Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രിബ്യൂണൽ വിധി പത്ത് വർഷത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിൽ വിളപ്പിൽശാല നിവാസികൾ; ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് കട്ടായം; അന്തിമ വിജയത്തിനായി പോരാട്ടം തുടരും

ട്രിബ്യൂണൽ വിധി പത്ത് വർഷത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിൽ വിളപ്പിൽശാല നിവാസികൾ; ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് കട്ടായം; അന്തിമ വിജയത്തിനായി പോരാട്ടം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്‌കരണ കേന്ദ്രം പൂട്ടണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധി, ഒരു നിയമസംവിധാനം പുറപ്പെടുവിക്കുന്ന ഉത്തരവ് എന്നതിനപ്പുറം ഒരു ജനത ഊണും ഉറക്കവുമില്ലാതെ ഇച്ഛാശക്തിയുടെ പിൻബലത്തിൽ പിടിച്ചെടുത്ത മനുഷ്യാവകാശമിട്ടാണ് കാണേണ്ടത്. സംസ്ഥാന സർക്കാരിനെയും തിരുവനന്തപുരം കോർപറേഷനെയും പ്രതികളാക്കി വിളപ്പിൽ ശാല സമരസമിതി നൽകിയ പരാതിയിലാണ് ദേശീയ ഹരിതട്രിബ്യൂണിലിന്റ ചെന്നൈ ബഞ്ച് വിളപ്പിൽ ശാലയ്ക്കു വേണ്ടി അനുകൂല വിധിയെഴുതിയത്. വിളപ്പിൽശാല തിരുവനന്തപുരം നഗരത്തിന് മാലിന്യകൂമ്പാരം മാത്രമായപ്പോൾ, മാലിന്യത്തിന്റെ ദുർഗന്ധവും പകർച്ചവ്യാധികളും ഇല്ലാതെ, മൂക്കുകൾ തുറന്ന് പിടിച്ച് നിങ്ങളെ പോലെ ഈ നാട്ടിൽ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ടെന്ന് വിളപ്പിൽശാല നഗരവാസികളെ ഓർമിപ്പിക്കുക കൂടിയാണ് ഈ ഉത്തരവിലൂടെ.

വർഷങ്ങളായുള്ള വിളപ്പിൽ ശാലയുടെ പോരാട്ടം വിജയതീരമണിഞ്ഞപ്പോൾ ഉൽസവ പ്രതീതിയിലായിരുന്നു നാട്ടുകാർ. മധുരം വിളമ്പിയും നൃത്തം വച്ചും വിളപ്പിൽശാല സമരപന്തലിനു മുന്നിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, ജാതി-രാഷ്ട്രീയ വേലിക്കെട്ടുകൾ ഇല്ലാതെ ഏകലക്ഷ്യം വിജയിച്ചതിന്റെ സന്തോഷം കൂടിയാണ് ജനങ്ങൾ പങ്ക് വച്ചത്. പ്രകൃതിരമണീയമായ വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് വാർത്തകളിൽ ഇടം പിടിച്ചത് മാലിന്യ പ്രശ്‌നത്തിന്റെ പേരിൽ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. എന്നാൽ സർക്കാരും നഗരസഭയും വിളപ്പിൽശാലയെ മാലിന്യക്കുഴിയായി മാത്രം കാണാൻ തുടങ്ങിയതോടെയാണ് കോടതിയിലേക്ക് ജനങ്ങൾ എത്തുന്നത്.

വിളപ്പിൽശാലയുടെ പേരിൽ സമരസമിതി നേതാക്കളായ ശോഭനാകുമാരി, എം.ആർ.ബൈജു, വള്ളിമംഗലം ചന്ദ്രൻ, അസീസ് എന്നിവർ മരണം വരെ നിരാഹാരമെന്ന സമരമുറയിൽ ഉറച്ച് നിന്നതോടെയാണ് വിളപ്പിൽശാല ദേശീയശ്രദ്ധയിലേക്ക് ഉയർന്നത്. സ്ത്രീകളും കുട്ടികളും വയോധികജനങ്ങളും ഒരേ മനസോടെ സമരത്തിൽ പങ്കെടുത്തതോടെ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇവർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. ഇന്നലെ രാവിലെയാണ് വർഷങ്ങളായി ഇവർ പ്രതീക്ഷിക്കുന്ന വിധി എത്തുന്നത്. പിന്നീട് പായസം വയ്ക്കാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനുമുള്ള ധൃതിയിലായിരുന്നു വീട്ടമ്മമാർ. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചെറുപ്പക്കാർ പടക്കം പൊട്ടിച്ചും ലഡുവിതരണം നടത്തിയും കോടതി വിധി ആഘോഷിച്ചു.

വിളപ്പിൽശാലയുടെ ദുരിതജീവിതത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ട്. നഗരമാലിന്യങ്ങൾ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയനേതാക്കളുടേയും അനുമതിയോടെയാണ് വിളപ്പിൽ ശാലയിലേക്കെത്തിച്ചത്. വിളപ്പിൽശാലയിലെ കുടിവെള്ളവും ശുദ്ധവായുവും ദുർഗന്ധത്താലും മാലിന്യത്താലും മലിനമായപ്പോഴും ആരും ഇവരെ കണ്ടില്ലെന്ന് നടിച്ചിരുന്നു. ദുരിതങ്ങളുടേയും പ്രാരാബ്ദങ്ങളുടെ നടുവിലും സമരത്തെ നെഞ്ചോട് ചേർത്ത ഇവർക്ക് കോടതിവിധി ഒരു മധുരപ്രതികാരം കൂടിയാണ്.

വി ശിവൻകുട്ടി എംഎ‍ൽഎ തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പിൽശാല പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവർ സംസ്‌കരണം സ്വകാര്യ കമ്പനിയായ പോബ്‌സൺ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവർ പദ്ധതിയിൽ നിന്ന് പിന്മാറിയപ്പോൾ കേന്ദ്രസർക്കാർ സ്ഥാപനമായ സി.ഇ.ഡി(സെന്റർ ഫോർ എൺവയോൺമെന്റൽ ഡെവലപ്‌മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്‌കരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പൂന്തോട്ടം നിർമ്മിക്കാനാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വർഷങ്ങൾക്ക് മുമ്പ് വിളപ്പിൽശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്‌വര ഏറ്റെടുക്കുന്നത്.

അന്ന് ചില ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങൾ കൊണ്ടാണ് അധികാരികൾ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുർഹാൻ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളിൽ നഗരത്തിലെ മാലിന്യവുമായി ചവർ ലോറികൾ വരാൻ തുടങ്ങി. ആദ്യം കുറച്ച് വർഷങ്ങളിൽ പ്രശ്‌നങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാൽ പ്രദേശ വാസികൾ ബുദ്ധിമുട്ടാൻ തുടങ്ങിയതോടെയാണ് ചവർ ഫാക്ടറി തങ്ങളുടെ കാലന്മാരാണെന്ന യാഥാർഥ്യം ഇവർ തിരിച്ചറിയുന്നത്. ഒറ്റപ്പെട്ട പ്രതിഷേങ്ങൾ പലതും എങ്ങുമെത്താതെ പോയപ്പോൾ പകർച്ചവ്യാധികളും മറ്റ് മാരകരോഗങ്ങളും വിളപ്പിൽശാലയിലേക്ക് വിളിക്കാതെ വന്ന അതിഥികളായിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാലിന്യം മൂലം കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഉണ്ട്്. എല്ലാ ദുരിതങ്ങളും സഹിച്ച് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ആഗ്രഹത്തെ മുറുകെ പിടിച്ച കുടുംബങ്ങളാണധികവും. മാലിന്യപ്രശ്‌നങ്ങൾ മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതും പെൺകുട്ടികളുടെ വിവാഹം മുടങ്ങിയതുമാണ് പല കുടുംബങ്ങളെയും വിളപ്പിൽശാലയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. വിളപ്പിൽശാല നിവാസിയായിരുന്ന ഗംഗാധരൻ താമസം മാറിയത് ഓർക്കുമ്പോഴാണ് പലർക്കും അനുഭവിച്ച് യാതനകളുടെ പ്രയാസം തികട്ടിവരുന്നത്.

ഗംഗാധരന്റെ മൂന്നു പെൺമക്കൾക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരൻ ചൊവ്വള്ളൂരിൽ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെൽസണ് പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛർദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയിൽ കൂട്ടിയിട്ടിരിക്കുന്ന ചവറുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുർഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. എന്നാലും കോടതിയുടെ ഉത്തരവ് അനുസരിച്ച് സർക്കാർ മാലിന്യകേന്ദ്രം അടച്ച് പൂട്ടുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം.

വിളപ്പിൽശാലയെ പൂർവസ്ഥിതിയിലാക്കാൻ ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിക്കണമെന്നും മറ്റൊരുസ്ഥലത്തേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും ജനകീയസമിതി ആവശ്യപ്പെടുന്നു. അടുത്തിടെ ട്രിബ്യൂണൽവിധി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക ഇല്ലാതില്ല. മാലിന്യസംസ്‌കരണ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും എട്ടുമാസത്തിനുള്ളിൽ പൂർണമായും നീക്കണമെന്നും മൂന്നു മാസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നുമാണ് ട്രിബ്യൂണലിന്റെ ഉത്തരവ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP