Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടിയന്മാരുടെ പണമെടുത്ത് കടംതീർത്ത ഗതികേടുമാറ്റാൻ ഇന്ധന സെസുമായി സർക്കാർ; പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപ കൂട്ടും; ട്രഷറി പൂട്ടാതിരിക്കാൻ കടുത്ത നടപടികൾ പിന്നാലെ

കുടിയന്മാരുടെ പണമെടുത്ത് കടംതീർത്ത ഗതികേടുമാറ്റാൻ ഇന്ധന സെസുമായി സർക്കാർ; പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപ കൂട്ടും; ട്രഷറി പൂട്ടാതിരിക്കാൻ കടുത്ത നടപടികൾ പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

സംസ്ഥാനത്തെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെട്രോളിനും ഡീസലിനും സബ്‌സിഡി ഏർപ്പെടുത്താൻ സർക്കാർ നീക്കം. പെട്രോളിനും ഡീസലിനും ഒരു രൂപ മുതൽ രണ്ടു രൂപ വരെ സംസ്ഥാനത്ത് സെസ് ഈടാക്കിയാൽ മാത്രമെ ട്രഷറി പൂട്ടുന്ന സ്ഥിതി ഒഴിവാക്കാനാകൂ എന്നും അടിയന്തിര ധനസമാഹരണത്തിന് മറ്റു മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ധനവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞതായാണ് സൂചന.

എന്നാൽ സെസ് ഏർപ്പെടുത്തുന്നത് വിലക്കയറ്റത്തിനും ജനരോഷത്തിനും കാരണമാകുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ചർച്ചകൾക്കായാണ് ഇന്ന് നടക്കാനിരുന്ന മന്ത്രിസഭായോഗം നാളത്തേക്ക് മാറ്റിയതെന്നും വിലയിരുത്തപ്പെടുന്നു. നാളെ യുഡിഎഫ് ഏകോപനസമിതിയും യോഗം ചേരുന്നുണ്ട്. മദ്യനിരോധനത്തിനെ എല്ലാവരും പിന്തുണച്ച സാഹചര്യത്തിൽ ട്രഷറി വരുമാനം മെച്ചപ്പെടുത്താൻ സെസ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളെയും എല്ലാ കക്ഷികളും പിന്തുണയ്ക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

ശമ്പളം, പെൻഷൻ തുടങ്ങിയ പ്രതിമാസ ചെലവുകൾക്കൊപ്പം ഓണവുമായി ബന്ധപ്പെട്ട അധികച്ചെലവുകളും വന്നതോടെയാണ് റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്‌റ്റെടുക്കേണ്ട ഗതികേടിലേക്ക് സംസ്ഥാനം എത്തിച്ചേർന്നത്. ഓവർഡ്രാഫ്റ്റ് തിരിച്ചടച്ച് പ്രതിസന്ധി ഒഴിവാക്കാൻ പതിനെട്ടടവും പയറ്റുന്ന സർക്കാർ ആദ്യഘട്ടമെന്ന നിലയിൽ ബിവറേജസ് കോർപ്പറേഷനിൽ നിന്ന് 300 കോടി മുൻകൂർ വാങ്ങിക്കഴിഞ്ഞു. മദ്യനിരോധനം സർക്കാർ ഖജനാവിനെ ഗരുതരമായി ബാധിക്കുമെന്ന വാദം ഉയരുന്നതിനിടെ ട്രഷറി പ്രതിസന്ധി പരിഹരിക്കാൻ കുടിയന്മാരുടെ പണത്തെത്തന്നെ ഇത്തരത്തിൽ ആശ്രയിക്കേണ്ടിവന്നത് സർക്കാരിന് നാണക്കേടായിട്ടുണ്ട്. ഇന്ന് വീണ്ടും 30 കോടി കൂടി ബിവറേജസ് കോർപ്പറേഷൻ നൽകുമെന്നും വിവിധ വകുപ്പുകളിൽ നിന്ന് നികുതിയും പൊതുവിപണിയിൽ നിന്ന് പ്രതീക്ഷിക്കുന്ന 500 കോടിരൂപയുടെ വായ്പയും എത്തുന്നതോടെ ഇന്നു തന്നെ ഓവർഡ്രാഫ്റ്റ് തിരിച്ചടയ്ക്കാനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതെല്ലാം താൽക്കാലിക പരിഹാരം മാത്രമാണെന്നും ഇപ്പോഴത്തെ സ്ഥിതി പരിഹരിക്കാൻ ഇന്ധനസെസ് ഏർപ്പെടുത്തുകയല്ലാതെ മറ്റുമാർഗങ്ങളൊന്നും മുന്നിലില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.

അതേസമയം, മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും മദ്യവില്പന വഴിയുള്ള വരുമാനത്തിൽ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അതല്ല കാരണമെന്ന് വാദമുയർന്നിട്ടുണ്ട്. നേരത്തേ പൂട്ടിയ 418 ബാറുകളിലേതല്ലാതെ മറ്റൊരു നിയന്ത്രണവും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതുവരെ 1871 കോടി രൂപയുടെ വരുമാന നഷ്ടം മാത്രമേ ഇക്കാര്യത്തിൽ വന്നിട്ടുള്ളൂ. എന്നാൽ ഇതിനു പകരമായി ബിവറേജസ് വിൽപനയിൽ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനിരോധനമല്ലെന്നും നികുതിപിരിവിലെ പോരായ്മകളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി ശേഷിക്കുന്ന ബാറുകൾ പൂട്ടിയാലും മദ്യവിൽപനയിലും അതിൽനിന്നുള്ള വരുമാനത്തിലും കുറവൊന്നും വരില്ലെന്നും വാദമുയരുന്നുണ്ട്. മദ്യനിരോധനം സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിന്റെ പേരിൽ ആരെങ്കിലും കുടിനിർത്തിയെന്ന് പറയാനാകില്ല. ബാറുകൾ മാത്രമേ ആദ്യഘട്ടത്തിൽ പൂട്ടുന്നുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടുന്നകാര്യത്തിൽ തീരുമാനമായിട്ടുമില്ല. ഈ സാഹചര്യത്തിൽ മദ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞുവെന്ന് വാദിച്ച് അധികനികുതി ജനങ്ങളിൽ അടിച്ചേല്പിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് ആരോപണം ശക്തമാണ്.

അതേസമയം മദ്യനിരോധനം വരുന്നതിലൂടെ സർക്കാരിന് 7,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയിലുൾപ്പെടെ ഇത് പ്രതിഫലിക്കുമെന്നും അതിനാൽ പുതിയ ധനാഗമ മാർഗങ്ങൾ തേടണമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. ഇതിന് പടിപടിയായി പരിഹാരം കാണാൻ കടുത്ത നടപടികൾ തന്നെ വേണ്ടിവരുമെന്നും അവർ സൂചിപ്പിക്കുന്നു. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇന്ധനസെസ് ഉടൻ ഏർപ്പെടുത്തണമെന്ന് ധനവകുപ്പ് ആവശ്യപ്പെടുന്നത്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2007-08 സാമ്പത്തിക വർഷത്തിലാണ് ഇതുപോലെ സെപ്റ്റംബർ മാസത്തിൽതന്നെ ഓവർഡ്രാഫ്റ്റ് സംസ്ഥാനത്തിന് വേണ്ടിവന്നത്. ഏഴുവർഷത്തിനുശേഷം ഇപ്പോൾ വീണ്ടും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്കു പോയി. കഴിഞ്ഞ സർക്കാർ 1514 കോടി രൂപ ഓവർ ഡ്രാഫ്‌റ്റെടുത്തെന്നും ഈ സർക്കാർ ഇതുവരെ 200 കോടിയിൽ താഴെ മാത്രമാണ് ഓവർഡ്രാഫ്‌റ്റെടുത്തതെന്നും ധനമന്ത്രി കെ എം മാണി ആശ്വാസം കണ്ടെത്തുന്നുണ്ടെങ്കിലും ട്രഷറിയുടെ സ്ഥിതി പരുങ്ങലിലാണെന്നു തന്നെയാണ് ധനവകുപ്പിലെ ഉന്നതർ നൽകുന്ന സൂചനകൾ.

ശമ്പളം പെൻഷൻ ചെലവ് 1600 കോടിയിൽ നിന്ന 2300 കോടിയായി വർധിച്ചിട്ടുണ്ട്. ഓരോ തവണയും ക്ഷാമബത്ത കൂടുമ്പോൾ പത്തുശതമാനംവരെ അധിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാകുന്നത്. വരുമാനത്തിൽ ഇക്കൊല്ലം 1811 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ എങ്കിലും അധികവരുമാനം കണ്ടെത്തിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി സങ്കീർണമാകും. ഈ സാഹചര്യത്തിൽ മദ്യനിരോധനം ഘട്ടംഘട്ടമായി ഏർപ്പെടുത്തിയാല്പോലും ട്രഷറി വരണ്ടുകീറുമെന്ന സ്ഥിതിയാണുള്ളതെന്നും ആ വരുമാനം കൂടി നിലച്ചാൽ പല മേഖലയിലും അധികനികുതിയും മറ്റും ഏർപ്പെടുത്തേണ്ടിവരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP