Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോളാർ കേസിൽ ഇടക്കാല റിപ്പോർട്ടു നൽകാനില്ലെന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ; ഏപ്രിൽ 27ന് മുമ്പ് കമ്മീഷൻ റിപ്പോർട്ടു നൽകും; ഈ മാസം 28നു സരിതയെ വിസ്തരിക്കും; സരിത ജയിൽ വച്ചെഴുതിയ കത്തു ഹാജരാക്കാനും നിർദ്ദേശം; ബിജുവിനും സരിതയെ വിസ്തരിക്കാൻ അനുമതി

സോളാർ കേസിൽ ഇടക്കാല റിപ്പോർട്ടു നൽകാനില്ലെന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ; ഏപ്രിൽ 27ന് മുമ്പ് കമ്മീഷൻ റിപ്പോർട്ടു നൽകും; ഈ മാസം 28നു സരിതയെ വിസ്തരിക്കും; സരിത ജയിൽ വച്ചെഴുതിയ കത്തു ഹാജരാക്കാനും നിർദ്ദേശം; ബിജുവിനും സരിതയെ വിസ്തരിക്കാൻ അനുമതി

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോർട്ടു നൽകില്ലെന്നു സോളാർ കമ്മീഷൻ. ഏപ്രിൽ 27നു മുമ്പ് റിപ്പോർട്ടു നൽകാനൊരുങ്ങുകയാണു ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ.

അതിനിടെ, പ്രതിയായ സരിത എസ് നായരെ വിസ്തരിക്കാൻ കമ്മീഷൻ ബിജു രാധാകൃഷ്ണന് അനുമതി നൽകി. സരിത എസ് നായരുടെ വിവാദ കത്ത് ഹാജരാക്കാനും ജുഡീഷ്യൽ കമ്മീഷൻ ഉത്തരവിട്ടു.

ഇതിന് സരിത തയ്യാറായില്ലെങ്കിൽ കത്ത് പിടിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമോ എന്നതും ചർച്ചയായിട്ടുണ്ട്. കത്ത് തന്റെ സ്വകാര്യതയാണെന്നും അത് കമ്മീഷന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്നും ആണ് സരിത നേരത്തെ വ്യക്തമാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ സോളാർ കേസ് കൂടുതൽ വിവാദങ്ങളിലേയ്ക്കാണു നീങ്ങുന്നത്.

സരിത എസ് നായരേയും ഉമ്മൻ ചാണ്ടിയേയും ശാലു മേനോനേയും സരിതയുടെ അമ്മയേയും വിസ്തരിക്കാൻ അനുവദിക്കണം എന്നായിരുന്നു ബിജു രാധാകൃഷ്ണൻ കമ്മീഷനോട് ആവശ്യപ്പെട്ടത്. സരിത എസ് നായരെ വിസ്തരിക്കാനുള്ള അനുമതിയാണ് സോളാർ കമ്മീഷൻ ഇപ്പോൾ ബിജു രാധാകൃഷ്ണന് നൽകിയിട്ടുള്ളത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെ വിസ്തരിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

പത്തനംതിട്ട ജയിലിൽ വച്ച് സരിത മജിസ്‌ട്രേറ്റിന് എഴുതി എന്ന് പറയുന്ന യഥാർത്ഥ കത്ത് ഹാജരാക്കാനാണ് ഇപ്പോൾ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കത്ത് തന്റെ സ്വകാര്യതയാണെന്നായിരുന്നു സരിതയുടെ അഭിഭാഷകൻ വാദിച്ചത്. അത് സോളാർ കമ്മീഷന്റെ പരിധിയിൽ വരില്ലെന്നും വാദിച്ചിരുന്നു. എന്തായാലും സരിതയുടെ വാദങ്ങളെല്ലാം തള്ളിയാണ് കമ്മീഷൻ കത്തു തയ്യാറാക്കാൻ ആവശ്യപ്പെട്ടത്.

ജനുവരി 27, 28 തീയ്യതികളിൽ കമ്മീഷന് മുന്നിൽ ഹാജരാകണം എന്നാണ് സരിതയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും സരിത ഹാജരായിരുന്നില്ല. അതിനിടെ, ബിജു രാധാകൃഷ്ണൻ തന്നെ ക്രോസ്സ് വിസ്താരം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കമ്മീഷൻ വിസ്തരിക്കുന്നുണ്ട്. ജനുവരി 25 ന് തിരുവനന്തപുരത്ത് വച്ചായിരിക്കും വിസ്താരം. ഇതോടെ, സോളാർ തട്ടിപ്പ് കേസ് നിർണായകമായ പല ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന് ഉറപ്പായിരിക്കുകയാണ്.

വീണ്ടും ചർച്ചകൾ കൊഴുക്കുമ്പോൾ ബിജു രാധാകൃഷ്ണൻ സൂചിപ്പിച്ച സിഡിയും പുറത്തുവരുമെന്നാണ് വിവിധ കോണിൽ നിന്നുള്ള അഭിപ്രായങ്ങൾ. സോളാർ കമീഷൻ അന്വേഷണത്തിൽ ഇടക്കാല റിപ്പോർട്ട് വേണമെന്ന് കക്ഷികൾ നേരത്തെ ആവശ്യമുന്നിയിച്ചിരുന്നു. പൂർണമായ അന്വേഷണ റിപ്പോർട്ടാണ് അഭികാമ്യമെന്ന് സർക്കാർ അഭിഭാഷകർ അറിയിച്ചെങ്കിലും ഇടക്കാല റിപ്പോർട്ട് എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഇതുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കമ്മീഷന്റെ തീരുമാനം ഇടക്കാല റിപ്പോർട്ട് വേണ്ടെന്നായിരുന്നു.

സോളാർ കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കുന്ന ഏപ്രിൽ 27നു മുമ്പുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിക്കഴിഞ്ഞു. സാക്ഷികൾ പലരും ഹാജരാകാതിരിക്കുന്നത് പരിഗണിച്ച് ജസ്റ്റിസ് ശിവരാജൻ കമീഷൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ യോഗത്തിലായിരുന്നു ഇടക്കാല റിപ്പോർട്ട് എന്ന ആവശ്യം ഉയർന്നത്. എന്നാൽ, ഇടക്കാല റിപ്പോർട്ടുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് കേസിലെ കക്ഷികളിലൊരാളായ ജിക്കുമോന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയടക്കം നാൽപതോളം പേരെ ഇനിയും വിസ്തരിക്കാനും മൊഴിയെടുക്കാനുമുണ്ടെന്ന് ആമുഖത്തിൽ കമീഷൻ സൂചിപ്പിച്ചു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കേണ്ടി വന്നേക്കാം. കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. അതിനു മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. സമയം വളരെ കുറവാണ്. 2013 ൽ കമീഷൻ രൂപവത്കരിച്ചശേഷം ഒന്നര വർഷത്തോളം പലരും മൊഴി നൽകാൻ എത്താഞ്ഞത് സമയപരിധിയെ ബാധിച്ചിട്ടുണ്ട്.

സോളാർ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത എസ്. നായരും, പി.എ. മാധവൻ എംഎ‍ൽഎയും ചില പൊലീസ് ഉദ്യോഗസ്ഥരും കമീഷൻ മൊഴിയെടുക്കുന്നതിൽനിന്ന് മനഃപൂർവം വിട്ടുനിൽക്കുകയാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇവരെ കമീഷനിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഹാജരാകാൻ പ്രേരിപ്പിക്കണം. കമീഷൻ നിശ്ചയിക്കുന്ന തീയതികളിൽ ബന്ധപ്പെട്ടവർ മൊഴിയെടുക്കാൻ എത്തണമെന്ന് നിഷ്‌കർഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

സോളാർ കേസിൽ ഉൾപ്പെട്ട ബിജു രാധാകൃഷ്ണൻ കമീഷനിൽ ഹാജരാക്കാമെന്ന് സമ്മതിച്ച സിഡി ഇതുവരെ ഹാജരാക്കിയിട്ടില്ല. സരിത നായർ എഴുതിയ കത്തും ഹാജരാക്കിയിട്ടില്ല. ഇതു രണ്ടും കണ്ടെടുക്കാൻ കമീഷൻ അധികാരമുപയോഗിക്കണമെന്നും ആവശ്യമുയർന്നു. നിശ്ചിത തീയതിക്കകം തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കാൻ കമീഷന് അധികാരമുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ 25 ന് വിസ്തരിക്കാനാണ് കമീഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിന് മുമ്പ് സരിത ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കൽ പൂർത്തിയാക്കണം. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കൽ സരിതയുടെ സാന്നിധ്യത്തിലാകണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ജോസ്.കെ.മാണി, എ.ഡി.ജി.പി പത്മകുമാർ, ഡി.വൈ.എസ്‌പി ഹരികൃഷ്ണൻ എന്നിവരുടെ മൊഴി വിശദമായി രേഖപ്പെടുത്തണമെന്നും ആവശ്യമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP