Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമ്മിലടിപ്പിക്കാനുള്ള തന്ത്രത്തിൽ വി എസ് വീണില്ല; ജാഥയിൽ പിണറായിയെ കളിയാക്കിയ പന്ന്യൻ രവീന്ദ്രന്റെ വാക്കുകൾക്ക് മറുപടി പരിഹാസം; ജാഥ നയിക്കുന്നയാൾ 'മുഖ്യമന്ത്രി'യാകില്ലെന്നു പറയാൻ പ്രതിപക്ഷ നേതാവില്ല; അത് സിപിഐ നിലപാട് മാത്രമെന്ന് വിശദീകരണം; സിപിഎമ്മിനെ വിഭാഗീയത വിട്ടൊഴിയുന്നുവോ?

തമ്മിലടിപ്പിക്കാനുള്ള തന്ത്രത്തിൽ വി എസ് വീണില്ല; ജാഥയിൽ പിണറായിയെ കളിയാക്കിയ പന്ന്യൻ രവീന്ദ്രന്റെ വാക്കുകൾക്ക് മറുപടി പരിഹാസം; ജാഥ നയിക്കുന്നയാൾ 'മുഖ്യമന്ത്രി'യാകില്ലെന്നു പറയാൻ പ്രതിപക്ഷ നേതാവില്ല; അത് സിപിഐ നിലപാട് മാത്രമെന്ന് വിശദീകരണം; സിപിഎമ്മിനെ വിഭാഗീയത വിട്ടൊഴിയുന്നുവോ?

കോട്ടയം: വിഭാഗീയത മറന്ന് സിപിഐ(എം) ഒന്നിക്കുമ്പോൾ തമ്മിലടിപ്പിച്ചു വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വിവിധ കോണുകളിൽ നിന്നു നടക്കുന്ന നീക്കങ്ങൾക്കു വി എസ് അച്യുതാനന്ദന്റെ തിരിച്ചടി. പിണറായി വിജയന്റെ ജാഥയെക്കുറിച്ചു സിപിഐ നേതാക്കൾ നടത്തിയ പ്രസ്താവനയെ തള്ളിക്കളഞ്ഞാണ് വി എസ് മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്.

ജാഥ നയിക്കുന്നവർ മുഖ്യമന്ത്രിയാകണമെന്നില്ല എന്ന അഭിപ്രായം സിപിഐയുടെ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്നാണു വി എസ് മാദ്ധ്യമങ്ങളോടു പറഞ്ഞത്. പിണറായി വിജയൻ ജാഥ നയിക്കുന്നതിന്റെ അർത്ഥം മുഖ്യമന്ത്രിയാകും എന്നല്ലെന്ന് പന്ന്യൻ രവീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമാന അഭിപ്രായം പങ്കുവച്ചിരുന്നു.

എന്നാൽ, ഇതൊക്കെ തള്ളിക്കളയുന്ന വിധത്തിലായിരുന്നു വി എസിന്റെ പ്രതികരണം. സിപിഐയുടെ അഭിപ്രായം അവർ പറഞ്ഞോട്ടെ, സിപിഎമ്മിന് അതിന്റേതായ രീതികളുണ്ട് എന്നു വ്യക്തമാക്കുന്നതായിരുന്നു വി എസിന്റെ പ്രതികരണം.

സിപിഎമ്മിൽ വിഭാഗീയത ഒഴിയുന്നു എന്നതിന്റെ സൂചനകൾ തന്നെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി നേതാക്കൾ നൽകുന്നത്. വി എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്ന് കേന്ദ്രനേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കാര്യം കേരളത്തിലെ പാർട്ടിയും എൽഡിഎഫും തീരുമാനിക്കുമെന്നായിരുന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. സിപിഐ(എം) ജാഥ പിണറായി വിജയൻ നയിക്കാനും ധാരണയായി. ജാഥയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വി എസും പങ്കെടുക്കുമെന്ന സൂചനയുമുണ്ട്. വിഭാഗീയത മറന്ന് പാർട്ടി അണികൾ ഒന്നിക്കാനുള്ള അവസരം സംജാതമായിരിക്കുമ്പോഴാണ് സിപിഐ നേതാക്കളിൽ നിന്നുള്ള പ്രതികരണം വന്നത്.

പിണറായി വിജയൻ സിപിഐ(എം) ജാഥ നയിച്ചാൽ അത് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയാണെന്ന് അർഥമാക്കേണ്ടതില്ലെന്നു പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യ വെടി പൊട്ടിച്ചത്. എൽഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു തെരഞ്ഞെടുപ്പിനു ശേഷമാണെന്നും പ്രചാരണം നയിക്കാൻ വി എസിന് അയോഗ്യത കൽപ്പിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

ജാഥ നയിക്കുന്നതും തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുന്നതും രണ്ടും രണ്ടാണ്. ജാഥ നയിക്കുന്നവർ മുഖ്യമന്ത്രി ആയാൽ എത്ര മുഖ്യമന്ത്രിമാർ എൽ.ഡി.എഫിനുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ നയിക്കുന്നത് എൽ.ഡി.എഫിന്റെ ജാഥയാണ് എങ്കിൽ അതൊരു സന്ദേശമായേനെ. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും മുഖ്യമന്ത്രിയായ ചരിത്രം ഇടതുമുന്നണിക്കുണ്ട്. ഇടതുമുന്നണിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ജാഥ നയിക്കുന്നതാരെന്ന് തീരുമാനിക്കുന്നത് ഓരോ പാർട്ടിയുടെയും ആഭ്യന്തരകാര്യമാണ്. അത്രയെങ്കിലും സ്വാതന്ത്ര്യം അവർക്ക് വിട്ടുകൊടുക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണം നയിക്കുന്നതിൽ വി എസ്. അച്യുതാനന്ദന് അയോഗ്യത കണ്ടത്തേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞിരുന്നു.

അതിനു പിന്നാലെയാണ് ജാഥയെക്കുറിച്ചുള്ള പരാമർശവുമായി പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയത്. പിണറായി ജാഥ നയിക്കുന്നതിന്റെ അർഥം മുഖ്യമന്ത്രിയാകും എന്നല്ലെന്നായിരുന്നു പന്ന്യന്റെ പരാമർശം. സിപിഎമ്മിനു വല്യേട്ടൻ മനോഭാവമെന്നും പന്ന്യൻ വിമർശിച്ചിരുന്നു. സീറ്റ് നൽകാൻ ഒരു വല്യേട്ടനും വാങ്ങാൻ കുറെ അനിയന്മാരും എന്നൊന്നില്ലെന്നാണു പന്ന്യൻ പറഞ്ഞത്.

സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് പിന്നാലെ കുറച്ചുകൂടി നിലപാട് കടുപ്പിച്ചാണ് മുഖ്യമന്ത്രി ചർച്ചയോട് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചത്. ജാഥ നയിക്കാൻ മാത്രമാണ് പാർട്ടി പിണറായിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. പിണറായി സെക്രട്ടറിയായിരുന്ന സമയത്ത് സീറ്റ് വിഷയത്തിൽ സിപിഎമ്മും സിപിഐയുമായി പലവട്ടം കൊമ്പുകോർത്തിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അർഹിക്കുന്ന പ്രാധാന്യം കിട്ടിയിരുന്നില്ലെന്ന പരാതി സിപിഐ ഉന്നയിച്ചിരുന്നു. സീറ്റ് വിഷയത്തിൽ കടുത്ത നിലപാട് ഇനിയും സ്വീകരിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കുമെന്ന തരത്തിലായിരുന്നു പന്ന്യന്റെ നിലപാട്.

നൗഷാദിനെതിരായ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളിക്ക് ജാമ്യം നൽകിയ കോടതി പരാമർശത്തെയും വി എസ് വിമർശിച്ചു. കോടതി ജാഗ്രത കാട്ടേണ്ടിയിരുന്നു. സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നു ഉണ്ടായതെന്നും വി എസ് പറഞ്ഞു.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP