Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്പിൽ ഇസ്ലാം വിരുദ്ധ വികാരം പുകയുമ്പോൾ മറന്നു പോകരുതാത്ത ഒരു ഇസ്ലാം മാതൃക; ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും കാത്ത് രക്ഷിച്ചത് മൗറീഷ്യസിൽ നിന്നും കുടിയേറിയ മുസ്ലിം യുവാവ്

യൂറോപ്പിൽ ഇസ്ലാം വിരുദ്ധ വികാരം പുകയുമ്പോൾ മറന്നു പോകരുതാത്ത ഒരു ഇസ്ലാം മാതൃക; ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും കാത്ത് രക്ഷിച്ചത് മൗറീഷ്യസിൽ നിന്നും കുടിയേറിയ മുസ്ലിം യുവാവ്

പാരിസ്: പാരീസിൽ കഴിഞ്ഞ മാസം ഐസിസ് ഭീകരർ നടത്തിയ നരഹത്യയുടെ ഞെട്ടലിൽ നിന്നും ലോകം ഇനിയും പൂർണമായും വിട്ട് മാറിയിട്ടില്ല.ഈ ഗൂഢാലോചനയിൽ ഭാഗഭാക്കായവരുടെയും മറ്റും വിശദാംശങ്ങൾ ഇപ്പോൾ അനുദിനം കൂടുതൽകൂടുതൽ വെളിച്ചത്ത് വന്ന് കൊണ്ടിരിക്കുകയുമാണ്.പാരീസിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയവരുടെ പ്രധാനലക്ഷ്യം സ്റ്റേഡ് ഡെ ഫ്രാൻസ് ഫുട്‌ബോൾസ്‌റ്റേഡിയത്തിൽ കടന്ന് കയറി ആയിരക്കണക്കിന് പേരെ വധിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പിന്നീട് വെളിപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇതിനായി ബിലാൽ ഹദ്ഫി എന്ന 20കാരനായ ഭീകരൻ അരയിൽ ബോംബ് ഘടിപ്പിച്ച് സ്റ്റേഡിയത്തിൽ കയറാനായി കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇയാളെ ഒരു സുരക്ഷാഭടൻ തടഞ്ഞതിനെ തുടർന്ന് ഇയാൾ സ്റ്റേഡിയത്തിന്റെ ഗേറ്റിന് അൽപമകലെ നിന്ന് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയായിരുന്നു. ആ ഭീകരനെ തടഞ്ഞ സെക്യൂരിറ്റി ഗാർഡാരാണെന്നറിയുമോ...?. സലിം ടൂറബാലിയെന്ന പൊലീസുകാരനാണ് ആ മഹദ്കൃത്യം നിർവഹിച്ച് ഫ്രാൻസിനെ ഒരു മഹാദുരന്തത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നത്. ഫുട്‌ബോൾ മത്സരം നടന്നു കൊണ്ടിരുന്ന സ്‌റ്റേഡിയത്തിനകത്ത് ഭീകരൻ കടന്ന് കയറി ബോംബ് പൊട്ടിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് കാണികൾ കൊല്ലപ്പെടുകയും യൂറോപ്പ് കണ്ട ഏറ്റവും ഭീകരദുരന്തമരങ്ങേറുകയും ചെയ്യുമായിരുന്നു. ഫ്രാൻസിന്റെ പ്രസിഡന്റടക്കം ഇവിടെ കാണികളായി ഉണ്ടായിരുന്നുവെന്നറിയുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുന്നത്. പാരീസ് സംഭവത്തെ തുടർന്ന് യൂറോപ്പിലെങ്ങും ഇസ്ലാം വിരുദ്ധ വികാരം പുകയുമ്പോൾ മറന്നു പോകരുതാത്ത ഒരു ഇസ്ലാം മാതൃകയാണ് സലിം ടൂറബാലിയുടേത്. ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും കാത്ത് രക്ഷിച്ച ഈ മുസ്ലിം യുവാവ് മൗറീഷ്യസിൽ നിന്നും ഇവിടേക്ക് കുടിയേറിയ ആളാണ്.

ഭീകരൻ സ്റ്റേഡിയത്തിനകത്ത് കടക്കാനൊരുങ്ങിയ അവസാന നിമിഷത്തിലാണ് സലിം അയാളെ തടഞ്ഞതെന്നതാണ് അത്ഭുതകരമായ കാര്യം. ഒരു നിമിഷം ശ്രദ്ധ പാളിയിരുന്നെങ്കിൽ അയാൾ സ്റ്റേഡിയത്തിനകത്ത് കടന്ന് കൃത്യം നിർവഹിക്കുമായിരുന്നു. 42കാരനായ ഈ പൊലീസ് ഓഫീസറുടെ സമയോചിതമായ ഇടപെടലാണ് ഫ്രാൻസിനെ മഹാദുരന്തത്തിൽ നിന്നും രക്ഷിച്ചതെന്ന് വെളിവായതോടെ സലിമിനെക്കുറിച്ചുള്ള വിശേഷങ്ങൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ഫ്രാൻസിൽ ഒരു ഹീറോയുടെ പരിവേഷമാണ് ഈ പൊലീസുകാരന്റെ മേൽ ചാർത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. പാരീസിലെ വടക്ക് കിഴക്കൻ പ്രാന്തപ്രദേശമായ ലെ ബ്ലാൻക് മെസ്‌നിലിലാണ് ഇദ്ദേഹം താമസിക്കുന്നത്.തന്റെ ഭാര്യ ബിബിക്കും 15 കാരിയായ മകൾ വൈസയ്ക്കുമൊപ്പം ഇസ്ലാംമത ചിട്ടപ്രകാരമുള്ള ശാന്തസുന്ദരമായ ഒരു ജീവിതമാണീ പൊലീസുകാരൻ നയിക്കുന്നത്. സലിമിന്റെ പ്രവൃത്തിയെ ഒരു വീരേതിഹാസമെന്ന തോതിൽ ചിത്രീകരിക്കപ്പെടുമ്പോഴും തന്റെ സ്വതസിദ്ധമായ ലാളിത്യം കൈവിടാൻ ഇദ്ദേഹം തയ്യാറല്ല. താൻ തന്റെ ജോലി നിർവഹിച്ചുവെന്ന് മാത്രമേയുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്കിപ്പോഴും ആ ഭീകരനെ കുറിച്ചോർക്കുമ്പോൾ അടിമുടി വിറയ്ക്കുകയാണെന്നും താൻ അയാളെ കടത്തി വിട്ടിരുന്നെങ്കിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുമായിരുന്നുവെന്നത് ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫ്രാൻസും ജർമനിയും തമ്മിൽ സൗഹൃദമത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി തന്റെകുടുംബത്തിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് 20 മിനുറ്റ് ദൂരത്തിലുള്ള വീട്ടിൽ നിന്ന് സലിം വരുകയായിരുന്നു. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള 150 സെക്യൂരിറ്റി ഗാർഡുമാരിൽ ഒരാളായിരുന്നു സലിം. സെക്യൂരിറ്റി ഗാർഡായി 10 വർഷത്തോളമായി ജോലി ചെയ്യുന്ന സലിം എന്ന ഫുട്‌ബോൾ ആരാധകൻ ഇതാദ്യമായിട്ടായിരുന്നു സ്റ്റേഡ് ഡെ ഫ്രാൻസ് ഫുട്‌ബോൾസ്‌റ്റേഡിയത്തിൽ സുരക്ഷാ ചുമതലയ്‌ക്കെത്തുന്നത്.

ഡ്യൂട്ടിക്കിറങ്ങും മുമ്പ് തന്നോട് ജാഗ്രത പാലിക്കണമെന്ന് മകൾ നിർദ്ദേശിച്ചത് സലിം ഓർക്കുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് ജർമൻ ഫുട്‌ബോൾ ടീമിനെ ഹോട്ടലിൽ നിന്നൊഴിപ്പിച്ച വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മകളുടെ മുന്നറിയിപ്പ്. സലിം സ്റ്റേഡിയത്തിന്റെ കവാടത്തിൽ ഡ്യൂട്ടിക്കെത്തിയത് ഉചിതമായ സമയത്തായിരുന്നു. ഗേറ്റ് എല്ലിന് സമീപത്തായിരുന്നു ഇയാൾ നിലയുറപ്പിച്ചത്.സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിട്ടും നൂറ് കണക്കിന് പേർ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് സലിം ഓർക്കുന്നു.

അപ്പോഴാണ് സംശയകരമായ രീതിയിൽ ബിലാൽ ഹദ്ഫി എന്ന യുവാവ് തിക്കിത്തിരക്കി അകത്ത് കയറാൻ ശ്രമിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് സലിം പറയുന്നു. തുടർന്ന് താൻ അയാളെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. തന്റെ പക്കൽ ടിക്കറ്റുണ്ടെന്നും താൻ കസിനെ കാത്ത് നിൽക്കുയായിരുന്നുവെന്നും ഭീകരൻ തന്നോട് പറഞ്ഞ വിവരം സലിം വെളിപ്പെടുത്തുന്നു. തുടർന്ന് പിന്മാറിയ ഭീകരൻ മറ്റൊരു ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സലിം ഈ വിവരം തന്റ സഹപ്രവർത്തകനെ അറിയിച്ച് ഈ ശ്രമമവും വിഫലമാക്കുകയായിരുന്നു.

മാരകമായ ബോംബ് അരയിൽ ധരിച്ചാണ് ഇയാൾ എത്തിയതെന്ന് ആ നിമിഷത്തിൽ തനിക്ക ്മനസിലായിരുന്നില്ലെന്നും സലിം പറയുന്നു. തുടർന്ന് അൽപം അകലെ ഈ ചെറുപ്പക്കാരൻ സ്വയം പൊട്ടിത്തെറിച്ചതറിഞ്ഞപ്പോഴാണ് താൻ എത്ര വലിയ വിപത്താണ് ഒഴിവാക്കിയതെന്ന് ഈ സെക്യൂരിറ്റി ഗാർഡിന് മനസിലായത്. ഹാദ്ഫിയുടെ ചിന്നിച്ചിതറിയ മൃതദേഹം തിരിച്ചറിഞ്ഞതും സലിമായിരുന്നു. ബോംബ് പൊട്ടി പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലെത്തിക്കാനും സലിം മുൻപന്തിയിലുണ്ടായിരുന്നു. ഏതായാലും ഒരു യഥാർത്ഥ മുസ്ലിം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന മഹാ മാതൃകയായി സലിം ഇപ്പോൾ ലോകത്തിന് മുന്നിൽ തന്നെ ഹീറോ ആയിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP