Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിക്ക് മറവി രോഗം ബാധിച്ചോ? പെട്രോൾ വിലവർദ്ധനവിലെ സ്വന്തം ട്വീറ്റുകൾ സോഷ്യൽ മീഡിയക്ക് ചിരി സമ്മാനിക്കുമ്പോഴും തീരുവ വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ; എണ്ണവില പച്ചവെള്ളത്തേക്കാൾ കുറവായിട്ടും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ

നരേന്ദ്ര മോദിക്ക് മറവി രോഗം ബാധിച്ചോ? പെട്രോൾ വിലവർദ്ധനവിലെ സ്വന്തം ട്വീറ്റുകൾ സോഷ്യൽ മീഡിയക്ക് ചിരി സമ്മാനിക്കുമ്പോഴും തീരുവ വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ; എണ്ണവില പച്ചവെള്ളത്തേക്കാൾ കുറവായിട്ടും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ കാലത്ത് പെട്രോൾ വില വർധിപ്പിച്ചതിൽ പ്രധിഷേധിച്ചുള്ള 2012 മെയിലെ നരേന്ദ്ര മോദി ഒടു ട്വീറ്റ് ചെയ്തിരുന്നു. പെട്രോൾ വില വർധന യു.പി.എ സർക്കാറിന്റെ തോൽവിയാണെന്നും ഇത് ജനങ്ങൾ ബാധ്യതയാകുമെന്നുമാണ് അന്ന് മോദി മോദി ട്വീറ്റിൽ പറഞ്ഞിരുന്നത്. നിരവധിപ്പേരാണ് അക്കാലത്ത് ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ അടുത്തകാലത്തായി നിരന്തമായി ഈ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിന് കാരണം മറ്റൊന്നുമല്ല. പെട്രോൾ വില അന്താരാഷ്ട്ര വിപണിയിൽ വൻതോതിൽ ഇടിഞ്ഞെങ്കിലും ഇന്ത്യക്കാർക്ക് മാത്രം അത് അനുഭവിക്കാൻ യോഗമില്ലാത്ത അവസ്ഥയിലാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽവിലയുമായി ലിറ്ററിൽകണക്കാക്കിയാൽ ഒരു ലിറ്റർപച്ചവെള്ളത്തേക്കാൾ കുറവാണ് വില. എന്നിട്ടും, വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുത്തനെ കൂടി ഒരു ബാരലിന് നൂറ്റി മുപ്പത് ഡോളറിൽ കൂടുതലുള്ള സമയത്താണ് മോദിയുടെ ഈ ട്വീറ്റ്. അന്ന് ഇന്ത്യൻ മാർക്കറ്റിൽ പെട്രോളിന് വില അറുപത്തിയെട്ട് രൂപയായിരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അന്നുണ്ടായിരുന്നതിന്റെ ഏതാണ്ട് നാലിലൊന്നായി കുറഞ്ഞ സമയത്താണ് അന്ന് വിലപിച്ച അതേ മോദി വീണ്ടും പെട്രോൾ വില കൂട്ടിയിരിക്കുന്നത്. മുപ്പത് ഡോളറോളമാണ് ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില. അന്നുണ്ടായിരുന്നതിന്റെ നാലിലൊന്നായി പെട്രോൾ വില കുറയ്ക്കണമെന്ന് ആരും പറയുന്നില്ല. വൻ വിലയിടിവിലെ ആശ്വാസം ഇത്തരിയെങ്കിലും സാധാരണക്കാരന് നല്കണമായിരുന്നു. അതുണ്ടായില്ല, പകരം ടാക്‌സ് കൂട്ടി വീണ്ടും വില കൂട്ടുകയാണ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ അർദ്ധരാത്രിയോടെ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനം കുറയുന്ന സാഹചര്യത്തിലാണ്. സർക്കാർ വീണ്ടും തീരുവ വർദ്ധിപ്പിച്ച് വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരുന്നത്. പെട്രോൾ ലീറ്ററിന് ഒരു രൂപയും ഡീസലിന് ലീറ്ററിന് ഒരു രൂപ 50 പൈസയുമാണ് കൂട്ടിയത്. ഈ മാസം ഇത് മൂന്നാം തവണയാണ് എക്‌സൈസ് തീരുവ വർധിപ്പിക്കുന്നത്. പുതിയ നീക്കത്തിലൂടെ 3200 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നു കണക്കാക്കുന്നു. എന്നാൽ നികുതി വർധനയുടെ പേരിൽ വിലയിൽ മാറ്റമുണ്ടാവില്ല. എണ്ണക്കമ്പനികളുടെ വിലക്കുറവ് കേന്ദ്രവും മോദിയും പോക്കറ്റിലാക്കുന്ന സ്ഥിതി തന്നെയാണ് നിലവിൽ.

ഈ മാസം 16ന് ആണ് ഒടുവിൽ തീരുവ വർധിപ്പിച്ചത്. അന്ന് പെട്രോളിന് 75 പൈസയും ഡീസൽ ലീറ്ററിന് രണ്ട് രൂപയുമാണ് വർധിപ്പിച്ചത്. ജനുവരി രണ്ടിന് പെട്രോളിന് 37 പൈസയും ഡീസൽ ലീറ്റർ രണ്ടു രൂപയും വർധിപ്പിച്ചിരുന്നു. 2014 നവംബറിനും 2015 ജനുവരിക്കുമിടയിൽ നാലു തവണ തീരുവ ഉയർത്തിയിരുന്നു. ഇതുവഴി 20,000 കോടി രൂപയുടെ വരുമാനം നേടാനായി. ഈ മാസം ആദ്യം പെട്രോൾ ഡീസൽ വില കുറച്ചിരുന്നു. എന്നാൽ രാജ്യാന്തര വിപണയിൽ എണ്ണവില കുത്തനെ താഴ്ന്നിട്ടും രാജ്യത്തു പെട്രോളിയം ഉൽപന്നങ്ങൾക്കു നേരിയ കുറവ് മാത്രമാണ് വരുത്തിയത്. 2014-2015 ൽ എക്‌സൈസ് തീരുവ ഇനങ്ങളിൽ പെട്രോളിയം മേഖലയിൽ നിന്ന് 99,184 കോടി സമാഹരിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം ആദ്യ മൂന്നു മാസങ്ങളിൽ ഇത് 33,042 കോടി രൂപയാണ്.

തിങ്കളാഴ്ച എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും കുറക്കാനിരിക്കെ തീരുവ വർധിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുമായിരുന്ന നേരിയ ആശ്വാസവും കിട്ടാതെപോകും. നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ വീണ്ടും തീരുവ വർധിപ്പിക്കാനും ആലോചനയുണ്ട്. ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 30 ഡോളറാണ് ഇപ്പോഴത്തെ വില. ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 13 ഓളം രൂപ മാത്രമേ വരുന്നുള്ളു. ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി മിനറൽ വാട്ടറിനേക്കാൾ കുറവ്. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 രൂപയാണ്. ക്രൂഡ് ഓയിൽ സംസ്‌ക്കരിച്ച് കേന്ദ്ര-സംസ്ഥാന ടാക്‌സുകൾ ചുമത്തി എത്തുമ്പോഴേക്കും 64 രൂപയോളം ആകുന്ന അവസ്ഥയാണുള്ളത്.

ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഒരു ലിറ്റർ പെട്രോളിന് മൂന്നുരൂപയോളം എണ്ണക്കമ്പനികൾ ലാഭമെടുക്കുന്നു. പെട്രോൾ പമ്പുടമകൾക്കുള്ള കമ്മിഷൻ രണ്ടര രൂപ എന്നിവകൂടി ചേർത്താലും 30 രൂപയിൽ താഴെ മാത്രം ചെലവുവരുന്ന പെട്രോളിന് ഉപഭോക്താവ് നൽകുന്നത് 60 രൂപയിലേറെയാണ്. ഡീസലിനും ഇതുതന്നെയാണ് അവസ്ഥ. ഉൽപാദനച്ചെലവും എണ്ണക്കമ്പനികളുടെ ലാഭവും പമ്പുടമയുടെ കമീഷനും ചേർത്താൽ 27 രൂപ മാത്രം വരുന്ന ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 47 രൂപയാണ് ഉപഭോക്താവ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP