Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രക്കാരുടെ ഗവേഷണ സ്ഥാപനത്തിൽ വ്യാജൻ നുഴഞ്ഞു കയറി; വ്യാജബിരുദക്കേസിൽ പ്രതിരോധ വകുപ്പിന്റെ അന്വേഷണം നേരിടുന്നയാൾ ഇനി പ്രസ് അക്കാദമയിലെ ഗവേർണിങ് കൗൺസിൽ അംഗം; ദീപക് ധർമ്മടത്തിന്റെ നിയമനത്തിന് പിന്നിൽ മന്ത്രി കെസി ജോസഫോ? ധർമ്മടത്തെ കേസ് അട്ടിമറിയിലും ഉന്നത ഇടപെടൽ

പത്രക്കാരുടെ ഗവേഷണ സ്ഥാപനത്തിൽ വ്യാജൻ നുഴഞ്ഞു കയറി; വ്യാജബിരുദക്കേസിൽ പ്രതിരോധ വകുപ്പിന്റെ അന്വേഷണം നേരിടുന്നയാൾ ഇനി പ്രസ് അക്കാദമയിലെ ഗവേർണിങ് കൗൺസിൽ അംഗം; ദീപക് ധർമ്മടത്തിന്റെ നിയമനത്തിന് പിന്നിൽ മന്ത്രി കെസി ജോസഫോ? ധർമ്മടത്തെ കേസ് അട്ടിമറിയിലും ഉന്നത ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിലെ കണ്ണിയെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനം വിവാദത്തിലേക്ക്. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിഫൻസ് കറസ്‌പോണ്ടനസ് കോഴ്‌സിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പോയി വിവാദത്തിലായ അമൃതാ ടിവിയുടെ ദീപക് ധർമ്മടത്തെയാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കേരളാ ്പത്രപ്രവർത്തക യൂണിയനോട് പോലും ആലോചിക്കാതെയാണ് ഇത്. നേരത്തെ പാസ്‌പോർട്ടിൽ എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ദീപക് ധർമ്മടത്തിന്റെ നടപടിയും പിടിക്കപ്പെട്ടിരുന്നു. പാസ്‌പോർട്ട് നിയമപ്രകാരം പിഴയടച്ചാണ് കേസിൽ ദീപക് കുറ്റസമ്മതം നടത്തിയത്. ഈ വിഷയത്തിൽ ധർമ്മടം പൊലീസ് നടത്തിയ അന്വേഷണം സംസ്ഥാന സർക്കാരിലെ മന്ത്രി ഇടപട്ടൊണ് അട്ടിമറിച്ചതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് മന്ത്രി കെസി ജോസഫിന്റെ പിന്തുണയോടെ ദീപക് പ്രസ് അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്.

കേരളത്തിലെ പത്രപ്രവർത്തകരുടെ തൊഴിൽ മികവിനുള്ള പരിശീലനവും പത്രപ്രവർത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനവും ലക്ഷ്യമാക്കി നിലവിൽവന്ന സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. പത്രപ്രവർത്തകരുടെ ഇടയിൽ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യം. കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്‌സ്, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി എന്നിവരുടെ ഒരു സംയുക്ത സംരംഭമാണിത്. ഇലക്ട്രോണിക് നവമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള മാദ്ധ്യമരംഗത്തെ പുതിയ പ്രവണതകൾക്കും മുന്നേറ്റങ്ങൾക്കും അനുസൃതമായി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് 2014 നവംബറിൽ സർക്കാർ പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു സ്ഥാപനത്തിലേക്ക യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാതെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി നടക്കുന്ന ദീപക്കിനെ നിയോഗിച്ചതാണ് വിവാദമാകുന്നത്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം പിണറായി വിജയൻ എന്നിവരുടെ ഉറച്ച പിന്തുണയുണ്ടെന്ന് കെസി ജോസഫിനെ തെറ്റിധരിപ്പിച്ചാണ് ദീപക് ഈ സ്ഥാനം തട്ടിയെടുത്തതെന്നാണ് സൂചന. നാമനിർദ്ദേശമായതിനാൽ വിദ്യാഭ്യാസ രേഖകളൊന്നും കൊടുക്കേണ്ട സാഹചര്യവുമുണ്ടായില്ല. ഗവേഷണ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ മാനദണ്ഡങ്ങളും യോഗ്യതകളും കർശനമാക്കണമെന്ന് ഗവർണ്ണർ പി സദാശിവം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെ നിയമനം. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായിരുന്ന മാതൃഭൂമിയുടെ മുൻ ഡെപ്യൂട്ടി എഡിറ്റർ വി രാജഗോപാൽ ഈയിടെ അന്തരിച്ചിരുന്നു. ആ ഒഴിവിലാണ് കെസി ജോസഫിനെ പാട്ടിലാക്കി ദീപക് നുഴഞ്ഞു കയറിയത്. എന്നാൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ പിആർഡിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. ഇത്തരം പരാതി കി്ട്ടിയാൽ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ അമൃതാ ടിവിയിലെ മുൻ സിഇഒ കെ ഗോപാലകൃഷ്ണനാണ് ദീപക്കിനെ പ്രസ് അക്കാദമയിലെത്തിക്കാൻ കരുക്കൾ  നീക്കിയതെന്ന വാദവും സജീവമാണ്. അമൃതാ ടിവി ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ദീപക്കിനെ 2013ൽ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് ഗോപാലകൃഷ്ണൻ അയച്ചത്. ദീപക്കിന് ബിരുദമില്ലെന്ന് പറഞ്ഞവരോട് അത് തെളിയിക്കാൻ വെല്ലുവിളിയും നടത്തി. ഇതിന് എതിരു നിന്ന എക്‌സിക്യൂട്ടിവ് എഡിറ്റർ ജികെ സുരേഷ് ബാബുവിനെ സസ്‌പെന്റ് ചെയ്ത ശേഷമായിരുന്നു നടപടി. അമൃതാ ടിവിയിലെ ഉന്നതന്റെ പാക്കിസ്ഥാൻ യാത്രയ്ക്ക് തൊട്ടു പിറകെയാണ് 2013ൽ ഈ സംഭവങ്ങൾ ഉണ്ടായത്. പാക്കിസ്ഥാനിലെ ചില തീവ്രവാദ സംഘടനകളുമായി ഈയാൾക്ക് പങ്കുണ്ടെന്ന തരത്തിൽ ചില പുസ്തകങ്ങൾ നേരത്തെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപക്കിനെ വിടുന്നതിെ അമൃതയിലെ ബഹു ഭൂരിഭാഗവും എതിർത്തത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ സ്ഥിരീകരണം എത്തിയത്. അമൃതാ ടിവിയിലെ എച്ച് ആർ വിഭാഗത്തിലെ ഉന്നതനാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് പോലും ആരോപണം ഉർന്നു. ഈ ഉദ്യോഗസ്ഥൻ പിന്നീട് ഫ്‌ലാറ്റ് നിർമ്മണത്തിലേക്ക് കടന്നതും സംശയങ്ങൾക്ക് ഇട നൽകി

ഇവരെയെല്ലാം അമൃതാ ടിവിയിൽ നിന്ന് മാതാ അമൃതാനന്ദമയീ മഠം പുറത്താക്കി. അതിന് ശേഷം ദീപക്കിലേക്ക് കാര്യങ്ങൾ എത്തുമ്പോഴാണ് പ്രസ് അക്കാദമിയിലെ ദീപക്കിന്റെ നിയമനം എത്തിയത്. ദീപക്കിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് നടപടിയെടുക്കാൻ അമൃതാ മാനേജ്‌മെന്റ് ഒരുങ്ങുന്നതിനിടെയായിരുന്നു ഇത്. അമൃതാ ടിവിയിൽ തിരിച്ചെത്തി ന്യൂസിന്റെ മേധാവിയായ ജികെ സുരേഷ് ബാബു ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി സൂചനയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് അമൃതാ ടിവിക്ക് പുറത്തുപോയ ഗോപാലകൃഷ്ണനും ഹരികുമാറും ദീപക്കിന് വേണ്ടി വീണ്ടും രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതരെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ദീപക്കിനെ പ്രസ് അക്കാദമിയിൽ എത്തിച്ച് സർക്കാരിലെ സ്വാധീനം അമൃതാ ടിവിക്ക് ബോധ്യപ്പെടുത്തുകയായിരുന്നു നീക്കം. അതിന് മന്ത്രിസഭയിലെ പ്രമുഖനും കൂട്ടുനിന്നു.

പാസ്‌പോർട്ടിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ ധർമ്മടം പൊലീസ് ദീപക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ സമർത്ഥമായ അട്ടിമറി നീക്കമാണ് നടന്നത്. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ സഹകരണത്തോടെ നടന്ന നീക്കത്തിൽ തലശ്ശേരി കോടതിയിലെ സർക്കാർ അഭിഭാഷകനേയും കൂട്ടിന് കിട്ടി. ഇതോടെ കേസ് റഫർ ചെയ്തു. വിചിത്രമായ ന്യായമാണ് ഇതിനുള്ള നിയമോപദേശത്തിൽ ദീപക്കിനായി പ്രോസിക്യൂട്ടർ നൽകിയത്. ദീപക്കിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിക്കുമ്പോഴും തുടരന്വേഷണം വേണ്ടെന്നാണ് കണ്ടെത്തൽ. അതായത് മൂന്ന് കൊല്ലത്തെ ഡിഗ്രി കോഴസിന് ദീപക് കാശടച്ച് എവിടെയോ പഠിച്ചു. അങ്ങനെ ഓപ്പൺ കോഴ്‌സിൽ സർട്ടിഫിക്കറ്റ് നേടി. ദീപക്കിന് ഇത് വ്യാജമാണെന്ന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ ആരേയും ദീപക് വഞ്ചിച്ചില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ കണ്ടെത്തൽ. ഇത് ശരിവച്ച് കേസ് ധർമ്മടം പൊലീസ് ഒതുക്കി തീർത്തു.

ഇതു മനസ്സിലാക്കി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ നേരത്തെ പറഞ്ഞിട്ടും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് തെളിവ് സഹിതം അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ധർമ്മടം പൊലീസിനെ അറിയിച്ചു. അവിടേയും കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും പേരുപയോഗിച്ച് ദീപക് അന്വേഷണം ഒഴിവാക്കി. ഡിജിപി സെൻകുമാർ അടുത്ത ബന്ധുവാണെന്നും ദീപക് പറഞ്ഞതായി സൂചനയുണ്ട്. ഇതോടെ പേടിച്ച ധർമ്മടം പൊലീസ് അന്വേഷണം വേണ്ടെന്ന് വച്ചു. ഇതിന് പിറകെയാണ് പ്രസ് അക്കാദമിയുടെ ജനറൽ കൗൺസിലിൽ ദീപക് എത്തിയത്. കേരളം ഏറെ ബഹുമാനിച്ചിരുന്ന വി രാജഗോപാൽ എന്ന മാദ്ധ്യമ പ്രവർത്തകനെ അപമാനിക്കലാണ് ഈ നിയമനത്തിലൂടെ സർക്കാർ ചെയ്തതെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർവർത്തകരുടെ നിലപാട്. എന്നാൽ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്തതുകൊണ്ട് എന്തു ചെയ്യാനാകുമെന്നാണ് ഉയരുന്ന ചോദ്യം.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദീപക് ധർമ്മടം പാസ്‌പോർട്ട് ഓഫീസർക്ക് നൽകിയ വിശദീകരണം വിചിത്രമാണ്. താനൊരു സ്ഥലത്ത് പഠിച്ചെന്നും ഡിഗ്രി കിട്ടിയെന്നുമാണ് പറയുന്നത്. ഇത് ശരിയാണെങ്കിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എവിടെയാണ് പഠിക്കണമെന്ന് പോലും തിരിച്ചറിയാനാവാത്ത വ്യക്തിയാണ് ദീപക്. മാദ്ധ്യമപ്രവർത്തനം തുടങ്ങിയ ശേഷമാണ് ദീപക്കിന്റെ ഡിഗ്രി പഠനമെന്നതും വ്യക്തമാണ്. അതുകൊണ്ട് തന്നെ പഠിക്കേണ്ടത് എവിടെയാണെന്ന് പോലും അറിയാത്ത ഒരാളെ എങ്ങനെ പ്രസ് അക്കാദമി പോലൊരു ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ദീപക്ക് തന്നെ ഉണ്ടാക്കിയതാണ് സർട്ടിഫിക്കറ്റെന്നാണ് അമൃതാ ടിവിയിലെ ഒരു വിഭാഗം പറയുന്നത്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിരോധ വകുപ്പ് അന്വേഷണം തുടരുകയാണ്. ഇത് അട്ടിമറിക്കാനും ഇത്തരം സ്ഥാനമാനങ്ങൾ ദീപക് ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP