Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരും ആർക്കും ഭീഷണിയല്ല; എല്ലവരും പരസ്പ്പരം അംഗീകരിക്കുന്നു; ഒറ്റയാന്മാർ ഒറ്റപ്പെടുന്നു; തൊലിവെളുപ്പിന്റെ അധിനിവേശത്തിന് അന്ത്യം; ഭീകരന്മാർക്ക് നിറവും മതവും നഷ്ടമായി: അന്ധാളിപ്പും ആശങ്കയും ഇല്ലാതെ ലോകം മുന്നോട്ട്

ആരും ആർക്കും ഭീഷണിയല്ല; എല്ലവരും പരസ്പ്പരം അംഗീകരിക്കുന്നു; ഒറ്റയാന്മാർ ഒറ്റപ്പെടുന്നു; തൊലിവെളുപ്പിന്റെ അധിനിവേശത്തിന് അന്ത്യം; ഭീകരന്മാർക്ക് നിറവും മതവും നഷ്ടമായി: അന്ധാളിപ്പും ആശങ്കയും ഇല്ലാതെ ലോകം മുന്നോട്ട്

കെ ആർ ഷൈജുമോൻ, ലണ്ടൻ

നാളെയെക്കുറിച്ച് അന്ധാളിപ്പും ആശങ്കയും ഇല്ലാത്തവർ ആരുണ്ട്? അതും പുതുവർഷവേളയിൽ ഉള്ള ലോകക്രമത്തിന്റെ കണക്കെടുപ്പിൽ. എന്നാൽ പതിവിനു വിരുദ്ധമായി ഇത്തവണ ആശങ്കകൾക്കും അസ്വസ്ഥതകൾക്കും ഉപരിയായി പ്രതീക്ഷകളുടെയും വളർച്ചയുടെയും കഥകളാണ് ലോകം പങ്കിടുന്നത്. പോയ വർഷത്തിന്റെ അവസാന നാളുകളിൽ ലോകമെങ്ങും ശക്തമായ ഭീകരാക്രമണത്തിന്റെ വാർത്തകൾ നിറഞ്ഞെങ്കിലും അതൊന്നും മനുഷ്യമനസ്സിനെ കൊടിയ നിരാശയിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളതായിരുന്നില്ല. മാത്രമല്ല അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണത്തെ ഒരു വിഷുക്കാല പടക്കം പൊട്ടുന്ന തരത്തിൽ നിസ്സാരമായി തള്ളാനും ലോകം പഠിച്ചു തുടങ്ങിയിരിക്കുന്നു. ഭീകര വാദികൾക്കുള്ള ഏറ്റവും ശക്തമായ ആയുധമാണ് ലോക മനസാക്ഷിയുടെ ഭയം തീണ്ടാതെയുള്ള ചെറുത്തു നില്പ് തന്നെയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഓരോ ആക്രമണ ശേഷവും ലോക ജനതയുടെ പ്രതികരണം.

മുൻ കാലങ്ങളിൽ ഇത്തരം ആക്രമണങ്ങളോട് ലോകം ഏറെ ഭീതിജനകമായ തരത്തിൽ പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോൾ ഭീകരർ ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കണ്ടു നടത്തുന്ന ചെറുത്തു നിൽപ്പ് ഏറ്റവും ശക്തമായ ആയുധമായി മാറുകയാണ്. ഭീകര ആക്രമണങ്ങൾ ഒരു തരത്തിലും ലോകത്തെ തടഞ്ഞു നിർത്താൻ കെൽപ്പുള്ളതല്ല എന്ന് തെളിയിച്ചാണ് 2015 പടിയിറങ്ങി പോയിരിക്കുന്നത്. ഭീകരവാദത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ലോക നേതാക്കൾ മുഴുവൻ ആഗോള താപനം പോലെ, ലോക ജനതയെ ഏറ്റവും ഭീകരമായി ബാധിക്കാവുന്ന ഭാവിയുടെ വിപത്തായി കണ്ടു തുടങ്ങിയതും മാറുന്ന ലോക കാഴ്ചകളിൽ മുഖ്യമാണ്.

ആരും ആർക്കും ഭീക്ഷണി അല്ലാതാകുന്ന കാലം

ലോകത്തിന്റെ മാറ്റം സൂക്ഷ്മ ചിന്തയിൽ വളരെ രസകരമാണ്. രണ്ട് ലോക യുദ്ധങ്ങളെ അസാധാരണമായി നേരിട്ട ലോകം ഇക്കാലമത്രയും പലവിധത്തിൽ പറഞ്ഞു കൊണ്ടിരുന്നത് എന്നോ വരാനിരിക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ചായിരുന്നു. ആ യുദ്ധം ഭക്ഷണത്തിനും വെള്ളത്തിനും ശുദ്ധ വായുവിനും വേണ്ടി ഒക്കെ ആയിരിക്കുമെന്നും പല വിധത്തിൽ നിരീക്ഷണം ഉണ്ടായി. എന്നാൽ ലോക മാനവികത ഒരു തരത്തിലും മൂന്നാം ലോക യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. നവ തലമുറയ്ക്ക് ഓർമ്മയുള്ള ശീത യുദ്ധവും ഗൾഫ് യുദ്ധവും ഒക്കെ മൂന്നാം ലോക യുദ്ധമായി മാറുമെന്നു പലരും നിരീക്ഷിചിരുന്നെങ്കിലും അവയൊക്കെ അതാത് അതിർത്ഥി പിന്നിട്ടു വളരാൻ ആഗ്രഹിച്ചില്ല. പിന്നീട് കേട്ടത് അമേരിക്കയും പുത്തൻ സാമ്പത്തിക ശക്തിയായ ചൈനയും തമ്മിൽ ഉണ്ടാകാനിടയുള്ള യുദ്ധത്തെ കുറിച്ചാണ്. എന്നാൽ ഇനിയൊരു യുദ്ധം താങ്ങാൻ കഴിയാത്ത വിധം ലോക രാജ്യങ്ങളുടെ സാമ്പത്തിക ക്രമം അപ്പാടെ തകിടം മറിഞ്ഞു എന്നതാണ് യഥാർത്ഥ്യത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്നത്.

എന്തിനേറെ, പല തവണ ഏറ്റുമുട്ടിയ അര നൂറ്റാണ്ടിലേറെ ആയി ബദ്ധവൈരികളായി ലോകം കാണുന്ന ഇന്ത്യക്കും പാക്കിസ്ഥാനും പോലും ഒരു അതിർത്ഥി തർക്കം അല്ലാതെ മറ്റൊരു യുദ്ധത്തിനായി ശേഷി അവശേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. തർക്കങ്ങൾ മുറുകുമ്പോഴും ഇടയ്‌ക്കൊക്കെ ഈ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന സൗഹൃദ കൂടിച്ചേരലുകൾ ഒക്കെ മാനവിക രാശിക്ക് സമ്മാനിക്കുന്ന പ്രതീക്ഷകൾ ചെറുതല്ല. ഏതാനും ദിവസം മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, തികച്ചും അപ്രതീക്ഷിതമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ തലവൻ നവാസ് ഷെരീഫിനു പിറന്നാൾ ആശംസിക്കാൻ ഇസ്ലാമാബാദിൽ എത്തിയത് പോലും ഇത്തരം പ്രതീക്ഷകളുടെ വലിയ സാധ്യതകളാണ് ലോകത്തിനു മുന്നില് തുറന്നിടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ആരും ആർക്കും ഭീക്ഷണി അല്ലാതാകുന്ന ഒരു പുതിയ ലോകക്രമം രൂപം കൊള്ളുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്.

അംഗീകാരത്തിന്റെയും പരസ്പര ധാരണയുടെയും നാളുകൾ

മുൻപ് മറ്റൊരിക്കലും ദൃശ്യമാല്ലതിരുന്ന അംഗീകാരത്തിന്റെയും പരസ്പര ധാരണയുടേയും നാളുകളാണ് ഇപ്പോൾ മാനവ രാശിക്ക് മുന്നിലുള്ളത്. ലോക രാജ്യങ്ങളിലെ വമ്പനും മുൻപനും എന്ന ചേരി തിരിവിന് വല്ലാത്ത കോട്ടം സംഭവിച്ചു കഴിഞ്ഞു. മറ്റുള്ളവർ പറയുന്നത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മൗനം പാലിച്ചു കഴിഞ്ഞിരുന്ന ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളുടെ ശബ്ദവും ലോകം കേട്ട് തുടങ്ങിയിരിക്കുന്നു. അമേരിക്കാൻ അധീശക്ത്വം അവസാനിച്ചെന്നു അവരും മറ്റുള്ളവരും ഒരേ പോലെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങൾക്കു ഒന്നാം നമ്പർ ശക്തിയാകാൻ അത്ര എളുപ്പം കഴിയില്ലെന്ന് ചൈനയ്ക്കു വ്യക്തമായിരിക്കുന്നു. തങ്ങൾ ഒട്ടും മോശക്കരല്ലെന്നു ഇന്ത്യയും മറ്റുള്ളവരും സ്വയം മനസിലാക്കുന്നു.

ഇങ്ങനെ അംഗീകാരത്തിന്റെയും പരസ്പര ധാരണയുടെയും നാളുകൾ സൃഷ്ടിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ ആഗോള ഉച്ചകോടിയിൽ പോലും വികസിത രാജ്യങ്ങളുടെ നേതാക്കളുടെ മുന്നിൽ ആഗോള താപനത്തിൽ ശക്തമായ സ്വരം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അതേ വേദിയിൽ തന്നെ ലോക നേതാക്കൾ കാട്ടിയ ആദരവ് പോലും ഈ പരസ്പര അംഗീകാരത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ആയി മാറുകയാണ്. മോദി ബ്രിട്ടൻ സന്ദർശിക്കുമ്പോഴും ഷീ ജിങ്ങ്പിങ് അമേരിക്ക സന്ദർശിക്കുമ്പോഴും കാമറോണും ഒബാമയും കാട്ടുന്ന അതിരുവിട്ട സ്‌നേഹവും വിനയവും ഒക്കെ ലോക രാഷ്ട്രസമവാക്യങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സുവ്യക്ത സൂചനകൾ തന്നെയാണ്.

തർക്ക വിഷയങ്ങൾ അലിഞ്ഞില്ലാതാകുന്നു

സത്യത്തിൽ ലോകത്തിനു മുന്നിൽ തർക്കിക്കാൻ അധികം വിഷയങ്ങൾ ഇല്ലാതെ പോകുകയാണ്. മുൻപായിരുന്നെങ്കിൽ ആണവ ആയുധങ്ങളും റോക്കറ്റ് സാങ്കേതിക വിദ്യയും അതിർത്ഥി തർക്കങ്ങളും എന്ന് വേണ്ട, എന്തും ഏതും ലോകത്തിനു മുന്നിൽ തർക്കിക്കാൻ ഉള്ള വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ അത്തരം തർക്കങ്ങളുടെ നിരർത്ഥത കൂടുതൽ സൂക്ഷമതയോടെയും വ്യക്തതയോടെയും ലോകം കൂടുതലായി തിരിച്ചറിയുകയാണ്. കടിപിടികൂടാൻ ഒരു വിഷയം ഇല്ലാതെ ക്ലേശിക്കുന്ന ലോകം അല്ല ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. മറിച്ചു എല്ലാവരെയും ഒരേ പോലെ ബാധിക്കുന്ന വിഷയങ്ങളിൽ ഒത്തൊരുമിച്ചു എങ്ങനെ പരിഹാരം കണ്ടെത്താം എന്ന് ലോകം ചർച്ച ചെയ്യുന്ന അസാധാരണമായ മാറ്റം സംഭവിച്ചു കഴിഞ്ഞു.

കഴിഞ്ഞ ആഴ്‌ച്ച, പതിവില്ലാത്ത വിധം കൊടും മഴയിലും വെള്ളപ്പൊക്കത്തിലും ബ്രിട്ടൻ മുങ്ങി താണതും കഴിഞ്ഞ മാസം ചെന്നൈ വെള്ളത്തിനടിയിൽ ആയതും ഒരേ വിധം കണ്ടു തുടങ്ങാൻ ലോകം പഠിച്ചിരിക്കുന്നു. ശൈത്യം പിടി മുറുക്കി ഐസ് വീണ് ജീവിതം നരക തുല്യം ആകുന്ന യൂറോപ്പും അമേരിക്കയും ഇപ്പോൾ മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം താപനില ഉയരുന്നത് ആഗോള പ്രതിഭാസമായ എൽ നീനോ ആണെന്ന് തിരിച്ചറിയുകയാണ്. വെന്തു പൊള്ളുന്ന തരത്തിൽ ഇതേ ദിവസങ്ങളിൽ തന്നെ ആസ്‌ട്രേലിയയിൽ ചൂട് കൂടിയതും ഇതേ കാരണത്താൽ തന്നെ. ഈ അർത്ഥത്തിൽ ലോകം ഒരു വിധത്തിലും ആഗോള പ്രശ്‌നങ്ങളിൽ നിന്ന് വിമുക്തം അല്ലെന്നു മാത്രമല്ല, പ്രശ്‌നങ്ങൾ എല്ലാ അർത്ഥത്തിലും എല്ലാവരുടെതും ആയി മാറുന്ന കാഴ്ചയാണ് കാലാവസ്ഥ വ്യതിയാനം പോലും സമ്മാനിക്കുന്നത്.

ഒറ്റയാൻ കാലം അവസാനിക്കുന്നു

ഏറെക്കാലം ലോക പൊലിസ് എന്ന വിശേഷണം ആസ്വദിച്ചവരാണ് അമേരിക്ക. എന്നാൽ ഇതുകൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിനു മുന്നിൽ വിശാലമായ ഉത്തരം കിട്ടാതെ ക്ലേശിക്കുകയാണ് അമേരിക്ക. ലോകത്തിന്റെ വെറുപ്പ് കൂടുതലായി സമ്പാദിച്ചു എന്നല്ലാതെ പലപ്പോഴും ലോക വേദികളിൽ തല കുനിക്കേണ്ട അവസ്ഥയും അമേരിക്ക നേരിട്ടതാണ്. ഇപ്പോൾ ആ വഴിയിൽ അമേരിക്കയുടെ പഴയ എതിരാളി റഷ്യയാണ് കടന്നു വരുന്നത്. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടി അധീശത്വം സ്ഥാപിക്കാൻ കഴിയാതെ ചിന്ന ഭിന്നമായ സോവ്യറ്റ് യൂണിയന്റെ അവശിഷ്ട്ടം ആയ റഷ്യക്ക് പഴയ മോഹങ്ങൾ ഒട്ടും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മട്ടിലാണ് വ്‌ലാദിമിർ പുട്ടിന്റെ പുതിയ നീക്കങ്ങൾ . കഴിഞ്ഞ വര്ഷം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗം ആയിരുന്ന ഉക്രൈനിൽ കലാപം കുത്തിപ്പോക്കിയും ക്രീമിയയിൽ റഷ്യൻ പട്ടാളം ഇരച്ചു കയറിയാപ്പോഴും മലേഷ്യൻ വിമാനം റോക്കറ്റ് ആക്രമണത്തിൽ നിലം പതിച്ചപ്പോഴും ഒന്നും പുടിൻ ആഗ്രഹിച്ച പോലെ ലോകം വെറുപ്പിന്റെ ശബ്ദവുമായി ഇരച്ചെത്തിയില്ല.

യൂറോപ്പിനെയും നറ്റൊയെയും പ്രകൊപിപ്പിക്കം എന്നാ മട്ടിൽ ഇസ്ലാമിക ഭീകരർക്ക് എതിരെ സിറിയൻ യുദ്ധം നയിക്കാൻ എത്തിയപ്പോഴും ആഗോള പ്രതിസന്ധികളെ ഒന്നിച്ചു എതിർക്കാം എന്ന പാഠം പുടിൻ മറന്നു കളഞ്ഞു . പഴയത് പോലെ ലോകത്തിനു മുന്നില് മസിൽ പവർ കാട്ടാൻ ഇനി അധിക കാലം ആര്ക്കും കഴിയില്ല എന്ന സത്യമാണ് ഇപ്പോൾ റഷ്യൻ സാമ്പത്തിക രംഗത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിച്ചിരുന്ന റഷ്യക്ക് ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുന്നത് ഏതു വിധത്തില ഉള്ള പ്രഹരം സൃഷ്ട്ടിക്കും എന്ന് 2016 തെളിയിച്ചേക്കും. റഷ്യയുടെ കരുതൽ നിക്ഷേപം ചോർന്നു കൊണ്ടിരിക്കുന്ന 2016 ആയിരിക്കും ലോകത്തിനു കാണേണ്ടി വരിക. ഗ്രീസും ഇറ്റലിയും ഒക്കെ നേരിട്ട ഗുരുതര സാമ്പത്തിക പ്രധിസന്ധി റഷ്യയെ 2017 ലിൽ ബാധിച്ചാൽ ഒട്ടും അതിശയിക്കേണ്ട എന്നാണ് സാമ്പത്തിക ലോകത്തിന്റെ നിരീക്ഷണം. ഇതിലൂടെ തെളിയുന്നത് ഒറ്റയാൻ ശൈലിയിൽ ഇനിയാർക്കും ലോകത്തെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് തന്നെയാണ്.

അമേരിക്കയും യൂറോപ്പും വലിയ പ്രതീക്ഷ പോലുമല്ല

എന്താണ് അമേരിക്കക്കും യൂറോപ്പിനും സംഭവിച്ചത്? ലോകം ഏറെ കൗതുകത്തോടെ ചർച്ച ചെയുന്ന ഇനിയും ഉത്തരം ഉരുതിരിഞ്ഞിട്ടില്ലാത്ത ചോദ്യം. വളരെ ലളിതമായി പറഞ്ഞാൽ, പണക്കൊഴുപ്പിൽ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ട്ടമായ ഒരു ജനതയുടെ അലംഭാവത്തിന്റെയും നിഷ്‌ക്രിയതയുടെയും പ്രതിഫലനമാണ് ഇപ്പോൾ അമേരിക്കയും യൂറോപ്പും പങ്കിടുന്നത്. മുൻ കാലങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലും ലോകത്തിനു ശ്വാസം വിടാതെ കണ്ടിരിക്കാനുള്ള വാർത്ത ആയിരുന്നെങ്കിൽ ഇപ്പോൾ അത് അവരുടെ മാത്രം പ്രശനം ആയി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 8 വർഷമായി സാമ്പത്തിക പഞ്ഞത്തരം നേരിടുന്ന യൂറോപ്പ് ലോകത്തിനു ഒരു തരത്തിലും ഭീക്ഷണിയോ പ്രതീക്ഷയോ പോലും ആകുന്നില്ല. ഏറെ പ്രതീക്ഷകൾ ഉണർത്തി യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് യൂറോ സോൺ സൃഷ്ടിച്ചപ്പോൾ അതൊരു വമ്പൻ ലോക ശക്തി ആയി മാറും എന്ന് കരുതപ്പെട്ടിരുന്നെങ്കിലും അനാഥമായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ പതനത്തിൽ കൂടുതലായി ഒന്നും ഈ രാജ്യങ്ങളിൽ സംഭവിക്കുന്നില്ല.

ഒരു നൂറ്റാണ്ട് മുൻപ്, കൃത്യമായി പറഞ്ഞാൽ 1929 മുതൽ 1936 വരെ നേരിട്ട ഗ്രേറ്റ് ഡിപ്രഷനേക്കാൾ ക്ഷതം ഇപ്പോൾ യൂറോപ്പിന് സംഭവിച്ചു കഴിഞ്ഞു . ജോലി ഇലാതെ നട്ടം തിരിയുന്ന 17 ദശലക്ഷം യുവ ജനത യൂറോപ്പിന്റെ പുതിയ മുഖമാണ് കാണിച്ചു തരുന്നത്. തൊഴിൽ ഇല്ലായ്മയുടെ കണകെടുപ്പിൽ ഗ്രീസിൽ 47.9%, സ്‌പെയിനിൽ 47.7%, ഇറ്റലിയിൽ 39.4 %, പൊർറ്റുച്ചുഗലിൽ 31.8%, ഫ്രാൻസിൽ 24.7 % എന്ന തരത്തിൽ ഞെട്ടിക്കുന്ന കണക്കാണ് സമ്മാനിക്കുന്നത്. ഒരു തിരിച്ചു വരവ് പോലും സാധ്യമാകാതെ തരത്തിൽ വീണ്ടും സാമ്പത്തിക ക്ഷാമം യൂറോപ്പിൽ ആഞ്ഞടിച്ചാൽ ഒട്ടും അതിശയപ്പെടാനില്ല. ഈ കണക്കു മുന്നില് കണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതൽ ഏഷ്യൻ അയൽരാജ്യങ്ങളുമായി കച്ചവട ബന്ധവും നയതന്ത്ര ബന്ധവും ഉറപ്പിക്കുന്നത്. ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നില് മുട്ട് മടക്കി നിൽക്കാൻ യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാരണവും മറ്റൊന്നല്ല. കൂറ്റൻ ഫാക്ടറികളും സാങ്കേതിക വിദ്യയും ചലനമറ്റു പോകാതിരിക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ കച്ചവടം കിട്ടിയേ തീരൂ. റോൾസ് റോയ്‌സിനും ബോയിങ്ങിനും എയർ ബസിനും ഒക്കെ പേര് പോലും അവശേഷിപ്പിക്കണമെങ്കിൽ ഇനി കിഴക്കാൻ രാജ്യങ്ങളാണ് ആശ്രയം.

ആഗോളീകരണത്തിന്റെ ഇരട്ടപ്പാത

കൊടുക്കൽ വാങ്ങാലിലൂടെയാണ് ഇനി ലോകം മുന്നോട്ട് നീങ്ങുന്നത് എന്ന് തെളിയിക്കുന്ന ആഗോളീകരണത്തിന്റെ ഇരട്ട പാതയാണ് ഇപ്പോൾ സൃഷ്ട്ടിക്കപ്പെടുന്നത്. ഗ്ലോബലൈസേഷൻ വഴി മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്ന പഴയ കാലത്തിനു അന്ത്യം ആകുന്നു. തങ്ങൾക്കു ഒറ്റയ്ക്ക് മുന്നേറാൻ പരിമിതി ഉണ്ടെന്നു വികസിത ശക്തികൾ തിരിച്ചറിയുന്നു. പടിഞ്ഞാറ് മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരവും പണവും കിഴക്കോട്ടും പിന്നെ ലോകം ഒട്ടുക്കും പടരുന്ന കാഴ്ചയാണ് പുതുലോകം സമ്മാനിക്കുന്നത്. എണ്ണ പണം ലോകത്തെ പല വട്ടം യുദ്ധത്തിന്റെ വഴികളിൽ നയിച്ച ശേഷം ഇപ്പോൾ സാങ്കേതിക വിദ്യയും മനുഷ്യ വിഭവശേഷിയും പണം സൃഷ്ടിക്കുന്ന പുതിയ ഉപാധികൾ ആയി മാറിയിരിക്കുന്നു. എണ്ണ രാഷ്ട്രങ്ങൾ നിയന്ത്രിച്ചിരുന്ന പണവരവ് തെക്ക് കിഴകാൻ ഏഷ്യൻ രാജ്യങ്ങളിൽ എത്തി തുടങ്ങിയതിന്റെ മാറ്റം ആണ് ഇപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്നത്.

ഇതോടെ ലോകത്തിനു നിലനിൽക്കാൻ പരസ്പര സഹകരണവും ധാരണയും കൂടിയേ കഴിയൂ എന്നായി. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരെ സൃഷ്ടിച്ചു ഇന്ത്യയും ചൈനയും നടത്തുന്ന ലോക മുന്നെട്ടത്തിൽ അംഗീകാരത്തിന് ഉപരിയായി ആശ്രയത്തിന്റെ വഴി കൂടി തേടുകയാണ് പാശ്ചാത്യ ശക്തികൾ. ഇത് ആഗോളീകരണത്തിന്റെ വൺവേ റൂട്ട് മാറ്റി ഇരട്ടപ്പാതയിലൂടെയുള്ള സഞ്ചാര ക്രമത്തിന് വഴി തുറക്കാൻ കാരണമായിരിക്കുന്നു. ഇനി പടിഞ്ഞാറിനൊപ്പം കിഴക്കും പണവും പദവിയും ആസ്വദിക്കുന്ന കാലത്തെ കാത്തിരിക്കുകയാണ്. അത് അകലെയല്ല, തൊട്ടടുത്ത് തന്നെയാണ്. പുതുവർഷ ചിന്തയിൽ 2016 സമ്മാനിക്കുന്ന ഏറ്റവും സുന്ദരമായ ചിന്തയും ഇത് തന്നെയാണ്, മറ്റെന്തിനെക്കാളും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP