Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവയ്ക്കില്ലെന്നു പാക്കിസ്ഥാൻ; നടപടിയെടുക്കാൻ പാക്കിസ്ഥാനോട് അമേരിക്ക; ഭീകരാക്രമണത്തെ നേരിട്ട രീതിയിൽ സംതൃപ്തനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ശബ്ദരേഖ പുറത്ത്

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവയ്ക്കില്ലെന്നു പാക്കിസ്ഥാൻ; നടപടിയെടുക്കാൻ പാക്കിസ്ഥാനോട് അമേരിക്ക; ഭീകരാക്രമണത്തെ നേരിട്ട രീതിയിൽ സംതൃപ്തനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി;  ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ശബ്ദരേഖ പുറത്ത്

പത്താൻകോട്ട്: ഭീകരാക്രമണം നടന്ന പത്താൻകോട്ട് വ്യോമകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷം വ്യോമ താവളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനാണു പ്രധാനമന്ത്രി എത്തിയത്. അതിനിടെ, ജനുവരി 14നും 15നും നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവയ്ക്കില്ലെന്നു പാക്കിസ്ഥാൻ അറിയിച്ചു.

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കരസേനയുടെയും വ്യോമസേനയുടെയും ഉയർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഭീകരാക്രമണത്തിന് പിന്നാലെ പത്താൻകോട്ടിലെ സുരക്ഷ സൈന്യം വർധിപ്പിച്ചിരുന്നു. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

പത്താൻകോട്ട് വ്യോമസേന താവളത്തിൽ ഉണ്ടായ ഭീകരാക്രമണത്തെ നേരിട്ട രീതിയിൽ തൃപ്തനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സേനാവിഭാഗങ്ങളുടെ നിശ്ചയദാർഢ്യവും ഏകോപനവും പ്രശംസനീയമാണ്. എടുത്ത തീരുമാനങ്ങളും അതിന്റെ നടത്തിപ്പും തൃപ്തി നൽകുന്നതാണെന്നും പത്താൻകോട്ട് സന്ദർശിച്ച ശേഷം മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം രാജ്യത്തെ നടുക്കിയ ആക്രമണം ഭീകരർ ആഘോഷമാക്കിയിരിക്കുകയാണ്. ആക്രമണം നടത്തിയവരെ പ്രശംസിക്കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ശബ്ദരേഖ പുറത്തുവന്നു. കഴിഞ്ഞ ദിവസം മസൂദ് അസർ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ വ്യോമകേന്ദ്രത്തിൽ ആക്രമണം നടത്തിയവരെ പ്രശംസിക്കുകയും തീവ്രവാദികളുടെ എണ്ണം പോലും തിട്ടപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ഇന്ത്യയെ പരിഹസിക്കുന്നുമുണ്ട്.

ഇന്നു രാവിലെ പതിനൊന്നോടെയാണ് പത്താൻകോട്ടിൽ മോദിയെത്തിയത്. അതിർത്തിപ്രദേശങ്ങൾ ആകാശമാർഗം പ്രധാനമന്ത്രി പരിശോധിച്ചു. ആക്രമണത്തെ തുടർന്നുള്ള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.

വ്യോമതാവളത്തിൽ എയർ കമോഡർ ജെ എസ് ധാമൂൺ സ്ഥിതിഗതികളെക്കുറിച്ചു പ്രധാനമന്ത്രിക്കു വിശദീകരണം നൽകി. തീവ്രവാദികൾ ആക്രമണം നടത്തിയ പ്രദേശം സന്ദർശിച്ചശേഷം പരിക്കേറ്റ സൈനികരെയും മോദി സന്ദർശിച്ചു.

വ്യോമകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നതിനിടെയാണു ഗുർദാസ്പൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. രഹസ്യാന്വേഷണ വിഭാഗമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയത്. ഗുർദാസ്പൂരിൽ സൈനിക വേഷത്തിൽ രണ്ട് ഭീകരരെ കണ്ടുവെന്ന് ഗ്രാമവാസികൾ മുമ്പ് വെളിപ്പെടുത്തിയിരുന്നെങ്കിലും തെരച്ചിലിൽ യാതൊന്നും കണ്ടെത്താനായിരുന്നില്ല.

മോദി പത്താൻകോട്ടിലേക്ക് തിരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പാക്കിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഉചിതമായ നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞു. പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളിൽ പാക്കിസ്ഥാൻ എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ ശ്രമിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരതയ്‌ക്കെതിരായ നിലപാടിൽ യാതൊരു വിവേചനവുമുണ്ടാവില്ലെന്ന വാക്ക് പാലിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മുംബയ് ഭീകരാക്രമണത്തിൽ സംഭവിച്ചത് പോലെ പാക്കിസ്ഥാൻ ഒഴിവ് കഴിവുകൾ പറയരുതെന്നും ഭീകരർക്ക് സംരക്ഷണമൊരുക്കരുതെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് അഭിപ്രായപ്പെട്ടു. ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടി കാത്തിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. പത്താൻകോട്ട് ഭീകരാക്രമണം നടന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ അന്വേഷണം പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടി ഉചിതമായെന്നും വിദേശകാര്യ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഭീകരാക്രമണം നടന്നെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള സെക്രട്ടറിതല ചർച്ചയിൽ മാറ്റമില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പാർലമെന്റിൽ പറഞ്ഞതായി ദ നേഷൻ പത്രമാണു റിപ്പോർട്ട് ചെയ്തത്. സമഗ്രമായ ഉഭയകക്ഷി ചർച്ച നടത്തുമ്പോൾ കാശ്മീർ അടക്കം എല്ലാ വിഷയങ്ങളും പരിഗണിക്കും. സമഗ്രമായ ചർച്ച നടത്തുന്നതിനുള്ള രൂപരേഖ വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയിൽ തയ്യാറാക്കും. ചർച്ചയ്ക്കുള്ള സമയവും അന്ന് തീരുമാനിക്കും സർതാജ് അസീസ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാൻ സന്ദർശിച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ കാശ്മീർ അടക്കമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതാണെന്നും അസീസ് കൂട്ടിച്ചേർത്തു.

ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂർണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിൽ നിന്നും വ്യോമസേനാ താവളത്തിൽ നിന്നും ശേഖരിച്ച കാൽപ്പാടുകൾ ഫൊറൻസിക്ക് പരിശോധനയ്ക്ക് അയച്ചു.

പത്താൻകോട്ട് വ്യോമതാവളത്തിൽ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടികൂടിയ ഉദ്യോഗസ്ഥനെയും ഭട്ടിൻഡ വ്യോമതാവളത്തിൽ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാക്കിസ്ഥാനിലേക്കു പോയി പിന്നീട് കാണാതായ വ്യക്തിയെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭീകരർക്കു പ്രവേശിക്കാൻ പത്താൻകോട്ട് താവളത്തിന്റെ ചുറ്റുമതിലിലെ ലൈറ്റ് കെടുത്തിയതും ദിശമാറ്റിയതും ആരെന്നതും അന്വേഷിക്കുന്നുണ്ട്. പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഈയിടെ വ്യോമസേനയിൽ നിന്നു പിടിയിലായ മലയാളി കെ കെ രഞ്ജിത്തിന്റെ പങ്കും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ പത്താൻകോട്ട് ഭീകരാക്രമണം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. വ്യോമതാവളത്തിൽ കയറിയ ആറു ഭീകരരെ കനത്ത ഏറ്റുമുട്ടലിനൊടുവിൽ സൈന്യം വധിച്ചിരുന്നു. ഇന്ത്യയുടെ ഏഴു സൈനികരുടെ ജീവനും ആക്രമണത്തിൽ നഷ്ടപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP