Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് തകർത്തത് വിലപേശാനുള്ള വെള്ളാപ്പള്ളിയുടെ കരുത്ത്; 100 കോടിയുടെ അഴിമതിയും സ്വിസ് ബാങ്കും പറഞ്ഞ് മോദിയേയും വെട്ടിലാക്കി; ഈഴവ വോട്ട് ബാങ്ക് ചോരാതിരിക്കാൻ സിപിഎമ്മിന്റെ തുറുപ്പ് ചീട്ട് വി എസ് തന്നെ

വി എസ് തകർത്തത് വിലപേശാനുള്ള വെള്ളാപ്പള്ളിയുടെ കരുത്ത്; 100 കോടിയുടെ അഴിമതിയും സ്വിസ് ബാങ്കും പറഞ്ഞ് മോദിയേയും വെട്ടിലാക്കി; ഈഴവ വോട്ട് ബാങ്ക് ചോരാതിരിക്കാൻ സിപിഎമ്മിന്റെ തുറുപ്പ് ചീട്ട് വി എസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈഴവ സമുദായത്തിന് എന്നും വി എസ് അച്യൂതാനന്ദനെന്ന കമ്മ്യൂണിസ്റ്റിനോട് താൽപ്പര്യക്കൂടുതലുണ്ട്. മുഖ്യമന്ത്രിയായി വിഎസിന് മാറ്റിയതിൽ സമുദായവും നല്ല പങ്കുവഹിച്ചിരുന്നുവെന്നതും യാഥാർത്ഥ്യമാണ്. മാരാരിക്കുളത്തെ തോൽവി മലമ്പുഴയിൽ ഉണ്ടാകാതിരിക്കാനുള്ള കരുതലുകൾ ഈ സമുദായം എടുക്കുകയും ചെയ്തിരുന്നു. അതൊക്കെ വെള്ളാപ്പള്ളി നടേശനോ എസ്എൻഡിപി യൂണിയനോ പറഞ്ഞിട്ടില്ലന്ന് നന്നായി അറിയാവുന്ന നേതാവാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ. ആലപ്പുഴയുടെ മണ്ണിൽ രാഷ്ട്രീയം പയറ്റി തെളിഞ്ഞ പുന്നപ്ര സമര നായകൻ. ഇതൊക്കെ മറാന്നായിരുന്നു ഇന്നലെ ചിലത് വെള്ളാപ്പള്ളി പറഞ്ഞത്. അതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാഷ്ട്രീയ ചർച്ചയ്ക്ക് പുറപ്പെടും മുമ്പ്. അതിനാണ് കരുതലോടെ എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ വി എസ് മറുപടി നൽകുന്നത്. അവിടെ പ്രതിരോധത്തിലാകുന്നത് വെള്ളാപ്പള്ളി നടേശനുമാണ്. വരും ദിനങ്ങളിലും എസ്എൻഡിപി നേതൃത്വത്തെ വി എസ് കടന്നാക്രമിക്കും.

അഴിമതിക്ക് എതിരെ നിലപാട് എടുക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സാൻ ജോസിലെ പ്രസംഗത്തിൽ പോലും തന്റെ പേരിൽ മകളോ മരുമകനോ അഴിമതി കാട്ടുന്നില്ലെന്ന് വിളിച്ചു പറഞ്ഞ് കൈയടി നേടുന്ന നേതാവ്. ഇതൊക്കെ അംഗീകരിക്കുന്ന തരത്തിൽ ചെറുതായൊന്നും മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് പിന്തുണ നൽകി അളന്നു മുറിച്ച് വി എസ് എന്ന നേതാവ് ചിലത് പറയുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോളജ് നിയമനത്തിനു കോഴ വാങ്ങുന്നു. എസ്എൻ ട്രസ്റ്റ് കോളജുകളിലെ നിയമനത്തിൽ നിന്ന് നാലു വർഷം കൊണ്ട് നടേശൻ നൂറു കോടി കോഴ വാങ്ങി. ഈഴവരിൽ ആർക്കെങ്കിലും കോഴ നൽകാതെ നിയമനം നൽകിയിട്ടുണ്ടോയെന്നും വി എസ് ചോദിച്ചു. ഇങ്ങനെ കിട്ടിയ പണം സ്വന്തം കീശ വീർപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഈഴവർക്കു വേണ്ടി ഒരു രൂപപോലും ഉപയോഗിച്ചിട്ടില്ലെന്നും വി എസ് ആരോപിച്ചു. സ്വിസ് ബാങ്കിലുള്ള കള്ളപ്പണം പിടിച്ചെടുക്കുമെന്ന് മോദി പറഞ്ഞപ്പോൾ വെള്ളാപ്പള്ളി സംഘപരിവാറുമായി കൂട്ടു പിടിച്ചുവെന്നും വി എസ് പറയുന്നു.

കണിച്ചുകുളങ്ങരയിൽ സിപിഎമ്മിന്റെ വർഗീയ വിരുദ്ധ സെമിനാറിൽ സംസാരിക്കവെയാണ് പരാമർശങ്ങൾ. വെള്ളാപ്പള്ളി നടേശന്റെ വസതിക്കു തൊട്ടു സമീപമായിരുന്നു സിപിഐ(എം) സെമിനാർ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ വെള്ളാപ്പള്ളി നടേശൻ ഇന്ന് ഡൽഹിയിലാണ്. ഗുരുദർശനങ്ങൾ കൃത്യമായി വായിക്കണമെന്ന് താൻ നടേശനെ ഓർമിപ്പിച്ചിരുന്നു. വെള്ളാപ്പള്ളി ഗുരുനിന്ദ കാട്ടി. കോളജുകൾക്ക് വെള്ളാപ്പള്ളിയുടെ പേരിട്ടത് ഏറ്റവും വലിയ ഗുരുനിന്ദയാണ്. ഏറ്റവുമൊടുവിൽ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് സ്വന്തം പേരിട്ടത്. ഈഴവർക്കു വേണ്ടിയാണ് എല്ലാം ചെയ്യുന്നത് എന്നാണ് നടേശൻ പറയുന്നത്. ഓരോ നിയമനങ്ങൾക്കും 25 മുതൽ 40 ലക്ഷം വരെയാണ് പണം വാങ്ങുന്നത്. ഇത് എസ്എൻഡിപിയുടെ അക്കൗണ്ടിൽ ചേർത്തോ എന്നു വ്യക്തമാക്കണം. അദ്ധ്യാപക നിയമനത്തിൽ ലഭിച്ച പണം വെള്ളാപ്പള്ളി വരുമാനത്തിൽ ചേർത്തിട്ടുണ്ടോ നികുതി നൽകുന്നുണ്ടോ എന്നും ശ്രീനാരായണീയരോടെങ്കിലും തുറന്ന് പറയണം. കോഴവാങ്ങാതെ വെള്ളാപ്പള്ളി ഒരു നിയമനവും നൽകിയിട്ടില്ല. എത്രനാൾ ഇങ്ങനെ പറ്റിക്കാനാകമെന്നും വി എസ് ചോദിച്ചു.

ഈ വാക്കുകളിൽ വെള്ളാപ്പള്ളിയെ പ്രതിരോധത്തിലും മോദിയേയും ബിജെപിയേയും വെട്ടിലുമാക്കുകയാണ് വി എസ് അച്യൂതാനന്ദൻ. സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപമെന്ന വാക്ക് ഇനിയും വി എസ് ഉയർത്തും. ഇതിലൂടെ കേരളത്തിൽ ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ വിലപോവില്ലെന്ന് വിഎസിന് അറിയാം. അതിലുപരി ഈഴവരിൽ നിന്നു പോലും കോഴ വാങ്ങുന്ന എസ്എൻഡിപി നേതാവായി വെള്ളാപ്പള്ളിയെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഈഴവ വോട്ടുകളുടെ നിയന്ത്രണം വെള്ളാപ്പള്ളിയിലേക്ക് എത്തരുതെന്ന സിപിഐ(എം) താൽപ്പര്യമാണ് വി എസ് നിർവ്വഹിക്കുന്നത്. പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ പറയുന്നതിന് അപ്പുറത്തേക്ക് ഈ വിഷയമെത്തിക്കാൻ വിഎസിന് കഴിയുമെന്നും സിപിഐ(എം) തിരിച്ചറിയുന്നു. അധികാരത്തിൽ തിരിച്ചെത്താൻ ജനകീയ ഇടപെടലുകൾക്കൊപ്പം വിഎസിന്റെ നേതൃത്വവും ആവശ്യമാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൺവെൻഷനിൽ പോലും വി എസ് തന്നെയാകും പ്രധാന താരം. ഇതിനൊപ്പം പിണറായിയും കോടിയേരിയുമെല്ലാം എത്തിക്കുകയും ചെയ്യും. അങ്ങനെ ഒത്തൊരുമയോടെ ഭരണത്തേയും എസ്എൻഡിപിയേയും കടന്നാക്രമിച്ചാകും സിപിഐ(എം) നീക്കം.

ബിജെപിയിൽ ഒരു പക്ഷത്തിന് വെള്ളാപ്പള്ളിയോടുള്ള താൽപ്പര്യക്കുറവും വ്യക്തമാണ്. ഈഴവർ മുഴവൻ തനിക്കൊപ്പം ആണെന്ന് വരുത്തി കേന്ദ്ര മന്ത്രിസ്ഥാനവും എംപി പദവുമെല്ലാം തട്ടിയെടുക്കാനുള്ള കള്ളക്കളിക്ക് എതിരെ കരുതലോടെയുള്ള കരുനീക്കം സംസ്ഥാന ബിജെപിയിലുണ്ട്. വെള്ളാപ്പള്ളിയാകട്ടേ വില പേശലിനാണ് ഡൽഹിയിൽ എത്തിയതും. അതു കൊണ്ട് വിഎസിന്റെ പ്രസ്താവന മോദിക്കും ആശ്വാസമാണ്. വിഎസിന്റെ പ്രഹരത്തിലൂടെ പ്രതിരോധത്തിലായ വെള്ളാപ്പള്ളി വലിയ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ വയ്ക്കില്ല. അഥാവാ അതുണ്ടായാലും നിസ്സാരമായി എടുക്കാൻ വിഎസിന്റെ പ്രസ്താവനയിലുടെ കഴിയും. മോദി അധികാരത്തിലെത്തിയതോടെ ബിജെപിക്ക് കേരളത്തിൽ മുൻതൂക്കം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ നല്ലൊരു പങ്കാളിയായാണ് വെള്ളാപ്പള്ളിയെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാണുന്നത്. എന്നാൽ തങ്ങളാണ് പ്രധാനമെന്ന തരത്തിലേക്ക് വെള്ളാപ്പള്ളി കാര്യങ്ങളെ എത്തിച്ചു. വിഎസിന്റെ കന്നാക്രമത്തിലൂടെ അധികം വഴങ്ങേണ്ട ബാധ്യത ബിജെപിക്കും ഇല്ലാതാകും. ഇതാണ് വെള്ളാപ്പള്ളിയെ വെട്ടിലാക്കുന്നതും.

തെക്കൻ തിരുവിതാംകൂറിൽ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തോട് ഈഴവർക്ക് ചെറിയ അലോസരമുണ്ട്. പ്രത്യേകിച്ച് പിണറായി വിജയനാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് വെള്ളാപ്പള്ളി ബിജെപി പക്ഷത്ത് എത്തി രാഷ്ട്രീയ കരുത്ത് കാട്ടാൻ തുനിഞ്ഞത്. വി എസ് എന്ന സമര സഖാവിനെ ഒറ്റപ്പെടുത്തുന്ന സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകൾ തന്നെയാണ് തെക്കൻ കേരളത്തിൽ ഈ സാഹചര്യമുണ്ടാക്കിയത്. എന്നാൽ സിപിഐ(എം) ജനറൽ സെക്രട്ടറി പദത്തിൽ സീതാറാം യെച്ചൂരി എത്തിയതോടെ കാര്യങ്ങൾ മാറുമെന്ന് വിലയിരുത്താൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല. പാർട്ടിയിലെ കരുത്തൻ പിണറായി വിജയൻ തന്നെയാകും. പക്ഷേ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക വി എസ് എന്ന നേതാവിനെയാകും. ഇതിന്റെ വ്യക്തമായ സൂചനകൾ സിപിഐ(എം) നൽകി കഴിഞ്ഞു. വെള്ളാപ്പള്ളിയുടെ ബിജെപി പാളയത്തിലേക്കുള്ള കണ്ണ് തിരിച്ചറിഞ്ഞ് തന്നെയാണ് ഈ മനംമാറ്റത്തിന് സിപിഐ(എം) സംസ്ഥാന നേതൃത്വും തയ്യാറെടുത്തതും. അതായത് വെള്ളാപ്പള്ളിയേയും എസ്എൻഡിപിയേയും കടന്നാക്രമിക്കുക വി എസ് അച്യൂതാനന്ദനാകും. ഇതിനെ പാർട്ടി പിന്തുണയ്ക്കും.

ആലപ്പുഴയിൽ പാർട്ടി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ നേതാവാണ് വി എസ് അച്യൂതാനന്ദൻ. ആലുപ്പുഴയിലെ പാർട്ടിയിലെ ഉന്നതർക്ക് വിഎസിനോട് നീരസവുമുണ്ട്. ജി സുധാകരന്റെ വാക്കുകളിൽ അത് പലപ്പോഴും നിറയുകയും ചെയ്തു. എന്നിട്ടും വെള്ളാപ്പള്ളിയുടെ തട്ടകമായ കണിച്ചുകുളങ്ങരയിൽ സിപിഐ(എം) വർഗ്ഗീയ വിരുദ്ധ കൂട്ടായ്മ ഒരുക്കിയപ്പോൾ വി എസ് തന്നെ നായകനായെത്തി. എസ് എൻ ഡി പിയുടെ രാഷ്ട്രീയ മോഹങ്ങളെ തകർത്തെറിയാനുള്ള കരുത്ത് വിഎസിന് ഉണ്ടെന്ന തിരിച്ചറിവിലേക്ക് സിപിഐ(എം) എത്തുന്നു. അതു തന്നെയാണ് കണിച്ചുകുളങ്ങരയിലെ പരിപാടിയിലേക്ക് വിഎസിനെ എത്തിച്ചതും. ഇതിന് പിന്നിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വ്യക്തമായ കുരനീക്കമാണ് തെളിയുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വിഎസിന് എത്തിച്ചതും ഈഴവ രാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാക്കി തന്നെയാണ് വിഎസിനെ മുൻനിർത്തി ഈഴവ വോട്ടുകൾ പിടിച്ചെടുത്തില്ലെങ്കിൽ കേരളത്തിൽ അടുത്ത വർഷം ഭരണത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന് വിലയിരുത്തലിലാണ് യെച്ചൂരി. ഈ കണക്ക് കൂട്ടലിന് എല്ലാ സഹായവുമുണ്ടാകുമെന്ന് വിഎസും അറിയിച്ചിട്ടുണ്ട്. അതാണ് കണിച്ചുകുളങ്ങരയിൽ വ്യക്തമാകുന്നതും.

ശ്രീനാരായണ ഗുരുദേവനെ മോശമായി കണ്ടിരുന്ന സിപിഐ(എം) നേതാക്കൾ ഇപ്പോൾ ഗുരുപ്രചാരകരായി ചമഞ്ഞു പ്രായശ്ചിത്തം ചെയ്യാൻ ഇറങ്ങിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചിരുന്നു. ജെഎസ്എസ് എംഎൽഎയായിരുന്ന ഉമേഷ് ചള്ളിയിൽ ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പരിഹസിച്ചയാളാണു പിണറായി വിജയൻ. ഉറുമ്പിനുപോലും പീഡയുണ്ടാകരുതെന്ന ഗുരുദർശനം സിപിഐ(എം) നേതാക്കൾ ഉൾക്കൊണ്ടിരുന്നെങ്കിൽ ടി.പി. ചന്ദ്രശേഖരന് 51 വെട്ടേറ്റു മരിക്കേണ്ടി വരുമായിരുന്നില്ല. സിപിഐ(എം) നേതാക്കൾ കോടീശ്വരന്മാരായി ജീവിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടതിനാലാണു ടിപിയെ വെട്ടിനുറുക്കി പക തീർത്തതെന്നു വെള്ളാപ്പള്ളി പറഞ്ഞു. വി എസ്. അച്യുതാനന്ദനെ സ്വന്തം നാടായ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ പീഡിപ്പിച്ച് ഇറക്കിവിട്ടതു ജനം മറക്കില്ല. വിഎസിനെ വെട്ടി പട്ടിക്കിട്ടു കൊടുക്കണമെന്നു പറഞ്ഞു പീഡിപ്പിച്ച യുവനേതാവാണു ഭാര്യയെ പീഡിപ്പിച്ച കേസിൽ പെട്ടത്. വിഎസിനെതിരെ പറയിച്ചത് ആരാണെന്നും ജനങ്ങൾക്കറിയാം. കഴിഞ്ഞ വർഷം ഗുരുജയന്തിക്കും ഗുരുസമാധിക്കും ഗുരുദേവന്റെ ഒരു ചിത്രംപോലും കൊടുക്കാതിരുന്ന ദേശാഭിമാനിയിൽ ഇത്തവണ ഗുരുദേവ ചിത്രങ്ങൾകൊണ്ടു നിറച്ചതെന്തിനെന്നു മനസ്സിലാക്കാൻ പ്രയാസമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ.

വിഎസിന്റെ വികാരത്തെ അധികം നോവിക്കാതെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചതും. എന്നിട്ടും സിപിഎമ്മിനായി വി എസ് രംഗത്ത് എത്തുന്നത് സിപിഎമ്മിലെ മാറുന്ന രാഷ്ട്രീയ ചിത്രമാണ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP