Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സരിതയെ ശരിക്കുമറിഞ്ഞതു മുഖ്യമന്ത്രി; ക്ലിഫ് ഹൗസിലെ പ്രാർത്ഥനയിൽപ്പോലും സരിത പങ്കെടുത്തുവെന്നും വി എസ്; രാഷ്ട്രീയ ലാഭത്തിനു സോളാർ കേസ് പ്രതിയുടെ പിന്നാലെ പോകരുതെന്നു മുഖ്യമന്ത്രി: സോളാർ വിഷയത്തിൽ സഭ സ്തംഭിച്ചു

സരിതയെ ശരിക്കുമറിഞ്ഞതു മുഖ്യമന്ത്രി; ക്ലിഫ് ഹൗസിലെ പ്രാർത്ഥനയിൽപ്പോലും സരിത പങ്കെടുത്തുവെന്നും വി എസ്; രാഷ്ട്രീയ ലാഭത്തിനു സോളാർ കേസ് പ്രതിയുടെ പിന്നാലെ പോകരുതെന്നു മുഖ്യമന്ത്രി: സോളാർ വിഷയത്തിൽ സഭ സ്തംഭിച്ചു

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്കേറ്റം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ് വാഗ്വാദത്തിൽ ഏർപ്പെട്ടത്. മുഖ്യമന്ത്രിയെയും സരിതയെയുംചേർത്തുള്ള വി എസിന്റെ പരാമർശങ്ങൾ സഭയെ ബഹളമയമാക്കി.

സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നായിരുന്നു വി എസിന്റെ പരാമർശം. തട്ടിപ്പുകേസ് പ്രതി സരിത എസ് നായർക്കു സെക്രട്ടറിയറ്റിലും ക്ലിഫ് ഹൗസിലും കയറാൻ പാസ് പോലും വേണ്ടായിരുന്നു. ക്ലിഫ് ഹൗസിലെ പ്രാർത്ഥനയിൽ പോലും സരിത പങ്കെടുത്തിരുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യയെ ശുശ്രൂഷിക്കാൻ വരെ സരിതയ്ക്കു സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും വി എസ് പറഞ്ഞു.

ക്ലിഫ് ഹൗസിന്റെ അടുക്കളയിൽ വരെ കേറാൻ സരിതയ്ക്ക് അനുവാദമുണ്ടായിരുന്നു. മുഖ്യമന്ത്രിയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ഒരു പ്രാർത്ഥനാ യോഗത്തിൽ പോലും സരിത പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാൻ പോലും സരിതയ്ക്ക് അനുവാദമുണ്ടായിരുന്നുവെന്നും വി എസ് പറഞ്ഞു. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനെക്കുറിച്ച് വി എസ് സംസാരിക്കാൻ തുടങ്ങിയപ്പോളാണ് ഭരണപക്ഷം ബഹളമുണ്ടാക്കിയത്.

ഇത്തരമൊരു മുഖ്യമന്ത്രി ഇരിക്കുന്ന സഭയിൽ ഇരിക്കാൻ തനിക്ക് അപമാനമാണെന്നും ജനങ്ങളെ ഓർത്താണ് ഇവിടെ ഇരിക്കുന്നതെന്നും വി എസ് പറഞ്ഞു. നുണകൾ പറയുന്നതിൽ മുഖ്യമന്ത്രിക്ക് ഗിന്നസ് റെക്കോർഡുണ്ട്. മുഖ്യമന്ത്രി നുണയിൽ ഉണ്ണുകയും ഉറങ്ങുകയുമാണെന്നും നാണം എന്ന വാക്കിന്റെ അർഥം മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ ശബ്ദതാരാവലിയിൽ നോക്കണമെന്നും വി എസ്. ആവശ്യപ്പെട്ടു.

കള്ളങ്ങളിലും അധാർമികതയിലും മുഴുകിയ മുഖ്യമന്ത്രിയും സഹപ്രവർത്തകരും ഇനി വേണോ എന്ന് വി എസ് ചോദിച്ചു. മാദ്ധ്യമങ്ങൾ എടുത്തിട്ട് അലക്കുമ്പോഴും താൻ മനഃസാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് എന്ത് മനസാക്ഷിയാണ് വല്ല ഐ.എസ്.ഒ മനസാക്ഷിയാണോ എന്നും വി എസ് ചോദിച്ചു. കോഴിയെ കട്ടത് എന്തിനാണെന്ന് ചോദിക്കുമ്പോൾ അത് പൊരിച്ച് തിന്നാനാണെന്ന് പറയുന്ന കള്ളന്റെ മനഃസാക്ഷിയാണ് മുഖ്യമന്ത്രിക്കെന്നും വി എസ് പരിഹസിച്ചു.

നേരത്തെ, സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നറിയിപ്പു നൽകി. സരിതയുടെ പിറകെ പോയാൽ എല്ലാം വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

സരിതയ്ക്ക് സിപിഐ(എം). 10 കോടി രൂപ നൽകിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താൻ 14 മണിക്കൂർ സോളാർ കമ്മീഷന് മുന്നിൽ ഇരുന്ന ആളാണ്. എന്നാൽ സരിതയുടെ അഭിഭാഷകൻ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങൾക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. ഒരു മുഖ്യമന്ത്രി എന്നതുവിട്ട് ഒരു പൊതുപ്രവർത്തകനാണെന്ന പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും ആരോപണവിധേയരായ മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നു നിയമസഭയിൽ പ്രതിപക്ഷം എത്തിയത്. സോളാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അപേക്ഷ സ്പീക്കർ എൻ ശക്തൻ നിരസിച്ചു. തുടർന്ന് സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ സഭ വിട്ടിറങ്ങുകയും ചെയ്തു.

സഭ നിർത്തിവച്ച് അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്ന ആവശ്യം സ്പീക്കർ നിരസിച്ചതിനെ തുടർന്നാണു പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. തുടർന്നു സഭ ഇന്നത്തേക്കു പിരിയുകയും ചെയ്തു. മുഖ്യമന്ത്രി രാജിവെക്കുക എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് രാവിലെ പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു.

സോളാർ കേസിൽ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ ഇക്കാര്യം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും ചോദ്യോത്തര വേള തടസപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.

ചോദ്യോത്തര വേളയിൽ ആദ്യം വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദായിരുന്നു ആദ്യം മറുപടി പറയേണ്ടി ഇരുന്നത്. സോളാറിൽ മന്ത്രിയും പ്രതിസ്ഥാനത്തായതിനാൽ ബഹളം ശക്തമായി. എന്നാൽ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഊഴമെത്തിയതോടെ പ്രതിപക്ഷം ശാന്തമായി. ചോദ്യോത്തരവേളയുമായി സഹകരിക്കുകയും ചെയ്തു.

അതിന് ശേഷമാണു ശൂന്യവേളയിൽ കോടിയേരിയുടെ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്തത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോടിയേരിയുടെ ആവശ്യം. കെ കരുണാകരന്റെ രാജിയുൾപ്പെടെ ഉയർത്തിയാണ് കോടിയേരി സംസാരിച്ചത്.

സോളാർ കേസിൽ മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുണ്ട്. തൃശൂർ വിജിലൻസ് കോടതിയെ ഭയന്നാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിയത്. സ്റ്റേ എന്ന വെന്റിലേറ്ററിലാണ് സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. നിയമസഭയിലൊന്നും കമ്മീഷന് മുന്നിൽ മറ്റൊന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അഴിമതി നിരോധന നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമാണ്. ചതിയന്മാരുടെ മന്ത്രിസഭയാണ് ഇത്. തന്നെ ചതിച്ചെന്ന് കെ എം മാണി തന്നെ സമ്മതിച്ചിട്ടുണ്ട്. ധാർമികയുടെ പേരിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകുന്നവരുടെ വിശ്വാസ്യത വിലയിരുത്തപ്പെടേണ്ടതാണെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല സഭയിൽ അഭിപ്രായപ്പെട്ടു. സോളാർകമ്മീഷനിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു കേസും ഒരു മന്ത്രിക്കുമെതിരെ നിലവില്ല. അറുപതോളം കേസുകളിൽ പ്രതിയായ സരിതയുടെ വാക്ക് വിശ്വസിക്കുന്നത് പ്രതിപക്ഷത്തിന്റെ ഗതികേടാണ്. മുഖ്യമന്ത്രി സോളാർ കമ്മീഷനിൽ മൊഴി നൽകുന്നതിനെ താനടക്കമുള്ളവർ എതിർത്തിരുന്നുവെന്നും രമേശ് നിയമസഭയിൽ ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP