Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗരതി ക്രിമിനൽ കുറ്റമാണെന്ന വിധിക്കെതിരായ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്; ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ശിക്ഷാ വ്യവസ്ഥ റദ്ദാക്കുമെന്ന പ്രതീക്ഷയിൽ സ്വവർഗാനുരാഗികൾ

സ്വവർഗരതി ക്രിമിനൽ കുറ്റമാണെന്ന വിധിക്കെതിരായ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്; ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ശിക്ഷാ വ്യവസ്ഥ റദ്ദാക്കുമെന്ന പ്രതീക്ഷയിൽ സ്വവർഗാനുരാഗികൾ

ന്യൂഡൽഹി: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കിയും ജീവപര്യന്തം വരെ തടവ് ശിക്ഷയും ലഭിക്കുന്ന വിധത്തിലുള്ള നിയമവ്യവസ്ഥ റദ്ദാക്കണമെന്ന സ്വവർഗാനുരാഗികളുടെ ആവശ്യങ്ങൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. സ്വവർഗരതി ക്രിമിനൽകുറ്റം തന്നെയെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള തിരുത്തൽ ഹർജിയിലാണ് തീരുമാനം. അഞ്ചംഗ ഭരണഘടനാ ബഞ്ച് വിഷയം പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ മൂന്നഗ ബഞ്ചാണ് ഹർജി ഇന്ന് പരിഗണിച്ചത്. വിഷയത്തിൽ ഭരണഘടന സംബന്ധിച്ച പ്രധാന വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അതുകൊണ്ട് ഹർജി അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഹർജി പരിഗണിച്ച ബഞ്ചിന്റെ നിലപാട്. തുടർന്നാണ് ആ ബെഞ്ചിന് തന്നെ കേസ് വിട്ടത്. സ്വവർഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യൻ ശിക്ഷാനിയമം 377 ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാണെന്നുമുള്ള 2013 ഡിസംബറിലെ സുപ്രീംകോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷനാണ് ഹർജി നൽകിയത്.

സ്വവർഗരതി കുറ്റകരമല്ലെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് 2013ൽ സുപ്രീംകോടതി തള്ളിയത്. പ്രായപൂർത്തിയായവർ തമ്മിൽ സമ്മതത്തോടുകൂടി നടത്തുന്ന സ്വവർഗരതി 377ാം വകുപ്പുപ്രകാരം കുറ്റകരമല്ലെന്നും മറിച്ചായാൽ അത് ജീവിക്കാനും സ്വകാര്യത സൂക്ഷിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാകുമെന്നുമാണ് 2009 ജൂലായ് രണ്ടിന് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്.

സ്വവർഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി 2013 ൽ ശരിവച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വാദത്തിനിടയിൽ കേന്ദ്ര സർക്കാർ സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP