Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പലതവണ രാജി വയ്ക്കാൻ തയ്യാറായ മാണിയെ പിന്തിരിപ്പിച്ചത് ജോസഫ്; ഒരുമിച്ചിറങ്ങാൻ കാത്തത് വെറുതെയായി; മാണിക്കൊപ്പം രാജി വയ്ക്കാൻ ആഗ്രഹിച്ച ജോസഫിനെ പിന്തിരിപ്പിച്ചത് ആന്റണി രാജുവും ഫ്രാൻസിസ് ജോർജ്ജും; മാണി പറയുന്നത് എന്തും ചെയ്യാൻ തയ്യാറായി അഞ്ച് എംഎൽഎമാർ

പലതവണ രാജി വയ്ക്കാൻ തയ്യാറായ മാണിയെ പിന്തിരിപ്പിച്ചത് ജോസഫ്; ഒരുമിച്ചിറങ്ങാൻ കാത്തത് വെറുതെയായി; മാണിക്കൊപ്പം രാജി വയ്ക്കാൻ ആഗ്രഹിച്ച ജോസഫിനെ പിന്തിരിപ്പിച്ചത് ആന്റണി രാജുവും ഫ്രാൻസിസ് ജോർജ്ജും; മാണി പറയുന്നത് എന്തും ചെയ്യാൻ തയ്യാറായി അഞ്ച് എംഎൽഎമാർ

തിരുവനന്തപുരം: ബാർ കോഴയിൽ ആരോപണം ഉയർന്നതു മുതൽ രാജിക്ക് കെഎം മാണി മനസ്സുകൊണ്ട് തയ്യാറായിരുന്നു. പിസി ജോർജിനോടും പിജെ ജോസഫിനോടും ഇത് ചർച്ച ചെയ്തു. ഗൂഢാലോചന തിയറിയിൽ ജോർജിന്റെ പങ്ക് മനസ്സിലായതോടെ ചർച്ച ജോസഫുമായി മാത്രമായി. അന്നൊക്കെ മാണി രാജിവയ്ക്കുന്നതിനെ ജോസഫ് അനുകൂലിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നായിരുന്നു നിലപാട്. ഈ ചർച്ചകളിലെല്ലാം മാണിക്ക് ഒരു കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. രാജി വച്ചാൽ എല്ലാവരും തനിക്കൊപ്പം സ്ഥാനങ്ങൾ ഒഴിയണം. എല്ലാം ജോസഫും സമ്മതിച്ചിരുന്നു. ഈ മാനസിക കരുത്തുമായാണ് മാണി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയത്.

ബാർ കോഴയിലെ ആരോപണങ്ങൾ ഉയർന്നപ്പോൾ മാണിയെ പിന്തുണച്ച് മാദ്ധ്യമങ്ങളിൽ നിറഞ്ഞത് പിസി ജോർജായിരുന്നു. ഒടുവിൽ ഒറ്റുകാരനെ മാണി കൈയോടെ പിടിച്ചതോടെ ജോർജ് ശത്രുവായി. പിന്നീട് ജോസഫിന്റെ സ്വന്തക്കാരായിരുന്നു ചാനൽ ചർച്ചയിൽ നിറഞ്ഞത്. ബിജു രമേശിന്റെ വാശികൂട്ടി മാണിയെ പ്രശ്‌നങ്ങളിലേക്ക് തള്ളിയിട്ടത് ഈ ചാനൽ ചർച്ചകളായിരുന്നു. ഇന്നലെ ഹൈക്കോടതി വിധി വരും വരെ എല്ലാവരും മാണിയെ പിന്തുണച്ചു. എന്നാൽ കളി കൈവിട്ടപ്പോൾ അഞ്ചു വർഷം മുമ്പ് കേരളാ കോൺഗ്രസ് ഒരുമയ്ക്കായി ഇടതു പക്ഷത്ത് നിന്നും കൈപിടിച്ചു കൊണ്ടുവന്ന പിജെ ജോസഫും കൂട്ടരും ഒറ്റി. മന്ത്രി സ്ഥാനത്ത് നിന്ന് ജോസഫ് രാജി വച്ചില്ല. ജോസഫിന് രാജി വയ്ക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ ജോസഫിന്റെ വിശ്വസ്തരായ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും പടിയിറക്കത്തിന് അനുവദിച്ചില്ല. ഇതോടെ തോമസ് ഉണ്ണിയാടനേയും കൂട്ടി മാണി പടിയിറങ്ങി.

ബാർകോഴ കേസിൽപെട്ട് കോടതി പരാമർശത്തിന്റെ പേരിൽ കെ എം മാണി രാജിവെക്കുമ്പോൾ മാണിയെ പിന്തുണയ്ക്കുന്ന അഞ്ച് എംഎൽഎമാർ പി ജെ ജോസഫും രാജിവെക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫിനൊപ്പമുള്ള രണ്ട് എംഎൽഎമാർ. മാണിക്ക് വേണമെങ്കിൽ തനിയെ രാജിവെക്കാം. അതിന്റെ പേരിൽ എന്തിനാണ് ജോസഫ് രാജിവെക്കുന്നതെന്ന ചോദ്യമാണ് മോൻസ് കെ ജോസഫ് എംഎൽഎയും ടി യു കുരുവിളയും തീരുമാനിച്ചിരിക്കുന്നത്. ഇവർ യാതൊരു കാരണവശാലും ജോസഫ് രാജിവെക്കരുതെന്ന ആവശ്യം സ്വീകരിച്ചത്. ഫ്രാൻസിസ് ജോർജും ആന്റണി രാജുവും പറഞ്ഞ് പഠിപ്പിച്ചതാണ് ഇരുവരും അവതരിപ്പിച്ചത്.

കെ എം മാണിക്കുണ്ടായ ദുരനുഭവത്തിൽ പി ജെ ജോസഫിന് ദുഃഖമുണ്ടെങ്കിലും രാജിവെക്കാൻ അദ്ദേഹം തയ്യാറല്ല. അദ്ദേഹത്തിന് രാജിവെക്കാൻ പാതി മനസുണ്ടെങ്കിൽ കൂടി അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എംഎൽഎമാരും ഫ്രാൻസിസ് ജോർജ്ജും ആന്റണി രാജുവും അദ്ദേഹത്തെ രാജി എടിർത്തു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ രാജിസന്നദ്ധത അറിയിച്ചത് തന്നെ പി ജെ ജോസഫിനെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ്. പി.ജെ. ജോസഫും ഒപ്പം രാജിവയ്ക്കണമെന്ന് മാണി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ നിലപാടെടുത്തു. എന്നാൽ പറ്റില്ലെന്ന് ജോസഫ് അറിയിച്ചു. ഇതേത്തുടർന്ന് യോഗത്തിൽ തർക്കമുണ്ടായി. ജോസഫ് കൂടി രാജിവച്ചാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും എഎൽഎമാരും പറഞ്ഞു. ഇതിന് ജോസഫ് വഴങ്ങി. അങ്ങനെയാണ് കേരളാ കോൺഗ്രസിലെ ഭിന്ന സ്വരം പുറത്ത് എത്തുന്നത്.

അപ്പോഴും അഞ്ച് പേർ മാണിയുൾപ്പെടെ എന്തിനും തയ്യാറാണ്. തോമസ് ഉണ്ണിയാടൻ, എൻ ജയരാജ്, സി എഫ് തോമസ്, റോഷി അഗസ്റ്റിൻ എന്നിവരാണ് മാണിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ മാണി രാജിവെക്കുകയും ജോസഫ് രാജിവെക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്നതാണ് ശ്രദ്ധേയം. അധികാരമില്ലാത്ത മാണിക്കൊപ്പവും പഴയ വിശ്വസ്തർ നിലകൊള്ളുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും മറിച്ചിടാൻ ഈ അഞ്ചു പേരുടെ പിന്തുണ മതി. ഉമ്മൻ ചാണ്ടി സർക്കാരിന് നിയമസഭയിൽ 73 പേരുടെ പിന്തുണയേ നിലവിലുള്ളൂ. ആറു മാസത്തെ ഭരണത്തിന് മാണി അതുകൊണ്ട് തന്നെ അനിവാര്യതയാണ്. മാണിയുടെ എന്ത് നിർദ്ദേശവും അനുസരിക്കുമെന്ന് ഉണ്ണിയാടനും ജയരാജും തോമസും റോഷി അഗസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ കരുക്കൾ നീക്കി രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പിന് പാലായിലെ മാണിക്യം ശ്രമിക്കുമെന്ന് ഉറപ്പ്.

ഇവർക്ക് വേണ്ടി മാത്രമാണ് മാണി യുഡിഎഫിൽ തുടരുന്നതും. പാലായിൽ ഏത് സാഹചര്യത്തിലും താൻ ജയിക്കുമെന്ന് മാണിക്ക് അറിയാം. അത് തദ്ദേശത്തിൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ തന്നെ പിന്തുണയ്ക്കുന്നവർക്ക് വീണ്ടും സഭയിലെത്താൻ കരുത്തുള്ള മുന്നണിയുടെ സാന്നിധ്യം കൂടിയേ തീരൂ. ബാർ കോഴയിലെ ആരോപണ കറ കഴുകികളഞ്ഞ ശേഷം ഇതിനുള്ള പുതിയ കരുക്കൾ മാണി നീക്കം. അതിൽ ജോസഫും വീഴുമെന്നാണ് കേരളാ കോൺഗ്രസിലെ മാണി പക്ഷം പറയുന്നത്. കേരള രാഷ്ട്രീയത്തിലെ എഴുതി തള്ളാനാകാത്ത വ്യക്തിത്വമായി മാണി തുടരുമെന്നും പറയുന്നു. മാണിയുടെ കരുത്തില്ലാതെ ആർക്കും കോട്ടയത്തും ഇടുക്കിയിലും ജയിച്ചു കയറാനാകില്ലെന്നും ഇവർ പറയുന്നു. ഈ ജനപിന്തുണ തന്നെയാണ് രാജിയിലും മാണിയെ പിടിച്ചു നിർത്തുന്ന പിൻബലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP