Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരനും പിണറായിയും ഒരുമിക്കുന്നു; ആശങ്കയോടെ ഉമ്മൻ ചാണ്ടിയും; പുതുവർഷ ദിനത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്ക് തുടക്കമാകുമോ? ചിന്തയുടെ പുസ്തക പ്രകാശനത്തിലെ ചർച്ചകൾ ചൂടുപിടിക്കുന്നു; ഇടതു മുന്നണിക്ക് കൈകൊടുക്കാൻ ഉറച്ച് ജെഡിയു; കെപി മോഹനനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ കരുനീക്കം

വീരനും പിണറായിയും ഒരുമിക്കുന്നു; ആശങ്കയോടെ ഉമ്മൻ ചാണ്ടിയും; പുതുവർഷ ദിനത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്ക് തുടക്കമാകുമോ? ചിന്തയുടെ പുസ്തക പ്രകാശനത്തിലെ ചർച്ചകൾ ചൂടുപിടിക്കുന്നു; ഇടതു മുന്നണിക്ക് കൈകൊടുക്കാൻ ഉറച്ച് ജെഡിയു; കെപി മോഹനനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ കരുനീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഒരു പുസ്തക പ്രകാശന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തുകയാണ്. നേതൃമാറ്റ ചർച്ചകൾ സജീവമാക്കി കോൺഗ്രസിലെ ഐ വിഭാഗം നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കിടെയാണ് പുസ്തക പ്രകാശനവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകി എത്തുന്നത്. നിലവിൽ 73 അംഗങ്ങളുടെ പിന്തുണയിലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ പോക്ക്. അതുകൊണ്ട് തന്നെ കണക്കിലെ കളികളിൽ മാറ്റമുണ്ടാക്കാൻ ഈ പുസ്തക പ്രകാശന ചടങ്ങിന് കഴിയില്ല. എന്നാൽ ഭരണതുടർച്ചെയന്ന മുദ്രാവാക്യം വിലപ്പോവാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ അതും ഉമ്മൻ ചാണ്ടി സർക്കാരിന് കടുത്ത വെല്ലുവിളിയാകും.

ചിന്ത പ്രസിദ്ധീകരിക്കുന്ന എം പി വീരേന്ദ്രകുമാർ രചിച്ച 'ഇരുൾ പരക്കുന്ന കാലം' സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശനം ചെയ്യുന്നുവെന്ന വാർത്തകളാണ് യുഡിഎഫിലെ പുതിയ ചർച്ചാ വിഷയം. രാഷ്ട്രീയമായി രണ്ട് ധ്രവുങ്ങളിലായിരുന്നു ഏറെക്കാലമായി പിണറായിയും വീരനും. ഇത് തന്നെയാണ് ഇടതു പക്ഷത്ത് നിന്ന് വീരനെ യുഡിഎഫിൽ എത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് ജനതാദൾ യൂണൈറ്റഡെന്ന വീരന്റെ പഴയ സോഷ്യലിസ്റ്റ് ജനതയ്ക്ക് മടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ ഇടതു പക്ഷമാണ് നല്ലതെന്ന പൊതു വിലയിരുത്തലും പാർട്ടിയിൽ ഉയർന്നു. ഇതിനിടെയാണ് പിണറായിയുമായി മഞ്ഞുരുകലിന്റെ ചിത്രം വ്യക്തമാക്കുന്ന പുസ്തക പ്രകാശനം.

സിപിഐ(എം) നിയന്ത്രണത്തിലുള്ള പുസ്തക പ്രസാദ ഗ്രൂപ്പാണ് ചിന്ത. വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ചിന്ത പ്രസിദ്ധീകരിക്കുന്നതിൽ തന്നെ രാഷ്ട്രീയമുണ്ട്. വർഗീയ ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ എം പി വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. 2016 ജനുവരി ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌കഌിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. അതായത് പുതുവർഷ ദിനത്തിൽ പിണറായിയും വീരനും ഒരേ വേദിയിലെത്തും. പരസ്പരം സംസാരിക്കും. ഇതോടെ ഇവർ തമ്മിലെ ഭിന്നതയെല്ലാം മാറും. ജനതാദൾ യുണൈറ്റഡിന് ഇടതു പക്ഷത്തേക്കുള്ള പ്രവേശനം എളുപ്പത്തിലാകും. ഇടതു പക്ഷത്ത് സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് വീരനെ സ്വാഗതം ചെയ്യുന്നത്. മാത്യു ടി തോമസിന്റെ ജനതാദള്ളിന് അതുകൊണ്ട് തന്നെ കാര്യമായ ഇടപെടലിനും കഴിയില്ല.

ഏതായാലും ഇടതുപക്ഷവും വലതു പക്ഷവും തമ്മിലെ താരതമ്യം പുസ്തക പ്രകാശനത്തിൽ വീരേന്ദ്രകുമാർ നടത്തും. എൽഡിഎഫിലെ നല്ല ഓർമ്മകളും പങ്കുവയ്ക്കും. മുന്നണി വിടാനുള്ള സാഹചര്യം മറച്ചുവച്ചാകും ഇത്. ലാവ്‌ലിനിൽ കുറ്റ വിമുക്തനായ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ അംഗീകരിക്കുകയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും വിവരിക്കും. വീരനും ജെഡിയുവും നല്ല സുഹൃത്തുക്കളാണെന്ന പിണറായിയുടെ പ്രഖ്യാപനം കൂടിയാകുമ്പോൾ എല്ലാം ശുഭം. അങ്ങനെ വീരൻ ഇടതു പക്ഷത്ത് എത്തുമെന്നാണ് വിലയിരുത്തൽ. കൃഷി മന്ത്രി കെപി മോഹൻ അധികാര സ്ഥാനം വിട്ട് ഈ നീക്കത്തെ പിന്തുണയ്ക്കുമോ എന്നതാണ് ശ്രദ്ധേയം. ഏതായാലും ശ്രേയംസ് കുമാർ എംഎൽഎ ഇടതു പക്ഷത്തോട് അടുപ്പമുള്ള നിലപാട് എടുത്തുകഴിഞ്ഞു.

ആർഎസ്‌പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാർട്ടികൾക്കും യുഡിഎഫിൽ നിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും വേഗം പുറത്ത് കടക്കുകയാണ് ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു. ജെഡിയുവും അർഎസ്‌പിയും തെറ്റ് ഏറ്റ് പറഞ്ഞ് യുഡിഎഫ് വിട്ടാൽ തിരികെ എൽഡിഎഫിൽ എടുക്കാമെന്നാണ് നേരത്തെ പിണറായി പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപാധികളൊന്നും ഇല്ലാതെ ഇരു പാർട്ടികൾക്കും തിരികെ ഇടതു മുന്നണിയിലേക്ക് വരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീരനും പിണറായിയും വേദി പങ്കിടുന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്നത്.

ഏറെ നാളായി ഇടതുപക്ഷത്തേക്ക് മടങ്ങുന്നത് വീരേന്ദ്ര കുമാറിന്റെ പരിഗണനയിലുണ്ടായിരുന്നു. വീരൻ എംഡിയായ മാതൃഭൂമിയിൽ സിപിഎമ്മിനേയും പിണറായിയും വിമർശിച്ച് നിരന്തര വാർത്തകളെത്തി. വീരനെ വി എസ് അച്യൂതാന്ദൻ പക്ഷക്കാരനായി പിണറായി കണ്ടു. ഇതേ തുടർന്നാണ് കോഴിക്കോട് ലോക്‌സഭാ സീറ്റ് പത്തിനൊന്ന് കൊല്ലം മുമ്പ് ജെഡിയുവിന് നിഷേധിച്ചത്. ഇതോടെ വീരൻ യുഡിഎഫിലെത്തി. അപ്പോഴും സിപിഎമ്മിന്റെ അമരത്തുണ്ടായിരുന്ന പിണറായിയുമായി നല്ല സൗഹൃദം സ്ഥാപിക്കാനായില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ തോൽവിയോടെ വീരന് യുഡിഎഫ് മടുത്തു. ഇതിനിടെയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെത്തി. വീരനുമായി കോടിയേരി സംസാരിച്ചു. സിപിഐ(എം) കേന്ദ്ര നേതൃത്വവും അനുകൂലമായി. വിഎസും പിണറായിയും വെടിനിർത്തലിന്റെ പാതയിലുമെത്തി.

ഇതോടെയാണ് വീരന്റെ പുസ്തക പ്രകാശനത്തിന് ചിന്ത എത്തുന്നത്. പ്രകാശനത്തിന് പിണറായി എത്തുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകൽ തന്നെയാണ്. ഇടതു മുന്നണി വിട്ടവരോട് മടങ്ങിയെത്താൻ സിപിഐ(എം) പാർട്ടി പ്ലീനവും നിർദ്ദേശിക്കും. ഇതോടെ പിണറായിയുടെ കൈപിടിച്ച് വീരൻ വീണ്ടും ഇടതു പാളയത്തിലെത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ കെപി മോഹനനെ അടർത്തിയെടുത്ത് വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തിന്റെ മാറ്റ് കുറയ്ക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയവും തദ്ദേശത്തിലെ യുഡിഎഫിന്റെ തോൽവിയും കെപി മോഹനനെ ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതിനോടാണ് മോഹനനും താൽപ്പര്യം.

ജെഡിയു കൂടുമാറിയാൽ ആർഎസ്‌പിയും ചുവടുമാറുമെന്ന വിലയിരുത്തലുണ്ട്. വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് പാലക്കാടും കോഴിക്കോടും സ്വാധീനമുണ്ട്. ആർഎസ്‌പിക്ക് കൊല്ലവും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് മുൻതൂക്കം നൽകാൻ പോന്ന കൂട്ടുകെട്ടായി മാറാൻ സാധ്യതയുള്ള കൂട്ടുകെട്ടാകും അത്. ഇത് തന്നെയാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയെ വലയ്ക്കുന്നതും.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP