരിക്കുന്നത് റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ ഇടപെടൽ കൊണ്ടായിരുന്നു. അടൂർ പ്രകാശിന്റെ ഭാഗത്തു നിന്നും കടുത്ത എതിർപ്പ് ഉയർന്നതോടെ ജില്ലാ കലക്ടർ ബിജു പ്രഭാകറിനെ പിന്തുണച്ച് രംഗത്തുവന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരമായ ഓപ്പറേഷൻ അനന്തയുമായി മുന്നോട്ടു പോകാൻ ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

ബാർ കോഴയിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടിയാണ് രാജധാനിയുടെ കെട്ടിടം പൊളികക്ാൻ ഉത്തരവിട്ടിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി മറുനാടൻ മലയാളി നേരത്തെ തുറന്ന് കാട്ടിയിരുന്നു. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ബിജു പ്രഭാകറിനെ വീണ്ടും കളക്ടറാക്കിയത്.

ഓപ്പറേഷൻ അനന്തയിൽ തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത. കർശന നിലപാടിലൂടെ ചെറുകിടക്കാരുടെ കൈയേറ്റങ്ങൾ മുഴുവൻ ബിജു പ്രഭാകർ ഒഴിപ്പിച്ചു. കനാലിന്റെ പഴയ സ്‌കെച്ചുകൾ പരിശോധിച്ചപ്പോഴാണ് കനാലിനെ ഇല്ലാതാക്കിയ കെട്ടിടം ബിജു രമേശിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെയും കർശന നിലപാട് എടുക്കാൻ കളക്ടർ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജു പ്രഭാകറിനെ ആദ്യം പദ്ധതി അട്ടിമറിച്ചു.

ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം. കല്യാണമണ്ഡപവും പഴയ രാജധാനി ബാറും ലക്ഷ്മി ജൂവലറിയുമൊക്കെ സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. തെക്കനംകര കനാലിന്റെ പാതയും ഇതിന് തടസ്സമായേക്കാവുന്ന കെട്ടിടങ്ങളും കണ്ടത്തൊനാണ് റവന്യൂ വകുപ്പ് സർവേ നടത്തിയത്. അഞ്ച് അടി താഴെയാണ് തെക്കനംകര കനാലിന്റെ മുകളിലെ സൽബ്. ഇവിടെ 20 അടിയോളം ആഴത്തിലാണ് കനാൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും ചാന്തും ഉപയോഗിച്ചു നിർമ്മിച്ച കനാൽ കാലപ്പഴക്കംകൊണ്ട് തകരാവുന്ന അവസ്ഥയിലാണ്.

ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പിന്തുണയോടെ തലസ്ഥാനത്തെ വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ അനന്തയ്ക്ക് ബിജു പ്രഭാകറാണ് നേതൃത്വം നൽകിയത്. തെക്കനംകര കനാൽ കൈയേറ്റമാണ് വെള്ളപ്പൊക്കത്തിന്റെ മൂലകാരണമെന്ന് ബിജു പ്രഭാകർ കണ്ടെത്തി. പരിശോധനകളിൽ ബിജു രമേശിന്റെ രാജധാനി കല്ല്യാണ മണ്ഡപമാണ് കനാലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതെന്നും കണ്ടെത്തി. അതിനാൽ രാജധാനി ബിൽഡിംഗിലെ കൈയേറ്റ ഭാഗം പൊളിക്കുന്നതിന് ബിജു പ്രഭാകർ നീക്കം തുടങ്ങി. ഇതോടെയാണ് റവന്യൂ മന്ത്രി അടുർ പ്രകാശിന്റെ ഇടപെടൽ തുടങ്ങുന്നത്. ബിജു രമേശിന്റെ മകളെയാണ് അടൂർ പ്രകാശിന്റെ മകൻ കല്ല്യാണം കഴിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ ബന്ധുവിന്റെ കെട്ടിടത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം റവന്യൂമന്ത്രി ഏറ്റെടുത്തു. ഇതോടെ ബിജു പ്രഭാകറിന് സ്ഥാന ചലനവുമുണ്ടായിരുന്നു.

അമേരിക്കയിൽ സെമിനാറിൽ പങ്കെടുക്കാൻ ബിജു പ്രഭാകർ അവധി അപേക്ഷ നൽകി. ഈ തരം നോക്കി അവധി അനുവദിക്കുകയും തിരുവനന്തപുരത്തേക്ക് സ്ഥിരം കളക്ടറെ നിയമിക്കുകയും ചെയ്തു. ബിജു പ്രഭാകറിന്റെ അവധി അംഗീകരിച്ച് താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകിയാൽ മതിയായിരുന്നു. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സ്ഥിരം കളക്ടറെ നിയമിച്ചു. ഇതിനിടെയിൽ ഓപ്പറേഷൻ അനന്ത താളം തെറ്റി. ഹൈക്കോടതിയിൽ നിന്ന് ബിജു രമേശിന് അനുകൂല വിധിയുണ്ടാകുന്ന തരത്തിൽ എല്ലാം റവന്യൂ വകുപ്പ് ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് മുഖ്യമന്ത്രി വീണ്ടും ബിജു പ്രഭാകറിന്റെ രക്ഷകാനായി എത്തിയത്. ബിജു പ്രഭാകറിനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നും ബിജു രമേശിന് വേണ്ടി ആരും വെള്ളം കോരേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ബിജു പ്രഭാകർ വീണ്ടും തിരുവനന്തപുരം കളക്ടറാകുന്നത്. ഓപ്പറേഷൻ അനന്തയിൽ ആരും ഇടപെടില്ലെന്ന ഉറപ്പും ബിജു പ്രഭാകറിന് നൽകിയിരുന്നു. ഇതോടെയാണ് എതിർപ്പുകളെ ഒക്കെ മറികടന്ന് രാജധാനി പൊളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP