Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂരത്തിനു പ്രഭയേകിയ ഗജവീരൻ ദുരിതപർവത്തിൽ; തിരുവമ്പാടി രാമഭദ്രന്റെ നാലു കാലിലും ആഴത്തിലുള്ള വ്രണം; തുമ്പിക്കൈവരെ തളർന്ന കൊമ്പനെ തിരിഞ്ഞു നോക്കാതെ തിരുവമ്പാടി ദേവസ്വം

പൂരത്തിനു പ്രഭയേകിയ ഗജവീരൻ ദുരിതപർവത്തിൽ; തിരുവമ്പാടി രാമഭദ്രന്റെ നാലു കാലിലും ആഴത്തിലുള്ള വ്രണം; തുമ്പിക്കൈവരെ തളർന്ന കൊമ്പനെ തിരിഞ്ഞു നോക്കാതെ തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരപ്പറമ്പുകളിൽ ആനപ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ദേവസ്വത്തിലെ മുതിർന്ന ഗജവീരൻ തിരുവമ്പാടി രാമഭദ്രന് ഇത് ദുരിതകാലം. ഒരു കാലത്ത് തൃശ്ശൂർ പൂരത്തിന് ഏറ്റവും കുടുതൽ തവണ തിരുവമ്പാടിയുടെ തിടമ്പേറ്റിയ രാമഭദ്രൻ ഇന്ന് നാലു കാലിലും ആഴത്തിലുള്ള വ്രണങ്ങളുമായി തൃശൂർ അമ്പലപുരത്തെ ആനത്താവളത്തിൽ കഴിഞ്ഞ മൂന്നുമാസമായി നരക ജീവിതം നയിക്കുകയാണ്.

കാലുകളിലെ വലിയ മുറിവുകൾക്കൊപ്പം ഭദ്രന്റെ തുമ്പിക്കൈയും തളർന്നതുകൊണ്ട് മുറിവുകളിൽ പൊതിഞ്ഞിരിക്കുന്ന ഈച്ചകളെ തളർന്ന തുമ്പിക്കൈകൊണ്ട് ഒന്നു ആട്ടിയോടിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ നിസ്സഹായനായി കഴിയുകയാണിപ്പോൾ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആനപ്രേമികളുടെ പ്രിയ കൊമ്പനായിരുന്നു ഭദ്രൻ. ഉത്സവ ജനക്കൂട്ടങ്ങളിൽ താരമായിരുന്ന ഈ ആന ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാനാവാതെ നരക ജീവിതം നയിക്കുകയാണ്.

തിരുവമ്പാടി ദേവസ്വത്തിന്റെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന തിരുവമ്പാടി രാമഭദ്രൻ കഴിഞ്ഞ വർഷം വരെ പല എഴുന്നള്ളിപ്പുകളിലും സജീവ സാന്നിധ്യമായിരുന്നു. ഒരു ഉത്സവ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ലോറിയിൽ യാത്ര ചെയുമ്പോൾ ഇടുങ്ങിയ സ്ഥലത്ത് ബാലൻസ് ചെയ്ത് നിന്നതുകൊണ്ടാണ് ഭദ്രന്റെ മുട്ടിൽ മുറിവുകൾ ഉണ്ടായതെന്നും അരികുകൾ ലോറിയിൽ ഉരഞ്ഞുണ്ടായ മുറിവുകൾ ചികിത്സ കിട്ടാതെ വ്രണമായി മാറിയതാണ് രാമഭദ്രന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നുമാണ് ആന പ്രേമികൾ ആരോപിക്കുന്നത്.

ഈ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണെങ്കിൽ കേരളത്തിൽ എഴുന്നള്ളിപ്പിനും മറ്റുമായി ലോറിയിൽ നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന ആനകളുടെ അവസ്ഥയ്ക്ക് ഉത്തമ ഉദാഹരണമാണ് തിരുവമ്പാടി ഭദ്രൻ എന്ന് പറയാം. അതുപോലെ ഒരു കാലത്ത് ദേവസ്വത്തിന്റെയും തിരുവമ്പാടി ക്ഷേത്രത്തിന്റെയും അഭിമാനമായ രാമഭദ്രനെ തിരുവമ്പാടി ദേവസ്വം ബോർഡ് ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

തൃശൂർ അമ്പലപുരത്തെ ആനത്താവളത്തിൽ നരക ജീവിതം നയിക്കുന്ന ഭദ്രന്റെ ദുരവസ്ഥയിൽ മനംനൊന്ത് പല ആനപ്രേമികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വാട്ടർ തെറാപ്പി അടക്കം മതിയായ ചികിത്സ നൽകാത്തതാണ് ആനയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആനയെ പരിശോധിച്ച വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കുഴൽക്കിണറിനോട് ഘടിപ്പിച്ച ഇരുമ്പ് പൈപ്പിലൂടെ ആനത്താവളത്തിൽ വെള്ളം എത്തുന്നുണ്ടെങ്കിലും തുമ്പിക്കൈ തളർന്നു പോയതിനാൽ ആനക്ക് വെള്ളം എടുക്കാൻ കഴിയുന്നില്ല എന്നതാണ് രാമഭദ്രന്റെ നില ഇത്രയും വഷളാവാൻ കാരണമായി അറിയുന്നത്.

ആനകളെ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്നുള്ള സമാനമായ നിരന്തരമായ സംഭവങ്ങളെത്തുടർന്നു സ്ഥാനത്തുടനീളം ജില്ലാ തലത്തിൽ എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് രൂപവൽക്കരിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കേരളത്തിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും നിർദ്ദേശം നൽകിയിട്ടുള്ളതായി അറിയുന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനൊപ്പം മൃഗങ്ങളെ പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളും നടപ്പിലാക്കാനും എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന് കഴിയുമെന്നാണ് ആന പ്രേമികളുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP