Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിസിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യയെ കൂടെ നിന്ന് പാരവച്ച് തുർക്കി; റഷ്യൻ യുദ്ധ വിമാനം അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തുർക്കി വെടിവച്ചിട്ടു; പൈലറ്റിന്റെ മൃതദേഹം എടുത്ത് ആഘോഷമാക്കി റിബലുകൾ; തിരിച്ചടിക്കുമെന്ന് റഷ്യ; പശ്ചിമേഷ്യൻ സംഘർഷം കൈവിട്ടു പോകുമോ?

ഐസിസിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യയെ കൂടെ നിന്ന് പാരവച്ച് തുർക്കി; റഷ്യൻ യുദ്ധ വിമാനം അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തുർക്കി വെടിവച്ചിട്ടു; പൈലറ്റിന്റെ മൃതദേഹം എടുത്ത് ആഘോഷമാക്കി റിബലുകൾ; തിരിച്ചടിക്കുമെന്ന് റഷ്യ; പശ്ചിമേഷ്യൻ സംഘർഷം കൈവിട്ടു പോകുമോ?

മറുനാടൻ മലയാളി ബ്യൂറോ

അങ്കാറ: ഐസിസിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും വേണ്ടത് ചെയ്യണമെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിനും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഒരുമിച്ച് ചർച്ച നടത്തിയതും പ്രതീക്ഷയായി. എന്നാൽ ഐസിസിനെതിരെ മുന്നേറുന്ന റഷ്യയോട് അമേരിക്കൻ സഖ്യകക്ഷിയായ തുർക്കിക്ക് ഒരു താൽപ്പര്യവുമില്ല. അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യൻ യുദ്ധവിമാനം തുർക്കി വെടിവച്ചുവീഴ്‌ത്തി. സിറിയൻ അതിർത്തിയിലാണ് റഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടതെന്ന് തുർക്കി സർക്കാർ വ്യക്തമാക്കി. ഇതിൽ നിന്ന് തന്നെ റഷ്യൻ വിമാനം അതിർത്തി ലംഘിച്ചില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കി.

റഷ്യൻ യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചു വീഴ്‌ത്തിയ നടപടിക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ രംഗത്ത്. തുർക്കിയുടെ നടപടി പിന്നിൽനിന്നുള്ള കുത്താണ്. റഷ്യൻ വിമാനം തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ല. കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈനികർ ഹീറോകളെ പോലെയാണ് ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നുണ്ടായ സംഭവം ഇത്തരം പ്രവർത്തനങ്ങൾക്കേറ്റ തിരിച്ചടിയാണ്. സൈനികർ ഭീകരവാദികൾക്കെതിരെ പോരാടുകയാണ്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ നടപടിയെ ന്യായീകരിച്ച് തുർക്കി പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. റഷ്യൻ വിമാനം വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചിട്ടതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.

സിറിയൻ പ്രദേശമായ ലതാകിയയിലെ യമാദിയിലാണ് വിമാനം തകർന്നുവീണത്. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുർന്നാണ് വിമാനം വെടിവച്ചിട്ടതെന്നാണ് വിശദീകരണം. വ്യാമാതിർത്തി ലംഘിക്കുന്നതിന് മുമ്പ് പത്ത് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും തുർക്കി വ്യക്തമാക്കി. പ്രാദേശിക സമയം ഇന്ന് രാവിലെ 9.24നാണ് തുർക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങൾ റഷ്യൻ വിമാനത്തിന് നേരെ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ എസ് യു 24 പോർവിമാനം സിറിയയിൽ തകർന്നു വീണതായും കരയിൽ നിന്നുള്ള ആക്രമണത്തിലാണ് വിമാനം തകർന്നതെന്നും റഷ്യ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. വിമാനം സിറിയയുടെ വ്യോമാതിർത്തിയിലായിരുന്നെന്നും ഒബ്ജക്ടീവ് മോണിറ്ററിങ് ഡാറ്റയിൽ ഇത് വ്യക്തമാണെന്നും റഷ്യ അറിയിച്ചു. തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് റഷ്യ അവകാശപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷവും സൈനിക ഇടപെടലും പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വ്യോമാതിർത്തിയെ ചൊല്ലി നേരത്തെയുണ്ടായ തർക്കങ്ങൾ പ്രകാരം സ്വീകരിച്ച കരുതൽ നടപടികളെല്ലാം അപര്യാപ്തമാണെന്ന് സംഭവം വ്യക്തമാക്കുന്നു.

ലതാക്കിയ മലനിരകളിലേക്ക് തീപിടിച്ച വിമാനം കൂപ്പുകുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 6000 മീറ്റർ (19685 അടി) ഉയരത്തിൽ പറക്കവെയാണ് വിമാനത്തെ വെടിവച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് എന്ത് സംഭവിച്ചു എന്നാണ് ഇനി അറിയേണ്ടതെന്നും റഷ്യ വ്യക്തമാക്കി. ലതാക്കിയയ്ക്ക് സമീപമുള്ള അൻതാക്കിയയിലാണ് വിമാനം തകർന്നുവീണത്. അതിനിടെ അൻതാക്കിയ മേഖലയിൽ വച്ച് പൈലറ്റുമാരിൽ ഒരാളെ പിടികൂടിയതായി ഈ പ്രദേശത്തെ ഭീകരർ അവകാശപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഈ പൈലറ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ പൈലറ്റിന്റെ ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റിന്റെ മൃതദേഹത്തിന് ചുറ്റം ഭീകരർ കൂട്ടം കൂട്ടി നിൽക്കുന്നതാണ് പുറത്തുവന്ന ചിത്രം. ഇതോടെ സിറിയയിലെ ഐസിസിനെതിരെ റഷ്യ നടത്തുന്ന പോരാട്ടങ്ങൾ പുതിയ മുഖം വന്നു.

നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കെ നാറ്റോ അംഗരാഷ്ട്രങ്ങൾ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രശ്‌നം നാറ്റോയിലും യുഎന്നിന് മുമ്പാകെയും ഉന്നയിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി അഹമദ് ദാവുദോഗ്ലുവിന്റെ ഓഫീസ് വ്യക്തമാക്കി. നാറ്റോ അംഗരാജ്യമാണ് തുർക്കി. കഴിഞ്ഞ മാസം രണ്ട് തവണ റഷ്യൻ പോർവിമാനം തുർക്കി വ്യോമാതിർത്തി ലംഘിച്ചിരുന്നു. തുടർന്ന് റഷ്യുടെ അംബാസിഡറെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമണം എന്നാണ് തുർക്കിയുടെ ന്യായം. എന്നാൽ വിമാനം തകർന്ന് വീണ സ്ഥലം തന്നെ എല്ലാം വിശദീകരിക്കുന്നുണ്ടെന്നാണ് റഷ്യൻ വാദം. പൈലറ്റിന്റെ മൃതദേഹത്തിന് ചുറ്റും നിന്ന് ഭീകരർ ആഹ്ലാദ പ്രകടനം നടത്തിയതും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തീവ്രവാദികൾക്ക് പ്രചോദനം നൽകാനാണ് തുർക്കിയുടെ ശ്രമമെന്നാണ് റഷ്യൻ നിലപാട്. ഇത് തന്നെയാണ് പശ്ചിമേഷ്യയെ സംഘർഷത്തിലാക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി. പുറത്തു ചാടിയ ഒരു പൈലറ്റ് വീണത് ഐസിസ് കേന്ദ്രത്തിലാണെന്നു കരുതുന്നു. ഗുരുതര പരിക്കുകളോടെ നിലത്തു കിടക്കുന്ന പൈലറ്റിനു ചുറ്റും ഐ.എസ്. ഭീകരരെന്നു കുരുതുന്ന ഒരു കൂട്ടം ആയുധധാരികൾ നിൽക്കുന്നതു കാണാം. മറ്റൊരു പൈലറ്റിനെ കുറിച്ച് വിവരമൊന്നുമില്ല. വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വിമാനം വെടിവച്ചിട്ടതെന്ന് തുർക്കി അറിയിച്ചു. ലടാക്കിയ പ്രവിശ്യയിലെ മലനിരകളിൽ യുദ്ധ വിമാനം കത്തിയമർന്ന് തകർന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുടെ സു-24 വിമാനമാണ് വെടിവച്ചിട്ടത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുമെന്നതിന്റെ സൂചനയും വന്നു. ഐസിസിനെതിരെയാണ് റഷ്യ യുദ്ധം ചെയ്യുന്നത്. ഇതിനെ പാരീസ് ആക്രമണത്തോടെ ആഗോളതലത്തിൽ അംഗീകാരവും കിട്ടി. ഫ്രാൻസും ഒപ്പം ചേർന്നു. എന്നിട്ടും തുർക്കിക്ക് റഷ്യൻ നീക്കങ്ങളോട് താൽപ്പര്യമില്ലാത്തതിന്റെ സൂചനയാണ് ഇന്നത്തെ സംഭവം.



സിറിയയിലെ ബഷാർ അൽ അസദ് സർക്കാരിനെതിരെ വിമതയുദ്ധം നയിക്കുന്നവർക്കും ഐസിസിനും എതിരെ സെപ്റ്റംബർ അവസാനത്തോടെയാണ് റഷ്യ സിറിയയിൽ വ്യോമാക്രമണം തുടങ്ങിയത്. ഇതിനെ അമേരിക്കയും തുർക്കിയും അംഗീകരിച്ചിരുന്നില്ല. അസദ് ഭരണത്തിനെതിരെ വിമതർക്കൊപ്പമായിരുന്നു അവർ. ഇതൊന്നും വകവയ്ക്കാതെ സിറിയയിൽ റഷ്യ യുദ്ധം തുടർന്നു. ഐസിസ് തീവ്രവാദികൾക്ക് തിരിച്ചടിയും ഉണ്ടായി. ഈ റഷ്യൻ ഇടപെടലിന് പിന്നാലെ വിമാങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി നേരത്തെയും തുർക്കി പരാതിപ്പെട്ടിരുന്നു. നേരത്തെ സിറിയയുടെ യുദ്ധവിമാനവും തുർക്കി വെടിവച്ച് വീഴ്‌ത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP