Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുതാൽപ്പര്യ ഹർജികൾ ജനോപാകാരപ്രദമാക്കി; ഫീസു പോലും വേണ്ടെന്ന് വച്ച് പാവങ്ങൾക്കായി നിലകൊണ്ടു; ബേസിൽ അട്ടിപ്പേറ്റി വാദിച്ച് നേടിയത് വിപ്ലവകരമായ വിധികൾ; ഓർമ്മയാകുന്നത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത അഭിഭാഷകൻ

പൊതുതാൽപ്പര്യ ഹർജികൾ ജനോപാകാരപ്രദമാക്കി; ഫീസു പോലും വേണ്ടെന്ന് വച്ച് പാവങ്ങൾക്കായി നിലകൊണ്ടു; ബേസിൽ അട്ടിപ്പേറ്റി വാദിച്ച് നേടിയത് വിപ്ലവകരമായ വിധികൾ; ഓർമ്മയാകുന്നത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിലർ പൊതുതാൽപര്യഹർജികൾ വ്യക്തിഹത്യ ചെയ്യാനും സ്വർത്ഥതാൽപര്യങ്ങൾക്കുമായി ഉപയോഗിക്കുമ്പോൾ പൊതുതാൽപര്യഹർജികൾ എങ്ങനെ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അഭിഭാഷകരിൽ പ്രമുഖനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ബേസിൽ അട്ടിപേറ്റി അന്തരിച്ചത്.

ജനങ്ങൾക്ക് അനുകൂലമായ വിധികൾ നിയമത്തിലൂടെ തന്നെ നേടിയെടുത്തപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട അഭിഭാഷകനായി മാറുകയായിരുന്നു ഇദ്ദേഹം. സ്വന്തം പണം മുടക്കി ഹർജികൾ സമർപ്പിക്കാനും അനുകൂലവിധി നേടിയെടുക്കുന്നതു വരെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ബേസിൽ അട്ടിപ്പേറ്റിക്ക്, അഭിഭാഷക വൃത്തി ഒരു തൊഴിൽ എന്നതിനപ്പുറം സേവനം കൂടിയായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അദ്ദേഹം ഈ തൊഴിലിനെ കണ്ടിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പല കോടതികളിൽ നിന്നും ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ നേടിയെടുത്ത അനുകൂലവിധികൾ.

വർഷങ്ങൾക്ക് മുമ്പ് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലേക്ക് ബേസിൽ അട്ടിപ്പേറ്റി എത്തുന്നത് അഭിഭാഷകവേഷത്തിലായിരുന്നില്ല. ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച നിയമങ്ങൾ പലതും പാലിക്കപ്പെടാതെയും കാലഘട്ടത്തിനുസൃതമായ മാറ്റങ്ങൾ വന്നിട്ടില്ലെന്നും തിരിച്ചറിഞ്ഞതോടെ സർക്കാരുദ്യോഗസ്ഥനായ ബേസിൽ അട്ടിപ്പേറ്റി അഭിഭാഷക വേഷം അണിഞ്ഞു. പിന്നീട് കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായ ജോലി ചെയ്‌തെങ്കിലും ജോലിയിൽ നിന്ന് വിരമിിച്ച് 2011ൽ അദ്ദേഹം അഭിഭാഷജോലിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

കോടതികളിൽ നിന്ന് അഡ്വ.ബേസിൽ അട്ടിപ്പേറ്റി നേടിയ അനുകൂല വിധികൾ തന്നെയാണ് മറ്റു അഭിഭാഷകരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയമാപിനിയെ ചൂടുപിടിപ്പിച്ച മുല്ലപ്പെരിയാർ, ബാർ നിരോധനം തുടങ്ങിയ കേസുകളിൽ അഡ്വ.ബേസിൽ അട്ടിപ്പേറ്റി കോടതികളിൽ നിറഞ്ഞു നിന്നു. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റുകാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി ബേസിൽ അട്ടിപ്പേറ്റിയുടെ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ്. തെരുവ് നായ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായത് ഇദ്ദേഹത്തിന്റെ ഹർജിയിലൂടെയാണ്.

പ്രാക്റ്റീസ് തുടങ്ങി നാലു വർഷത്തിനിടെ, തന്റെ മുന്നിൽക്കണ്ട എല്ലാത്തരം അനീതികളോടും നിയമത്തിന്റെ വഴിയിലും പൊതുതാൽപ്പര്യ വ്യവഹാരങ്ങളിലൂടെയും പ്രതികരിച്ച് ശ്രദ്ധേയനായ അഭിഭാഷകനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. ഗഹനമായ നിയമപ്രശ്‌നങ്ങളോ, വലിയ ഭരണഘടനാ ചോദ്യങ്ങളോ അല്ല, സാധാരണക്കാരൻ നേരിടുന്ന നിത്യജീവിത പ്രശ്‌നങ്ങളാണ് ഓരോ കേസിലൂടെയും അഡ്വ.ബേസിൽ ഉന്നയിച്ചത്. തെരുവുനായയെ കൊല്ലുകയല്ല, മനുഷ്യനു അപകടമുണ്ടാക്കുന്നിടത്തുനിന്നും പിടിച്ചു മാറ്റാൻ മാത്രമുള്ള ഉത്തരവാണ് വേണ്ടതെന്ന് പറഞ്ഞ് തികഞ്ഞ പ്രായോഗികതാവാദമാണ് അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷയിലോ വാദകലയിലോ ഒന്നും വലിയ നൈപുണ്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും, തനിക്കറിയാവുന്ന നിയമവും ഭാഷയും ഉപയോഗിച്ച് അദ്ദേഹം സാധാരണക്കാർക്കായി നിസ്വം വാദിച്ചു

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്റെ ഈ വിശദീകരണം തന്നെ ഈ അഭിഭാഷകനുള്ള അംഗീകാരമാണ്. ഏറ്റവും ഒടുവിൽ കണ്ടപ്പോൾ, കോട്ടിന്റെ പോക്കറ്റ് നിറയേ കറുവാപ്പട്ടയുടെ പാക്കറ്റ് നിറച്ചുകൊണ്ടാണ് കോടതിമുറിയിൽ വന്നത്. സുഗന്ധം കാരണം, 'എന്താ ബേസിൽ സാറേ, ഇന്ന് മസാലക്കൂട്ടുമായി കോടതിയിൽ എന്ത് കേസാ' എന്ന് ചോദിച്ചപ്പോൾ, കറുവാപ്പട്ടയുടെ പേരിൽ വിപണിയിലിറങ്ങുന്ന വ്യാജൻ എലിവിഷമായി ഉപയോഗിക്കപ്പെടുന്ന സാധനമാണെന്നു കവറുകൾ കാട്ടി വിശദീകരിച്ചു. കേസെടുത്തപ്പോൾ, വ്യാജനും ഒറിജിനൽ കറുവാപ്പട്ടയും ജഡ്ജിയുടെ കയ്യിൽക്കൊടുത്തിട്ട് ബേസിൽ സാർ പറഞ്ഞു 'അങ്ങയുടെ വീട്ടിലും വാങ്ങുന്നത് ഈ വ്യാജനായിരിക്കും. നമ്മളെല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. സ്‌പൈസസ് ബോർഡിനോട് ഉടൻ നടപടിയെടുക്കാൻ പറയണം'

കേസ്, പതിവുപോലെ അവധിക്ക് വച്ചു. ഇയാൾക്ക് വട്ടാണോ കാശ് കിട്ടാത്ത ഈ ജാതി കേസുകളുമായി നടക്കാൻ എന്ന സഹവക്കീലന്മാരിൽ ചിലരുടെ പിറുപിറുപ്പുകൾ ചിരിച്ച് അവഗണിച്ച് അദ്ദേഹം എന്നോടൊപ്പം കോടതിക്ക് പുറത്തിറങ്ങി. 'ഇവരുടെ മക്കൾക്കും കൂടി രോഗം വരാതെ നോക്കാൻ ഇതൊക്കെ നിരോധിക്കണം. ഇല്ലെങ്കിൽ ഈ സമ്പാദിക്കുന്ന കാശൊക്കെ ആശുപത്രിക്കാരു കൊണ്ടുപോകും'. ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. 'ഹരീഷ് പറ്റുമെങ്കിൽ ഈ കേസിൽ കക്ഷി ചേരൂ' എന്നൊരു നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചുവെന്നും ഹരീഷ് പറയുന്നു.

കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളിൽ ഹോട്ടലുകാർ തന്നിഷ്ടപ്രകാരമുള്ള വില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ബേസിൽ അട്ടിപ്പേറ്റിയായിരുന്നു. ഹോട്ടലുകളിലെ വില ഏകീകരിക്കണമെന്നും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹോട്ടലുടമകൾ എണ്ണം പറഞ്ഞ അഭിഭാഷകരെ വാദിക്കാൻ എത്തിച്ചെങ്കിലും കോടതിവിധി ജനങ്ങൾക്ക് അനുകൂലമായിരുന്നു. ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന സുപ്രധാന വിധി ബേസിൽ അട്ടിപ്പേറ്റിയുടെ നിയമപോരാട്ടത്തിന്റെ ഉത്തമഉദാഹരണമാണ്.

വൈപ്പിൻ ബോട്ട് ദുരന്തത്തിനെ തുടർന്ന് ബോട്ടുകളിൽ ജുഡീഷ്യൽ കമ്മീഷനുകളിൽ നിർദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വരാനിരിക്കെയാണ് കേസുകളും ഹർജികളും ഇല്ലാത്ത ലോകത്തേക്ക് ബേസിൽ അട്ടിപ്പേറ്റി യാത്രയായത്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അത്ര സുരക്ഷിതമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു.

വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പൊലീസുകാർ സമൻസ് നൽകുന്ന നടപടി നിർത്തിവച്ചത് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസകരമായി. കുറ്റാരോപിതർക്ക് എതിരെയുള്ള കേസ് ചാർജ് ചെയ്ത് കോടതിയിൽ നൽകിയാൽ മതിയെന്നും കക്ഷികളെ കോടതി നേരിട്ട് സമൻസിലൂടെ വിളിക്കുമെന്നുള്ള വിധി സംസ്ഥാനത്തിന്റെ നിയമചരിത്രത്തിൽ തന്നെ പുതിയ ഒരു ഏടായിരുന്നു. കിടപ്പാടമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആയിരക്കണണിക്ക് ജനങ്ങൾക്ക് സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണമെന്ന ഹർജിയിൽ സർക്കാരിനോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ധനവില വർധിക്കുന്നതിനുസരിച്ച് ബസ്് ചാർജ് വർധിപ്പിക്കുകയും ഇന്ധനവില കുറഞ്ഞാൽ ചാർജ് കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ബസുടമകളുടെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കൂടാതെ ഫെയർ സ്റ്റേജ് അപാകതയ്‌ക്കെതിരെയും അഡ്വ. ബേസിൽ അട്ടിപ്പേറ്റി രംഗത്തെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറി, അഭിഭാഷകരുടെ പരമ്പരാഗത വേഷം നിലനിർത്തുക, കൊച്ചിയിൽ അഡ്‌മിനിട്രേറ്റിവ് ട്രിബ്യൂണൽ ബഞ്ച് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അദ്ദേഹം കോടതിക്ക് മുന്നിലെത്തി. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം നിലിനിർത്തണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. സമൂഹത്തിന് നന്മ ചെയ്യാനും നീതി ലഭ്യമാക്കുന്നതുൾപ്പെടെ, കോടതിയുടെ ശ്രദ്ധയിൽ പെടാത്ത അടിയന്തരപ്രാധാന്യമുള്ള നൂറുകണക്കിന് വിഷയങ്ങളിലാണ് ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ അനുകൂലവിധികൾ സമ്പാദിച്ചത്.

കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യവേ സ്വമേധയാ വിരമിച്ചാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. കാലടി സർവകലാശാലയിലെത്തുംമുമ്പ് എം.ജി. സർവകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്. ഹാർട്ട് അറ്റാക്കാണ് മരണ കാരണം. മരണാനന്തരം കണ്ണുകൾ ദാനം ചെയ്തു. നായരമ്പലം അട്ടിപ്പേറ്റി കുടുംബാംഗമാണ്. പരേതരായ ജോർജിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: റോസി അറയ്ക്കൽ. മകൾ: ഗ്ലിറ്റി (നഴ്‌സിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP