Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാസഖ്യത്തിന് ആയുസ് എത്ര നാൾ? ഒരുമിച്ചുനിന്നു നേടിയ ശേഷം തമ്മിൽത്തല്ലിച്ചാകുക മൂന്നാം മുന്നണിയുടെ പാരമ്പര്യം; മുലായം ഇല്ലാത്തതും കോൺഗ്രസ് ഉള്ളതും മാത്രം പ്രതീക്ഷ

മഹാസഖ്യത്തിന് ആയുസ് എത്ര നാൾ? ഒരുമിച്ചുനിന്നു നേടിയ ശേഷം തമ്മിൽത്തല്ലിച്ചാകുക മൂന്നാം മുന്നണിയുടെ പാരമ്പര്യം; മുലായം ഇല്ലാത്തതും കോൺഗ്രസ് ഉള്ളതും മാത്രം പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരാണ് നിതീഷ് കുമാർ യാദവും ലാലു പ്രസാദ് യാദവ്. പിളരും തോറും വളരുമെന്ന രാഷ്ട്രീയ വിലയിരുത്തലിനെ ശരിവച്ച് രണ്ട് വഴിക്ക് പിരിഞ്ഞവർ. എങ്കിലും ബീഹാറിൽ സോഷ്യലിസ്റ്റ് ഭരണം ഉറപ്പാക്കാൻ ഇവർക്ക് കഴിഞ്ഞു. ലാലു ഭരണത്തിന് വിരാമമായപ്പോൾ നിതീഷ് മുഖ്യമന്ത്രിയായി. കാലിതീറ്റ കുംഭകോണമാണ് ലാലുവിനേയും നിതീഷിനേയും വഴിപിരിച്ചത്. പിന്നീട് ബിജെപിയുടെ സഹായത്തോടെ നിതീഷ് മുഖ്യമന്ത്രിയായി. കടുത്ത ശത്രുക്കളായി അറിയപ്പെട്ടിരുന്ന ഇരുവരും ഒരുമിക്കുമെന്ന് ആരും കരുതിയില്ല. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവത്തിൽ തോറ്റ് തുന്നംപാടിയതോടെ പഴയ സഹപ്രവർത്തകനിലേക്ക് നിതീഷ് മടങ്ങി.

അഴിമതിക്കപ്പുറമുള്ള വെല്ലുവിളിയായി വർഗ്ഗീയതയെ കണ്ടായിരുന്നു നീക്കം. നിതീഷ് കുമാറിന്റെ തന്ത്രപരമായ നീക്കമായിരുന്ന ഇതിന് കാരണം. ദശാബ്ദത്തിനു ശേഷം ബിഹാർ രാഷ്ട്രീയത്തിലെ അതികായന്മാരും മുൻ സഹപ്രവർത്തകരുമായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും അങ്ങനെ യോജിപ്പിച്ചു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ട് ജെഡിയു സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആർജെഡി തീരുമാനിച്ചതോടെയായിരുന്നു ഇത്. ലാലുവിനെ നിതീഷ് ഫോണിൽ വിളിച്ച് നേരിട്ടായിരുന്നു പിന്തുണ ആവശ്യപ്പെട്ടത്. വർഗീയ ശക്തികളെ പരാജയപ്പെടുത്താനാണു തീരുമാനം കൈക്കൊണ്ടതെന്നും രണ്ടു പേരും പ്രതികരിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. ഇതാണ് ബിജെപിയെ തകർത്ത് ബീഹാർ പിടിക്കാൻ മഹാ സഖ്യത്തെ തയ്യാറാക്കിയതും.

ഇനി എത്ര നാൾ ഈ സഖ്യമെന്നതാണ് ഉയരുന്ന ചോദ്യം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് കുതിച്ചാൽ അത് മോദിക്ക് എതിരായ ബദലാകും. ബീഹാറിൽ ഏറെ ശക്തിയുള്ള പാർട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. എന്നാൽ ആഴത്തിൽ വേരോട്ടമുള്ള നിതീഷും ലാലും ഒന്നിച്ചതോടെ കഥ കഴിഞ്ഞു. പക്ഷേ കരുതലോടെ അവർ ഉണ്ടാകും. മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കി ബിഹാർ പിടിക്കുകയാകും സംഘപരിവാർ അജണ്ട. ബിജെപിക്കെതിരെ ഒന്നിച്ച നിതീഷും ലാലുവും രണ്ട് വഴിക്ക് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിൽ ചർച്ച പുരോഗമിക്കുന്നത്. എത്രനാൾ മഹാസഖ്യമെന്ന ചോദ്യമാണ് ഇപ്പോഴെ ഉന്നയിക്കപ്പെടുന്നത്. എന്നാൽ ദേശീയ തലത്തിൽ നേതാവായി ഉയരണമെന്ന ആഗ്രഹമുള്ളതിനാൽ ലാലുവിനെ പിണക്കാൻ നിതീഷ് തയ്യാറാകില്ലെന്നതാണ് മറ്റൊരു വസ്തുത.

ബിഹാർ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കുന്നത് ലാലു പ്രസാദ് യാദവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടി നിതീഷിന്റെ ജെഡിയുവിനേക്കാൽ മുന്നിൽ ലാലു എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നൂറ് വീതം സീറ്റുകളിൽ മത്സരിക്കാൻ നിതീഷും ലാലുവും സമ്മതിച്ചത്. ഈ നൂറ് സീറ്റിൽ 75ലും ലാലു ജയിച്ചു. അപ്രതീക്ഷിതമാണ് ഈ മുന്നേറ്റം. യാദവ വോട്ടുകളെല്ലാം പെട്ടിയിലാക്കി. ഈ നേട്ടമാണ് മഹാസഖ്യത്തിന് ഉയർന്ന ഭൂരിപക്ഷം നൽകിയത്. നിതീഷിന് അതിലും കുറവ് സീറ്റുകൾ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ നിതീഷ് മുഖ്യമന്ത്രിയാകുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലാലു അവകാശ വാദമുന്നയിക്കും. സുപ്രധാന വകുപ്പുകളും ചോദിക്കും. ഇതെല്ലാം നിതീഷ് അംഗീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. ഏതായാലും ബിഹാറിൽ കരുത്ത് കാട്ടിയ ലാലു വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷത്തിന് ശേഷം കൈമാറണമെന്ന് പോലും ആവശ്യപ്പെടും. ഇതെല്ലാം മഹാസഖ്യത്തിന്റെ ഭാവിയെ സ്വാധീനിക്കും.

ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ജനതാപരിവാറിന് പലപ്പോഴും അവസരം കിട്ടിയിരുന്നു. കോൺഗ്രസിന് ബദലായി ഉയർന്ന വിപിസിങ് മന്ത്രി സഭയ്ക്ക് സംഭവിച്ചതും അതുതന്നെ. ചന്ദ്രശേഖറും പ്രധാനമന്ത്രിയായി. പക്ഷേ അധികാര മോഹത്തിൽ തട്ടിക്കൂട്ടിയ സഖ്യത്തിന് അധികനാൾ ആയുസുണ്ടായില്ല. ജനതാപരിവാറിലെ ഭിന്നത തന്നെയാണ് പ്രധാനമന്ത്രി പദത്തിൽ ദേവഗൗഡയ്ക്കും ഐകെ ഗുജറാളിനുമെല്ലാം ഭീഷണിയായത്. തുല്യ ശ്ക്തികളായ ലാലുവും നിതീഷും തമ്മിലുള്ള പുതിയ സഖ്യത്തിലും ഇത്തരം പ്രശ്‌നങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അത് സമർത്ഥമായി വിനിയോഗിക്കാൻ ബിജെപിയുമെത്തും. മുലായം സിങ് മഹാസഖ്യത്തിൽ ഇല്ലാത്തതു മാത്രമാണ് ഏക ആശ്വാസം. വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുന്ന കോൺഗ്രസും ലാലുവിനേയും നിതീഷിനേയും ഒരുമിപ്പിച്ച് നിർത്താൻ കോൺഗ്രസ് ആവുന്നതെല്ലാം ചെയ്യും. മോദി വിരുദ്ധ മുന്നണിയുടെ ആവശ്യകതയാണ് ഇതിന് കാരണവും.

ബീഹാറിലെ നിതീഷ് കുമാർ ലാലുപ്രസാദ് സഖ്യം വഴിപിരിയുകയാണെന്ന് സംശയം പ്രചരണ സമയത്ത് തന്നെ ഉയർന്നിരുന്നു. നിതീഷിന്റെ ട്വിറ്റർ സന്ദേശമാണ് ഈ സംശയത്തിലേക്ക് കാരണമായത്. ആർജെഡിയുമായി സഖ്യത്തിലേർപ്പെട്ട നിതീഷിന് എങ്ങനെ ബീഹാറിന്റെ വികസനം സാധ്യമാക്കാൻ കഴിയുമെന്ന് ഒരാൾ നിതീഷിനോട് ട്വിറ്ററിലൂടെ ചോദിച്ചു. നല്ല മനുഷ്യർ ചന്ദനം പോലെയാണെന്നും ചന്ദനമരത്തിൽ പാമ്പ് ചുറ്റിപ്പിണഞ്ഞുകിടന്നാലും ചന്ദനത്തിന്റെ സുഗന്ധം നശിക്കുന്നില്ലെന്നുമായിരുന്നു നിതീഷിന്റെ മറുപടി. ലാലുവിനെ വിനാശകാരിയായ പാമ്പായിട്ടാണ് നിതീഷ് പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ലാലുവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും വാർത്തകൾ എത്തി. ബീഹാർ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് ഉണ്ടാക്കിയ അസ്വാഭാവിക സഖ്യത്തിന്റെ ഗതി ഇതാകുമെന്നാണ് ട്വീറ്റിനോട് അന്ന് ബിജെപി പ്രതികരിച്ചത്. ഇതോടെ വിവാദങ്ങൾ ഒഴിവാക്കാൻ നിതീഷ് പുതിയ വിശദീകരണവുമായെത്തി. അങ്ങനെ ആ പ്രശ്‌നം തീർന്നു.

ബീഹാറിൽ തിരിച്ചുവരവിന് ഒരുമിച്ച് നിൽക്കണമെന്ന് നിതീഷനും ലാലുവിനും അറിയാമായിരുന്നു. അതുകൊണ്ട് കൂടിയാണ് അന്ന് പ്രശ്‌നങ്ങളെല്ലാം ഇല്ലാതായത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ബിഹാറിൽ രണ്ട് പേരും അതിശക്തരായി മാറിയിരിക്കുന്നു. കൂടതൽ ശക്തിയും അധികാരവും നേടാനുള്ള മത്സരമാകും നടക്കുക. ഇതിനെ അനുകൂലമാക്കാൻ ബിജെപിയും ഉണ്ട്. അതുകൊണ്ട് കൂടിയാണ് മഹാസഖ്യത്തിന്റെ ഭാവിയിൽ ചർച്ചകളും സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP