Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേഷ് പിള്ളയുടെ ജീവൻ എടുത്തതു പെപ്‌സി കോളയോ? മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത സംവിധായകനെ മരണം കൊണ്ടുപോയതു കോളാ ഭ്രമം മൂലമെന്നു സുഹൃത്തുക്കൾ; ദിവസം 30 പെപ്‌സി വരെ കുടിച്ചത് ആരോഗ്യം തകരാറാക്കിയതായി റിപ്പോർട്ട്

രാജേഷ് പിള്ളയുടെ ജീവൻ എടുത്തതു പെപ്‌സി കോളയോ? മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത സംവിധായകനെ മരണം കൊണ്ടുപോയതു കോളാ ഭ്രമം മൂലമെന്നു സുഹൃത്തുക്കൾ; ദിവസം 30 പെപ്‌സി വരെ കുടിച്ചത് ആരോഗ്യം തകരാറാക്കിയതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരൾ രോഗം വന്ന് മരിച്ചാൽ അയാൾ അമിത മദ്യപാനിയാണെന്നാകും പൊതുവെയുള്ള വിലയിരുത്തൽ. പ്രത്യേകിച്ച് അകാലത്തിലുള്ള കരൾ രോഗ മരണം. അതും സിനിമാക്കാരൻ കൂടിയാണെങ്കിൽ അത് ഉറപ്പിക്കും. രാജേഷ് പിള്ളയെന്ന 42കാരനായ സംവിധായകന്റെ മരണവും ഈ സംശയം സജീവമാക്കി. കരൾ രോഗവും വഴിവിട്ട ജീവത ശൈലിയുമാകും രാജേഷ് പിള്ളയുടെ മരണത്തിന് കാരണമെന്ന് വിലയിരുത്തലുകളുണ്ടായി. ഭക്ഷണ പ്രിയതയും വിനയായെന്ന വിലയിരുത്തലെത്തി. എന്നാൽ രാജേഷ് പിള്ള മദ്യപാനിയോ സിഗറ്റ് വലിക്കാരനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ കരളിനെ തകർത്തത് മറ്റൊരു മാരക പാനീയമാണ്. പെപ്‌സി കോള. കോളയുടെ അമിത ഉപയോഗമാണ് ഈ പ്രതിഭയുടെ ജീവനെടുത്തതെന്ന് ഡോക്ടർമാരും സുഹൃത്തുക്കളും സമ്മതിക്കുന്നു.

നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നെങ്കിലും സിനിമയോടുള്ള അടങ്ങാത്ത ഭ്രമം രോഗംമറന്നും പ്രവർത്തിക്കാൻ രാജേഷിന് പുതുഊർജമേകി. കരൾരോഗം പിടിമുറുക്കിയപ്പോൾ പലപ്പോഴും കട്ടിഭക്ഷണമൊഴിവാക്കി ജ്യൂസും മറ്റും കുടിച്ചാണ് അവസാന ചിത്രമായ വേട്ടയുടെ ചിത്രീകരണത്തിനു രാജേഷ് പിള്ള എത്തിയിരുന്നത്. ഈ ജീവിത ശൈലിയിൽ പെപ്‌സി കോള ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. ഇത് തന്നെയാണ് ഈ പ്രതിഭയുടെ ജീവനെടുത്തതും. സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റിലാക്കി എത്തുന്ന ചിപ്‌സുകളും ആയിരുന്നത്രെരാജേഷിന്റെ ദൈനംദിന ജീവിത്തതിൽ ഏറ്റവും അധികം ഉപയോഗിച്ചിരുന്നത്.

ഒരു ദിവസം 30 പെപ്‌സി വരെ രാജേഷ് പിള്ള കുടിച്ചിരുന്നു. ഇതിനൊപ്പം ജങ്ക് ഫുഡുകളും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം പുറത്തു പറയുന്നത്. രാജേഷ് പിള്ളയുടെ മദ്യപാനത്തെ കുറിച്ച് ഇവരാരും കേട്ടിട്ടുപോലുമില്ല. സിനിമയെ മാത്രം പ്രണയിച്ച് അതിന് വേണ്ടി ജീവിക്കുമ്പോഴായിരുന്നു കോള രാജേഷ് പിള്ളയുടെ ജീവിതത്തിലേക്ക് എത്തിയത്. പിന്നീട് അത് വിട്ടുമാറിയില്ല. എന്നും സഹയാത്രികനായി. ഡോക്ടർമാർ ഉപദേശിച്ചപ്പോഴും സിനിമാ തിരക്കുകൾക്കിടയിൽ അറിയാതെ പെപ്‌സി കോള രാജേഷിന്റെ കൈയിലെത്തി. തന്റെ ഈ ദുശീലത്തെ കുറിച്ച് സുഹൃത്തുക്കളോട് രാജേഷ് പറഞ്ഞിരുന്നു.

രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന്! മാറിനിൽക്കാൻ തുടങ്ങിയ സമയത്ത് രോഗിയാവാൻ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുുന്നു.  ശരീരപ്രകൃതി അതായത്‌കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുിന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തിൽ നിറഞ്ഞിരുന്നു . പിന്നീട് രോഗനിർണയം ചെയ്ത ഡോക്ടർമാർ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.-സുഹൃത്തിന്റെ മരണത്തിന് ശേഷം സുബ്രഹ്മണ്യൻ സുകുമാരൻ കുറിച്ചത് ഇങ്ങനെയാണ്.

തീർച്ചയായും ഇത് തന്നെയാണ് മരണ കാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു. രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകൾക്ക് ഉപയോഗിക്കുന്ന നീഡിലുകൾ. ബൈക്ക് യാത്ര വരുത്തിവച്ച ഗുരുതരമായ അപകടങ്ങളെ അതിജീവിച്ചവനാണെങ്കിലും കുത്തിവെപ്പുകളെ രാജേഷ് ശരിക്കും ഭയപ്പെട്ടു. ഗുരുതരമായി കരൾ രോഗം ബാധിച്ച് ചികിൽസയുടെ ഒരുഘട്ടത്തിൽ കുത്തിവെപ്പുകൾ ഒഴിവാക്കാനാവാതെ വന്നപ്പോഴാണ് രാജേഷ് അതുമായി സന്ധി ചെയ്തതെന്ന് സുപൃത്തുക്കൾ പറയുന്നു. 'വേട്ട ' എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങൾ അവസാനമായി കണ്ടത്. രാജേഷ് വലിയ പ്രതീക്ഷയിലായിരുന്നു. രോഗത്തിൽ നിന്നും മുക്തി നേടുമെന്നും സിനിമ വൻ വിജയം നേടുമെന്നും പറഞ്ഞതായും സുബ്രഹ്മണ്യൻ സുകുമാരൻ പറയുന്നു.

കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ രാവിലെ 11.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാജേഷ് പിള്ളയുടെ അന്ത്യം. ഇന്ന് 10.30 ന് രവിപുരംശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. മലയാളത്തിൽ നവതരംഗത്തിനു തുടക്കമിട്ട സംവിധായകരിൽ പ്രമുഖനായ രാജേഷിന്റെ അവസാനചിത്രം 'വേട്ട' വെള്ളിയാഴ്ചയാണു തീയറ്ററുകളിലെത്തിയത്. അസുഖം കലശലായതിനെത്തുടർന്ന് വേട്ടയുടെ റിലീസിന് തലേദിവസം രാജേഷിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി പി.വി എസ്. ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായ അവസ്ഥയിൽ ന്യുമോണിയകൂടി പിടിപെട്ടത് സ്ഥിതി ഗുരുതരമാക്കി മരണത്തിലേക്കു നയിച്ചു.

ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിലൂടെയാണു ഓച്ചിറ പ്രയാർ അമ്പീഴേത്ത് തറവാട്ടിൽ രാജേഷ് പിള്ള സ്വതന്ത്ര സംവിധായകനായത്. പിന്നീട് മലയാളസിനിമയുടെ ഗതിതന്നെ മാറ്റിമറിച്ച ട്രാഫിക്, മിലി എന്നീ ചിത്രങ്ങളിലൂടെ സജീവസാന്നിധ്യമായി. കേരള സർവകലാശാലയിൽ പൊളിറ്റിക്‌സ് വിഭാഗം മേധാവിയും സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രഫ. കെ. രാമൻപിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. ഭാര്യ മേഘ വീട്ടമ്മയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP