Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്തപുരവുമായി ഫൈസി അടുക്കുന്നു; ലീഗിന് ബദലാകാനുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാകുമോ? നിലവിളക്ക് വിവാദത്തിൽ സമസ്തയ്ക്ക് പുറത്തായ സുന്നി നേതാവിനെ പുതിയ തട്ടകം

കാന്തപുരവുമായി ഫൈസി അടുക്കുന്നു; ലീഗിന് ബദലാകാനുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാകുമോ? നിലവിളക്ക് വിവാദത്തിൽ സമസ്തയ്ക്ക് പുറത്തായ സുന്നി നേതാവിനെ പുതിയ തട്ടകം

എംപി റാഫി

മലപ്പുറം: നിലവിളക്കു വിവാദത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ഇ.കെ സമസ്ത ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയ എംപി മുസ്തഫൽ ഫൈസി എ.പി സുന്നി വേദികളിൽ സജീവം. കഴിഞ്ഞ ദിവസങ്ങളിലായി എ.പി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലാണ് അദ്ദേഹം ഉദ്ഘാടകനായി എത്തിയത്. സുന്നികൾക്കിടയിലെ ബുദ്ധിജീവിയും എഴുത്തുകാരനുമായ മുസ്തഫൽ ഫൈസിയെ എ.പി വിഭാഗത്തിലേക്ക് കൊണ്ടു വരാനുള്ള നീക്കമാണ് വേദി പങ്കിടലിന്റെ പിന്നിലെന്നാണ് അറിയുന്നത്. ഇ.കെ വിഭാഗത്തിന്റെ യുവജന സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയ മുസ്തഫൽ ഫൈസിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. നിലവിൽ ഇ.കെ സുന്നികളുടെ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുകയും മറ്റു കമ്മററികളിൽ നിലനിൽക്കുകയും ചെയ്യുന്ന ഫൈസി ബന്ധശത്രുവായ എ.പി സുന്നികളുടെ വേദി പങ്കിടൽ എ.പി സംഘടനകളിലേക്കുള്ള രംഗപ്രവേശനമായാണ് കണക്കാക്കപ്പെടുന്നത്.

കോഴിക്കോട് പൂനൂർ മർക്കസ് ഗാർഡനിൽ നടന്ന ജസ്ബയോസ് മീലാദാഘോഷ പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ.അബ്ദുൽ ഹക്കീം അസ്ഹരിയുടെ ക്ഷണപ്രകാരമായിരുന്നു ഫൈസി ഉദ്ഘാടകനായി എത്തിയത്. തുടർന്ന് ഫൈസിയുമായി എ.പി വിഭാഗത്തിലെ മറ്റു പ്രുഖ നേതാക്കളും ചർച്ച നടത്തുകയുണ്ടായി. ഇതിനു ശേഷമായിരുന്നു മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസം നടന്ന ഹുബ്ബുറസൂൽ സമ്മേളനത്തിൽ അദ്ദേഹം ഉദ്ഘാടനകനായി എത്തിയത്. കേരള മുസ്ലിം ജമാഅത്ത് എന്ന പുതിയ സംഘട രൂപീകരിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് കാന്തപുരം വിഭാഗം രംഗപ്രവേശനം ചെയ്തിരുന്നു. സുന്നികളുമായി സമാനത പുലർത്തുന്ന ആശയമുള്ളവരെയും സുന്നികൾക്കിടയിൽ ഭിന്നിച്ച് നിൽക്കുന്നവരെയും പുതിയ സംഘടനയുടെ ഭാഗമാക്കുകയെന്നത് പ്രധാന ലക്ഷ്യമാണെന്ന് എ.പി സുന്നി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സംഘടനയിലൂടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നേതാക്കൾ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്തഫൽ ഫൈസിയെ മറുകരയിലെത്തിക്കാനുള്ള ശ്രമം.

എന്നാൽ നിലവിളക്കു വിവാദത്തിൽ പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ ചില പണ്ഡിതരും വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫും പാണക്കാട് തങ്ങളെയും മറ്റു സമസ്ത പണ്ഡിതന്മാരെയും സമീപിച്ചിരുന്നു. തുടർന്ന് പ്രമുഖരായ പലരും അനുരഞ്ജന ചർച്ചകളുമായി ഫൈസിയെ സമീപിച്ചിരുന്നു. എന്നാൽ നിലവിളക്കു വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ഈ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ ചർച്ചക്ക് താൻ തയ്യാറാണെന്നുമായിരുന്നു ഫൈസി മറുപടി നൽകിയിരുന്നത്. എന്നാൽ പല സ്ഥാനമാനങ്ങളും വാഗ്ദാനം നൽകി ഫൈസിയെ വീണ്ടും ഇ.കെ സമസ്തയുടെ ഭാരവാഹിത്വത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പലതും നടത്തിയെങ്കിലും അദ്ദേഹം ഉറച്ച നിലപാടിൽ നിൽക്കുകയായിരുന്നു. വർഷങ്ങളായി ഇ.കെ സമസ്തയുടെ സമ്മേളനങ്ങളിൽ പ്രമേയം കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നത് ഫൈസിയെയാണ്. അൽമൂബാറക്ക് മാസികയുടെ പത്രാതിപരായിരുന്ന ഫൈസി സമസ്ത സമ്മേളനങ്ങളിൽ പുറത്തിറക്കിയിരുന്ന സുവനീറുകളുടെ സ്ഥിരം എഡിറ്റർ കൂടിയായിരുന്നു.

സമസ്ത കേരള സുന്നിയുവജന സംഘം സമസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനിടെയായിരുന്നു നിലവിളക്ക് കൊളുത്തുന്നത് അനുകൂലിച്ചതിന് പുറത്താക്കപ്പെടുന്നത്. 1987 ൽ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ മുസ്തഫൽ ഫൈസിക്കെതിരെ സംഘടനാ നടപിടിയെടുത്തപ്പോൾ തന്റെ വാദം തെളിയിക്കും വരെ കോടതി കയറിയിറങ്ങി. ഇന്ത്യൻ ഭരണ വ്യവസ്തിതിയിൽ ബാങ്ക് പലിശ ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ തെറ്റല്ലെന്ന് വ്യാഖ്യാനിച്ച് മുസ്തഫൽ ഫൈസി എഴുതിയ പുസ്തകം വിവാദമായപ്പോൾ ഇ.കെ സമസ്തയിൽ നിന്നും മുമ്പും നടപടിക്ക് വിധേയമായിരുന്നു ഫൈസി. എന്നാൽ മുസ്തഫൽ ഫൈസിയുടെ വാദങ്ങൾക്ക് സാധാരണക്കാർക്കിടയിൽ സ്വീകാര്യത വർദിക്കുകയും പണ്ഡിതന്മാർക്ക് മറുവാദം നിരത്തി അണികളെ ബോധിപ്പിക്കുന്നതിലും പരാജയപ്പെടുകയായിരുന്നു. 1989ൽ സമസ്തയിലുണ്ടായ പിളർപ്പിനു മുമ്പും ശേഷവും തന്റെ നിലപാടുകൾ പരസ്യമായി പറയാൻ മുസ്തഫൽ ഫൈസി തയ്യാറായിരുന്നു. ഇത്തരത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ പുറത്താക്കൽ നടപടി അദ്ദേഹത്തിനെതിരെ തുടരുകയാണ്.

ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താതെ വിട്ടു നിന്നത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇതിനെതിരെ നടൻ മമ്മൂട്ടി പ്രതികരിക്കുകയും അബ്ദുബ്ബ് മറുപടിനൽകുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായി. തുടർന്ന് നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി ചില ലീഗ് നേതാക്കൽ രംഗത്ത് വന്നതോടെ ഇ.കെ സമസ്തയിലെ ചില പണ്ഡിതർ ഇതിനെ എതിർക്കുകയും, ഈ അഭിപ്രായം മുന്നോട്ടു വച്ച ലീഗ് നേതാക്കളെ പരസ്യമായി വിമർശിക്കുകയുമായിരുന്നു. ഇതോടെ ചർച്ചകളും വാദപ്രതിവാദങ്ങളും ലീഗും ഇ.കെ സുന്നികളും തമ്മിൽ കൊമ്പുകോർക്കുന്നതിലേക്ക് എത്തി. എന്നാൽ ഏറെ വൈകാതെ നിലവിളക്കിന്റെ ചരിത്രവും ഇത് കത്തിക്കുന്നതിന് ഇസ്ലാമിന്റെ വിധിയും വിശദമാക്കി ഇ.കെ സുന്നി നേതാവും എഴുത്തുകാരനുമായ എംപി മുസ്തഫൽ ഫൈസി അന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിടുകയായിരുന്നു. നിലവിളക്കിന് പ്രത്യേക ദിവ്യത്വം കൽപിക്കാതെ റിബൺ മുറിച്ചോ ലൈറ്റ് ഓൺ ചെയ്‌തോ ഉദ്ഘാടനം ചെയ്യുന്നത് പോലെ അതേ ഉദ്ധേശത്തോടെയാണ് നിലവിളക്ക് കത്തിക്കുന്നതെങ്കിൽ വിരോധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദത്തിന് ഏറെ കയ്യടി ലഭിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്തതോടെ ഇ.കെ സുന്നികൾക്കിടയിലെ കലഹം മൂർഛിച്ചു.

എന്നാൽ മുസ്തഫൽ ഫൈസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇ.കെ സുന്നിയിലെ പലപണ്ടിതന്മാരെയും പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഉന്നയിച്ച വാദങ്ങൾ പരിശോധിക്കുന്നതിനോ യോഗം ചേരുകയോ ചെയ്യാതാ വാർത്താ കുറിപ്പിറക്കി സ്ഥാനത്തു നിന്നും നീക്കിയതായി അറിയിക്കുകയായിരുന്നു. വിവാദം കെട്ടടങ്ങി മാസങ്ങൾ പിന്നിട്ടതോടെ മുസ്തഫൽ ഫൈസിയെ എ.പി വിഭാഗത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് എപി സുന്നി നേതാക്കൾ. ഇതിനായാ നിരവധി തവണ ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയെന്നാണ് അറിവ്. സമസ്തയുടെ പിളർപ്പിനു മുമ്പ് ഫൈസിയോടൊപ്പം പ്രവർത്തിച്ചിരുന്ന നിരവധി എഴുത്തുകാരും ചിന്തകരും ഇപ്പോൾ എ.പി വിഭാഗത്തിലാണ്.

ഇതിനാൽ ഇവരോട് ഒന്നിക്കുന്നതിന് അനുകൂല നിലപാടാണ് മുസ്തഫൽ ഫൈസിയുടെ ഭാഗത്തു നിന്നും ഇതുവരെയും ഉണ്ടായിട്ടുള്ളത്. എ.പി വേദികളിൽ സജീവമാകുന്നതോടെ പുതിയ സംഘടനയായ മുസ്ലിംജമാഅത്തിന്റെ അമരത്തേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP