Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമിനിയെ പിന്തുണയ്ക്കാൻ ഇല്ലെന്ന് ഐ ഗ്രൂപ്പ്; രാജമാണിക്യത്തെ പിന്തുണച്ച് മേയർക്കെതിരെ പരോക്ഷ യുദ്ധത്തിന് തുടക്കമിടും; അടവു നയം കൊച്ചിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കും; കരുതലോടെ നീങ്ങാൻ എ വിഭാഗവും; മേയർ-കളക്ടർ യുദ്ധത്തിൽ ഗ്രൂപ്പ് പോര്

സൗമിനിയെ പിന്തുണയ്ക്കാൻ ഇല്ലെന്ന് ഐ ഗ്രൂപ്പ്; രാജമാണിക്യത്തെ പിന്തുണച്ച് മേയർക്കെതിരെ പരോക്ഷ യുദ്ധത്തിന് തുടക്കമിടും; അടവു നയം കൊച്ചിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കും; കരുതലോടെ നീങ്ങാൻ എ വിഭാഗവും; മേയർ-കളക്ടർ യുദ്ധത്തിൽ ഗ്രൂപ്പ് പോര്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ മേയർ-കളക്ടർ പോരിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രാചയം. സുധീരന്റെ പിന്തുണയോടെ തട്ടിയെടുത്ത മേയർ പദവിയിൽ എ ഗ്രൂപ്പുകാരി സ്വസ്ഥതയോടെ ഭരിക്കേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ മേയർക്കാകും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണ. ഇതുകൊച്ചിയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കടുപ്പിക്കും.

കൊച്ചി കോർപ്പറേഷനെതിരെ ജില്ലാ കളക്ടർ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ എടുക്കേണ്ടതിനു പകരം കൗൺസിലർമാർ പരസ്പരം ബഹളം വച്ച് വെറുതെ സമയം പാഴാക്കുകയാണെന്ന് കളക്ടറുടെ ഫേസ്‌ബുക്ക് വിമർശനക്കുറിപ്പിന് ശേഷമാണ് കൊച്ചി മേയർ കളക്ടർ യുദ്ധം തുടങ്ങുന്നത്. എന്നാൽ ഇതിൽ പാർട്ടി ഇടപെടുന്നതിനെ കോൺഗ്രസിലെ ഐ വിഭാഗം അനുകൂലിക്കുന്നില്ല.

കൊച്ചി നഗരത്തിലെ സർക്കാർ ഭൂമി കൈയേറി വാഹന പാർക്കിങ്ങ് അനുവദിച്ച കൊച്ചിയിലെ 32 കെട്ടിട സമുച്ചയങ്ങൾക്കെതിരെ ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു. അത് ഇപ്പോഴത്തെ ഭരണസമിതി തള്ളികളഞ്ഞു അതാണ് പുതിയ കൗൺസിലിനെതിരെ ജില്ലാ കളക്ടറെ ചൊടിപ്പിക്കാൻ കാരണമായതെന്നറിയുന്നു. എന്നാൽ ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിനും വലിയ വിമർശനങ്ങൾക്കുമെതിരെ പോരിനിറങ്ങിയ കൊച്ചി മേയർ സൗമിനി ജയിനെ തുണക്കാനോ ഒപ്പം നിൽക്കാനോ ഞങ്ങളില്ലെന്ന നിലപാടില്ലാണ് കൊച്ചിയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ്. മുൻ മേയർ ടോണി ചെമ്മണിയുമായി അടുപ്പമുള്ള നേതാവാണ് സൗമിനി ജെയിൻ. അതുകൊണ്ട് തന്നെ കളക്ടറുടെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.

അഭിപ്രായം പറഞ്ഞ കളക്ടറെ കൊച്ചിയിൽ നിന്നു മാറ്റാനോ അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനോ മേയർ തുനിഞ്ഞാൽ അതിനെ അംഗീകരിക്കാൻ തങ്ങൾ തയാറാകില്ല എന്ന നിലപാടാണ് ഇപ്പോൾ ഐ ഗ്രൂപ്പ് നിലപാട്. ഇത് മേയറെയാണ് കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത്. കലക്ടർ ഉത്തരവാദിത്തപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം സ്വന്തം അക്കൗണ്ടിലുള്ള ഫേസ്‌ബുക്ക് പേജിൽ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും അത് ശരിയെന്ന് തോന്നിയാൽ വേണ്ട നടപടിയെടുക്കണമെന്നും, അദ്ദേഹത്തെ കൊച്ചിയിൽ നിന്ന് തെറിപ്പിക്കാനോ നടപടികൾ സ്വീകരിക്കണമെന്നു പറയാനോ കൂടെയുണ്ടാവില്ല എന്നാണിപ്പോൾ ഐ
ഗ്രൂപ്പ് വാദം.

അതോടൊപ്പം കളക്ടർ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിക്കാനാണ് എ ഗ്രൂപ്പ് ആധിപത്യത്തിലുള്ള ടൗൺപ്ലാനിങ് സ്ഥിരം കമ്മറ്റിയുടെ തീരുമാനം. കഴിഞ്ഞ കൗൺസിൽ ഭരണത്തിന് ശേഷം ഇപ്പോൾ കൊച്ചി നഗരസഭ 170 കോടിയുടെ ബാധ്യതയിലാണ് എന്നാണ് കേൾക്കുന്നത്. ഇത് പുതിയ മേയറുടെ തലയിൽ വെയ്ക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ട്. ഈ വിവാദം കൗൺസിൽ ഉയർന്നാലും ഐ ഗ്രൂപ്പ് നിശബ്ദരാകും. എല്ലാം എ ഗ്രൂപ്പ് ചെയ്യട്ടേ എന്നാണ് നിലപാട്.

കൊച്ചി മേയർ സീറ്റ് പെയ്‌മെന്റ് സീറ്റാണെന്നുള്ള വലിയ വാദങ്ങൾക്കും വാർത്തകൾക്കുമൊടുവിലാണ് രണ്ടു ഗ്രൂപ്പുകളെയും ഞെട്ടിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ സൗമിനി ജെയിനിന്റെ പേര് മേയർ സ്ഥാനത്തേക്ക് പ്രഖ്യാപ്പിക്കുന്നത്. വലിയ അട്ടിമറികൾ നടത്താമെന്നുകരുതിയ പല കോൺഗ്രസ് നേതാക്കൾക്കും ഇത് വലിയ ഒരടിയായിരുന്നു. കൊച്ചി മേയർ സ്ഥാനത്ത് സൗമിനി ജെയിൻ ഇരിക്കുന്നതിൽ പലർക്കും കല്ലുകടിയുണ്ടെന്നു വ്യക്തം.

ഇതിനിടയിൽ തന്റെ ഔദ്യോഗിക വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള നീല ബിക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണം എന്നാവശ്യപ്പെട്ട് ആർഡിഓ നോട്ടീസ് അയച്ച വാർത്ത മേയറെ കുടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷെ മേയർക്ക് നീല ബിക്കൺ ലൈറ്റ് ആവാം എന്നുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് മേയർക്ക് പിടിവള്ളിയായി. ഇതോടെ കളക്ടർക്ക് എതിരെ നിലപാട് എടുക്കാൻ മേയർ തയ്യാറെടുക്കുയായിരുന്നു. ഐ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കുമ്പോൾ കരുതലോടെ നീങ്ങാനാണ് മേയറുടെ തീരുമാനം.

കഴിഞ്ഞ കൊച്ചി നഗരസഭാ കൗൺസിലിലെ ചർച്ചകളെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടുകൊണ്ട് കലക്ടറാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ കൊച്ചി സ്മാർട് സിറ്റി പദ്ധതിയുടെ ലോഗോ, ടാഗ് ലൈൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോർപ്പറേഷൻ കൗൺസിലുമായി ചർച്ച ചെയ്യാതിരുന്നതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ലോഗോയും ടാഗ്‌ലൈനുമല്ല സ്മാർട്‌സിറ്റി എന്നും കൊച്ചി നഗരം മാലിന്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും കൗൺസിൽ അതൊന്നും ചർച്ച ചെയ്യുന്നില്ലെന്നും കലക്ടർ പോസ്റ്റിൽ പറയുന്നു.

അതിനിടെയാണ് കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഔദ്യോഗികവാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബീക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണമെന്നാവശ്യപ്പെട്ടുള്ള നടപടികളുമുണ്ടായത്. പുതുമോടി മാറും മുൻപേ വിവാദത്തിൽ പെട്ട മേയർ സൗമിനി ജെയിൻ നോട്ടീസ് കിട്ടിയതോടെ വെട്ടിലാകുകയും ചെയ്തു. മോട്ടോർവാഹന വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം കൈക്കൊണ്ടത്. എന്നാൽ, ഇതിന് പിന്നിൽ രാജമാണിക്യത്തിന്റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ആക്ഷേപം.

മേയർ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ നഗരസഭാ സെക്രട്ടറിയുടെ പേരിലായതുകൊണ്ട് ആ പേരിലാണ് മേയർക്കെതിരെ ഇമെയിൽ വഴിയും തപാൽ വഴിയും വാഹനവകുപ്പിന്റെ നോട്ടീസ് വന്നത്. മേയറുടെ നീല ബീക്കൺ ലൈറ്റ് നിയമവിരുദ്ധമെന്നു കാണിച്ചാണ് ആർ.ടി.ഒയുടെ നോട്ടീസ് വന്നത്. കലക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. ഇതിനു മറുപടിയെന്നോണമാണ് മേയർമാരുടെ പട്ടികയിൽ നിന്നു കലക്ടർ രാജമാണിക്യത്തിന്റെ പേരു നീക്കം ചെയ്യാനുള്ള നടപടി സൗമിനി ജെയിൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് നടക്കാൻ വൈകിയ സാഹചര്യത്തിൽ മേയറുടെ ചുമതല കലക്ടർക്കായിരുന്നു.

കോർപ്പറേഷനിലെ മേയർമാരുടെ പട്ടികയിൽ എം.ജി. രാജമാണിക്യത്തിന്റെ പേര് എഴുതിച്ചേർത്തിരുന്നു. അത് നീക്കം ചെയ്യുമെയന്ന മേയർ സൗമിനി ജെയിനിന്റെ പ്രസ്താവനയാണ് പുതിയ തർക്കം. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ അപമാനിച്ച കലക്ടർക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ എ.ബി. സാബു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP