Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഒഴുകി എത്തുന്നവരെ നിങ്ങളും പങ്കിട്ടെടുക്കുക; യൂറോപ്യൻ യൂണിയൻ ക്വാട്ട സിസ്റ്റത്തിൽ കുടുങ്ങി കിഴക്കൻ യൂറോപ്പ്; ബ്രിട്ടനു മാത്രം പരിക്കില്ല

ഈ ഒഴുകി എത്തുന്നവരെ നിങ്ങളും പങ്കിട്ടെടുക്കുക; യൂറോപ്യൻ യൂണിയൻ ക്വാട്ട സിസ്റ്റത്തിൽ കുടുങ്ങി കിഴക്കൻ യൂറോപ്പ്; ബ്രിട്ടനു മാത്രം പരിക്കില്ല

ചിത്രത്തിലേക്ക് ഒന്നു നോക്കൂ. ഇത് ജാഥയോ പ്രതിഷേധ സമരമോ അല്ല. നേരെ മറിച്ച് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും അഫ്ഗസ്സ്ഥാനിൽ നിന്നുമൊക്കെ ദിവസങ്ങളോളം നടന്നും ട്രക്കുകളിലും ബോട്ടുകളിലും കയറിയുമൊക്കെ യൂറോപ്പിന്റെ അതിർത്തിയിൽ എത്തിയവരാണ്. ഇവരിൽ ഭൂരിപക്ഷവും സെർബിയയിലും ക്രൊയേഷ്യയിലുമൊക്കെ തമ്പടിച്ച് കഴിഞ്ഞു. മിടുക്കന്മാരിൽ ചിലർ ഓസ്ട്രിയയയിലും ജർമ്മനിയിലും ഫ്രാൻസിലും ഗ്രീസിലും ഇറ്റലിയിലും എത്തി ചേർന്നു. ഇവരുടെ കണക്ക് പോലും ആർക്കുമറിയില്ല. ഇന് വേണ്ടത് ഇവരെ വീതിച്ച് തുല്ല്യമായി ദുരിതത്തിന്റെ ചുമതല ഏറ്റെടുക്കുകയാണ്. അതിനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ.

പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ഈ അഭയാർത്ഥികളെ ഏറ്റെടുക്കുന്നതിൽ അശേഷം താൽപര്യമില്ല. എന്നാൽ അതിന് വിരുദ്ധമായി യൂറോപ്യൻ യൂണിയൻ നേതാക്കൾ അവരെ അതിന് കർക്കശമായി നിർബന്ധിച്ച് കൊണ്ടിരിക്കുകയുമാണ്. ഗ്രീസിലും ഇറ്റലിയിലുമെത്തിയ 160,000 അഭയാർത്ഥികളെ മാൻഡേറ്ററി ക്വാട്ട സിസ്റ്റമനുസരിച്ച് പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി തങ്ങൾ ആയിരക്കണക്കിന് അഭയാർത്ഥികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ പറയുന്നു. ഈ സുപ്രധാന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള രാജ്യങ്ങളുടെ അധികാരത്തിന് മേൽ യൂറോപ്യൻയൂണിയൻ കടന്ന് കയറുന്നത് ചരിത്രത്തിലെ ഏററവും നിർണായകമായ നീക്കമാണെന്നും ഇത് അതിർത്തികളിൽ രക്തച്ചൊരിച്ചിലുണ്ടാക്കുമെന്നുമാണ് നയതന്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവേനിയ, റോമാനിയ, ഹംഗറി എന്നിവ യൂറോപ്യൻ യൂണിയന്റെ ഈ പ്ലാനിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്റീരിയർ മിനിസ്റ്റർമാരുടെ യോഗത്തിൽ വച്ച് ഭൂരിപക്ഷം വോട്ട് നേടി ഈ തീരുമാനം പാസായതോടെ ഇവരുടെ എതിർപ്പ് വൃഥാവിലാവുകയായിരുന്നു. എന്നാൽ ബ്രിട്ടന് മുകളിൽ മാത്രം ഈ തീരുമാനം അടിച്ചേൽപ്പിക്കുന്നതിൽ യൂറോപ്യൻ യൂണിയന് പരിമിതികളുണ്ട്. ബ്രിട്ടന് ഓപ്റ്റ് ഔട്ട് ഓപ്ഷനുള്ളതാണ് ഇതിന് കാരണം.ഡെന്മാർക്കിനും ഈ ഓപ്ഷനുണ്ട്. ഇത് പ്രകാരം യൂറോപ്യൻ യൂണിയന്റെ ഈ തീരുമാനം അവർക്ക് വേണ്ടെങ്കിൽ സ്വീകരിക്കാതിരിക്കാം.

ഈ വീതം വയ്‌പ്പിൽ ഏറ്റവും കൂടുതൽ വെള്ളം കുടിക്കുന്നത് മുൻ സോവിയറ്റ് റിപ്പബ്ലിക്കൻ രാജ്യങ്ങളായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമാണ്. ഇവർ യൂറോപ്യൻ യൂണിയനിൽ ചേർന്നതോടെ ഇവിടങ്ങളിലെ ജനങ്ങൾ ബ്രിട്ടനും ജർമ്മനിയും ഇറ്റലിയും ഫ്രാൻസും അടക്കമുള്ള വികസിത രാജ്യങ്ങളിലേക്ക് ഒഴുകുകയായിരുന്നു. അവിടങ്ങളിൽ ജോലി എടുത്ത് ഇവർ സമ്പന്നരായി. ഇങ്ങോട്ട് ആരും എത്തിയുമില്ല. അപ്രതീക്ഷിതമായി കുടിയേറ്റക്കാർ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ഈ രാജ്യങ്ങളിലെ ഭരണാധികാരികൾ.

ഈ തീരുമാനത്തെ തങ്ങൾ നിരാകരിക്കുമെന്നാണ് സ്ലൊവാക്യ ഉടനടി പ്രതികരിച്ചിരിക്കുന്നത്. താൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ മാൻഡേറ്ററി ക്വാട്ട സ്ലൊവാക്യയ്ക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നാണ് റോബർട്ട് ഫികോ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ എടുത്ത തീരുമാനം ഭീകരമാണെന്നാണ് ഈ രാജ്യങ്ങളിലൊന്നിലെ ഒരു നയതന്ത്ര വിഗദ്ധൻ പ്രതികരിച്ചിരിക്കുന്നത്. മാൻഡേറ്ററി ക്വാട്ട നടപ്പിലാക്കാനുള്ള തീരുമാനം കനത്ത ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയായിരുന്നുവെന്നാണ് ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്ററായ ബെർണാഡ് കാസെന്യൂവ് പ റഞ്ഞത്. അഭയാർത്ഥി പ്രവാഹം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ അതിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്ന് ബ്രിട്ടന്റെ ഹോം സെക്രട്ടറി തെരേസ മേ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാൻഡേറ്ററി ക്വാട്ട നടപ്പിലാക്കാനുള്ള തീരുമാനം യൂറോപ്യൻ യൂണിയൻ ശക്തമാക്കിയത്. ഇറ്റലിയിലും ഗ്രീസിലുമെത്തിയ അഭയാർത്ഥികളുടെ മൂന്നിലൊന്ന് മാത്രമാണ് കണക്കാക്കപ്പെട്ടിട്ടുള്ളതെന്നും തെരേസ പറഞ്ഞിരുന്നു. ഇറ്റലിയിലും ഫ്രാൻസിലുമെത്തിയ 120,000 അഭയാർത്ഥികളെ പങ്കിട്ടെടുക്കാനുള്ള യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ പ്ലാൻ ഇന്റീരിയൻ മിനിസ്റ്റർമാർ മെജോറിറ്റ് വോട്ട് ഉപയോഗിച്ചാണ് പാസാക്കിയത്.

ഇതിന് മുമ്പ് കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഇതു സംബന്ധിച്ച് യോഗം ചേർന്നിരുന്നു. അന്ന് 40,000 അഭയാർത്ഥികളെ നിർബന്ധമായും പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ യോഗത്തിൽ പാസാക്കപ്പെട്ട മാൻഡേറ്ററി ക്വാട്ട പ്രകാരം ഇതിലും കൂടുതൽ അഭയാർത്ഥികളെ ഏറ്റെടുക്കേണ്ട ഗതികേടാണ് മിക്ക രാജ്യങ്ങൾക്കുമുണ്ടായിരിക്കുന്നത്. ഇപ്പോൾ തന്നെ അനേകം അഭയാർത്ഥികളെത്തിയ ജർമനിയടക്കമുള്ള രാജ്യങ്ങൾ ഇതിനെത്തുടർന്ന് വെള്ളം കുടിക്കുമെന്നുറപ്പാണ്. അഭയാർത്ഥികളെ പുനർവിന്യസിക്കാൻ പൊതുസമ്മതപ്രകാരം ആവുന്നതെല്ലാം ചെയ്യുമെന്നാണ് ഈ യോഗം ചേരുന്നതിന് മണിക്കൂറുകൾക്ക് മുമ്പെ ജർമൻ ചാൻസലർ ഏൻജെല മെർക്കെൽ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ യോഗത്തിൽ ഈ തീരുമാനമുണ്ടായതിന് ശേഷം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ ശക്തമായി എതിർക്കുകയും ഫിൻലാൻഡ് പ്രസ്തുത യോഗത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞ് നിൽക്കുകയുമായിരുന്നു. പ്രസ്തുത തീരുമാനവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ ബ്രിട്ടന് വോട്ടുണ്ടായിരുന്നില്ല. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് ബ്രിട്ടൻ നേരത്തെ തന്നെ ഒഴിഞ്ഞു നിന്നതിനാലാണിത്.

ഈ പദ്ധതി പ്രാവർത്തികമല്ലെന്നും ഇതിലൂടെ സർക്കാരുകളും യൂറോപ്യൻ യൂണിയൻ അഥോറിറ്റികളും പരിഹാസ പാത്രമാകുമെന്നുമാണ് പരാഗ്വെ മുന്നറിയിപ്പേകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിരത്തുന്ന കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യത്തെ ഏഴ് മാസത്തിനിടെ 252,,000 അഭയാർത്ഥികളാണ് നിയമാനുസൃതമല്ലാതെ ഇറ്റലിയുടെയും ഗ്രീസിന്റെയും അതിർത്തികൾ കടന്നെത്തിയിരിക്കുന്നത്. 85,000 പേർ മാത്രമാണ് യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ പാലിച്ചു കൊണ്ട് രജിസ്റ്റർ ചെയ്‌തെത്തിയിരിക്കുന്നത്. അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയന് എങ്ങനെയാണ് പാളിച്ചകൾ പറ്റിയതെന്നതിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് യൂണിയനിലെ 28 അംഗരാഷ്ട്രങ്ങളുടെ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണും ഉൾപ്പെടുന്നു. ഈ സന്ദർഭത്തിന്റെ ക്രൂരമായ അവസ്ഥയെക്കുറിച്ച് ഉൾക്കൊള്ളണമെന്നാണ് യൂറോപ്യൻയൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് രാഷ്ട്രനേതാക്കൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രീ ട്രാവൽ ഏരിയയായ ഷെൻഗൻ സോൺ പാലിക്കുന്നതിനുള്ള നിയമങ്ങൾ ജർമനിയും ഓസ്ട്രിയയും സ്ലൊവേനിയയും ലംഘിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികളിൽ കർക്കശമായ പരിശോധനയും ഏർപ്പെടുത്തിയിരുന്നു. ഷെൻഗൻ കരാറിന്റെ 30ാം വാർഷികം ഏതാനും മാസങ്ങൾക്ക് മുമ്പ് ആഘോഷിച്ച യൂറോപ്യൻ യൂണിയന് ഇത് കനത്ത തിരിച്ചടിയാണേകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP