Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിലെ മലയാളി വൈദികന്റെ കൊലപാതകം: നാലു പുരോഹിതർ കൂടി പ്രതിപ്പട്ടികയിലേക്ക്; കുറ്റം ആരോപിക്കപ്പെട്ട പുരോഹിതർക്കെതിരെ സഭ നടപടി എടുക്കാത്തതിൽ പ്രതിഷേധം പുകയുന്നു

ബംഗളൂരുവിലെ മലയാളി വൈദികന്റെ കൊലപാതകം: നാലു പുരോഹിതർ കൂടി പ്രതിപ്പട്ടികയിലേക്ക്; കുറ്റം ആരോപിക്കപ്പെട്ട പുരോഹിതർക്കെതിരെ സഭ നടപടി എടുക്കാത്തതിൽ പ്രതിഷേധം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. കെ ജെ തോമസിന്റെ കൊലപാതകക്കേസിൽ നാലു പുരോഹിതർ കൂടി കുറ്റക്കാരാണെന്നു പൊലീസ് കണ്ടെത്തി. ഐ ആന്തപ്പ, എ തോമസ്, അൻപ് ജോൺ, ചൗരപ്പ സെൽവരാജ് എന്നിവർക്കെതിരെയാണ് ഇപ്പോൾ കുറ്റം ചുമത്തിയത്. അതിനിടെ, കുറ്റം ആരോപിക്കപ്പെട്ട പുരോഹിതർക്കെതിരെ സഭ നടപടി എടുക്കാത്തതിൽ പ്രതിഷേധം പുകയുന്നു.

കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചാലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥൻ വിക്ടർ ഡിസൂസ അറിയിച്ചു. നിലവിൽ ആറു പുരോഹിതന്മാരുൾപ്പെടെ പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ പുരോഹിതരായ ഏലിയാസ് ഡാനിയൽ, വില്യം പാട്രിക്, അൾത്താരസഹായി പീറ്റർ എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

നിലവിൽ ഈ പുരോഹിതരെയൊന്നും സ്ഥാനത്തുനിന്ന് സഭ നീക്കം ചെയ്തിട്ടില്ല. ഇവരെ പൗരോഹിത്യത്തിൽനിന്നു പുറത്താക്കണമെന്നു ഫാദർ കെ ജെ തോമസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

2013 മാർച്ച് 31നാണ് ഫാദർ കെ ജെ തോമസിന്റെ മൃതദേഹം ബംഗളൂരുവിലെ മല്ലേശ്വരത്തുള്ള സെന്റ് പീറ്റേഴ്‌സ് സെമിനാരിയിൽ കഫീറ്റീരിയക്ക് സമീപം കണ്ടെത്തിയത്. മുഖം മുഴുവൻ അടികൊണ്ട് വിവർണ്ണമാക്കി, പൊട്ടിക്കാവുന്നടത്തോളം എല്ലുകൾ പൊട്ടിച്ച് തലയിൽ കമ്പി വടികൊണ്ട് അടിച്ച് തലച്ചോറ് പുറത്താക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിൽ തലയ്ക്കും ചങ്കിനും തലയോട്ടിക്കും മാരകമായ ചതവുകളുമുണ്ടായിരുന്നു. അക്രമ സ്ഥലത്തുനിന്നും രക്തക്കറയുള്ള ഒരു ഇരുമ്പു വടിയും കിട്ടിയിരുന്നു. ഇടത്തെ കണ്ണ്, മൂക്ക്, ചുണ്ട് ഇവകളെല്ലാം തകർത്തിരുന്നു. മരിച്ച ശരീരം വലിച്ചിഴച്ച് അദ്ദേഹം വസിച്ചിരുന്ന മുറിയുടെ മുമ്പിൽ കൊണ്ടുവന്നതായ അടയാളങ്ങളും മൃതദേഹത്തിലുണ്ടായിരുന്നു. പുരോഹിതന്റെ ഈ കൊലപാതകം നഗരത്തെയാകെ ഞെട്ടിച്ച സംഭവമാണ്. തെളിവുകളൊന്നും കിട്ടാതെ പൊലീസിനും ഈ കേസ് കീറാമുട്ടിയായിരുന്നു.

ഒരു വർഷത്തിനുശേഷമാണ് കൊലപാതകത്തിനു കാരണക്കാരായ രണ്ടു പുരോഹിതരടക്കം മൂന്നു പേരെ ബാംഗ്ലൂർ പൊലീസ് കമ്മീഷണർ ജ്യോതി പ്രകാശ് മിർജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്ന ഗുൽബർഗയിലെ കെങ്കേരി ഇടവക ഫാദർ ഏലിയാസ്, അദ്ദേഹത്തിന്റെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വളരെയധികം ആസൂത്രണം ചെയ്തായിരുന്നു ഈ കൊല നടത്തിയത്. ഫാദർ തോമസിന്റെ അധീനതയിലുള്ള ചില ഡോക്കുമെന്റുകൾ തട്ടിയെടുത്ത് ധനപരമായ കാര്യങ്ങളിൽ അദ്ദേഹത്തെ കുടുക്കുകയെന്നതുകൊലപാതകികളുടെ ലക്ഷ്യമായിരുന്നു. മോഷണമൊന്നും കൊല ചെയ്ത ദിവസം സെമിനാരിയിൽ നടന്നിട്ടില്ല. അതിനാൽ കുറ്റവാളികൾ സെമിനാരിയുമായി ബന്ധപ്പെട്ടവരെന്നു പൊലീസ് അനുമാനിക്കുകയായിരുന്നു.

തലയ്ക്കടിയും, മുഖമാകെ വികൃതവുമാക്കിയ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇരുമ്പുവടികൊണ്ട് ഒന്നു രണ്ടു പേർ തലയ്ക്കടിച്ച പാടുകളുമുണ്ടായിരുന്നു. സെമിനാരി റെക്റ്ററായിരുന്ന ഫാദർ തോമസ് ഭരണപരമായ കാര്യങ്ങളിലും സ്ഥാനങ്ങൾ നല്കുന്നതിലും കുറ്റവാളികളായ ഈ പുരോഹിതരെ ഒരിക്കലും പരിഗണിക്കാതെയിരുന്നതും കൊലപാതകത്തിന് കാരണമായി. അറസ്റ്റിലായ വൈദികരുടെ മേൽ അധോലോക ബന്ധവും ആരോപിച്ചിട്ടുണ്ട്. ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ മറ്റു സഹവൈദികരുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. കൊലപാതകം തേയ്ച്ചു മായിച്ചു കളയാൻ സെമിനാരിയിലെ ഭരണതലത്തിലുള്ളവർ ആഗ്രഹിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു.

ഫാദർ തോമസിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന ഇവർ സഭയുടെ അധികാരസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുകച്ചു തള്ളണമെന്നുള്ള ഗൂഢാലോചനകളിലും ഏർപ്പെട്ടിരുന്നതായാണു പൊലീസിന്റെ വിലയിരുത്തൽ. അതിനുള്ള അവസരങ്ങൾക്കായി അവർ കാത്തിരിക്കുകയുമായിരുന്നു. കൊലയുടെ ലക്ഷണം നോക്കുമ്പോൾ കൊലപാതകം സ്വാഭാവിക മരണമല്ലെന്നും വ്യക്തമായിരുന്നു. കരുതിക്കൂട്ടി വളരെയധികം തന്ത്രങ്ങൾ മെനഞ്ഞായിരുന്നു തോമസിനെ കൊലപ്പെടുത്തിയത്. തെളിവുകളെല്ലാം നശിപ്പിച്ച് ആരും കണ്ടുപിടിക്കാത്ത രീതിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ കേസ്സിനെ മാറ്റിയെടുക്കാനും കുറ്റവാളികൾക്ക് സാധിച്ചു.

ഈ കൊലക്കേസ്സിന്റെ അന്വേഷണവുമായി കർണ്ണാടക പൊലീസ് ആന്ധ്രാ , ഗോവാ, കേരളം, തമിഴ്‌നാടുകളിൽ എത്തിയിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തു. അവരിൽനിന്ന് .പത്തുപേരെ നുണ പരിശോധനയ്ക്കും വിധേയരാക്കി. മൂന്നു പുരോഹിതരടക്കം അഞ്ചുപേരെ ഗുജറാത്തിലെ ലാബിൽ കൊണ്ടുപോയി നാർക്കോ അനാലീസിസ് പരീക്ഷണങ്ങൾക്കും വിധേയരാക്കി. ഈ അന്വേഷണങ്ങളുടെ നൂലാമാലകളിൽക്കൂടിയാണ് ഫാദർ ഏലിയാസിനെയും കൂട്ടരേയും നിയമത്തിന്റെ കുടുക്കിൽപ്പെടുത്താൻ പൊലീസിന് സാധിച്ചത്. ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചതോടെ കൊലപാതകത്തിന്റെ ചുരുളുകൾ ഓരോന്നായി അഴിയുകയായിരുന്നു.

തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയറിന് തോമസിനെ കൊലപ്പെടുത്തിയ വിവരം അറിയില്ലായെന്ന മൊഴി പൊലീസിനെ സംബന്ധിച്ചടത്തോളം അവിശ്വസിനീയമായിരുന്നു. ഫാദർ സേവിയറിന്റെ മൊഴിയിൽ വന്ന വൈകൃതങ്ങൾ പച്ചക്കള്ളങ്ങളാണെന്നും പൊലീസിനു മനസിലായി. സേവിയറിനെ നാർക്കോ അനാലീസിസിന് വിധേയമാക്കിയതോടെയാണ് സംഭവങ്ങളുടെ കള്ളികൾ പുറത്തു വന്നത്. അവർ കൊലപാതകത്തിൽ പങ്കുകാരായിരുന്ന വിവരം അദ്ദേഹത്തിൽനിന്നും നാർക്കോ അനാലീസീസ് വഴിയാണ് ലഭിച്ചത്. സംഭവ ദിവസം രാത്രി രണ്ടരയ്ക്ക് ഫാദർ തോമസിന്റെ നിലവിളി കേട്ടിട്ടും അടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയർ കാര്യങ്ങൾ അന്വേഷിക്കാനോ പൊലീസിനെ അറിയിക്കാനോ മെനക്കെട്ടില്ല. സഹവൈദികരെ രക്ഷിക്കണമെന്ന മനസായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രാരംഭഘട്ടങ്ങളിൽ അന്വേഷണ പുരോഗതി സാധിക്കാതിരുന്നതും ആരോപണ വിധേയരായ പുരോഹിതരുടെ കറുത്ത കൈകൾ അധികാരസ്ഥാനങ്ങളിൽ പ്രവർത്തിച്ചതുകൊണ്ടായിരുന്നു.

2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി രാത്രി രണ്ടര മണി സമയത്ത് സെമിനാരിയിലെ ഇടുങ്ങിയ ഒരു ജനാലയിൽക്കൂടിയാണ് കുറ്റവാളികൾ അകത്തു പ്രവേശിച്ചത്. അന്നൊരു ഈസ്റ്റർ ദിവസമായിരുന്നതുകൊണ്ട് പഠിക്കുന്നവരും പുരോഹിതരും സെമിനാരിയിൽ കാണുകയില്ലെന്നും കുറ്റവാളികൾ അനുമാനിച്ചതായാണു പൊലീസ് പറയുന്നത്. ഫാദർ തോമസുൾപ്പടെ അഞ്ചുപേരേ അന്നേ ദിവസം ആ രാത്രിയിൽ സെമിനാരിയിലുണ്ടായിരുന്നുള്ളൂ.

കൊലപാതകം നടക്കുന്ന ദിവസം ഏലിയാസും വില്ല്യം പാട്രിക്കും പീറ്ററും യശ്വന്തപൂർ സർക്കിളിൽ ഒത്തുകൂടി സെമിനാരിയിലെ ആക്രമ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ആയുധങ്ങളും വടിയുമായി അന്നവർ സെമിനാരിയിലേക്ക് നുഴഞ്ഞു കടന്നു. ഫാ. തോമസിന്റെ മുറിയിൽ പൂട്ടിയിട്ടിരുന്ന താഴ് തല്ലി പൊട്ടിച്ച് അകത്തുകയറി. അതിനുശേഷം ഡോക്കുമെന്റ് പേപ്പറുകൾ തേടാൻ തുടങ്ങി. മുറിയിൽ അന്വേഷണം നടത്തുന്ന സമയം ഫാദർ തോമസ് വെളിയിൽ നിന്ന് മുറിക്കുള്ളിൽ വരുകയും കുറ്റവാളികളെ കാണുകയും ചെയ്തു. ഡോക്കുമെന്റുകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിൽ ഫാദർ തോമസിനെ കാണുകയായിരുന്നു. രേഖകൾ മോഷ്ടിക്കുന്നതിനിടയിൽ അവരെ തോമസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നേരെ ബലപ്രയോഗവും കയ്യേറ്റവും തുടങ്ങി. അതുകൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. രാത്രിയിൽ പുറത്ത് ശക്തമായ മഴയുണ്ടായിരുന്നതുകൊണ്ട് തോമസിന്റെ കരയുന്ന ശബ്ദമോ നിലവിളിയോ ആരും കേട്ടില്ലായെന്നും പറയുന്നു. മഴ കാരണം സെമിനാരിയിലെ സെക്യൂരിറ്റി മനുഷ്യൻ മുറിക്കുള്ളിലായിരുന്നത് കുറ്റവാളികൾക്ക് രക്ഷയാകുകയും ചെയ്തു.

2013 ഏപ്രിൽ ഒന്നാം തിയതി അതിരാവിലെ സമയം ഫാദർ തോമസ് മരിച്ചുകിടക്കുന്നതായി കണ്ടത് സെമിനാരിയുടെ പ്രിൻസിപ്പോളായിരുന്ന ഫാദർ പാട്രിക്ക് സേവിയറായിരുന്നു. പൊലീസിനെ സംബന്ധിച്ച് ഈ കേസ് വിവാദപരവും വെല്ലുവിളിയുമായിരുന്നു. പൊലീസിൽ നിന്നുള്ള കാല താമസം മൂലം കേസ് സിബിഐ. ഏറ്റെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. നടപടി താമസിക്കുന്നതിനെതിരെ ഇപ്പോഴും ഉന്നതാധികാരികളെ സമീപിക്കാൻ ഒരുങ്ങൂകയാണ് ബന്ധുക്കൾ. വ്യക്തമായ തെളിവുണ്ടായിരിക്കെ തന്നെ ഇവർക്കെതിരെ നടപടിയെടുക്കാൻ സഭ കൂട്ടാക്കാത്തതാണു പ്രതിഷേധത്തിന് ഇടയായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP