Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെത്രാൻ കായൽ നികത്താനുള്ള നീക്കത്തിനു പിന്നിൽ വൻകിട ബിസിനസ് താൽപര്യം; റവന്യൂ വകുപ്പ് അനുമതി നൽകിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്; ഉത്തരവു പിൻവലിക്കാൻ ആവശ്യപ്പെട്ട് വി എം സുധീരൻ; സർക്കാർ നടപടിയെ വിമർശിച്ചു ജേക്കബ് തോമസും

മെത്രാൻ കായൽ നികത്താനുള്ള നീക്കത്തിനു പിന്നിൽ വൻകിട ബിസിനസ് താൽപര്യം; റവന്യൂ വകുപ്പ് അനുമതി നൽകിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്; ഉത്തരവു പിൻവലിക്കാൻ ആവശ്യപ്പെട്ട് വി എം സുധീരൻ; സർക്കാർ നടപടിയെ വിമർശിച്ചു ജേക്കബ് തോമസും

കൊച്ചി: വൻകിട ബിസിനസ് താൽപ്പര്യത്തിന്റെ ഭാഗമായി മെത്രാൻ കായൽ നികത്താൻ റവന്യൂ വകുപ്പ് കരുക്കൾ നീക്കിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു.

അതിനിടെ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉത്തരവു പിൻവലിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വയൽ-കായൽ നികത്തൽ സംഭവങ്ങളിൽ ഡിജിപി ജേക്കബ് തോമസും സർക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം പോരായ്മകളുണ്ടെങ്കിൽ തിരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റുമായും ചർച്ച നടത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഡിജിപി ജേക്കബ് തോമസ് നിലം നികത്തലിനെതിരെ പ്രതികരിച്ചത്. വയൽ/ കായൽ നികത്തൽ ശ്രമങ്ങൾ സൂര്യതാപം ഏൽക്കുന്നവരുടെ ശാപമോ എന്നാണ് ജോക്കബ് തോമസിന്റെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപാണ് മെത്രാൻ കായൽ നികത്താൻ റവന്യുവകുപ്പ് ഉത്തരവിട്ടത്. കോട്ടയം കുമരകത്തെ മെത്രാൻ കായലിലെ 378 ഏക്കർ റെക്കിൻഡോ ഡെവലപ്പേഴ്‌സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിക്കും അനുബന്ധ കമ്പനികൾക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്.

തദ്ദേശസ്വയം ഭരണ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, പരിസ്ഥിതി വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ കടുത്ത എതിർപ്പു മറികടന്നാണു റവന്യുവിഭാഗം മെത്രാൻ കായലിലെ 378 ഏക്കർ നികത്താൻ അനുമതി കൊടുത്തത്. യുഎഇ ആസ്ഥാനമായുള്ള വൻകിട ബിസിനസ് ഗ്രൂപ്പിന്റെ സമ്മർദമാണ് ഇതിനു പിന്നിൽ.

കായൽ നികത്തി 'റാക്കിൻഡോ കുമരകം റിസോർട്ട്' എന്ന പ്രോജക്ട് നടപ്പാക്കാനുള്ള നീക്കമാണ് മറ്റു വകുപ്പുകളുടെയെല്ലാം എതിർപ്പു മറികടന്നുള്ള റവന്യൂ വകുപ്പിന്റെ നടപടികൾക്കു പിന്നിൽ. യുഎഇ ആസ്ഥാനമായ റകീൻ ഗ്രൂപ്പും ഖനന വ്യവസായ രംഗത്തെ ഇന്ത്യയിലെ സംരഭമായ റെട്രാമെക്‌സും ചേർന്നാണ് റാക്കിൻഡോ ഡെവലപ്പേഴ്‌സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് രൂപം നൽകിയത്. സെവൻ സ്റ്റാർ റിസോർട്ട്, ഫൈവ് സ്റ്റാർ ഹോട്ടൽ, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ലക്ഷ്വറി കോട്ടേജുകൾ, തിയറ്റർ, ഗോൾഫ് ക്ലബ്ബുകൾ എന്നിവയാണ് മെത്രാൻ കായലിലെ നിലം നികത്തി റാക്കിൻഡോ കുമരകം റിസോർട്ടിന്റെ ഭാഗമായി പടുത്തുയർത്തുന്നത്.

ഭൂമിയുടെ 16 ശതമാനം സ്ഥലം പദ്ധതിപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. 150 ഏക്കറിൽ ഗോൾഫ് കോഴ്‌സും, എട്ടേക്കറിൽ റോഡുകളും, പത്തേക്കറിൽ കുട്ടികളുടെ പാർക്കും നിർമ്മിക്കുകയാണ് ഈ ബിസിനസ് ഗ്രൂപ്പിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിൽ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച പ്രദേശങ്ങൾ ഇവിടെയുള്ളതിനാൽ 22 ഏക്കറിൽ പക്ഷി സങ്കേതമൊരുക്കാമെന്നും ഇവർ സർക്കാരിനെ അറിയിച്ചു. ഇതിനെയാണ് സർക്കാർ പരിസ്ഥിതി സൗഹാർദ പദ്ധതിയായി വിശദീകരിക്കുന്നതെന്നാണു സൂചന.

ബിനാമി കമ്പനികളുടെ പേരിൽ സ്വന്തമാക്കിയതിനുശേഷമാണ് നിലം നികത്തുന്നതിനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചത്. 2006 വരെ സജീവമായി നെൽക്കൃഷി നടത്തിയിരുന്ന നിലമാണിത്. ഈ സ്ഥലത്ത് കൃഷി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം, കൃഷി നടത്തുന്നതിനായി റൈസ് മിഷൻ ഡയറക്റ്റർ കായൽ സന്ദർശിച്ച് നൽകിയ വിശദമായ റിപ്പോർട്ട്, ഈ ടൂറിസം പദ്ധതിക്കെതിരെ കർഷകർ നൽകിയ പരാതി എന്നിവയെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ബിസിനസ് താത്പര്യം മാത്രം ലക്ഷ്യംവച്ച് നിലം നികത്താൻ അനുമതി നൽകിയത്. കുട്ടനാടൻ കായൽ നിലങ്ങളിൽ ഉത്പാദന ക്ഷമതയിൽ വളരെ മുന്നിലാണ് മെത്രാൻ കായൽ. സ്വകാര്യ കമ്പനി കായൽ നിലങ്ങൾ കരസ്ഥമാക്കും മുന്നെ ഒരു തവണത്തെ കൃഷിയിൽ 105500 ക്വിന്റൽ നെല്ലാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് ഇവിടെ സ്വകാര്യകമ്പനികൾക്കു വേണ്ടി സ്ഥലം തീറെഴുതി കൊടുക്കുന്നത്.

കുമരകം മെത്രാൻ കായലുൾപ്പെടെ 425 ഏക്കർ നിലം നികത്തലിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് പാർട്ടിയോട് ആലോചിക്കാതെയുള്ള നീക്കമാണെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കിയത്. ഈ ഉത്തരവു പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിക്കാതെയുള്ള ഈ തീരുമാനം കെപിസിസി ഉപസമിതിയുടെ നിലപാടിന് നിരക്കുന്നതല്ല എന്നും സുധീരൻ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പായിട്ടായിരുന്നു 425 ഏക്കർ സ്ഥലം നികത്താൻ സർക്കാർ അനുമതി നൽകിയത്. കുട്ടനാടിന്റെ പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം ഉണ്ടാക്കുന്ന ടൂറിസം പദ്ധതിയാണു മെത്രാൻ കായലിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ഇടത് സർക്കാർ തള്ളിയ പദ്ധതിക്കാണ് ഇപ്പോൾ അനുമതി നൽകിയത്. ചൊവ്വാഴ്ചയാണ് 378 ഏക്കർ മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയുള്ള ഉത്തരവിറങ്ങിയത്. 2007 നു മുമ്പ് ഇവിടെ കൃഷി നടന്നില്ലെന്ന വാദം ഉയർത്തിയാണ് അനുമതി. 2008ലാണ് നെൽവയൽ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. 2200 കോടിരൂപയുടെ നിക്ഷേപം വരുമെന്ന വാദവും രഹസ്യമായി ഇറക്കിയ ഉത്തരവിന്റെ പിൻബലമായി റവന്യുവകുപ്പ് ഉന്നയിക്കുന്നു. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കടമക്കുടിയിലെ 47 ഏക്കർ നിലം നികത്താനും റവന്യു വകപ്പ് അനുമതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP