Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമർ ഖാലിദുമായി ബന്ധം: സിപിഐ നേതാവ് രാജയുടെയും മലയാളിയായ ആനിയുടെയും മകൾ അപരാജിതക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ നീക്കം; കനയ്യകുമാറിന്റെ അറസ്റ്റിൽ പറ്റിയ പിശക് പരിഹരിക്കാനായി നിരവധി വിദ്യാർത്ഥികളുടെ മേൽ രാജ്യദ്രോഹം

ഉമർ ഖാലിദുമായി ബന്ധം: സിപിഐ നേതാവ് രാജയുടെയും മലയാളിയായ ആനിയുടെയും മകൾ അപരാജിതക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ  നീക്കം; കനയ്യകുമാറിന്റെ അറസ്റ്റിൽ പറ്റിയ പിശക് പരിഹരിക്കാനായി നിരവധി വിദ്യാർത്ഥികളുടെ മേൽ രാജ്യദ്രോഹം

ന്യൂഡൽഹി: ജെഎൻയുവിയിൽ സംഘപരിവാറിനും ഹിന്ദുത്വ അജണ്ടകൾക്കുമെതിരെ തുറന്നുള്ള പ്രസംഗമായിരുന്നു കനയ്യകുമാറിന്റേത്. എന്നാൽ, ഈ പ്രസംഗം ്എഡിറ്റ് ചെയ്ത് രാജ്യദ്രോഹ പരാമർശങ്ങൾ കുത്തിത്തിരുകിയത് കണ്ടാണ് ഡൽഹി പൊലീസ് രാജ്യദ്രോഹ കുറ്റം അദ്ദേഹത്തിന് മേൽ ചുമത്തിയത്. എന്നാൽ, അതിന് ശേഷം ഈ വാദങ്ങൾക്ക് തിരിച്ചടിയേൽക്കുമെന്ന കാര്യം ഉറപ്പായതോടെ മറ്റുള്ള വിദ്യാർത്ഥികളെ തിരഞ്ഞു പിടിച്ച് രാജ്യദ്രോഹ കുറ്റം ചുമത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അഫ്‌സൽ ഗുരു അനുസ്മരണം സംഘടിപ്പിക്കാൻ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെതിതെ തിരിഞ്ഞിരിക്കയാണ് കേന്ദ്രം.

ഖാലിദുമായി അടുത്ത ബന്ധമുള്ള സിപിഐ നേതാവ് ഡി രാജയുടെയും ആനി രാജയുടെയും മകൾ അപരാജിത. അതുകൊണ്ട് നേതാവിന്റെ മകളെയും പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതോടെ അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വിധത്തിലാണ് കേന്ദ്രം പരിഗണിക്കുന്നത്. ജെഎൻയുവിൽ പ്രവർത്തിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളാണെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്. ചുരുക്കത്തിൽ തീവ്രവാദത്തിന്റെ പേര് പറഞ്ഞ് വിദ്യാർത്ഥികളെ ഒതുക്കാനുള്‌ല ശ്രമമാണ് നടക്കുന്നത്.

അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയ പൊലീസ് തെരയുന്ന ഉമർ ഖാലിദടക്കമുള്ളവർ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് വാദം. ജെ.എൻ.യു. കാമ്പസിലെ ഹോസ്റ്റലിലാണ് ഇവർ ഉള്ളതെന്നും ഈ സാഹചര്യത്തിൽ ഹോസ്റ്റലിൽ കയറി റെയ്ഡ് നടത്തിയേക്കുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ജെ.എൻ.യുവിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർത്ഥികൾക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജന്ദർമന്തറിലേക്ക് നടത്തിയ പ്രകടനത്തിനു നേതൃത്വം നൽകിയതും അപരാജിതയായിരുന്നു.

മാതാപിതാക്കളും സിപിഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസിൽ കുടുങ്ങിയ സാഹചര്യത്തിൽ മറ്റ് ഇടതുനേതാക്കൾക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു. എം.ഫിൽ വിദ്യാർത്ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ് ഒളിവിൽ കഴിയുന്ന ഉമർ ഖാലിദ്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ഉമർ ഖാലിദ് ദേശസുരക്ഷയ്ക്കു ഭീഷണിയാകുന്ന ശക്തികളുമായാണ് നിരന്തരം സമ്പർക്കം പുലർത്തെന്നാണ് പൊലീസിന്റെ ആരോപണ.

ചരിത്രഗവേഷണ വിദ്യാർത്ഥിയായ ഉമർ ഖാലിദ് വർഷങ്ങളായി ജെ.എൻ.യുവുമായി ബന്ധം പുലർത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമർ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആർ. ഇല്യാസ്. ഇപ്പോൾ ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലുള്ള കുടുംബമാണ് ഇവരുടേത്.

കശ്മീരിൽനിന്നുള്ള വിദ്യാർത്ഥികളിൽ പലരും ചേർന്നു പ്രത്യേക കൂട്ടായ്മ രൂപീകരിച്ചാണ് ഉമർഖാലിദ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തന്റെ മകൻ ഒരു തീവ്രാദിയല്ല, അവൻ ഒരിക്കൽപോലും പാക്കിസ്ഥാനിൽ പോയിട്ടില്ലെന്നും അവന് പാസ്‌പോസ്‌പോർട്ട് പോലുമില്ലുമാണ് ഉമർ ഖാലിദിന്റെ പിതാവ് പറഞ്ഞത്. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. അതോടൊപ്പം മകന്റെ സുരക്ഷയിൽ പേടിയുമുണ്ട. മതത്തിന്റെ പേരിൽ ആണ് അവനെ ഉന്നമിടുന്നതെന്നും ഉമർ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആർ ഇല്യാസ് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യുവിൽ നടന്ന പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ ഡൽഹി പൊലീസ് തിരയുന്ന വിദ്യാർത്ഥികളിൽ ഒരാളാണ് ഉമർ ഖാലിദ്. 90റോളം വരുന്ന വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിക്ക് കനയ്യ കുമാറും ഉമർ ഖാലിദും ആണ് നേതൃത്വം കൊടുത്തത് എന്നും അഫ്‌സൽ ഗുരുവിനും മഖ്ബൂൽ ഭട്ടിനും അനുകൂലമായും പാക്കിസ്ഥാൻ സിന്ദാബാദ് എന്നുമുള്ള മുദ്രാവാക്യം ഇവർ വിളിച്ചതായും എഫ്‌ഐ.ആറിൽ പറയുന്നു.

എന്നാൽ, പരിപാടിയുടെ മുഖ്യ സംഘാടകൻ അല്ലാത്ത മകനെ മാത്രം ലക്ഷ്യമിട്ട് മാദ്ധ്യമങ്ങൾ അടക്കം നടത്തുന്ന പ്രചാരണങ്ങളിൽ ഉമറിന്റെ പിതാവ് പ്രതിഷേധിച്ചു. തന്റെ പഴയ കാല സിമി പശ്ചാത്തലം വച്ച് മകനെ വേട്ടയാടുകയാണെന്ന് സംശയിക്കുന്നതായി എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു. 1985ൽ ഉമർ ജനിച്ചതിനുശേഷം താൻ സിമി വിട്ടതാണെന്നും ഈ കാലഘട്ടത്തിൽ സിമിക്കെതിരെയോ അതിലെ ഒരംഗത്തിനെതിരെയോ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്‌ളെന്നും അദ്ദേഹം പറയുന്നു. പിന്നീട് 2001ൽ സിമി സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്റെ പഴയ കാല പശ്ചാത്തലം വച്ച് കമ്യൂണിസ്റ്റുകാരനായ എന്റെ മകനെ നിങ്ങൾ രാജ്യദ്രോഹിയാക്കുകയാണെങ്കിൽ ചാനൽ സ്റ്റുഡിയോകളിൽ നിങ്ങൾക്കവനെ കൊണ്ട് വന്ന് വിചാരണക്ക് വിധേയനാക്കാം. അവനെ ഉന്നംവച്ച് ദ്രോഹിക്കുന്നതിനേക്കാൾ ഭേദമാണതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെ ഏക അവിശ്വാസിയാണ് തന്റെ മകൻ. കുടുംബ സുഹൃത്തുക്കൾ പോലും കമ്യുണിസ്റ്റ്, ഇടതുപക്ഷക്കാരൻ,നിരീശ്വരവാദി എന്നിങ്ങനെയാണ് അവനെ വിശേഷിപ്പിക്കാറുള്ളത്.

അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയുടെ പത്ത് സംഘാടകരിൽ ഒരാൾ മാത്രമായിരുന്നു ഉമർ ഖാലിദ്. പരിപാടിയെകുറച്ചുള്ള പോസ്റ്റർ ശ്രദ്ധിച്ചാൽ മനസ്സിലാവും, അവന്റെ പേര് ഏഴാം സ്ഥാനത്താണ്. എന്നിട്ടും അവനെയാണ് മുഖ്യ സംഘാടകൻ ആയും രാജ്യദ്രോഹിയായും മുദ്ര കുത്തുന്നത്. ഞങ്ങളുടെ കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ അഭിമുഖങ്ങൾ നൽകുന്നത്. അടുത്തതായി എന്നെ നിങ്ങൾ രാജ്യദ്രേഹിയാക്കുമോ എന്നും ഭയപ്പെടുന്നു.

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി, കൃഷിക്കാർക്കും, ദലിതർക്കും വേണ്ടിയാണ് അവൻ പൊരുതുന്നത്. ഈ രാജ്യത്തു തന്നെ ജീവിച്ച് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആണ് അവൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പാസ്‌പോട്ടുപോലും അവൻ എടുത്തിട്ടില്ല. മകൻ കീഴടങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. അവന് മതിയായ സുരക്ഷ ഒരുക്കണം. എസ്.എ.ആർ ഗീലാനിയെ കോടതി കുറ്റവാളിയായി പ്രഖ്യാപിക്കില്‌ളെന്ന് കരുതുന്നതായും ഒരു അദ്ധ്യാപകൻ ആയതുകൊണ്ട് അദ്ദേഹവുമായി ബന്ധമുള്ള വിദ്യാർത്ഥികളെയും ആ നിലക്ക് കോടതി കാണില്ലെന്നും ഇല്യാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP