Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്ത് എഴുതിയില്ല എന്നു നുണ പറഞ്ഞത് കൂടുതൽ ക്ഷീണമായി; അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള അവസാന ശ്രമവും പാളി; സുധീരനും ഉമ്മൻ ചാണ്ടിയും വീണ്ടും ഒരുമിച്ചതോടെ ചെന്നിത്തലയുടെ സ്വപ്‌നങ്ങൾ അവസാനിക്കും

കത്ത് എഴുതിയില്ല എന്നു നുണ പറഞ്ഞത് കൂടുതൽ ക്ഷീണമായി; അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള അവസാന ശ്രമവും പാളി; സുധീരനും ഉമ്മൻ ചാണ്ടിയും വീണ്ടും ഒരുമിച്ചതോടെ ചെന്നിത്തലയുടെ സ്വപ്‌നങ്ങൾ അവസാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മാദ്ധ്യമങ്ങളോടായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഒന്നും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു. ഇതിലൂടെ നേതൃമാറ്റം വേണമെന്ന ആവശ്യം തന്നെയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഉദ്യേശിച്ചതെന്നതും വ്യക്തമായിരുന്നു. അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞതിന്റെ വിശദമായ വിവരമാണ് കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ കത്തിലൂടെ പുറത്തുവന്നതും. വിവാദ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ പ്രതിച്ഛായ നഷ്ടമായ അവസ്ഥയിലാണ് ചെന്നിത്തല.

ഉമ്മൻ ചാണ്ടി സർക്കാറിൽ അഴിമതി വ്യാപകമാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡി പി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ കത്ത്. ഇതിന് കാരണം നായർ സമുദായം അകന്നതോടെ ഈ കുറവ് നികത്താൻ നായർ സമുദായത്തിൽ നിന്നു തന്നെയുള്ള തന്നെ മുഖ്യമന്ത്രിയാക്കണെമന്നുമുള്ള ആവശ്യമായിരുന്നു ചെന്നിത്തല ഉന്നയിച്ചത്. കത്തിൽപ്പറഞ്ഞ കാര്യങ്ങളോട് ഒരു വിഭാഗം കോൺഗ്രസുകാർക്ക് തന്നെ ബോധ്യമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം നടത്താനുള്ള യോഗങ്ങളിൽ പറയാതെ ഹൈക്കമാൻഡിനെ നേരിട്ട് ധരിപ്പിച്ചതിലൂടെ ഉമ്മൻ ചാണ്ടിയും സുധീരന്റെയും പൊതുശത്രുവായി ചെന്നിത്തല മാറിയിരുന്നു.

കത്ത് പുറത്തുവന്നത് പ്രതിപക്ഷത്തിന് ആയുധവും നൽകി. എന്നാൽ, വിവാദമായ കത്ത് താൻ അടച്ചതല്ലെന്ന് ആണയിട്ടിട്ടും ഹൈക്കമാൻഡ്് ചെന്നിത്തല അയച്ചതാണെന്ന് സ്ഥിരീകരിച്ചതോടെ ചെന്നിത്തലക്ക് കൂടുതൽ ക്ഷീണമായി മാറി. ചെന്നിത്തലയുടെ കത്ത് കിട്ടിയിരുന്നെന്നു കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥിരീകരിച്ചിരുന്നു. നവംബർ ഏഴിനു രമേശിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽനിന്നാണ് ഹൈക്കമാൻഡിനു കത്ത് കിട്ടിയതെന്നും പിന്നീടു ഡൽഹിയിലെത്തിയ അദ്ദേഹം അതിന്റെ പകർപ്പ് കൈമാറിയെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖ നേതാവ് വെളിപ്പെടുത്തി. ഇതോടെ ചെന്നിത്തല പാർട്ടി വേദിയിൽ നുണ പറഞ്ഞുവെന്ന ആക്ഷേപവും ശക്തമായി. മാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് നുണപറഞ്ഞ നേതാവ് കെപിസിസി യോഗത്തിലും അക്കമിട്ട് കാര്യങ്ങൾ നിരത്തിയാണ് താൻ കത്തു നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം രണ്ട് നേതാക്കളെ വെട്ടി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തിയ നീക്കങ്ങളെ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്ന് ചെറുക്കുകയാണ് ഉണ്ടായത്. അങ്ങനെ കെപിസിസി പ്രസിഡന്റായ തന്നെ വെട്ടി ചെന്നിത്തല എളുപ്പത്തിൽ അധികാര കസേരയിൽ കയറേണ്ട എന്ന ചിന്താഗതിയാണ് സുധീരനും ഉള്ളത്. അതുകൊണ്ട് തന്നെയാണ് കത്ത് വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയെ രക്ഷിക്കുകയും ചെന്നിത്തലയെ വെട്ടിലാക്കുകയും ചെയ്തത്.

വെള്ളിയാഴ്ച ചേർന്ന കെപിസിസി നിർവാഹകസമിതിയോഗത്തിൽ കത്ത് സംബന്ധിച്ചോ രമേശിന്റെ വാദം അംഗീകരിച്ചോ എന്തെങ്കിലും പറയാൻ മുഖ്യമന്ത്രി തയാറായില്ല. അതേസമയം, കത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിലെ ഉള്ളടക്കം വസ്തുതകളാണെന്ന് ഐ പക്ഷം രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് പറയുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. എന്നാൽ കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പരസ്യമായി സമ്മതിക്കണം അല്ലാതെ ഒളിച്ചുവെക്കുന്നത് എന്തിനാണെന്നാണ് സുധീരൻ ചോദിക്കുന്നത്. കെപിസിസി യോഗത്തിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ചെന്നിത്തല നുണ പറഞ്ഞുവെന്നതും സുധീരനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം കത്ത് വ്യാജമാണെന്ന് രമേശ് പരാതിപ്പെട്ടാൽ, അത് ആദ്യം പുറത്തുവന്ന ഡൽഹിയിലാണ് അന്വേഷണം നടത്തേണ്ടത്. കേരള പൊലീസിന് അത് സാധ്യമല്ല. കത്ത് പുറത്തുവന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ രമേശ് പരാതിപ്പെട്ടില്ല. അതിനെ രമേശിന്റെ കത്തിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌നം വഷളാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെന്നിത്തല എത്രയും വേഗം ഡൽഹിയിൽ എത്തിയത്.

പാർട്ടിയധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ അവരുമായി കൂടിക്കാഴ്ച ഉറപ്പായിട്ടില്ല. സോണിയാ ഗാന്ധിക്കാണ് രമേശ് ചെന്നിത്തല ഇമെയിൽ മുഖേന കത്തയച്ചത്. പകർപ്പ് അവരുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിനും അയച്ചു. കോൺഗ്രസിനു കനത്ത തിരിച്ചടി നേരിട്ട തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് കത്തയച്ചത്. നവംബർ 18 മുതൽ 21 വരെ ഡൽഹിയിലുണ്ടായിരുന്ന രമേശ് പാർട്ടിയധ്യക്ഷയെ നേരിൽക്കണ്ട് കത്ത് കൈമാറി ഉള്ളടക്കം വിശദീകരിച്ചു. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്താണ് രമേശ് മടങ്ങിയത്.

രാഹുൽ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരെയും സന്ദർശിച്ച് കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെ രമേശുമായി ബന്ധപ്പെട്ടവർതന്നെയാണ് കത്ത് പുറത്തുവിട്ടതെന്നാണു സൂചന. ഐ ഗ്രൂപ്പിന്റെ പൊതുവികാരമായ കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്നുള്ള തിരിച്ചറിവിലായിരുന്നു അത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ഈ സാഹചര്യത്തിൽ ഭരണതലപ്പത്ത് ഹിന്ദു നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നുമാണ് കത്തിൽ പറഞ്ഞുവയ്ക്കുന്നത്. കോൺഗ്രസിൽ തന്റെ സ്ഥാനം കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തട്ടിയെടുക്കുമെന്ന ആശങ്കയാണ് കത്തിനു പിന്നിലുള്ളത്.

ഡൽഹിയിൽ ഐ.എൻ.ടി.യു.സി. ദേശീയ സമ്മേളനവേദിയിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലും രമേശ് ഇക്കാര്യങ്ങൾ രാഹുലുമായി ചർച്ച ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങാറായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഐ ഗ്രൂപ്പ് കത്ത് പുറത്തുവിട്ടത്. വെള്ളാപ്പള്ളിബിജെപി. കൂട്ടുകെട്ടിനെ തകർക്കണമെങ്കിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട കൂടുതൽ പേർ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി വരണമെന്നാണ് ചർച്ചയിൽ രമേശ് ഹൈക്കമാൻഡിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ടിക്കറ്റ് നൽകുകയാണെങ്കിൽ ഐ ഗ്രൂപ്പിൽപ്പെട്ടവർക്കാണ് ലഭിക്കുക. ഇതോടെ ഭൂരിപക്ഷം എംഎ‍ൽഎമാരുടെ നേതാവ് എന്ന നിലയിൽ രമേശ് നിയമസഭാകക്ഷിയുടെ തലപ്പത്തു വരും ഭരണത്തുടർച്ചയുണ്ടായാൽ മുഖ്യമന്ത്രി, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഇതാണ് ലക്ഷ്യമിട്ടത്. എന്നാൽ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്നതോടെ ചെന്നിത്തലയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP