Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വരവ് പ്രതീക്ഷിച്ച് സിലിക്കൺ വാലി; ആഗോള ഭീമന്മാരുടെ തലവന്മാർ അപ്പോയിന്റ്‌മെന്റിന് ശ്രമിക്കുന്നു; പൊതു പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതു 50,000 പേർ

മോദിയുടെ വരവ് പ്രതീക്ഷിച്ച് സിലിക്കൺ വാലി; ആഗോള ഭീമന്മാരുടെ തലവന്മാർ അപ്പോയിന്റ്‌മെന്റിന് ശ്രമിക്കുന്നു; പൊതു പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതു 50,000 പേർ

സിലിക്കൺ വാലി: യുഎഇ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിലിക്കൺ വാലി സന്ദർശനവും ചരിത്രമാക്കാനൊരുങ്ങി സംഘാടകർ. പ്രധാനമന്ത്രിക്ക് വമ്പിച്ച സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കാലിഫോർണിയയിലെ ഇന്ത്യക്കാർ. സിലിക്കൺ വാലിയിലെ പ്രധാനമന്ത്രിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാനായി 45,000 പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാൻ ജോസിലെ സാപ് സെന്ററിൽ സെപ്റ്റംബർ 27ാം തീയതി ഒരു പൊതു പരിപാടിയിലും മോദി പങ്കെടുക്കും. 17,500 ഇരിപ്പിടം മാത്രമുള്ള സാപ് സെന്ററിന് ഉൾക്കൊള്ളാവുന്നതിലും മൂന്നിരട്ടിയിലധികം ആൾക്കാർ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ച് ഇതു വരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഖ്യ ഇനി വരുന്ന ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നു കരുതപ്പെടുന്നു. കൂടുതലായെത്തുന്ന ആൾക്കാർക്കു സമ്മേളന വേദിയുടെ പുറത്തു നിന്നു മോദിയുടെ പ്രസംഗവും പരിപാടികളും കേൾക്കാനുള്ള സൗകര്യം സംഘാടകർ ഒരുക്കുന്നുണ്ട്.

സിലിക്കൺ വാലിയിൽ ലോകത്തെ പ്രമുഖ ടെക് കമ്പനികളുടെ തലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ ഇന്ത്യൻ വംശജരായ സുന്ദർ പിച്ചൈ, ഷാന്തനു നാരായൺ തുടങ്ങിയവരെയും പ്രധാനമന്ത്രി കാണും. സാൻഡിസ്‌കിന്റെ തലവനായ സഞ്ചയ് മെഹ്‌രോത്രയാണ് മോദി സന്ദർശിക്കുന്ന മറ്റൊരു പ്രധാന ടെക് മേധാവി. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇവരെ സന്ദർശിക്കുക. ഗൂഗിളിന്റെ കാര്യാലയത്തിനു പുറമെ ടെസ്‌ലയുടെ ഓഫീസും മോദി സന്ദർശിക്കും.

ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ദീപക് അഹുജ, ചീഫ് ഇൻഫർമേഷൻ ഓഫീസർ ജയ് വിജയൻ എന്നിവർ ഇന്ത്യൻ വംശജരാണ്. ടെസ്‌ലയുടെ ഓഫീസ് സന്ദർശിക്കുമ്പോൾ ഇവരെയും കാണാം എന്നു മോദി കണക്കു കൂട്ടുന്നു. മൊറർജി ദേശായിക്കു ശേഷം കാലിഫോർണിയ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണു മോദി. 1978ലാണു ദേശായി കാലിഫോർണിയ സന്ദർശിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആദ്യമായി സന്ദർശിച്ചത്.

ഈ മാസം അവസാനം ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിഫോർണയിൽ എത്തുന്നത്. 27 ന് സിലിക്കൺ വാലിയിലെ സാൻജോസിലെ എസ്.എ.പി അരീനയിൽ പ്രധാനമന്ത്രി ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കേൾക്കാൻ 18,500 പേർക്കാണ് അവസരം ലഭിക്കുക. എന്നാൽ 50,000 പേർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തതിനാൽ നറുക്കെടുപ്പിലൂടെയാവും അവസാന പട്ടിക തയ്യാറാക്കുക. രജിസ്റ്റർ ചെയ്തവരിൽ കമ്പനി മേധാവികൾ മുതൽ സാധാരണക്കാർ വരെയുണ്ട്. വിവിധ ഇൻഡോ അമേരിക്കൻ സംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് ടിക്കറ്റ് സൗജന്യമാണ്.

എന്നാൽ മോദിയുടെ വരവിനെച്ചൊല്ലി രണ്ടു തട്ടിൽ നിൽക്കുകയാണ് സിലിക്കൺ വാലിയിലെ ടെക്കി സമൂഹമെന്നും റിപ്പോർട്ടുകളുണ്ട്.. മോദിയെ നിരുപാധികം സ്വീകരിക്കുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ഒരുവിഭാഗം നിൽക്കുമ്പോൾ, മോദിക്ക് വൻവരവേൽപ്പ് നൽകാനൊരുങ്ങുകയാണ് മറുവിഭാഗം. ലോകത്ത് മറ്റെവിടെപ്പോയാലും തിളങ്ങാറുള്ള മോദിയെ സിലിക്കൺ വാലിയിൽ അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് അവിടുത്തെ ലെഫ്റ്റിസ്റ്റുകൾ. മോദിയെ സ്വീകരിക്കുന്നതിലെ അധാർമികത ഉയർത്തിക്കാട്ടി അവർ ഇതിനകം വലിയൊരു നിവേദനവും സമർപ്പിച്ചുകഴിഞ്ഞു. ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളുടെ സിഇഒമാർക്കുൾപ്പടെ നൽകിയ നിവേദനത്തിൽ, മോദിയെ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ വർഗിയ വൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരിന്റെ തലവനാണ് മോദിയെന്നും അത്തരമൊരാൾക്ക് സ്വീകരണം നൽകുന്നത് ഉചിതമല്ലെന്നുമാണ് ഇവരുടെ പരീതിയിൽപ്പറയുന്നത്. ഇതൊന്നും വിലപോവുന്നില്ലെന്നാണ് സിലിക്കൺ വാലിയിലെ ഒരുക്കങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP