Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളാപ്പള്ളിയുടെ യാത്ര കഴിഞ്ഞതോടെ വർഗീയതക്കെതിരെ മുസ്ലിംലീഗ് കേരള ജാഥക്കൊരുങ്ങുന്നു; പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്നത് മുസ്ലിംവോട്ട് സിപിഎമ്മിലേക്ക് ചോരുന്നത് തടയാൻ; കേരളയാത്രയുമായി പിണറായി വിജയനും എത്തുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പോരാട്ടം സിപിഎമ്മും ലീഗും തമ്മിലാകുമോ?

വെള്ളാപ്പള്ളിയുടെ യാത്ര കഴിഞ്ഞതോടെ വർഗീയതക്കെതിരെ മുസ്ലിംലീഗ് കേരള ജാഥക്കൊരുങ്ങുന്നു; പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്നത് മുസ്ലിംവോട്ട് സിപിഎമ്മിലേക്ക് ചോരുന്നത് തടയാൻ; കേരളയാത്രയുമായി പിണറായി വിജയനും എത്തുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പോരാട്ടം സിപിഎമ്മും ലീഗും തമ്മിലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റയാത്രയും ഭാരത് ധർമ്മജന സേന പാർട്ടിയും കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യം അറിയാൻ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. എന്നാൽ, വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയെ ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ജാതി പരസ്യമായി പറഞ്ഞ് വെള്ളാപ്പള്ളി രംഗത്തുവന്നതോടെ ഭൂരിപക്ഷ -ന്യൂന പക്ഷ വേർതിരിവ് കേരളത്തിൽ ശക്തമാകുന്നു എന്നതാണ് ആശങ്ക. എന്തായാലും വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പിറവിയും കേരളത്തിൽ ബിജെപിയുടെ കുതിപ്പിന്റെയും സാഹചര്യത്തിൽ മുസ്ലിംലീഗും യാത്രനടത്തി കരുത്തു തെളിയിക്കാൻ ഒരുങ്ങുന്നു.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയായി കേരള ജാഥ നയിക്കാനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളെ പ്രത്യേകിച്ച് മുസ്ലിംവോട്ടുകളെ ഏകീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുസ്സിംലീഗ് യാത്ര നടത്താൻ ഒരുങ്ങുന്നത്. കേരളത്തിലെ വർഗീയ പ്രവണതകൾക്കെതിരെ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന രാഷ്ട്രീയ വിശദീകരണജാഥ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് നയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ജാഥ നടത്താൻ തീരുമാനമായത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയാണ് ജാഥ.

കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കപ്പെടേണ്ട നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഇത് മുന്നിൽ കണ്ടാണ് രാഷ്ട്രീയ വിശദീകരണ യാത്ര നടത്തുന്നതെന്നും ലീഗ് സംസ്ഥാന നേതൃയോഗം അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടമായ യു.ഡി.എഫിലെ ഐക്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടൊപ്പം വർഗീയതയെ കൂട്ട് പിടിക്കുന്ന സിപിഐഎമ്മിന്റെ കപടരാഷ്ട്രീയം തുറന്നുകാണിക്കുക എന്ന ഉദ്ദേശവും രാഷ്ട്രീയ വിശദീകരണ ജാഥയെന്ന് നേതാക്കൾ പറഞ്ഞു.

വർഗീയഫാസിസ്റ്റ് നയങ്ങൾ കൂട്ടുപിടിക്കുന്ന വെള്ളാപള്ളിയുടെ പുതിയ പാർട്ടി വേര് പിടിക്കില്ലെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും യോഗം വിലയിരുത്തി. ജാഥക്കായി കെ.പി.എ മജീദ് കൺവീനറായി ഉപസമിതിയും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. ജാഥയുടെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശൻ നയിച്ച ജാഥയിൽ കെപിഎ മജീദിനെ വർഗീയിവാദി എന്ന് വിളിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടി അങ്ങനെയല്ലെന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ജാഥ നയിക്കുന്നതും.

വെള്ളാപ്പള്ളിയെയും ബിജെപിയെയും എതിർക്കുന്നതിൽ കോൺഗ്രസ് മടിച്ചു നിന്നപ്പോൾ ശക്തമായി പ്രതികരിച്ച് സിപിഐ(എം) ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് കടന്നുകയറിയിരുന്നു. ബീഫ് ഫെസ്റ്റ് അടക്കമുള്ള വിഷയങ്ങൾ സംഘടിപ്പിച്ചും സിപിഐ(എം) മുസ്ലിംവോട്ടു ബാങ്കിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. തങ്ങളുടെ വോട്ടുബാങ്ക് സിപിഐ(എം) കൊണ്ടുപോകാതിരിക്കാനാണ് ലീഗ് വർഗീയതക്കെതിരെ ജാഥ നടത്തുന്നത്. വെള്ളാപ്പള്ളിയെയും ബിജെപിയെയും ലക്ഷ്യമിട്ട് തന്നെയാകും ലീഗിന്റെ യാത്രയും.

അതേസമയം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഐ(എം) കേരളയാത്ര സംഘടിപ്പിക്കുന്നുണ്ട്. ജനുവരി പകുതിയോടെയാകും ജാഥ ആരംഭിക്കാനാണ് ഉദ്ദേസിക്കുന്നത്. തെരഞ്ഞെടുപ്പ് ആരും നയിക്കും എന്ന ചർച്ചകൾ സിപിഐഎമ്മിൽ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമായിരുന്നു. സിപിഐഎമ്മിന്റെ എക്കാലത്തെയും സമുന്നതനായ നേതാവായതിനാലാണ് പിണറായി വിജയനെ ജാഥ നയിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയതെന്ന് ഇപി ജയരാജൻ അടക്കമുള്ളവർ പ്രതികരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി നടത്തുന്ന ജാഥയിൽ വിഎസിനെ മാറ്റി നിർത്തി പിണറായിയെ മുൻനിരയിൽ നിർത്തുന്നത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കും എന്ന വിലയിരുത്തൽ ഒരു വിഭാഗത്തിനുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായത്തെ മറിക്കടന്ന്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെയാകും ചുങ്കാൻ പിടിക്കുക എന്ന വ്യക്തമായ സന്ദേശമാകും ഈ ജാഥയിലുടെ പാർട്ടി നൽകുക.

ഒരു വശത്ത് പിണറായി ജാഥ നയിക്കുമ്പോൾ തന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടിയും മറുവശത്ത് ലീഗിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലെ സവിശേഷ സാഹചര്യങ്ങൾക്ക് ഇടയക്കുമോ എന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ കോൺഗ്രസിൽ ഗ്രൂപ്പുപോരും പടലപ്പിണക്കങ്ങളും മൂലം കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ വസീറ്റ് വിഭജന കാര്യത്തിൽ അടക്കം ലീഗിന് വഴങ്ങേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കേൺഗ്രസ് നേതാക്കൾ ഭയക്കുന്നുണ്ട്. 30 സീറ്റുകളെങ്കിലും ചോദിച്ച് അതിൽ എല്ലായിടത്തും വിജയിക്കണം എന്നാണ് ലീഗ് ആഗ്രഹിക്കുന്നത്.

വെള്ളാപ്പള്ളിയുടെ പാർട്ടിയും ബിജെപി മുന്നേറ്റവും കൂടി വന്നാൽ കോൺഗ്രസ് തീർത്തും ക്ഷീണത്തിലാകുകയും ചെയ്യും. ഇതിന് തെളിവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ദൃശ്യമാകുകയും ചെയ്തു. എസ്എൻഡിപി - വെള്ളാപ്പള്ളി കൂട്ടുകെട്ട് ഏറ്റവും ക്ഷീണിപ്പിച്ചത് കോൺഗ്രസിനെയാണ്. സിപിഐ(എം) ആകട്ടെ ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ സ്വന്തമാക്കി നില മെച്ചപ്പെടുത്തുകയും ചെയ്തു. ഇത് നിയമസഭയിലും ആവർത്തിച്ചാൽ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി ലീഗ് മാറാനുള്ള സാഹചര്യവും ഉണ്ട്. സിപിഐ(എം) ഭരിക്കുകയും ചെയ്യും.

നേരത്തെ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചാനലായ ടി വി ന്യൂ നടത്തിയ സർവേ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു എന്ന സൂചനയും പുറത്തുവന്നിരുന്നു. സിപിഐ(എം) അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സർവേ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റകക്ഷി ലീഗ് ആകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം ഉണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് സുപ്രധാന ജാഥകൾ കേരളത്തിൽ വരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP