Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുഷാറിനെ രാഷ്ട്രീയം 'പഠിപ്പിക്കാൻ' വെള്ളാപ്പള്ളി നിയോഗിക്കുന്നത് രാജൻ ബാബുവിനെ? ബിജെഡിഎസിന്റെ പ്രസിഡന്റ് സ്ഥാനത്ത് ജെഎസ്എസ് നേതാവ് എത്തിയേക്കും; ലക്ഷ്യമിടുന്നത് എസ്എൻഡിപിക്കും വെള്ളാപ്പള്ളി കുടുംബത്തിനുമെതിരായ ആക്രമണങ്ങളുടെ മുനയൊടിക്കാൻ

തുഷാറിനെ രാഷ്ട്രീയം 'പഠിപ്പിക്കാൻ' വെള്ളാപ്പള്ളി നിയോഗിക്കുന്നത് രാജൻ ബാബുവിനെ? ബിജെഡിഎസിന്റെ പ്രസിഡന്റ് സ്ഥാനത്ത് ജെഎസ്എസ് നേതാവ് എത്തിയേക്കും; ലക്ഷ്യമിടുന്നത് എസ്എൻഡിപിക്കും വെള്ളാപ്പള്ളി കുടുംബത്തിനുമെതിരായ ആക്രമണങ്ങളുടെ മുനയൊടിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മക്കൾ രാഷ്ട്രീയത്തിനായാണ് ബിജെഡിഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന ആരോപണത്തെ ചെറുക്കാൻ കരുതലോടെ നീങ്ങാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ വിശ്വസ്തനും ജെഎസ്എസ് നേതാവും മുൻ എംഎൽഎയുമായ രാജൻ ബാബുവിനെ പുതിയ പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. എസ്എൻഡിപിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ രണ്ടാം സ്ഥാനമാകും തുഷാറിന്. രാജൻബാബുവിന്റെ രാഷ്ട്രീയ പ്രവർത്തന പരിചയം ബിജെഡിഎസിന് ഗുണകരമാക്കാനാണ് തീരുമാനം. എന്നാൽ സംഘപരിവാർ സംഘടനകളുടെ അഭിപ്രായം തേടി മാത്രമേ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. കെപിഎംഎസ്, യോഗക്ഷേമ സഭാ നേതൃത്വങ്ങളേയും വിശ്വാസത്തിലെടുത്താകും തീരുമാനം.

കെആർ ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെഎസ്എസ് രൂപീകരിച്ചത് മുതൽ അതിന്റെ തലപ്പത്ത് രാജൻബാബു ഉണ്ടായിരുന്നു. നിയമസഭയിലും അംഗമായി. യുഡിഎഫിലെ പ്രധാന നേതാവുമായി. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും കൂറ് വെള്ളാപ്പള്ളിയോടായിരുന്നു. എസ്എൻഡിപിയുടെ പല കേസുകളിലും നിയമോപദേശവും മറ്റും നൽകി പോന്നത് ഈ മുതിർന്ന അഭിഭാഷകനായിരുന്നു. ബിജെഡിഎസിന്റെ നിയമാവലിയ തയ്യാറാക്കാനും രാജൻബാബു വെള്ളാപ്പള്ളിയെ സഹായിച്ചു. ഇതോടെ യുഡിഎഫിൽ രാജൻബാബുവിന് എതിർപ്പ് കൂടി. തൊഴിൽ പരമായ ഇടപെടലായി അതിനെ രാജൻബാബു വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ വിദ്വേഷ പ്രസംഗക്കേസിൽ വെള്ളാപ്പള്ളിയ്‌ക്കൊപ്പം ആലുവാ പൊലീസ് സ്‌റ്റേഷനിൽ രാജൻബാബുവും എത്തി. ഇതോടെ രാജൻബാബുവിനെ പുറത്താക്കാൻ യുഡിഎഫ് തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇതെല്ലാം മുൻകൂട്ടി കണ്ടാണ് രാജൻബാബു വെള്ളാപ്പള്ളിയുമായി അടുത്തത്. ഗൗരിയമ്മയുടെ ജെഎസ്എസ് പാർട്ടിയിലേക്ക് രാജൻബാബു പോയതും വെള്ളാപ്പള്ളിയുടെ താൽപ്പര്യ പ്രകാരമാണ്. എന്നും വെള്ളാപ്പള്ളിയുടെ വലംകൈയായ രാജൻ ബാബുവിനെ ബിജെഡിഎസിന്റെ നേതൃത്വം ഏൽപ്പിക്കാനാണ് നീക്കം. പാർട്ടിയുടെ പദവികളിലേക്ക് താനി്‌ല്ലെന്ന് വെള്ളാപ്പള്ളി ഇതിനോടകം അറിയിച്ചിട്ടുണ്ട്. മകൻ തുഷാറിനെ പാർട്ടി പ്രസിഡന്റാക്കണമെന്ന നിർദ്ദേശം എസ്എൻഡിപിയിലെ ഭൂരിഭാഗവും മുന്നോട്ട് വയ്ക്കുകയും ചെയ്തു. എന്നാൽ തുഷാറിനെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വെള്ളാപ്പള്ളിയുടെ കണക്ക് കൂട്ടൽ. രാഷ്ട്രീയ പ്രവർത്തന പരിചയം തുഷാറിനില്ല. ഇത് പ്രശ്‌നങ്ങളുണ്ടാക്കും. അതിനാൽ പുതിയ പാർട്ടിയെ തുടക്കത്തിൽ രാജൻബാബു നയിക്കട്ടേ എന്നാണ് വെള്ളാപ്പള്ളിയുടെ നിർദ്ദേശം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തുഷാറിനെ നേതാവാക്കും. അതുവരെ രാജൻബാബു അധ്യക്ഷനായി തുടരും. വിശ്വസ്തനായതിനാൽ തുഷാറിലേക്കുള്ള അധികാര കൈമാറ്റം രാജൻബാബുവിൽ നിന്ന് എളുപ്പമാകുമെന്നും വെള്ളാപ്പള്ളി കരുതുന്നു. ഇക്കാര്യങ്ങളെല്ലാം രാജൻബാബുവുമായി വെള്ളാപ്പള്ളി സംസാരിച്ചതായാണ് സൂചന. വെള്ളാപ്പള്ളിയുടെ എന്ത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വെള്ളപ്പാള്ളിയുമായുള്ള അടുപ്പത്തിന്റെ പേരിൽ യുഡിഎഫ് പുറത്താക്കിയാൽ തനിക്കൊപ്പമുള്ള ജെഎസ്എസ് പ്രവർത്തകരുമായി രാജൻബാബു ബിജെഡിഎസിലെത്തും. കെകെ ഷാജുവാണ് ജെഎസ്എസിൽ രാജൻബാബുവിനൊപ്പമുള്ള പ്രമുഖൻ. രാജൻബാബു യുഡിഎഫിന് പുറത്തായാലും ഷാജു കോൺഗ്രസ് പാളയത്തിൽ തന്നെ തുടരുമെന്നാണ് സൂചന.

ആലുവ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് മുമ്പാകെ കീഴടങ്ങാനായി വെള്ളാപ്പള്ളി നടേശനൊപ്പം രാജൻബാബുവും പോയതിനെ കെകെ ഷാജുവും അനുകൂലിക്കുന്നില്ല. ഷാജുവിനെ കൊണ്ട് ജെഎസ്എസിൽ നിന്ന് രാജൻബാബുവിനെ പുറത്താക്കിക്കാനാണ് യുഡിഎഫിന്റെ ശ്രമം. എന്നാൽ ഗൗരിയമ്മ വിട്ടുപോയ ശേഷം ജെഎസ്എസുമായി സഹകരണം മാത്രമാണ് യുഡിഎഫിനുള്ളത്. തന്നെ പൂർണ്ണമായും യുഡിഎഫിലെടുത്താൽ അത്തരം നീക്കങ്ങൾക്ക് തയ്യാറെന്നാണ് ഷാജുവിന്റെ പക്ഷം. അതിനിടെയാണ് വെള്ളാപ്പള്ളിയുടെ പാർട്ടിയെ രാജൻബാബു നയിക്കുമെന്ന സൂചനയെത്തുന്നത്. ഷാജുവിനേയും ബിജെഡിഎസിന് താൽപ്പര്യമുണ്ട്. രാജൻബാബുവിനൊപ്പം ഷാജുവിനേയും കൂടെകൂട്ടാൻ നീക്കമുണ്ട്. എന്നാൽ ഡിവൈഎഫ്‌ഐയുടെ പഴയ തീപ്പൊരിയായ ഷാജുവിന് ബിജെപി ബാന്ധവത്തോട് താൽപ്പര്യമില്ല.

അതിനിടെ പുതിയ പാർട്ടിയെ നയിക്കാൻ രാജൻബാബുവിനെ തന്നെയാണ് വെള്ളാപ്പള്ളിയ ആദ്യമേ കണ്ടതെന്ന സൂചനയുമുണ്ട്. അതുകൊണ്ട് കൂടിയാണ് പാർട്ടിയുടെ രജിസ്‌ട്രേഷനും ഭരണഘടന രൂപീകരിക്കലുമെല്ലാം രാജൻബാബുവിനെ തന്നെ ഏൽപ്പിച്ചത്. അതുകൊണ്ട് തന്നെ രാജൻബാബു ബിജെഡിഎസിന്റെ പ്രസിഡന്റാകുന്നതിൽ അൽഭുതപ്പെടേണ്ടതില്ലെന്ന് മുതിർന്ന എസ്എൻഡിപി യോഗം ഭാരവാഹി മറുനാടനോട് പറഞ്ഞു. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് വെള്ളാപ്പള്ളിയെടുക്കും. അതിനൊപ്പം സമുദായ അംഗങ്ങൾ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പുതിയ പാർട്ടിയുടെ ഭാരവാഹികളെ വെള്ളാപ്പള്ളി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നൽകിയ പരാതിയിൽ എടുത്ത കേസിൽ യു.ഡി.എഫിലെ ഒരു ഘടകകക്ഷി നേതാവ് തന്നെ വെള്ളാപ്പള്ളിക്ക് ഒപ്പം പോയതിനെ വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ലെന്നും എസ്എൻഡിപി പറയുന്നു. കേരളത്തിനെതിരെ കേസ് വാദിക്കാൻ കോൺഗ്രസിന്റെ ദേശീയ വക്താവ് കൊച്ചിയിലെത്തിയിട്ടുണ്ട്. അന്ന് അതിനെ ന്യായീകരിച്ചവരാണ് രാജൻബാബുവിനെ തള്ളിപ്പറയുന്നത്. ഈ രാഷ്ട്രീയം ജനങ്ങൾ മനസ്സിലാക്കുമെന്നും എസ്എൻഡിപി നേതൃത്വം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP