Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസ് ഇതുവരെ കൊന്നൊടുക്കിയത് 10,000ത്തിലേറെ നിരപരാധികളെ; ഏറ്റുമുട്ടലിലും ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവരുടെ കണക്ക് വേറെ

ഐസിസ് ഇതുവരെ കൊന്നൊടുക്കിയത് 10,000ത്തിലേറെ നിരപരാധികളെ; ഏറ്റുമുട്ടലിലും ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവരുടെ കണക്ക് വേറെ

നുഷ്യത്വത്തിന് നിരക്കാത്ത ക്രൂരപ്രവൃത്തികൾ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് ഇറാഖിലും സിറിയയിലും മറ്റും കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കി വരുകയാണ്. ഇതിനിടെ അവർ നിരവധി പേരെ അരുംകൊല ചെയ്യുകയുമുണ്ടായി. ഇതിന്റെ കണക്കുകൾ ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഇതു സംബന്ധിച്ച കണക്കുകൾ വെളിപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് 10,000 നിരപരാധികളെ ഐസിസ് കൊന്നൊടുക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിലും ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവർ ഇതിന് പുറമെയാണ്. കഴിഞ്ഞ വർഷം തങ്ങൾ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി ഖലീഫത്ത് പ്രഖ്യാപിച്ച ശേഷമുള്ള കൊലപാതകങ്ങളുടെ കണക്കുകൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

3207 പേരെ ഐസിസ് സിറിയയിൽ കൊന്നൊടുക്കിയെന്നാണ് ഐസിസ് ഭരണപ്രദേശത്തുള്ള രഹസ്യ ഉറവിടമായ ദി സിറിയൻ ഒബ്‌സർവേർറ്ററി ഹ്യൂമൻ റൈറ്റ്‌സ്(എസ്ഒഎച്ച്ആർ) വെളിപ്പെടുത്തിയിരിക്കുന്നത്. 7700 പേരെ ഇറാഖിലും ഐസിസ് കൊലപ്പെടുത്തിയെന്നാണ് ദി ഇറാഖി ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ഐഒച്ച്ആർ )വെളിപ്പെടുത്തുന്നത്. തങ്ങളുടെ തേർവാഴ്ചക്കിടെ ഐസിസ് പട്ടാളക്കാരെയും സാധാരണക്കാരെയും വധിച്ചിട്ടുണ്ട്. തലവെട്ടിയും വെടിവച്ചും വെള്ളത്തിൽ മുക്കിയും കല്ലെറിഞ്ഞും കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞും തുടങ്ങി പലവിധ രീതികളിലാണ് ഐസിസ് ഇവരെയെല്ലാം കൊന്നൊടുക്കിയിട്ടുള്ളത്. ഐസിസ് നടപ്പിലാക്കുന്ന കർക്കശനിയമങ്ങൾ ലംഘിക്കുന്നവരെയാണ് ക്രൂരമായി കൊലപാതകങ്ങൾക്ക് വിധേയരാക്കിയിട്ടുള്ളത്. എന്നാൽ യുദ്ധങ്ങളിലും ആത്മഹത്യബോംബാക്രമണങ്ങളിലും മരിച്ചവരും പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഐസിസ് കൊന്നവരുമായവരുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടില്ല.

പ്രദേശവാസികളിൽ നിന്നുള്ള സ്ഥിരീകരണത്തിന്റെ ബലത്തിലാണ് തങ്ങൾ ഈ കണക്കുകൾ പുറത്തിറക്കിയതും ഐസിസിന്റെ ക്രൂരതകൾ അളന്നതെന്നുമാണ് എസ്ഒഎച്ച്ആർ പറയുന്നത്. സിറിയയിൽ ഐസിസ് കൊന്നവരിൽ 1858 പേർ സിവിലിയന്മാരാണെന്നാണ് എസ്ഒഎച്ച്ആർ പറയുന്നത്. ഇതിൽ 98 പേർ സ്ത്രീകളും 76 പേർ 18 വയസിന് താഴെയുള്ള കുട്ടികളുമാണെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു. ഐസിസിന് വേണ്ടി നിർബന്ധിതമായി ചാവേർ പ്രവർത്തനത്തിന് വിധിക്കപ്പെട്ട് മരിച്ച നിരവധി ആൺകുട്ടികൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല. ഐസിസ് 906 സിറിയൻ സൈനികരെയാണ് ഇക്കാലത്തിനിടെ വധിച്ചിരിക്കുന്നത്. അതിന് പുറമെ 239 റിബൽ പോരാളികൾ , 185 ഐസിസ് ഭീകരർ എന്നിവരെയും ഐസിസ് വധിച്ചിട്ടുണ്ട്. ഇറാഖിൽ ഇക്കാലത്ത് ഐസിസ് കൊന്നൊടുക്കിയ 7700 പേരിൽ 2100 പേർ ഐസിസിന്റെ ശക്തികേന്ദ്രങ്ങളായ മൊസൂളിലുള്ളവരും 1900പേർ അൽഅൻബാറിലുള്ളവരും ആണെന്നാണ് ഐഒച്ച്ആർ വെളിപ്പെടുത്തുന്നത്. മെയ്മാസത്തിലാണ് ഈ പ്രദേശം ഐസിസ് വരുതിയിലാക്കിയത്.

ദിയാലയിലാണ് മറ്റൊരു 250 പേരെ ഐസിസ് വകവരുത്തിയിരിക്കുന്നത്. മറ്റുള്ള കൊലപാതകങ്ങൾ ഇറാഖിലെ മറ്റ് ഐസിസ് ശക്തികേന്ദ്രങ്ങളിലാണുണ്ടായതെന്നും ഐഒച്ച്ആർ പറയുന്നു. ഈ കൊല്ലപ്പെട്ടവരിൽ 60 ശതമാനം പേരും സൈനികരും 40 ശതമാനം പേർ സാധാരണക്കാരുമാണെന്നാണ് വെളിപ്പെടുത്തൽ. ഐസിസ് തങ്ങളുടെ ആശയപ്രചാരണത്തിനായി ഇക്കാലത്തിനിടെ നൂറ് കണക്കിന് വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സ്വവർഗരതി, ഈശ്വരനിന്ദ, കൊലപാതകം,ചാരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പിടിക്കപ്പെട്ട നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോകളാണ് ഇവയിലധികവുമുള്ളത്. സിറിയയിൽ വച്ച് നടത്തിയ ചില ക്രൂരമായ കൊലപാതകങ്ങൾ പാൽമിറയിൽ വച്ചാണ് നടന്നത്. മെയിലാണ് ഐസിസ് ഈ പ്രദേശം പിടിച്ചെടുത്തത്. ഇവിടെ വച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള 400 പേരെ ഐസിസ് വകവരുത്തിയിരുന്നു. ഐസിസിന്റെ കുട്ടിഭീകരർ ഇവിടെ വച്ച് 25 സിറിയൻ പട്ടാളക്കാരെ വെടിവച്ച് കൊല്ലുന്ന ക്രൂരമായ വീഡിയോ ഐസിസ് ജൂലൈയിൽ പുറത്ത് വിട്ടിരുന്നു. പാൽമിറയിലെ പുരാതന റോമൻ ആംഫിതിയേറ്ററിനു മുന്നിൽ വച്ചായിരുന്നു ഈ പാതകം അരങ്ങേറിയത്.

കഴിഞ്ഞ വർഷം ജൂൺ 12ന് ഇറാഖിലെ തിക്രിതിലുള്ള കാംപിൽ വച്ച് സ്‌പെയ്‌ചെർ ആർമിയിലെ 1700അംഗങ്ങളെ ഐസിസ് വധിച്ചിരുന്നു. ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദി കലീഫത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളായതിനാൽ ഇതിനെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ഇറാഖിലെ സിൻജാർ പ്രവിശ്യയിൽ 5000 യസീദി വംശജരെ ഐസിസ് വംശഹത്യയ്ക്ക് വിധേയരാക്കിയിരുന്നു. പലായനത്തിന് ശ്രമിക്കുന്നതിനിടെയാണ് അവരെ ഭീകരർ വക വരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP