Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സുധാകരനെന്ന ഒറ്റയാൻ ഇനി താഴാനില്ല; കോർപറേഷൻ കുരുക്കഴിക്കാൻ പൂച്ചകൾക്കു മുമ്പിൽ മുട്ടുമടക്കുന്നു; രാഗേഷിന്റെ അച്ഛന്റെ ചരമവാർഷികത്തിനു ക്ഷണിക്കാതെ പോയും കെഞ്ചിയും മെരുക്കിയും നിലനിൽപ്പിന്റെ പോരാട്ടത്തിൽ

കെ സുധാകരനെന്ന ഒറ്റയാൻ ഇനി താഴാനില്ല; കോർപറേഷൻ കുരുക്കഴിക്കാൻ പൂച്ചകൾക്കു മുമ്പിൽ മുട്ടുമടക്കുന്നു; രാഗേഷിന്റെ അച്ഛന്റെ ചരമവാർഷികത്തിനു ക്ഷണിക്കാതെ പോയും കെഞ്ചിയും മെരുക്കിയും നിലനിൽപ്പിന്റെ പോരാട്ടത്തിൽ

രഞ്ജിത് ബാബു

കണ്ണൂർ: വിവാദങ്ങൾ കെ സുധാകരന് പുത്തരിയല്ല. തന്റെ പേരിൽ ഓരോ വിവാദവും ഉയരുമ്പോൾ സുധാകരൻ ശക്തനാവുകയായിരുന്നു. എന്നാൽ പി.കെ. രാഗേഷ് എന്ന മുൻ കാല സഹപ്രവർത്തകന്റെ മുന്നിൽ സുധാകരൻ അടിയറവു പറയുമെന്ന് കണ്ണൂരിലെന്നല്ല കേരളത്തിലാരും നിനച്ചിരിക്കില്ല.

കെ.സുധാകരന്റെ അപ്രമാദിത്വം തകരുകയാണ്. സിപിഐ.(എം)യുടെ അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ച സുധാകരൻ സിപിഐ.(എം) പഠിച്ച പണി പതിനെട്ടെടുത്തിട്ടും കീഴടങ്ങിയിരുന്നില്ല. കോൺഗ്രസ്സിനു വേണ്ടി ഗുണ്ടാ പണി നടത്തുന്ന നേതാവു നാണുവിനെ കൊല്ലാൻ ബോംബെറിഞ്ഞയാൾ, ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച ഗുണ്ടാതലവൻ തുടങ്ങിയ ആരോപണങ്ങളൊക്കെ നേരിട്ട സുധാകരനിൽ നിന്ന് കീഴടങ്ങലിന്റെ സ്വരമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അതും പി.കെ. രാഗേഷെന്ന അത്രയൊന്നും കീർത്തിയില്ലാത്ത പ്രാദേശിക നേതാവിന്റെ മുന്നിൽ.

കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് സുധാകരന് വിനയായത്. പള്ളിക്കുന്ന് പഞ്ചായത്തിലെ പ്രസിഡണ്ടായിരുന്ന പി.കെ. രാഗേഷിനെ പ്രാദേശിക ഘടകത്തിന്റെ അംഗീകാരത്തോടെ പഞ്ഞിക്ക വാർഡിൽ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. രാഗേഷ് പത്രിക സമർപ്പിക്കുകയും ചെയ്തു. തന്റെ ഗ്രൂപ്പ് വിട്ട രാഗേഷ് ജയിച്ചു വന്നാൽ കോർപ്പറേഷൻ ഭരണത്തിൽ തന്റെ ഗ്രൂപ്പിനെതിരെ ചില കളികൾ രാഗേഷ് കളിച്ചേക്കും. അതിന് തടയിടാൻ ലീഗിനെ നിർത്തി രാഗേഷിനെ അടിയറവു പറയിക്കാൻ സുധാകരൻ കളിച്ച കളിയാണ് കണ്ണൂരിൽ ഇന്ന് കെപിസിസി. ഉപസമിതി എത്താൻ പോലും കാരണമായത്. പത്രിക നൽകിയ രാഗേഷ് പിൻവലിക്കാതെ വിമതനായി ജയിച്ചു കയറുകയും ചെയ്തു. ഇതോടെയാണ് കണ്ണൂർ രാഷ്ട്രീയം കലങ്ങി മറിഞ്ഞത്.

ഒരു കാലത്ത് സുധാകരൻ ഗ്രൂപ്പിന്റെ പടയാളിയായ രാഗേഷ് നേതാവിന്റെ തന്ത്രങ്ങൾ തന്നെ തിരിച്ചു പ്രയോഗിച്ചു തുടങ്ങി. രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അച്ചടക്ക നടപടി എടുത്തവനെ തിരിച്ചെടുക്കില്ലെന്ന് അടിവരയിട്ട് സുധാകരൻ പറയുകയും ചെയ്തു. പ്രസ്താവനയുടെ മഷിയാറും മുമ്പ് രാഗേഷിനെ ഉത്തമ കോൺഗ്രസ്സുകാരനാണെന്ന് സുധാകരന്റെ വലം കൈയായ ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. പ്രസ്താവനയുടെ പിറകിൽ സുധാകരനാണെന്ന് രാഗേഷിന് അറിയാമായിരുന്നു.

സുധാകരനും ഡി.സി.സി.യും രാഗേഷിനെ വാഴ്‌ത്തിത്തുടങ്ങി. രാഗേഷിന്റെ പിതാവിന്റെ ചരമവാർഷികത്തിന് ക്ഷണിക്കാതെ സുധാകരനെത്തി. ഹസ്തദാനം ചെയ്ത് മടങ്ങി. ഒടുവിൽ കെപിസിസി. ജനറൽ സെക്രട്ടറിയും സുധാകരവൈരിയുമായ പി.രാമകൃഷ്ണനെ വിട്ടു രാഗേഷിനെ അനുനയിപ്പിക്കാൻ ഡി.സി.സി.യും സുധാകരനും തീരുമാനിച്ചു. സുധാകരന്റെ ശക്തി ചോരുന്നതിന്റെ സൂചനയായിരുന്നു അത്. കൊമ്പനെ മെരുക്കാൻ കൊലകൊമ്പനെ അയക്കാൻ കെപിസിസി.യും അംഗീകാരം നൽകി. ചർച്ച തുടങ്ങിയപ്പോൾ രാഗേഷിന്റെ ഡിമാന്റുകൾ തുരുതുരാ വന്നു. ഡി.സി.സി. പുനഃസംഘടന, ബ്ലോക്ക് പുനഃസംഘടന, താൻ കൂടി നിർദേശിക്കുന്നയാൾ കോർപ്പറേഷൻ മേയറാവുക, തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഓരോന്ന് അംഗീകരിക്കുമ്പോഴും പുതിയ ഡിമാന്റുകൾ പിന്നാലെ വരും. സുധാകരനും ഡി.സി.സി.യും മുട്ടുകുത്തും വരെയെത്തി കാര്യങ്ങൾ.

തെരഞ്ഞെടുപ്പ് ആരംഭിച്ചതുമുതൽ രാഗേഷ് വാർത്തകളിൽ നിറഞ്ഞു നിന്നു. സുധാകരനെതിരായ ധ്രുവീകരണം ശക്തിപ്പെടുകയാണ്. മന്ത്രി കെ.സി.ജോസഫ് രണ്ടു തവണ ചർച്ച നടത്തി. ഡപൃൂട്ടി മേയർ പദവി താൻ അംഗീകരിക്കുന്നയാൾക്ക് നൽകണമെന്ന് രാഗേഷ് ഡിമാന്റ് വച്ചിട്ടുണ്ട്. ഇതും സുധാകരനെ തളയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതാം. ഡപൃൂട്ടി മേയർ സ്ഥാനം രാഗേഷോ രാഗേഷ് നിശ്ചയിക്കുന്ന ആൾക്കോ നൽകിയാൽ മേയർ സ്ഥാനം കോൺഗ്രസ്സിന് നഷ്ടമാകും. നേരത്തെ ഡപൃൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിന് വാഗ്ദാനം ചെയ്തതാണ്. ഈ സ്ഥാനം കോൺഗ്രസ്സ് എടുത്ത് മേയർ സ്ഥാനം മുസ്ലിം ലീഗിന് തന്നാൽ പ്രശ്‌നം തീർക്കാമെന്ന് മുസ്ലിം ലീഗ് വൃത്തങ്ങൾ പറയുന്നു. വനിതാ സംവരണം, നിക്ഷിപ്തമാക്കിയ മേയർ പദവി കടുത്ത സുധാകര അനുകൂലിയായ സുമാബാലകൃഷ്ണന് നീക്കിവച്ചതായിരുന്നു. ഡപൃൂട്ടി മേയർ സ്ഥാനം കോൺഗ്രസ്സ് ഏറ്റെടുത്താൽ മേയർ പദവി ലീഗിനു നല്‌കേണ്ടി വരും. സുധാകരന് മറ്റൊരു പ്രഹരം നൽകാൻ രാഗേഷ് കണ്ടു വച്ച വടിയാണിത്.

കണ്ണൂർ നഗരവും പരിസരവും കോൺഗ്രസ്സ് തറവാടുകളുടെ നാടാണ്. യു.ഡി.എഫിന് എന്നും മുതൽക്കൂട്ടാവുന്നത് ഈ തറവാടുകളായിരുന്നു. ഗാന്ധിജിയും നെഹ്്്്‌റുവും ഇന്ദിരയും നിറഞ്ഞു നിൽക്കും ഈ തറവാടുകളുടെ ചുവരുകളിൽ. എന്നാൽ കുറച്ചു കാലമായി ഇവർ കോൺഗ്രസ്സുമായി അടുപ്പത്തിലല്ല. എങ്ങുനിന്നോ എത്തുന്ന പുതിയ സ്ഥാനാർത്ഥികളുമായും കൗൺസിലർമാരായും വരുന്നവർ ഇവർക്ക് അജ്ഞരാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായി മത്സരിക്കുന്നവർ ഏത് പാർട്ടിക്കാരായാലും അവർ അംഗീകരിക്കുകയും ചെയ്യുന്നു.അന്യ ദേശത്തു നിന്നും കണ്ണൂരിലെത്തി മത്സരിക്കുന്നവർ കോൺഗ്രസ്സിൽ അടുത്തകാലത്തായി കൂടി വരികയാണ്. അവരിൽ പലരും ഇത്തവണ തോറ്റു തൊപ്പിയിട്ടു. ചിലർ കഷ്ടിച്ചു ജയിച്ചു. ഇതൊക്കെ പാർട്ടിയെ ബാധിക്കുന്നുണ്ടെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല. എ. ഗ്രൂപ്പുകാർ പ്രതികരിച്ച് മുട്ടു മടക്കും. പക്ഷേ പി.കെ. രാഗേഷ് എല്ലാം തുറന്നു പറയുന്നു. അതുകൊണ്ടു തന്നെ അണികൾ പരിധി കടന്നും രാഗേഷിനൊപ്പം ചേരുകയാണ്. കണ്ണൂർ കോർപ്പറേഷൻ ആരു ഭരിച്ചാലും രാഗേഷ് ഹീറോ ആവുകയാണ്. കോൺഗ്രസ്സിന്റെ അമരക്കാരനാകാൻ രാഗേഷിന് അധികനാൾ വേണ്ടി വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP