Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്ക് ബെന്നി ബെഹന്നാൻ; തെക്ക് തമ്പാനൂർ രവി; ഡൽഹിയിൽ പാവം പയ്യൻ; മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പൂകാർ ഈ മൂന്ന് പേർ; ഉമ്മൻ ചാണ്ടിക്ക് വേണ്ടി കരുക്കൾ നീക്കുന്ന മൂവർ സംഘത്തിന്റെ കഥ

വടക്ക് ബെന്നി ബെഹന്നാൻ; തെക്ക് തമ്പാനൂർ രവി; ഡൽഹിയിൽ പാവം പയ്യൻ; മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പൂകാർ ഈ മൂന്ന് പേർ; ഉമ്മൻ ചാണ്ടിക്ക് വേണ്ടി കരുക്കൾ നീക്കുന്ന മൂവർ സംഘത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: കൂടെ നിൽക്കുന്നവരെ കൈവിടാത്ത വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അതിനായി ഏതു വഴിയിലൂടെയും നീങ്ങും. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ കെ കരുണാകരനെ വെട്ടി മുഖ്യമന്ത്രിയായി എകെ ആന്റണിയെ എത്തിച്ചു. അതിന് ശേഷം ആന്റണിയെ മാറ്റി മുഖ്യമന്ത്രി പദത്തിലേക്ക്. ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിന്റെ അമരത്ത് അങ്ങനെ ഉമ്മൻ ചാണ്ടിയെത്തി. സൂക്ഷ്മതയോടെ കരുക്കൾ നീക്കി കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായി മാറി. ത്രിമൂർത്തികളുടെ കരുത്തിലാണ് ഉമ്മൻ ചാണ്ടി ഇത് സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് തമ്പാനൂർ രവി, എറണാകുളത്ത് ബെന്നി ബെഹന്നാൻ, ഡൽഹിയിൽ പാവം പയ്യനെന്ന തോമസ് കരുവിളയും.

സോളാർ കേസിൽ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് തോമസ് കുരുവിളയെന്ന് സരിത പറയുന്നു. എന്നാൽ സംഭവം വിവാദമായപ്പോൾ തമ്പാനൂർ രവിയും ബെന്നി ബഹന്നാനും എത്തി. കേസിൽ നിന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കുകയായിരുന്നു ഇവരുടെ ദൗത്യം. സരിതയുടെ അമ്മയോടു പോലും ഇവർ നേരിട്ട് സംസാരിച്ചു. അങ്ങനെ സരതിയുടെ കത്ത് നാല് പേജിലേക്ക് ചുരുങ്ങി. പിന്നേയും നയതന്ത്രങ്ങൾ ബെന്നിയും തമ്പാനൂർ രവിയും തുടർന്നു. അതുകൊണ്ട് തന്നെയാണ് സോളാറിൽ ഉമ്മൻ ചാണ്ടി കരുക്കിലാകുമ്പോൾ ഈ മൂവരുടെ പേരും സജീവമായി ചർച്ചയാകുന്നത്. ഇവരുടെ പേരൂകൂടി പുറത്താകുന്നതോടെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ആരുമില്ലാതെയാകും.

കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം പ്രവർത്തന പരിചയമുള്ള നേതാവാണ് തമ്പാനൂർ രവി. എകെ ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും വിശ്വസ്തൻ. നെയ്യാറ്റിൻകരയിലെ സാമൂദായിക സമവാക്യങ്ങൾ അപ്രതീക്ഷിതമായി അനുകൂലമാക്കി എംഎൽഎയായ തമ്പാനൂർ രവി. പത്തുകൊല്ലം മുമ്പ് നാടാർ ഫോർമുല നെയ്യാറ്റിൻകരയിൽ ആഞ്ഞടിച്ചപ്പോൾ അടിതെറ്റി വീണ എംഎൽഎ. പിന്നീട് ഉമ്മൻ ചാണ്ടിക്ക് ഒപ്പമായി യാത്ര. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി നിറഞ്ഞു മുന്നേറിയപ്പോൾ തമ്പാനൂർ രവി കെപിസിസിയിലെ ഉമ്മൻ ചാണ്ടിയുടെ മുഖമായി. ആരേയും പിണക്കാത്ത നേതാവാണ് തമ്പാനൂർ രവി. കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിച്ച് ആരേയും ഒപ്പം കൂട്ടാനുള്ള മികവാണ് തമ്പാനൂർ രവിയെ ശ്രദ്ധേയനാക്കുന്നത്.

തിരുവനന്തപുരം ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ എ ഗ്രൂപ്പിന് ചോർച്ചയുണ്ടാക്കാതെ നോക്കിയത് തമ്പാനൂർ രവിയാണ്. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് എത്തിച്ചതും തമ്പാനൂർ രവിയുടെ കരുനീക്കമായിരുന്നു. സിപിഐ(എം) എംഎൽഎ ആയ സെൽവരാജിനെ കോൺഗ്രസ് പക്ഷത്ത് എത്തിച്ചു. നെയ്യാറ്റിൻകരയിൽ സെൽവരാജ് ജയിച്ചാൽ നഷ്ടമാകുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അവിടെ മത്സരിക്കാനുള്ള തമ്പാനൂർ രവിയുടെ ക്ലെയിമായിരുന്നു. തമ്പാനൂർ രവി സെൽവരാജിനെ തോൽപ്പിക്കുമെന്ന് സിപിഐ(എം) പോലും പ്രതീക്ഷിച്ചു. എന്നാൽ തമ്പാനൂർ രവിക്ക് നിയമസഭാ സീറ്റിനേക്കാൾ പ്രധാനം ഉമ്മൻ ചാണ്ടിയുടെ വിജയമായിരുന്നു. അതുകൊണ്ട് തന്നെ മുന്നിൽ സെൽവരാജിനെ ജയത്തിലേക്ക് എത്തിച്ചു.

രാജ്യസഭാ സീറ്റുകൾ ഒഴിവു വരുമ്പോഴെല്ലാം ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഈ വിശ്വസ്തന്റെ പേരായിരുന്നു. പക്ഷേ എന്തുകൊണ്ട് അത് നടക്കാതെ പോയി. ഇതൊന്നും തമ്പാനൂർ രവിയെ ഉമ്മൻ ചാണ്ടിയിൽ നിന്ന് അകറ്റിയില്ല. ബാർ കോഴ വിവാദത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കൾ നീക്കിയതും തമ്പാനൂർ രവിയാണ്. കെഎം മാണിയെ യുഡിഎഫ് പക്ഷത്ത് ഉറപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിന് ചുക്കാൻ പിടിച്ചതും തമ്പാനൂർ രവിയായിരുന്നു. ആരേയും അടുപ്പിക്കാനുള്ള തമ്പാനൂർ രവിയുടെ മികവ് ചാണ്ടിക്കുമറിയാം. അതുകൊണ്ടാണ് സരിതയെ അനുനയിപ്പിക്കാനുള്ള ചുമതല പോലും തമ്പാനൂർ രവിയിലെത്തുന്നത്. പുറത്തു വന്ന ശബ്ദരേഖയിൽ പോലും പതിഞ്ഞ ശബ്ദത്തിൽ ആരേയും വശത്താക്കാനുള്ള തമ്പാനൂർ രവിയുടെ കഴിവ് വ്യക്തമാണ്.

വടക്ക് ബെന്നി ബെഹന്നാനാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ. എന്തു പറഞ്ഞാലും ചെയ്തു കൊടുക്കുന്ന വിശ്വസ്തൻ. മന്ത്രിയായിരുന്ന ടിഎം ജേക്കബ് മരിച്ചപ്പോൾ സർക്കാരിന് മുന്നിൽ ഒരു പ്രതിസന്ധിയെത്തി. രാത്രി 12നാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. രാവിലെ ഒൻപത് മണിക്ക് ജേക്കബിന്റെ വിലാപ യാത്ര തുടങ്ങണം. കെഎസ്ആർടിസി ബസ് ഇതിനായി ഒരുക്കണം. തിരുവനന്തപുരത്ത് പണി പൂർത്തിയാക്കി അതിരാവിലെ ബസ് എറണാകുളത്ത് എത്തില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് എന്തു ചെയ്യണമെന്നും അറിയില്ല. പ്രശ്‌നം സങ്കീർണ്ണമായപ്പോൾ ഉമ്മൻ ചാണ്ടി, ബെന്നിയെ വിളിച്ചു. രാവിലെ എട്ടരയ്ക്ക് ഞാൻ കൊച്ചിയിലെത്തും. അതിന് മുമ്പ് വിലാപയാത്രയ്ക്കുള്ള ബസ് തയ്യാറാകണം. എല്ലാം ഏറ്റെന്ന് ബെന്നിയും മറുപടി നൽകി. ശീതീകരിച്ച ജെന്റം ബസിനെ വിലാപയാത്ര ബസാക്കി മാറ്റി പ്രശ്‌നം പരിഹരിച്ചു. ഗതാഗത മന്ത്രിക്ക് എന്നല്ല കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർക്ക് പോലും ഈ ബുദ്ധി പോയിരുന്നില്ല.

അത്ര പെർഫക്ടാകും ബെന്നിയുടെ ഓപ്പറേഷൻ എന്ന് മുഖ്യമന്ത്രിക്ക് അറിയാം. എറണാകുളത്ത് പൊലീസിനെ പോലും നിയന്ത്രിക്കാനുള്ള അധികാരവും അവകാശവും ബെന്നിക്ക് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. നിസാം കേസിലും മറ്റും ബെന്നിയുടെ പേരുയർന്നത് അതുകൊണ്ട് കൂടിയാണ്. ബെന്നി പറയുന്നത് എന്തും തന്റെ വാക്കായി കണ്ട് ചെയ്തു കൊടുക്കണമെന്ന് ഏവർക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്. സോളാറിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാനും കുരക്കൾ നീക്കി. പത്തനംതിട്ട ജയിലിലെ വിവാദ കത്ത് പുറം ലോകത്ത് എത്തിക്കാതെ നോക്കിയത് ബെന്നിയാണെന്ന് കരുതുന്നവരുമുണ്ട്. ബെന്നിക്ക് മുഖ്യമന്ത്രി കൊടുക്കുന്ന അമിത പ്രാധാന്യത്തിൽ കോൺഗ്രസിലെ എ പക്ഷത്തുള്ളവർക്ക് പോലും രണ്ടഭിപ്രായമുണ്ട്. ജാതി സമവാക്യങ്ങൾ കാരണമാണ് ബെന്നിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ എടുക്കാത്തതെന്നതും പകൽ പോലെ വ്യക്തമാണ്.

തമ്പാനൂർ രവി മുഖേനയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സരിതയ്ക്ക് പണം നൽകുന്നതെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനാണ് ആദ്യം ഒളിക്യാമറയിൽ ആരോപണമുന്നയിച്ചത്. 2015 ജൂൺ പതിനെട്ടിനായിരുന്നു ഇത്. തമ്പാനൂർ രവിയോട് പലതവണ താൻ പണം കൈപ്പറ്റിയിട്ടുണ്ട്. സരിത ജയിലിൽ കഴിഞ്ഞ സമയത്ത് താൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചപ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതായും അന്ന് ഫെനി വ്യക്തമാക്കി. എറണാകുളത്തെ പണമിടപാടിൽ ബെന്നി ബഹ്നാനാണ് ഇടനിലക്കാരനെന്നും ഫെനി പറഞ്ഞിരുന്നു. സരിത ജയിലിൽ നിന്നിറങ്ങിയശേഷം കേസുകൾ പണം നൽകി ഒത്തുതീർത്തു. കോടികളാണ് ഇതിനായി സരിത ചെലവഴിച്ചത്. ഇതിനുള്ള പണം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ കോൺഗ്രസ് നേതാക്കളുമാണ് സരിതയ്ക്ക് നൽകിയതെന്ന് അന്നേ സൂചനയുണ്ടായിരുന്നു. കേസ് ഒത്തുതീർക്കാൻ സരിതയ്ക്ക് ഇത്രയുംപണം എവിടെനിന്ന് ലഭിക്കുന്നുവെന്ന് ഹൈക്കോടതി തന്നെ ചോദിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതായിരുന്നു ഫെനിയുടെ വാക്കുകൾ.

തമ്പാനൂർ രവിയേയും ബെന്നിയേയും പോലെ പ്രധാനിയാണ് തോമസ് കുരുവിള. കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനമൊന്നും പുതുപ്പള്ളിക്കാരനില്ല. പക്ഷേ ഇദ്ദേഹത്തിന്റെ വാക്കുകളും മുഖ്യമന്ത്രിയക്ക് പ്രധാനപ്പെട്ടതാണ്. എ ഗ്രൂപ്പിലെ പലരും മുഖ്യമന്ത്രിയിൽ നിന്ന് കാര്യസാധ്യത്തിനായി പലരും കാണുന്നത് തോമസ് കുരുവിളയെയാണ്. സോളാർകമ്മിഷൻ മുമ്പാകെ സരിത എസ് നായർ ബുധനാഴ്ച നൽകിയ മൊഴിയോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി 'പാവം പയ്യൻ' തോമസ് കുരുവിള വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അഴിമതിവൃന്ദത്തിന്റെ നിർണായക കണ്ണിയായ കുരുവിളയെ കമ്മിഷൻ വിസ്തരിച്ചിട്ടില്ല. എന്നാൽ, സരിതയുടെ മൊഴിയോടെ കുരുവിളയെകൂടി വിസ്തരിക്കേണ്ട സാഹചര്യമൊരുങ്ങി.

2011 മുതൽ ഉമ്മൻ ചാണ്ടിയുടെ ഇടനിലക്കാരനായി രംഗത്തുണ്ട്. ഇടപാടുകാർ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത് ഇയാളുടെ ഫോണിലൂടെ. സ്റ്റാഫിൽ ഉൾപ്പെടുത്താതെയാണ് കുരുവിളയെ ഡൽഹിയിൽ നിയോഗിച്ചത്. ഡൽഹിയിൽ എത്തുമ്പോഴൊക്കെ മുഖ്യമന്ത്രിയുടെ നിഴലായി കുരുവിള ഒപ്പമുണ്ടായിരുന്നു. കേരളഹൗസിൽ 204ാം നമ്പർ വിവിഐപി മുറിയിലാണ് മുഖ്യമന്ത്രി താമസിക്കാറ്. ഗവർണർ, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർക്ക് മാത്രമാണ് 204 അനുവദിക്കുക. തൊട്ടടുത്തുള്ള 203-ാം നമ്പർ മുറിയാണ് കുരുവിളയ്ക്ക് പതിവായി അനുവദിക്കുന്നത്. വിവിഐപികളുടെ പേഴ്‌സണൽ സെക്രട്ടറിമാർക്കാണ് ചട്ടപ്രകാരം ഇതനുവദിക്കുക. കുരുവിള പേഴ്‌സണൽ സെക്രട്ടറിയല്ലാതിരുന്നിട്ടും സ്ഥിരമായി മുറി നൽകി. ഇതിലൊക്കെ കൂടി തോമസ് കുരുവിളയുടെ പ്രസക്തിയും പ്രാധാന്യവും പുറം ലോകത്തെ അറിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP