Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ബുക്കിങ് സാധിക്കില്ല; ഫോണിൽ വിളിച്ചാൽ അനക്കമില്ല; ഒറ്റക്കടയിൽ പോലും ഫോൺ എത്തിയില്ല; 3500 കോടി മുടക്കി ആപ്പിളിനെ വെല്ലാൻ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച മാംഗോ ഫോണിനെ കണ്ടവരുണ്ടോ? ലക്ഷങ്ങൾ പരസ്യയിനത്തിൽ ഈടാക്കിയ പത്രക്കാർക്ക് മറുപടിയുണ്ടോ?

ഓൺലൈൻ ബുക്കിങ് സാധിക്കില്ല; ഫോണിൽ വിളിച്ചാൽ അനക്കമില്ല; ഒറ്റക്കടയിൽ പോലും ഫോൺ എത്തിയില്ല; 3500 കോടി മുടക്കി ആപ്പിളിനെ വെല്ലാൻ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച മാംഗോ ഫോണിനെ കണ്ടവരുണ്ടോ? ലക്ഷങ്ങൾ പരസ്യയിനത്തിൽ ഈടാക്കിയ പത്രക്കാർക്ക് മറുപടിയുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആപ്പിളിനെ വെട്ടാൻ രംഗത്തിറക്കിയ മാംഗോ ഫോൺ ഇപ്പോൾ എവിടെയാണ്? പ്രമുഖ പത്രങ്ങളിൽ ഒന്നാം പേജിൽ ലക്ഷങ്ങളുടെ പരസ്യവുമായി തുടങ്ങിയ മാംഗോ ഫോണിന് എന്താണ് സംഭവിച്ചത്? മുതലാൡമാർ തട്ടിപ്പു കേസിൽ അഴിക്കുള്ളിൽ കിടക്കുമ്പോൾ ഈ ചോദ്യത്തിന് മറുപടി നൽകാനും ആരുമില്ലെന്നതാണ് വസ്തുത. ഓൺലൈൻ ബുക്കിങ് സാധിക്കാത്ത അവസ്ഥയാണ്. ഫോണിൽ വിളിച്ചാൽ അനക്കമില്ല. ഒറ്റക്കടയിൽ പോലും ഫോൺ എത്തിയില്ല. 3500 കോടി മുടക്കി ആപ്പിളിനെ വെല്ലാൻ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച മാംഗോ ഫോണിന്റെ ഗതി ഇതാണിപ്പോൾ. ആരെങ്കിലും കണ്ടവരുണ്ടോ എന്ന് ലക്ഷങ്ങൾ പരസ്യയിനത്തിൽ ഈടാക്കിയ പത്രക്കാർ തന്നെ മറുപടി പറയേണ്ടി വരും.

തീർത്തും അവിശ്വസനീയമായിരുന്നു മാംഗോ കമ്പനിയുടെ അവകാശവാദങ്ങൾ. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നതും. എന്നിട്ടും മറുനാടൻ ഉയർത്തിയ സത്യത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ മറികടക്കാൻ ഉടമകളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ തീവ്ര ശ്രമം തന്നെ നടത്തി. എന്നാൽ മറുനാടന്റെ നിലപാട് ശരിയാണെന്ന് തെളിയിച്ച് ബാങ്ക് ഓഫ് ബറോഡ അധികൃതർ നൽകിയ പരാതിയിൽ ഇവർ പിടിയിലാകുകയായിരുന്നു. ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടിലിനെ തുടർന്ന് ഒടുവിൽ ഇവർ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ തന്നെ മാംഗോ ഫോൺ ലോഞ്ച് ചെയ്യുകയുമുണ്ടായി.

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ മലയാളിയുടെ മൊബൈൽ നിർമ്മാണ കമ്പനി വരുന്നുവെന്നായിരുന്നു പ്രചാരണം. 3500 കോടി രൂപ മുടക്കി കൊറിയൻ സാങ്കേതിക വിദ്യയുടെ വെളിച്ചത്തിൽ ആണ് ഈ കമ്പനി വിപണിയിലേയ്ക്ക് എത്തുന്നതെന്നും അവകാശ വാദം ഉയർത്തി. ജനുവരി അവസാന വാരം 5800 മുതൽ 34,000 രൂപ വരെ വിലയുള്ള ഒട്ടേറെ മോഡലുകളുമായി കമ്പനി രംഗത്തിറങ്ങുമെന്ന് ആദ്യം പറഞ്ഞു. ഒടുവിൽ തട്ടിപ്പിന് ഉടമകൾ അകത്താകുകയായിരുന്നു.

ബാങ്ക് ഓഫ് ബറോഡ അടക്കം പല ബാങ്കുകളിൽനിന്നും ഇവർ വായ്പ എടുത്തതായും തിരിച്ചടച്ചിട്ടില്ലന്നും പരാതിയിൽ പറയുന്നു. പല തവണ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടും ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവർ അറസ്റ്റിലായത്. പുതിയ ഫോൺ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് പൊലീസും ഇപ്പോൾ പറയുന്നത്. മാംഗോ ഫോൺ ലോഞ്ചിന് ഇവർ 30 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനു നൽകിയിട്ടുള്ളത്.

എന്നാൽ, ഈ അറസ്റ്റും മുക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. മറുനാടന്റേയും നവമാദ്ധ്യമങ്ങളുടേയും ഇടപെടലിലൂടെ അതിന് കഴിയാതെ വന്നു. അങ്ങനെ അറസ്റ്റ് ചില ടിവി മാദ്ധ്യമങ്ങളിൽ മിന്നി മറിഞ്ഞു. പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് നന്നായി വാർത്ത ചെയ്തതിനാൽ മറ്റുള്ള ടിവിക്കാർക്കും ചെറുതായി കൊടുക്കേണ്ടി വന്നു. പരസ്യം നൽകുന്നവരെ ഒന്നും ചെയ്യരുതെന്നതാണ് പത്രങ്ങളുടെ രീതി. അതുകൊണ്ട് തന്നെ തട്ടിപ്പുകാരെല്ലാം പരസ്യത്തിന്റെ കണക്കുകൾ നിരത്തി വാർത്തകളിൽ നിന്ന് രക്ഷിക്കുന്നു. മാംഗോ മുതലാളിമാരുടെ അറസ്റ്റ് വാർത്ത മുക്കിയവർ തുടർന്നും ഫോണിന്റെ ഗുണഗണങ്ങൾ നിരത്തി വാർത്ത കൊടുത്തിട്ടുണ്ട്.

പരസ്യത്തിന്റെ കരുത്താണ് അതു വ്യക്തമാക്കുന്നത്. എന്നാൽ, ഇവർക്കൊക്കെ ഇപ്പോൾ ഈ ഫോണിന്റെ സ്ഥിതി എന്താണ് എന്നു വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. കൊടുത്ത പരസ്യം ശരിയാണെന്ന് വരുത്താനുള്ള മാദ്ധ്യമങ്ങളുടെ ശ്രമമാണ് ഈ കേസിലും നടന്നത്. മലയാളത്തിലെ മിക്ക പത്രങ്ങളിലെയും ഒന്നാം പേജിൽ വൻ പരസ്യമായിരുന്നും മാംഗോയുടേത്. ഫോണിന്റെ ഗുണഗണങ്ങൽ വിവരിച്ച് വാർത്തകൾ വന്നു. ഉടമകൾ അറസ്റ്റിലായതോടെ ഇവർക്കെതിരെ നിരന്തരം മറ്റ് പരാതികളും ഉയർന്നിരുന്നു. ഇതോടെ തട്ടിപ്പുകാരാണ് അഗസ്റ്റിൻ സഹോദരന്മാരെന്ന് വ്യക്തമാകുകയും ചെയ്തു. എന്നിട്ടും മാദ്ധ്യമങ്ങൾ പണം കിട്ടാൻ വേണ്ടി അച്ചുകൾ നിരത്തി.

കരിക്കിനേത്ത് സിൽക്കിലെ കൊല മുക്കിയതും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ പുറം ലോകം അറിയാത്തതും പരസ്യവിപണിക്ക് മാദ്ധ്യമങ്ങളോടുള്ള താൽപ്പര്യമാണ് വ്യക്തമാക്കുന്നത്. തിരൂരിലെ ബോബി ചെമ്മണ്ണൂരിന്റെ ജ്യൂലറിയിലെ ആത്മഹത്യാ വാർത്ത മുക്കിയതുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ ഫോൺ വിളച്ച വായനക്കാരനോട് എല്ലാത്തിനും പിന്നിലെ താൽപ്പര്യത്തെ കുറിച്ച് മാദ്ധ്യമ പ്രവർത്തകൻ വിശദീകരിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതുപോലെ തന്നെയാണ് മാംഗോ ഫോണിന്റെ കാര്യത്തിലും ഉണ്ടായത്.

ഐഫോണിനെ വെല്ലുന്ന ഫീച്ചറുകളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു എം ഫോൺ പുറത്തിറക്കുമെന്ന വീരവാദം ഇവർ മുഴക്കിയത്. ആപ്പിളെന്ന പോലെ എം ഫോണിന് മാങ്ങയാണ് ചിഹ്നം. ഫോർജി സംവിധാനവും ത്രീഡി സവിശേഷതയും ഉണ്ടാകും. 5,800 മുതൽ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തിൽ 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്‌ക്രീന് വലിപ്പം, റസലൂഷൻ തുടങ്ങിയ വിശേഷങ്ങൾ ഫോൺ പുറത്തിറങ്ങുമ്പോഴെ അറിയാൻ കഴിയൂ. മൂന്നുദിവസം ചാർജ് നിൽക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്‌സൽ പിൻ ക്യാമറ, എട്ട് മെഗാപിക്‌സൽ മുൻകാമറ, പൊട്ടാത്തതും പോറൽ ഏൽക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗൽസ് സംരക്ഷണം, ജലപ്രതിരോധം ഇതിന്റെ സവിശേഷതകളാണ്. എംഫോൺ 9ൽ മൂന്ന് ജിബി റാം, മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇൻേറണൽ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു. തുടങ്ങിയവായിരുന്നു അവകാശവാദങ്ങൾ.

അതേസമയം ബാങ്കുകളെ കബളിപ്പിച്ച അഗസ്റ്റിൻ സഹോദരന്മാർ ഇപ്പോഴും അഴിക്കുള്ളിലാണ്. വ്യാജ പ്രമാണ രേഖകൾ സമർപ്പിച്ച് വായ്പ തരപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും ഫെബ്രുവരി 29ന് അറസ്റ്റു ചെയ്തത്. ഉന്നത സമ്മർദ്ദമുണ്ടായിട്ടും കടുകട്ടിയായ നിലപാട് പൊലീസ് എടുത്തതുകൊണ്ടാണ് ജാമ്യം ലഭിക്കാത്തത്. ബാങ്കും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് ശ്രമവും പാളി. അതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ ജഡ്ജി ആർ. നാരായണ പിഷാരടി തിങ്കളാഴ്ച പരിഗണിക്കും.

3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസ് നേരിട്ടവരാണ്. മൊബൈൽ ലോഞ്ചിന്റെ അതേ ദിവസമാണ് ഇവരെ പൊലീസ് അറസ്്റ്റ് ചെയ്തത്. കളമശ്ശേരിയിലെ ചില കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ പൊലീസ് അകമ്പടിയിൽ അറസ്റ്റിലായ ശേഷവും ഇരുവരും ഫോണിന്റെ ലോഞ്ചിംഗിന് എത്തി. എന്നാൽ ലേമെറിഡിയനിലെ ചടങ്ങ് അറസ്‌റ്റോടെ തന്നെ നിറം മങ്ങിയതുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP