Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ദ്രപ്രസ്ഥത്തുനിന്നു മോദി പ്രശംസിച്ചതു കാസർഗോഡുകാരി ശ്രദ്ധാ തമ്പാന്റെ വയോധിക സ്‌നേഹത്തെ; പ്രധാനമന്ത്രിയുടെ മൻ കീ ബാത് കേട്ട് പതിവായി പ്രതികരണക്കുറിപ്പ് തയാറാക്കിയതിന് അംഗീകാരം

ഇന്ദ്രപ്രസ്ഥത്തുനിന്നു മോദി പ്രശംസിച്ചതു കാസർഗോഡുകാരി ശ്രദ്ധാ തമ്പാന്റെ വയോധിക സ്‌നേഹത്തെ; പ്രധാനമന്ത്രിയുടെ മൻ കീ ബാത് കേട്ട് പതിവായി പ്രതികരണക്കുറിപ്പ് തയാറാക്കിയതിന് അംഗീകാരം

രഞ്ജിത് ബാബു

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് പാത്രമാകാൻ കാസർഗോഡ് കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ വിദ്യാർത്ഥിനി ശ്രദ്ധാ തമ്പാനു കഴിഞ്ഞത് ഭാഷാസ്‌നേഹവും റേഡിയോപ്രേമവും മൂലം.

പതിവായി റേഡിയോ ശ്രവിക്കുന്ന ശ്രദ്ധ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിന്റെ ആരാധികയാണ്. ഹിന്ദിയിലാണ് ശ്രദ്ധ മൻ കി ബാത്ത് പരിപാടി ശ്രവിക്കാറുള്ളത്. എല്ലാ മാസവും രാവിലെ ഹിന്ദിയിൽ മൻ കി ബാത്ത് പരിപാടി കേട്ടശേഷം അതിന്റെ പ്രതികരണവും ശ്രദ്ധ തയ്യാറാക്കിവയ്ക്കാറുണ്ട്.

ക്ലാസിലെ അദ്ധ്യാപകനായ സുകുമാരൻ പെരിയച്ചൂരിന്റെ ഉപദേശവും നിർദേശവും സ്വീകരിച്ചാണ് ശ്രദ്ധാ തമ്പാൻ കുറിപ്പുകൾക്ക് രൂപം നൽകുന്നത്. ഓരോ മാസത്തേയും പരിപാടി ശ്രവിച്ചശേഷം താൻ തയ്യാറാക്കിയ പ്രതികരണക്കുറിപ്പുകൾ അദ്ധ്യാപകനെ കാണിച്ച് ശരി തെറ്റുകൾ മനസ്സിലാക്കും.

കണ്ണൂർ ആകാശവാണി നിലയം പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ മലയാള പരിഭാഷ അന്നേ ദിവസം രാത്രി 8 മണിക്ക് പ്രക്ഷേപണം ചെയ്യാറുണ്ട്. പ്രധാനമന്ത്രിയുടെ പരിപാടി ശ്രോതാക്കളിലെത്തിക്കാനും റേഡിയോ ശ്രോതാക്കളെ സ്വാധീനിക്കാനുമുള്ള പ്രോത്സാഹനത്തിന്റെ ഭാഗമായി ഒരു സമ്മാനം നൽകാൻ കണ്ണൂർ നിലയം തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും മൻ കി ബാത്തിന്റെ പ്രതികരണങ്ങൾ ക്ഷണിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മൂന്നു പേജ് വീതം ലഭിച്ച പ്രതികരണം ആകാശവാണി അധികൃതരിലും അത്ഭുതമുളവാക്കി.

ഈ പ്രതികരണം തയ്യാറാക്കിയത് കാസർഗോഡ് ജില്ലയിലെ കൊട്ടോടി ഹയർ സെക്കന്ററി വിദ്യാർത്ഥിനിയായ ശ്രദ്ധാ തമ്പാനായിരുന്നു. മികച്ച പ്രതികരണക്കുറിപ്പ് ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. അങ്ങനെ മൻ കി ബാത്തിന് ആകാശവാണി ഏർപ്പെടുത്തിയ സമ്മാനം ശ്രദ്ധക്ക് ലഭിച്ചു. ശ്രദ്ധയുടെ ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ പ്രതികരണക്കുറിപ്പുകൾ പ്രധാനമന്ത്രിക്കയച്ചുകൊടുത്തു. അതോടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രശംസയുമായി ടെലിഫോൺവിളി വന്നു.

കൊട്ടോടി സ്‌കൂളിൽ ഹ്യുമാനിറ്റീസ് വിഭാഗം +1 വിദ്യാർത്ഥിനിയാണ് ശ്രദ്ധാ തമ്പാൻ. ശാസ്ത്ര വിഷയങ്ങളിലും കോമേഴ്‌സിലും പഠനം നടത്താൻ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരക്കം പായുമ്പോൾ ശ്രദ്ധാ തമ്പാൻ ഹ്യുമാനിറ്റീസിൽ പഠനം തേടുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്നു ഭാഷകളിലും പ്രസംഗം, പ്രബന്ധ രചന എന്നിവയിൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് ശ്രദ്ധ. മുംബെയിൽ കോളേജ് അദ്ധ്യാപകനായ തമ്പാന്റേയും കൊട്ടോടിയിലെ ജയശ്രീയുടേയും മകളാണ് ശ്രദ്ധ. അഞ്ചാം തരം വരെ മുംബെയിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ശ്രദ്ധ കേരളത്തിലെത്തിയാണ് പൊതു വിദ്യാലയത്തിൽ ചേർന്നത്. മൂല്യബോധത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ഉത്തമ മാതൃകയാണ് ശ്രദ്ധയെന്ന് ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ പറയുന്നു.

വയോധികരോട് തികഞ്ഞ അനാസ്ഥയാണ് സമൂഹം കാട്ടുന്നത്. പുതിയ തലമുറയുടെ പെരുമാറ്റ ദൂഷ്യമാണ് ശ്രദ്ധ എടുത്തു പറഞ്ഞ കാര്യം. വയോധികരെ സംരക്ഷിക്കാൻ പുതുതലമുറക്ക് പ്രചോദനമേകാൻ നടപടികൾ വേണമെന്നും ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയെ നേരിൽക്കണ്ട് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും പ്രതികരണക്കുറിപ്പിൽ ശ്രദ്ധ വ്യക്തമാക്കിയിട്ടുണ്ട്. ഖാദി വസ്ത്ര പ്രചാരണത്തെക്കുറിച്ചും, കർഷക പ്രശ്‌നങ്ങളെക്കുറിച്ചും, സെൽഫിയെക്കുറിച്ചുമൊക്കെ ശ്രദ്ധ വിശദമായി പ്രതികരണക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാലൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് പാത്രമാകാൻ ശ്രദ്ധക്ക് കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP