Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരം മലരിന് അര കാഞ്ചന! എന്ന് നിന്റെ മൊയ്തീൻ' ഒരു സിനിമയല്ല പ്രണയ കാവ്യമാണ്; വിസ്മയിപ്പിച്ച് പൃഥ്വിയും പാർവതിയും; പക്ഷേ പ്രിയപ്പെട്ട വിമൽ ചരിത്രം നിങ്ങളെ കുറ്റക്കാരനല്ലെന്ന് വിധിക്കട്ടെ! മാനവികതയെ വെട്ടിമാറ്റിയാൽ മൊയ്തീന് എന്താണ് നിലനിൽപ്പ്?

ആയിരം മലരിന് അര കാഞ്ചന! എന്ന് നിന്റെ മൊയ്തീൻ' ഒരു സിനിമയല്ല പ്രണയ കാവ്യമാണ്; വിസ്മയിപ്പിച്ച് പൃഥ്വിയും പാർവതിയും; പക്ഷേ പ്രിയപ്പെട്ട വിമൽ ചരിത്രം നിങ്ങളെ കുറ്റക്കാരനല്ലെന്ന് വിധിക്കട്ടെ! മാനവികതയെ വെട്ടിമാറ്റിയാൽ മൊയ്തീന് എന്താണ് നിലനിൽപ്പ്?

എം മാധവദാസ്

ലയാളിയുടെ എക്കാലത്തെയും ഇഷ്ടവിഷയങ്ങളിൽ ഒന്നാണെല്ലോ പ്രണയം. 'പ്രേമപ്പനി' കറുത്ത ഷർട്ടുകളും വെപ്പുതാടികളും ഫയർഫോഴ്‌സിന്റെ വെള്ളവുമൊക്കെയായി ഒഴിയാബാധപോലെ നമ്മുടെ യുവാക്കളെ പിടകൂടിയിരുക്കുന്ന ഒരു കാലത്താണ്, ആശാൻ എഴുതിയ പോലുള്ള മാംസ നിബന്ധമല്ലാത്ത ശുദ്ധ അനുരാഗവുമായി 'എന്ന് നിന്റെ മൊയ്തീൻ' എത്തുന്നത്. ഓരോ പ്രണയം പൊളിയുമ്പോളും പുതിയ കാമുകിയെ തേടുന്ന 'പ്രേമത്തിൽ നിന്നൊക്കെയുള്ള' യൂ ടേണാണിത്. പ്രണയത്തിനായി ഒരു ജന്മം കാത്തിരിക്കയാണ് മൊയ്തീനും കാഞ്ചനയും. ഭോഗത്തിൽനിന്ന് ത്യാഗത്തിലേക്കുള്ള അവസ്ഥാന്തരണം. ആ പരിശുദ്ധ പ്രണയത്തെ, കരിക്കിൻ വെള്ളം കുടിക്കുന്ന രുചിയോടെ എടുത്തു ഫലിപ്പിച്ചിരിക്കയാണ് നവാഗത സംവിധായൻ കെ എസ് വിമൽ. ചങ്ങമ്പുഴയുടെ പ്രണയകാവ്യം ആദ്യമായി വായിച്ചപ്പോൾ കിട്ടിയ അനുഭൂതിയാണ് പടം തീർന്നപ്പോൾ. ഈ വർഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റിലേക്ക് നീങ്ങുകയാണ് മൊയ്തീൻ.

കോഴിക്കോട് മുക്കത്ത് 60കളിൽ നടന്ന സംഭവ കഥയാണിത്. ഒരു മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിക്കുകയെന്നത്, അക്കാലത്ത് ചിന്തിക്കാൻപോലും കഴിയാവുന്നതിന് അപ്പുറവും. ലൗജിഹാദ് പോലുള്ള കുപ്രചാരണങ്ങൾ നിലനിൽക്കുന്ന ഇക്കാലത്തും മതേതര പ്രണയങ്ങൾ സുരക്ഷിതമൊന്നുമല്ല. (കേരളീയ സമുഹം എത്രമാത്രം സാംസ്കാരികമായി പിറകോട്ടുപോയിയെന്ന ആലോചനയും ഈ പടം മുന്നോട്ടുവെക്കുന്നു.) മതവും ജാതിയും ഉപജാതിയും പറഞ്ഞുള്ള ചീപ്പായ പെരുങ്കളിയാട്ടങ്ങൾക്കിടയിൽ ഇടക്കൊക്കെ നമ്മൾ ഓർക്കണം. മൊയ്തീനെപ്പോലുള്ള മനുഷ്യസ്‌നേഹികൾ ജീവിച്ചിരുന്ന മണ്ണാണിത്.ഒരു 'അവിവാഹിതന്റൈ വിധവയായി' കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കുന്ന മണ്ണും. പ്രണയങ്ങളെ മാത്രമല്ല, ആൺ-പെൺ സൗഹൃദങ്ങളെ പോലും സദാചാര പൊലീസിങ്ങിന്റെ പരിധിയിൽ പെടുത്തി വടിവെട്ടി അടിച്ചോടിക്കുന്ന രീതിയിൽ കേരളം അസഹിഷ്ണുതയിലേക്ക് നീങ്ങുമ്പോൾ ഇത്തരം ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. കപട സദാചാരത്തിന്റെയും കപട ലൈംഗികതയുടെയും കാലത്ത് പ്രസക്തമായ ആശയം. ആ രീതിയിൽ നോക്കുമ്പോൾ കൃത്യമായ ഫാസിസ്റ്റ് വിരുദ്ധ പശ്ചാത്തലവും ഈ ചിത്രം ഉയർത്തിപ്പിടിക്കുന്നു.

അനുരാഗപ്പുഴയിൽ ആറാടി

പണ്ടുതൊട്ടേ തുടങ്ങുന്ന മലയാളിയുടെ കപട സദാചാരത്തിന്റെയും വാക്കും പ്രവർത്തിയും തമ്മിലുള്ള ബന്ധമില്ലായ്മയുടെയും ഇഴമുറിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസുകാരനായ തികഞ്ഞ മതേതരവാദിയും സർവോപരി മുക്കം സുൽത്താനെന്ന് അറിയപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മൊയ്തീന്റെ പിതാവ് ബി.പി ഉണ്ണിമോയിക്ക് ഒരിക്കലും മകന്റെ അന്യമത പ്രണയം അംഗീകരിക്കാൻ കഴിയുന്നില്ല. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനൊപ്പമൊക്കെ പ്രവർത്തിച്ചിട്ടും സ്വന്തം കാര്യം വരുമ്പോൾ അദ്ദേഹം തനി മൂരാച്ചിയാവുന്നു. കാഞ്ചനയുടെ കൊറ്റങ്ങൽ കുടംബത്തിന്റെയും കഥ അതുതന്നെ. കോൺഗ്രസുകാരാണെങ്കിലും ഇടതുപക്ഷ നേതാക്കൾക്കൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ തക്ക ലിബറൽ മനസ്സുള്ള ആ കുടുംബം കാഞ്ചനയുടെ പ്രണയക്കാര്യത്തിൽ തനി യാഥാസ്ഥികരാവുന്നു. സ്വന്തം ബാപ്പതന്നെ മൊയ്തീനെ കുത്തിക്കൊല്ലാൻ ശ്രമിക്കുന്നിടം വരെ എത്തുന്നു ആ പ്രണയ സ്പർധ.

പക്ഷേ അപ്പോഴും മൊയ്തീനും (പ്രഥ്വീരാജ്), കാഞ്ചനയും (പാർവതി) ഒളിച്ചോടാതെ കാത്തിരിക്കയാണ്. സഹോദരിമാരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ട് ഒന്നിച്ചു ജീവിക്കാമെന്ന് കരുതി അവർ കാത്തിരുന്നത് പത്തുവർഷമാണ്. മൊയ്തീൻ ഇരുകവിഞ്ഞിപ്പുഴയിൽ അലഞ്ഞ് ഇല്ലാതായതോടെ ആ കാത്തിരിപ്പിന് ഒരു ജന്മത്തിന്റെ ദൈർഘ്യവും വന്നു.

ഈ അത്യപൂർവമായ പ്രണയത്തെ കൊതിപ്പിക്കുന്ന ഷോട്ടുകളിൽ എടുത്തുവച്ചിട്ടുണ്ട് വിമൽ. മഴയും പുഴയും ഇതിൽ കഥാപാത്രങ്ങളാണ്. പ്രണയിക്കാനായി സ്വന്തമായി കോഡു ഭാഷതൊട്ട് ഉണ്ടാക്കിയെടുക്കുന്ന ആ കമിതാക്കളുടെ ജീവിതം അത്ര രസകരമായാണ് സംവിധായകൻ വരച്ചുകാട്ടുന്നത്. ക്യാമറകൊണ്ട് ഗിമ്മികൾക്കോ ഗുട്ടൻസിനോ ഒന്നും പോവാതെ, ന്യൂ ജനറേഷൻ ആവാൻവേണ്ടി നോൺ ലീനിയറായി കഥ പറഞ്ഞ് പ്രേക്ഷകനെ വട്ടം കറക്കാതെ നേരിട്ടാണ് വിമൽ കഥ പറയുന്നത്. അതിന്റെ സുഖം സിനിമക്ക് മൊത്തത്തിലുണ്ട്.ആശാൻ എഴുതിയ പോലുള്ള മാംസ നിബന്ധമല്ലാത്ത ശുദ്ധ അനുരാഗവുമായി 'എന്ന് നിന്റെ മൊയ്തീൻ' എത്തുന്നത്. ഓരോ പ്രണയം പൊളിയുമ്പോളും പുതിയ കാമുകിയെ തേടുന്ന 'പ്രേമത്തിൽ നിന്നൊക്കെയുള്ള' യൂ ടേണാണിത്. പ്രണയത്തിനായി ഒരു ജന്മം കാത്തിരിക്കയാണ് മൊയ്തീനും കാഞ്ചനയും. ഭോഗത്തിൽനിന്ന് ത്യാഗത്തിലേക്കുള്ള അവസ്ഥാന്തരണം. ആ പരിശുദ്ധ പ്രണയത്തെ, കരിക്കിൻ വെള്ളം കുടിക്കുന്ന രുചിയോടെ എടുത്തു ഫലിപ്പിച്ചിരിക്കയാണ് നവാഗത സംവിധായൻ കെ എസ് വിമൽ.

ഈ പടത്തിൽ അഭിനയിച്ച ഒരാളും പാളിപ്പോയിട്ടില്ല. പ്രഥ്വീരാജ് പതിവുപോലെ മികച്ചു നിന്നപ്പോൾ, മലരിനെ വെട്ടിക്കുന്ന ഫീമെയിൽ ഐക്കണായി മാറിക്കൊണ്ട് കാഞ്ചനയായ പാർവതിയാണ് ഏറ്റവും വിസ്മയിപ്പിച്ചത്. ബാംഗ്‌ളൂർ ഡെയ്‌സിനുശേഷം തനിക്ക് കിട്ടിയ മികച്ചവേഷം ഈ നടി ജീവസ്സുറ്റതാക്കുന്നു. കാഞ്ചനയെ മറവിൽനിന്ന് പ്രണയിക്കുന്ന അപ്പുവായി വേഷമിട്ട യുവനടൻ ടൊവീനോ തോമസാണ് എടുത്തുപറയേണ്ട മറ്റൊരാൾ. ലെനയുടെ, അമ്മ വേഷങ്ങൾ നാം പലതും കണ്ടിട്ടുണ്ടെിലും ചുരുട്ടുവലിച്ചു കൊണ്ടിരിക്കുന്ന ആദ്യ ഷോട്ടുതൊട്ട് മൊയീതിന്റെ അമ്മ തീയേറ്ററിൽ പെരുക്കമുണ്ടാക്കുന്നു. ടൈപ്പ് വേഷങ്ങളെയും ഭാവങ്ങളെയും തന്റെ നടന സിദ്ധികൊണ്ട് സായികുമാർ വ്യത്യസ്തനാക്കുന്നത് ഇത് എത്രമാത്തെ തവണയാണെന്ന് അറിയില്ല. അർഹിക്കുന്ന അംഗീകാരങ്ങൾ പോലും സായികുമാറിന് കിട്ടിയിട്ടുമില്ല.

ജോമോൺ ടി.ജോൺ എന്ന കാമറാമാൻ മികച്ച സംവിധായകൻ കൂടിയാണെന്ന് മനസ്സിലാവും അദ്ദേഹമൊരുക്കിയ ലോക നിലാവരത്തിലുള്ള ഫ്രെയിമുകൾ കണ്ടാൽ. ഡപ്പാക്കൂത്ത് പാട്ടുകൾക്കിടയിലെ കുളിർതെന്നലാവുകയാണ് മൊയ്തീനിലെ ഗാനങ്ങൾ. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും മനോഹരം. അറുപതുകളിലെ കാലം അതുപോലെ പുനസൃഷ്ടിച്ച കലാ സംവിധായകൻ ഗോകുൽദാസും പ്രതിഭ തെളിയിച്ചു.

പക്ഷേ ആന്ത്യന്തികമായി ഈ സിനിമയുടെ വിജയത്തിന്റെ മേന്മപോവുന്നത് നടൻ പ്രഥ്വീരാജിന് തന്നെയാണ്. ഡബിൾ ബാരലിന്റെയൊക്കെ അമ്പരപ്പിക്കുന്ന പരാജയത്തിൽനിന്ന് ഈ യുവനടൻ ശക്തമായി തിരച്ചുവരികയാണിവിടെ. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമയെടുത്ത് പ്രിഥ്വി സത്യത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ വെല്ലുവിളിക്കയാണ്. പ്രിഥ്വിരാജിന് മുഴവൻ സമയ ശ്രദ്ധവേണ്ടിവന്ന ചിത്രം കൂടിയാണിത്. ഈ യുവ നടൻ തിരക്കഥയിൽ ഇടപെടുന്ന എന്ന് പറയുന്നവർക്കൊക്കെ അതുകൊണ്ട് സിനിമക്ക് ഉണ്ടാവുന്ന ഗുണങ്ങളും കാണാതിരുന്നകൂടാ.ഈ പടത്തിൽ അഭിനയിച്ച ഒരാളും പാളിപ്പോയിട്ടില്ല. പ്രഥ്വീരാജ് പതിവുപോലെ മികച്ചു നിന്നപ്പോൾ, മലരിനെ വെട്ടിക്കുന്ന ഫീമെയിൽ ഐക്കണായി മാറിക്കൊണ്ട് കാഞ്ചനയായ പാർവതിയാണ് ഏറ്റവും വിസ്മയിപ്പിച്ചത്. ബാംഗ്‌ളൂർ ഡെയ്‌സിനുശേഷം തനിക്ക് കിട്ടിയ മികച്ചവേഷം ഈ നടി ജീവസ്സുറ്റതാക്കുന്നു. കാഞ്ചനയെ മറവിൽനിന്ന് പ്രണയിക്കുന്ന അപ്പുവായി വേഷമിട്ട യുവനടൻ ടൊവീനോ തോമസാണ് എടുത്തുപറയേണ്ട മറ്റൊരാൾ. 

പക്ഷേ അതിമനോഹരമായ ഫ്രെയിമുകളിലൂടെ ഈ പടം എടുത്ത വിമലിന് ഇതിനെ പ്രണയചിത്രത്തിന് അപ്പുറത്തേക്ക്, മാനവികതയുടെ വിശാലമായ കാൻവാസിലേക്ക് തിരച്ചുവിടാൻ കഴിയുന്നില്ല. ഈ പടത്തിന്റെ ഏറ്റവും വലിയ പരിമിതിയും അതുതന്നെ.

പ്രണയത്തിൽ മുങ്ങുന്ന മാനവിക

പക്ഷേ അതിഭീകരമായ ചില അബദ്ധങ്ങൾ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ കെ.എസ് വിമലിന് ഈ പടത്തിൽ സംഭവിച്ചതെന്നും കാണാതിരക്കാനാവില്ല. വി.ടി ബൽറാം എംഎ‍ൽഎ ചൂണ്ടിക്കാണിച്ചപോലുള്ള കാലഗണനയിലെ പ്രശ്‌നങ്ങളും സോഷ്യലിസ്റ്റ് എന്ന വാക്കിനെകുറിച്ചുള്ള തർക്കവും മാത്രമല്ല അത്. ബി.പി മൊയ്തീൻ ഒരു ഐതീഹ്യമല്ല. ജീവിച്ചിരുന്ന ഇപ്പോഴും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയാണ്. അയാളുടെ കഥയിൽ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും വെട്ടിമാറ്റിയെന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. മൊയ്തീനെക്കുറിച്ച് വ്യക്തമായി അറിയാത്ത ഒരാൾക്ക് ഈ സിനിമ കണ്ടാൽ കിട്ടുന്ന ചിത്രം എന്താണ്? കാര്യമായ ഒരു ജോലിക്കും പോവാതെ, പാരമ്പര്യസ്വത്തുക്കളൊക്കെ ധൂർത്തടിച്ച് ജീവിക്കുന്ന സൂത്രശാലിയായ ഒരു മനുഷ്യൻ എന്നാണ്. ഇവിടെയാണ് പ്രിഥ്വിക്കും വിമലിനും പറ്റിയ അതിഭീകരമായ വീഴ്ച. പക്ഷേ യഥാർഥ ജീവിതത്തിലെ മൊയ്തീൻ മനുഷ്യസ്‌നേഹത്തിന്റെ അപാരമായ ബ്രീഡായിരുന്നു. നാലുപേരെ വെള്ളത്തിൽനിന്ന് രക്ഷിച്ചിട്ടും കയറിപ്പോരാതെ അടുത്തയാളെ തെരഞ്ഞുപോയി അനശ്വരനാവൻ മൊയ്തീനല്ലാതെ മറ്റാർക്ക് കഴിയും! മൊയ്തീനിൽ നിന്ന് ആ മാനവികതയെ വെട്ടിമാറ്റിയാൽ ഹൃദയം പാതിമുറിച്ച അവസ്ഥയിലാവും.

യുവ പ്രേക്ഷകരെ നമ്മുടെ ചലച്ചിത്രകാരന്മാർ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണെന്നും ഈ സിനിമയുടെ അനുഭവം തെളിയിക്കുന്ന. 'പ്രേമം' ഹിറ്റായപ്പോൾ ആധുനിക തലമുറക്ക് വേണ്ട ചേരുവകൾ അതിലുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് അസഹിഷുണത കാട്ടിയവർ ഈ വിജയം നോക്കുക. 'പ്രേമം' ആഘോഷിച്ച അതേപോലെ തന്നെ അവർ, ഈ ദിവ്യാനുരാഗത്തെയും ആഘോഷിക്കുന്നു. 'ആയിരം മലരിന് അര കാഞ്ചന' എന്നൊക്കെയാണിപ്പോൾ വരുന്ന പോസ്റ്റുകൾ. പത്രപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ, പഞ്ചായത്ത് അംഗം, മരക്കച്ചവടക്കാരൻ, കർഷകൻ, സിനിമാ നിർമ്മാതാവ് (മൂന്ന് സിനിമകൾ മൊയ്തീൻ നിർമ്മിച്ചിട്ടുണ്ട്) നാടകനടൻ ഇങ്ങനെയെല്ലാം പോവുന്ന മൊയ്തീന്റെ ബഹുമുഖ വ്യക്ത്വത്തെ കൃത്യമായി അനാവരണം ചെയ്യാൻ സിനിമക്ക് ആയിട്ടില്ല. പത്രപ്രവർത്തകനായ പി ടി മുഹമ്മദ് സാദിഖ് എഴുതിയ 'മൊയ്തീൻ കാഞ്ചനമാല ഒരപൂർവ പ്രണയ ജീവിതം' എന്ന പുസ്തകം വായിച്ചവർക്കും മുക്കത്തെ പഴമക്കാർക്കും അറിയാവുന്ന മനുഷ്യസ്‌നേഹിയായ മൊയ്തീനെ സിനിമയിൽ കാണുന്നില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്പ്രതി വി വി ഗിരിക്കും വരെ അറിയാവുന്ന പെരുമയിലേക്ക് മൊയ്തീൻ വളർന്നുവെന്ന് മുഹമ്മദ് സാദിഖ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത കേരളത്തിൽ വന്നപ്പോൾ മൊയ്തീൻ കൂടെ തന്നെ ഉണ്ടായിരുന്നു. അനിതയുടെ പേരിൽ മൊയ്തീൻ ചിൽഡ്രൻസ് ക്‌ളബും ടൈലറിങ് ക്‌ളാസും തുടങ്ങി. സ്ത്രീശാക്തീകരണത്തിനായി മോചന വിമൻസ് ക്‌ളബ് തുടങ്ങി.

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നേത്രരോഗ വിദഗ്ധനെ ചേന്ദമംഗലൂരിലത്തെിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി അതിന്റെ ഫോട്ടോകൾ രാഷ്ട്രപതി വി.വി ഗിരിയെ കാണിച്ചു. മൊയ്തീന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതി പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി നിർധന രോഗികൾക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ഓടിനടന്നു. എന്നാൽ സിനിമ കാണുന്നവർക്ക് ഇന്ദിരാഗാന്ധിയെക്കൊണ്ട് തന്റെ സ്പോർട്സ് മാസിക പ്രകാശനം ചെയ്യിച്ച സമർഥൻ മാത്രമാണ് മൊയ്തീൻ. മുക്കം അങ്ങാടിയിൽ അലഞ്ഞുതിരിഞ്ഞ മാനസികരോഗികളെ വീട്ടിലേക്കു കൂട്ടി പരിചരിച്ചിരുന്നു യഥാർഥ ജീവിതത്തിലെ മൊയ്തീൻ.

മാത്രമല്ല കേവലം ബാല്യകാല പരിചയം കൊണ്ടും ബാഹ്യ സൗന്ദര്യംകൊണ്ടും ഉണ്ടായ പ്രണയമായിരുന്നില്ല ഇത്. മൊയ്തീനിൽ മനുഷ്യത്വത്തിന്റെ ഗുണങ്ങൾ വർധിപ്പിച്ചത്, ചെറുപ്പത്തിലേ സാമൂഹിക നീതിക്കായി പോരടിച്ചുകൊണ്ടിരിക്കുന്ന കാഞ്ചനയാണ്. 'നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതം വെറും മരക്കച്ചവടക്കാരനായി തീർന്നുപോവുായിരുന്നെന്ന്' മൊയ്തീൻ പറഞ്ഞതായി' ജീവ ചരിത്രകാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇനി മൊയ്തീന്റെ മരണശേഷം ആ അവിവാഹിതന്റെ വിധവയായി വെറുതെയങ്ങ് ജീവിച്ച് കാലം തള്ളിക്കളയുകയല്ല കാഞ്ചനമാലയെന്ന നിത്യപ്രണയിനി ചെയ്തത്. കോഴിക്കോട് മുക്കത്തെ ബി.പി മൊയ്തീൻ സേവാ മന്ദിർ ഒരു തവണയെങ്കിലും സന്ദർശിച്ചവർക്ക് അക്കാര്യം പിടികിട്ടും. ഈ സ്ഥാപനം ഇന്നാട്ടിലെ അഗതികൾക്കും അബലകൾക്കും അത്താണിയാണ്. മൊയ്തീന് തന്റെ ജീവിതംകൊണ്ട് കൊടുക്കാവുന്ന ഏറ്റവും നല്ല ബഹുമാതിയാണ് കാഞ്ചന കൊടുത്തത്. എന്നാൽ സിനിമ അതേക്കുറിച്ച് ഒരു വരിപോലും പറയുന്നില്ല.

അങ്ങനെയായിരുന്നെങ്കിൽ എത്രമാത്രം ഉദാത്തവും മാനവികവുമായ തലത്തിലേക്കാണ് ഈ പടം ഉയരുക. പക്ഷേ മലയാളത്തിലും ഇന്ത്യൻ സിനിമകളിൽ പൊതുവെയുവുള്ള അതി കാൽപ്പനികത്വവും, ഒരു വിഷയത്തെ ഉയർത്താനുള്ള പ്രതിഭാരാഹിത്യവും ഇവിടെയും ഉണ്ടായി. പ്രേമം വിഷയമാവുമ്പോൾ നായികയുടെ ബന്ധുക്കൾ നിർബന്ധമായും വില്ലന്മാരായിക്കണം എന്ന പൈങ്കിളി യുക്തിയിൽ ചിന്തിക്കാനേ, വിമലടക്കമുള്ള നവ സംവിധായകർക്ക് ഇപ്പോഴും കഴിയുള്ളൂ എന്നത് കഷ്ടമാണ്.

തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതെന്ന് ചിത്രം ഇറങ്ങുതിന് മുമ്പുതന്നെ കാഞ്ചനമാല ആരോപിച്ചിരുന്നു. ചിത്രീകരണം പകുതിയായപ്പോഴാണത്രെ തിരക്കഥ വായിക്കാൻ കൊടുത്തത്. അതിൽ വാസ്തവവിരുദ്ധമായി ചില കാര്യങ്ങളുണ്ടെന്ന് കാഞ്ചന അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തന്റെ സഹോദരങ്ങളെ ചിത്രത്തിൽ വില്ലന്മാരായാണ് ചിത്രീകരിക്കുന്നത്. മൊയ്തീനെ അവർ ഒരിക്കൽപോലും ദ്രോഹിച്ചിരുന്നില്ല.

 

മൊയ്തീനും ബാപ്പയും ആജന്മശത്രുക്കളായാണ് തിരക്കഥയിലുള്ളത്. ഇങ്ങനെ വസ്തുതാ വിരുദ്ധമായി സിനിമ വന്നാൽ താൻ ആത്മഹത്യ ചെയ്യണ്ടിവരുമെന്ന് കാഞ്ചന പറഞ്ഞിരുന്നു. എന്നാൽ അവർ ഉന്നയിച്ച പ്രശ്‌നങ്ങൾ സിനിമയിൽ അതേപടി നിലനിൽക്കുന്നുണ്ട്. കാഞ്ചനയുടെ സഹോദരന്മാർ മൊയ്തീനെ ആളെ വിട്ടു തല്ലുന്ന ദൃശ്യം ചിത്രത്തിലുണ്ട്. സംഘട്ടന രംഗത്തിനൊടുവിൽ സഹോദരൻ മൊയ്തീനു നേരെ തോക്കുചൂണ്ടുന്നു പോലുമുണ്ട്. മൊയ്തീനും ബാപ്പയും ചിത്രത്തിൽ ആ ജന്മശത്രുക്കൾ തന്നെയാണ്.

ആവശ്യത്തിലധികം സിനിമാറ്റിക്ക് ആയ ഒരു കഥ കിട്ടിയാൽപ്പോലും അത് മെച്ചപ്പെടുത്താനുള്ള പ്രതിഭ നമ്മുടെ കെയ്യിൽ ഇല്ലെന്നല്ലേ ഇത് തെളിയിക്കുന്നത്? ഒരു ഹിന്ദുപെൺകുട്ടിയും മുസ്ലിം യുവാവും പ്രണയിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് അപ്പുറത്തേക്കുപോയി വിശാല മാനവികതയിലേക്ക് ഉയർത്താമായിരുന്ന സബ്ജകട് ഈ രീതിൽ നോക്കുമ്പോൾ നശിപ്പിക്കയാണ് സംവിധായൻ ചെയ്തതെന്ന് പറയാതെ വയ്യ.

കെ.ടി മുഹമ്മദിന്റെ വിഖ്യാതമായ 'വെളിച്ചം വിളക്കന്വേഷിക്കുന്നു' എന്ന ചരിത്ര പ്രധാനമായ നാടകത്തെയൊക്കെ എത്ര ലളിതവത്ക്കരിച്ചാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് നോക്കുക. സിനിമയിൽ ഈ നാടകം മൊയ്തീൻ എഴുതി സംവിധാനം ചെയ്യുന്നതായാണ് വരുന്നത്. നൂറുശതമാനവും സത്യസദ്ധമായ ഒരു കഥപറയുമ്പോൾ ഇത്തരം വസ്തുതാപരമായ പിശകുകൾ ഒരിക്കലും വരാൻ പാടില്ലായിരുന്നു.

വാൽക്കഷ്ണം: യുവ പ്രേക്ഷകരെ നമ്മുടെ ചലച്ചിത്രകാരന്മാർ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണെന്നും ഈ സിനിമയുടെ അനുഭവം തെളിയിക്കുന്ന. 'പ്രേമം' ഹിറ്റായപ്പോൾ ആധുനിക തലമുറക്ക് വേണ്ട ചേരുവകൾ അതിലുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് അസഹിഷുണത കാട്ടിയവർ ഈ വിജയം നോക്കുക. 'പ്രേമം' ആഘോഷിച്ച അതേപോലെ തന്നെ അവർ, ഈ ദിവ്യാനുരാഗത്തെയും ആഘോഷിക്കുന്നു. 'ആയിരം മലരിന് അര കാഞ്ചന' എന്നൊക്കെയാണിപ്പോൾ വരുന്ന പോസ്റ്റുകൾ. ഇന്നത്തെ യുവാക്കൾക്ക് സന്തോഷിക്കാൻ മാത്രമാണ് ആഗ്രഹമെന്നും ട്രാജഡികൾ അവർ തള്ളിക്കളുമെന്നാക്കെ പറഞ്ഞ മലയാളത്തിലെ മുതിർന്ന സംവിധായകർ ഈ പടത്തിന്റെ ആരവം കാണട്ടെ.പടം നന്നായി എടുക്കാനുള്ള കോപ്പുണ്ടെങ്കിൽ ജനം പിന്നാലെ വരും. അതില്ലാതെ യുവാക്കളുടെ അപചയത്തെക്കുറിച്ച് വിലപിച്ച് തട്ടിക്കൂട്ടുകൾ ഉണ്ടാക്കിയിട്ട് എന്തുകാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP