Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുഭവങ്ങളുടെ ആത്മഗന്ധങ്ങൾ

അനുഭവങ്ങളുടെ ആത്മഗന്ധങ്ങൾ

ഷാജി ജേക്കബ്

ധുനികാനന്തരകാലത്തു ജീവിക്കുമ്പോഴും, ആധുനികതയുടെ കൊടിപ്പടം പാറുന്ന സാഹിത്യം, നാടകം തുടങ്ങിയ സാംസ്‌കാരികാനുഭവങ്ങളിൽ ഗൃഹാതുരതയോടെ അഭിരമിക്കുന്ന ഏകാന്തനായ ഒരു കലാസ്വാദകന്റെ ആത്മാന്വേഷണങ്ങളുടെ കഥയാണ് 'കപ്പൽച്ചേതം വന്ന നാവികൻ'. മറ്റുചില തലങ്ങളിലും ഈ പുസ്തകത്തിന്റെ എഴുത്തും ജീവിതവും പ്രസക്തമാണ്. സങ്കടഭരിതനും നഷ്ടവിശ്വാസിയും സ്വപ്നാടകനുമായ ഒരു കേരളീയ കമ്യൂണിസ്റ്റിന്റെ, രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ചുള്ള ഭഗ്നഭാവനയാണ് ഒന്ന്. നോവലിനെ അമിതമായി വിശ്വസിച്ച്, അതുതന്നെയാണ് ആധുനികതയുടെ കലയും മനുഷ്യാനുഭവങ്ങളും സന്നിഹിതമാകുന്ന ഏകരൂപം എന്നു ധരിച്ചുവശായ ഒരു വായനക്കാരന്റെ വിലോഭനീയമായ അനുഭൂതികളാണ് മറ്റൊന്ന്. നാടകവേദികളിൽ കണ്ടറിഞ്ഞ അഭിനയകലയുടെ പിന്നിലെ മനുഷ്യാവസ്ഥകൾ തേടിപ്പോകുന്ന കഷ്ടയാത്രകളുടേതാണ് ഇനിയുമൊന്ന്. ഗ്രാമ-നഗര സ്ഥലഭൂമികകളിലും ബാല്യം തൊട്ടുള്ള ജീവിതാവസ്ഥകളിലും കണ്ടും കേട്ടും തൊട്ടും കരഞ്ഞും പിരിഞ്ഞ മനുഷ്യരെയും അവരുമായുള്ള ആത്മബന്ധങ്ങളെയും കുറിച്ചുള്ള ഭ്രാന്തുപിടിപ്പിക്കുന്ന ഓർമകളാണ് വേറൊന്ന്. ഓർമകളെ യുദ്ധം ചെയ്തു തോല്പിക്കുന്ന സ്വപ്നങ്ങളുടെ ആഖ്യാനമാണ് മറ്റൊന്ന്. ക്ലാസിക്കുകളായി മാറിയ ചില സിനിമകളുടെ കാഴ്ച സൃഷ്ടിച്ചുനൽകിയ ത്രസിപ്പിക്കുന്ന വിചാരലോകങ്ങളുടേതാണ് ഇനിയുമൊന്ന്.

'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന ഗ്രന്ഥത്തിൽ എഴുതിയ പുസ്തകക്കുറിപ്പുകളുടെ (അവയാകട്ടെ ശശിധരന് ജീവിതക്കുറിപ്പുകൾ തന്നെയാണ്) തുടർച്ചയെന്നും പറയാം 'കപ്പൽച്ചേതം വന്ന നാവിക'നെ. വായനയുടെയും കാഴ്ചയുടെയും (ആധുനികതയുടെ തന്നെയും) വൻകടലിൽ തുഴയും നൗകയുമില്ലാതെ വലഞ്ഞുപോകുന്ന ഒരു ജീവിതയാത്രികനായി സ്വയം സമീകരിച്ചുകൊണ്ട് പുസ്തകങ്ങളെപ്പോലുള്ള മനുഷ്യരെയും മനുഷ്യരെപ്പോലുള്ള പുസ്തകങ്ങളെയും കുറിച്ചെഴുതുന്ന ചരിത്രസമ്പന്നവും കാമനാനിർഭരവുമായ ജീവിതസാക്ഷ്യങ്ങൾ. കാലത്തിന്റെ കാണാക്കയങ്ങളിലേക്കാഞ്ഞുകൊത്തിവലിക്കുന്ന അനുഭവങ്ങളുടെ ആത്മഗന്ധങ്ങൾ. മേല്പറഞ്ഞ അർഥസാധ്യതകളെല്ലാം ചേർത്തുവച്ചു പറഞ്ഞാൽ ഹതാശനായ ഒരു ആധുനിക മലയാളിയുടെ ഹർഷോന്മത്തമായ സാംസ്‌കാരിക ആത്മകഥ. അതിൽകുറഞ്ഞതൊന്നുമല്ല ഈ പുസ്തകം.

നാലുഭാഗങ്ങൾ. വായന. ജീവിതം. ഓർമ. കാഴ്ച. പുസ്തകങ്ങളെയും സിനിമകളെയും കുറിച്ചുള്ളവ; നാടക-സിനിമാപ്രവർത്തകരെയും സാധാരണ മനുഷ്യരെയും കുറിച്ചുള്ളവ; സ്വന്തം സ്വപ്നങ്ങളെയും ഓർമകളെയും കുറിച്ചുള്ളവ; തന്നെയും തന്റെ കാലത്തെയും സൃഷ്ടിച്ച ചില സാമൂഹ്യാനുഭവങ്ങളെക്കുറിച്ചുള്ളവ.... ഓരോന്നും വസ്തുതകൾക്കും ഭാവനകൾക്കും നിശ്ചിതത്വങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഭൂതത്തിനും വർത്തമാനത്തിനും വ്യക്തികൾക്കും സമൂഹത്തിനുമിടയിൽ ഊയലാടിക്കളിക്കുന്നവ. ഒട്ടാകെ മുപ്പത്തിമൂന്നു രചനകൾ.

'വായന' എന്ന ഭാഗം നോക്കുക. പതിനാലു രചനകൾ. ഓരോന്നും നോവൽ പുസ്തകങ്ങളെക്കുറിച്ച്. അഥവാ നോവൽ തന്റെ വായനയിൽ സൃഷ്ടിച്ച ഭൂകമ്പങ്ങളെക്കുറിച്ച്. മറ്റേതൊരു ആധുനിക മലയാളിയുടേതുമെന്നപോലെ ശശിധരന്റെയും നോവൽവായനയിലെ തലതൊട്ടപ്പൻ മുട്ടത്തുവർക്കിയാണ്. ശശിധരൻ എഴുതുന്നു:

'മുട്ടത്തുവർക്കിയുടെ 'ഇണപ്രാവുകൾ' വായിച്ചുതീർത്ത്, തട്ടിൻപുറത്തെ നീണ്ട മേശമേൽ കമിഴ്ന്നുകിടന്ന് പൊട്ടിക്കരഞ്ഞ ഒരു നനഞ്ഞ സായാഹ്നം ഇപ്പോഴും ഓർമയിലുണ്ട്. ഞാൻ ഫിക്ഷനെ സ്വയം വരിച്ച ദിവസം, വാസ്തവത്തിൽ അന്നാണ്. ഇനിയങ്ങോട്ടുള്ള എന്റെ ജീവിതം കഥകളാൽ നിർണ്ണയിക്കപ്പെടുമെന്ന് കാതരമായ പ്രവാചകസ്വരത്തിൽ ആ പുസ്തകം എന്നെ ബോധ്യപ്പെടുത്തി. വായനയുടെ ഈ ജ്ഞാനസ്‌നാനം എനിക്കു നൽകിയ മുട്ടത്തുവർക്കി എന്ന എഴുത്തുകാരൻ ഇപ്പോഴും എനിക്ക് പ്രയങ്കരനാണ്. അവിടുന്നങ്ങോട്ട് ഞാൻ വായിച്ച ആയിരക്കണക്കിന് എഴുത്തുകാർക്കിടയിൽ പലരും എന്റെ സ്വത്വത്തെ പല വിതാനങ്ങളിൽ സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും വായനക്കാരനായ എന്റെ 'തലതൊട്ടപ്പനാ'യി ഞാൻ കാണുന്നത് മുട്ടത്തുവർക്കിതെത്തന്നെ'. എന്തുകൊണ്ട് ഫിക്ഷൻ? അദ്ദേഹം വിശദീകരിക്കും:

'മഹത്തായ എല്ലാ ഫിക്ഷനുകളും വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ചുകൊടുക്കുന്നുണ്ട്. ഈ അപരലോകം വായനക്കാരൻ/വായനക്കാരി ജീവിക്കുന്ന ഭൗതികലോകത്തിന്റെ പകർപ്പോ കണ്ണാടിക്കാഴ്ചയോ അല്ല. ഫിക്ഷന്റെ പ്രമേയത്തിന് ആഖ്യാനത്തിനും ഭാഷയ്ക്കും ദർശനത്തിനും അപ്പുറത്ത്, വായിക്കുന്ന ആൾക്ക് സ്വന്തമായി അനുഭവിക്കാവുന്ന ഒരാവാസവ്യവസ്ഥ ഈ മറുലോകം അനുവദിച്ചുകൊടുക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവജ്ഞാനത്തിനും ഭാഷാബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പാഠനിർമ്മിതി നടത്താനും പല വായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരമൊരുക്കുന്നുണ്ട്. മറ്റ് കലാമാദ്ധ്യമങ്ങൾക്കൊന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ്, ഈ സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്കു കാരണം.

വായിക്കുന്ന ആളിന്റെ ഏകാന്തതയെയും ഓർമ്മകളെയും അത്രമേൽ ഗാഢമായി അഭിസംബോധന ചെയ്യുന്ന ഒരു മാദ്ധ്യമം ഫിക്ഷൻപോലെ വേറെയില്ല. ഒരർത്ഥത്തിൽ, മനുഷ്യന്റെ ഏകാന്തതയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാത്മകമാക്കുന്ന പ്രവൃത്തിയാണ് കഥയെഴുത്ത്. ഒരാൾ ജീവിച്ചുതീർത്തതെന്ത് എന്നതല്ല, ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിതമെന്ന് ഗബ്രിയേൽ ഗാർസിയാ മാർകേസ് എഴുതുന്നത് ഈ അർത്ഥത്തിലാണ്. കഥകളായി പുനഃസ്മരിക്കപ്പെടുന്ന ഈ ഓർമ്മകൾ വ്യക്തിയെ ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കും പുനരാനയിക്കുന്നു. സ്വന്തം ഏകാന്തതയെയും ഓർമ്മകളെയും ചേർത്തുവച്ച് വ്യക്തികൾ നടത്തുന്ന വായന അങ്ങനെയാണ് സാമൂഹികമായ ഒരനുഷ്ഠാനമായി മാറുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് വ്യക്തികളാണ് എന്ന മാർക്‌സിയൻ സങ്കല്പം വായനയിലും സാധൂകരിക്കപ്പെടുന്നു'.

തുടർന്നങ്ങോട്ട്, വർക്കിയും പാറപ്പുറത്തും മുതൽ മാർക്കേസും പാമുക്കും വരെ; വിശ്വസാഹിത്യത്തിലെ നോവൽ ക്ലാസിക്കുകളിലൂടെ അഞ്ചുപതിറ്റാണ്ടിലധികം കാലം നീണ്ട തന്റെ വായനാജീവിതത്തിന്റെ ഊടും പാവും നെയ്തിടുകയാണ് ശശിധരൻ. ഒളിച്ചുകളിക്കാൻ ഇരുട്ടിടങ്ങളൊന്നുമില്ലാത്ത ഒരൊറ്റ മുറി വീടാണ് ശശിധരന്റെ വായനാസ്ഥലം. ഒരു വികാരവും ഒരനൂഭൂതിയും ഒരു കയ്പും ഒരു പ്രതീതിയും ശശിധരൻ മറച്ചുവയ്ക്കുന്നില്ല. തന്നെപ്പോലും ചായംപൂശുന്നില്ല. ജനപ്രിയമെന്നോ വരേണ്യമെന്നോ ഉള്ള വേർതിരിവുകളില്ല. സാഹിത്യത്തമ്പുരാക്കന്മാർക്കൊപ്പം ഭാവനയുടെ അടിയാളരും പന്തിഭോജനം നടത്തുന്ന തീന്മേശയാണ് ശശിധരന്റേത്. മുട്ടത്തുവർക്കിയിൽ നിന്നും പി. ഭാസ്‌കരനിൽ നിന്നും കണ്ടെടുക്കുന്ന മലയാളത്തിന്റെ ജനകീയ ആധുനികതകളുടെ സാഹിത്യ, കലാ, മാദ്ധ്യമ, സാംസ്‌കാരികാനുഭവങ്ങളുടെ തുടർച്ചയിൽ ദസ്തയവ്‌സ്‌കിയും തർക്കോവ്‌സ്‌കിയും ഘട്ടക്കും മാർക്കേസും സൃഷ്ടിക്കുന്ന ഏകാന്തതയുടെ ഇടിമുഴക്കങ്ങൾ നിറഞ്ഞ പ്രപഞ്ചാകാശങ്ങൾ തന്റെ ഭാവനയിൽ വിറകൊള്ളുന്നത് ശശിധരൻ തിരിച്ചറിയുന്നു.

ശ്രദ്ധേയങ്ങളായ ചില നോവലുകളെക്കുറിച്ചാണ് 'വായന'യിലെ വർണവിന്യാസം ഫ്രഞ്ച് നോവലിസ്റ്റായ പാട്രിക് മൊദിയാനോവിന്റെ 'മധുവിധു', അർജന്റീനിയൻ നോവലിസ്റ്റായ തൊമാസ് എലോയ് മാർത്തിനെസിയുടെ 'സാൻതാ എവിതാ', പർഗേറ്ററി' എന്നീ നോവലുകൾ, തുർക്കി എഴുത്തുകാരനായ ഓർഹാൻ പാമുക്കിന്റെ 'വെളുത്ത കോട്ട', ചൈനീസ് നോവലിസ്റ്റായ യൂഹ്വായുടെ 'ജീവിക്കാനായി', ജാപ്പനീസ് നോവലിസ്റ്റായ ഹാരുകി മുറകാമിയുടെ 'ഇരുട്ടിനുശേഷം', ലാറ്റിനമേരിക്കൻ പോസ്റ്റ് ബൂം നോവലിസ്റ്റായ അന്തോണിയോ സ്‌കർമേറ്റയുടെ 'നർത്തകിയും മോഷ്ടാവും', സെർബിയൻ എഴുത്തുകാരി സ്ലാവങ്കാ ഡ്രാക്കുലിക്കിന്റെ 'എസ്' എന്നീ നോവലുകൾ അവതരിപ്പിക്കപ്പെടുന്നു, ഈ ഭാഗത്ത്. സവിശേഷമായ രീതിയിൽ, ഓരോ നോവലിന്റെയും വായന തന്നിലുണ്ടാക്കിയ ദേശത്തിന്റെ ചരിത്രത്തെയും വ്യക്തികളുടെ ജീവിതത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന ആകുലതകൾ, വ്യഥകൾ പകർന്നുവയ്ക്കുന്നു, ശശിധരൻ. എത്രയും വന്യവും വിദൂരവും അജ്ഞാതവുമായ ഭൂപ്രദേശങ്ങളിൽ, ഭരണകൂടങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നിഷ്ഠൂരവും കിരാതവുമായ കടന്നുകയറ്റങ്ങളിൽ വെറും മനുഷ്യർ അനുഭവിക്കുന്ന പീഡനങ്ങളുടെയും സഹനങ്ങളുടെയും മഹാകാവ്യങ്ങളായെഴുതപ്പെടുന്ന രാഷ്ട്രീയ നോവലുകളാണ് ഇവയിൽ മിക്കതും. വളരെവേഗം ഇവയുടെ വായനയിൽ നിന്ന് ശശിധരൻ തന്റെ നാടിന്റെയും രാഷ്ട്രീയ വിശ്വാസപ്രമാണങ്ങളുടെയും ഭൂതകാലം നിർമ്മിച്ചുവച്ച മൂഢസ്വർഗങ്ങളുടെ തകർച്ചയിലേക്കും മനുഷ്യരുടെ ചങ്കുതകർക്കുന്ന സങ്കടങ്ങളിലേക്കും തിരിച്ചുവരുന്നു. ഇതുതന്നെയാണ് ഫിക്ഷന്റെ വായന ശശിധരനു നിർമ്മിച്ചുനൽകുന്ന ധർമവും അർഥവും കാമവും മോക്ഷവും.

'ജീവിതം' എന്ന രണ്ടാംഭാഗത്ത് നാലുലേഖനങ്ങൾ. ഉത്തരമലബാറിലെ ഗ്രാമങ്ങളിൽ നാടകാഭിനയത്തിലൂടെ ജീവിതത്തിന്റെ മറുകര കണ്ട കെ. ഭാസ്‌കരൻ, ബാബു അന്നൂർ എന്നീ കലാകാരന്മാരെക്കുറിച്ചാണ് ആദ്യരചന. വന്യമായ വായനാലോകങ്ങൾ സൃഷ്ടിച്ച അനുഭവങ്ങളെക്കാൾ വന്യമായ സ്വപ്നങ്ങളെക്കുറിച്ചാണ് മറ്റൊരെണ്ണം. തന്റെ നാടിന്റെ ജീവസ്പന്ദനം പോലുള്ള ഒരു ചായക്കടയെക്കുറിച്ചാണ് ഇനിയൊന്ന്. ആസൂത്രിതമായ ഹിംസകൾ മാത്രമായധഃപതിച്ച തലശ്ശേരിയിലെ രാഷ്ട്രീയ വൈരങ്ങളെക്കുറിച്ചാണ് നാലാമത്തെ ലേഖനം. ഹതാശനായ ഒരു മലബാർ
കമ്യൂണിസ്റ്റിന്റെ ഫാസിസത്തിനെതിരെയുള്ള നിശ്ശബ്ദപ്രതിരോധം. ബുദ്ധിയുറച്ചു തുടങ്ങിയ കാലം മുതൽ തന്റെ സ്വപ്നനഗരമായിരുന്ന തലശ്ശേരി ചോരക്കളമായി മാറിയ രാഷ്ട്രീയ വൈപരീത്യത്തിന്റെ പോസ്റ്റ്‌മോർട്ടം.

'ഓർമ' എന്ന മൂന്നാം ഭാഗത്തുള്ള മിക്ക രചനകളും ചരമക്കുറിപ്പുകളാണ്. ഗബ്രിയേൽ ഗാർസിയാ മാർക്കേസ്, ചടയൻ ഗോവിന്ദൻ, മാധവിക്കുട്ടി, കടമ്മനിട്ട, പി. ഭാസ്‌കരൻ, ജോൺ ഏബ്രഹാം തുടങ്ങിയവരെക്കുറിച്ചുള്ള അങ്ങേയറ്റം ആത്മനിഷ്ഠവും വൈകാരികവുമായ സ്മൃതിചിത്രങ്ങൾ. ഒപ്പം, കസാൻദ് സാക്കീസിലൂടെ അസാമാന്യമായ അടുപ്പം രൂപംകൊണ്ട കാതറിന വിസ്മർ എന്ന ഗ്രീക്ക് യുവതിയെക്കുറിച്ചും.

ഈ ഭാഗത്തു വേറിട്ടുനിൽക്കുന്ന രണ്ടു രചനകളുള്ളത് ഗന്ധങ്ങളും മഴയും തന്റെ ജീവിതത്തിന്റെ ചൂരും നീരുമായിത്തീർന്നതിനെക്കുറിച്ചാണ്. മുൻഭാഗത്ത് സ്വപ്നങ്ങളെക്കുറിച്ചെഴുതുമ്പോഴെന്നപോലെ ഇവയെക്കുറിച്ചെഴുതുമ്പോഴും ശശിധരൻ കവിതയുടെ നാലാം ലോകത്തേക്ക് തന്റെ ഭാഷയും ഭാവനയും മാറ്റി പ്രതിഷ്ഠിക്കുന്നു. ഭൂതകാലത്തിന്റെ കിണറുകൾ തുറന്ന് ഉറപൊട്ടിയൊഴുകുന്ന ഭാഷകൊണ്ട് മനസ്സിന്റെ ഇരുൾതലങ്ങൾ നിറയ്ക്കുകയാണ് ശശിധരൻ. അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഭാവഗന്ധങ്ങളായി നിറയുന്ന ഓർമയുടെ ബാല്യത്തെക്കുറിച്ചുള്ള ഈ ആവിഷ്‌കാരം വായിക്കൂ, ശശിധരൻ കവിയായി മാറുന്നതെങ്ങനെ എന്നറിയാം. 'ബാല്യഗന്ധങ്ങളാണ് ആത്മഗന്ധങ്ങളായി മാറുന്നത്. എങ്കിലും, അസ്തിത്വത്തിന്റെ ഓരോ തിരിവിലും അനുഭവത്തിന്റെ പ്രഭവവും പ്രതീകവുമായി ഗന്ധങ്ങൾ നമ്മോടൊപ്പം ചേരുന്നു. പൂരത്തിനും വിഷുവിനും വീട്ടിൽ വച്ചു വിളമ്പുന്ന ഉണക്കലരി ചേർത്ത പാൽക്കഞ്ഞിയുടെ മണം; വയലിലെ 'പുതിയോത്ര' (പുതിയ ഭഗവതിത്തിറ) ദിവസം ഉച്ചയ്ക്ക് സ്ഥാനികനായ മുല്ലേരിക്കണ്ടി കണ്ണേട്ടന്റെ വീട്ടിൽ നിന്ന് ആർത്തിയോടെ കഴിച്ചുപോന്ന പുത്തരിക്കഞ്ഞിയുടെയും പുഴുക്കിന്റെയും മണം; കർക്കിടകത്തിൽ, വട്ടക്കുട ചൂടി വടക്കൻ പാട്ടുപാടി പെണ്ണുങ്ങൾ പറിച്ചിട്ട വയൽവരമ്പിലെ ചീഞ്ഞ 'കള'യുടെ മണം; 'താലോരിക്ക' (പൊട്ടിക്ക)യും കോട്ടപ്പയറും (അച്ചിങ്ങ) വേവുമ്പോഴുള്ള ഗ്രാമീണചാരുതയ്യാർന്ന ജൈവഗന്ധം; കറിവേപ്പിന്റെ തളിരില കയ്യിലെടുക്കുമ്പോഴേക്കും ഉള്ളിലൂറുന്ന, നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്ന, പൗരാണിക ഗന്ധം; കോവൂർ മഠപ്പുര ഉത്സവം കഴിഞ്ഞു മടങ്ങുമ്പോൾ വയലിലെ 'മാപ്പിളച്ചന്ത'യിൽ നിന്ന് ഉപ്പിലച്ചപ്പിൽ പൊതിഞ്ഞ് അച്ഛൻ കൊണ്ടുവരാറുള്ള വലിയ സ്രാവിൻകഷണങ്ങളുടെ ഗന്ധം. (റാത്തൽ കണക്കിലായിരുന്നു, അന്ന് സ്രാവ് വില്പന. 'റാത്തൽ' എന്ന വാക്ക് കേൾക്കുമ്പോഴേ സ്രാവിന്റെ മണം ഓർമ്മയിലെത്തും); മഞ്ഞപ്പിത്തം ബാധിച്ച് ബോധമറ്റ് കിടക്കുമ്പോൾ അമ്മ കുടിപ്പിച്ച കീഴാർനെല്ലിയുടെ മനംപുരട്ടിക്കുന്ന പച്ചമണം; ചേറും വിയർപ്പും പുരണ്ടതെങ്കിലും, അധ്വാനത്തിന്റെ എരിവും സ്‌നേഹത്തിന്റെ പുളിപ്പുമുള്ള, (മനുഷ്യരെ സ്‌നേഹിക്കാൻ എന്നെ പഠിപ്പിച്ച) അച്ഛന്റെ വിയർപ്പുമണം; കൊണ്ടും കൊടുത്തും വിതച്ചും കൊയ്തും, സ്‌നേഹത്തെ ഉത്സവമാക്കാനറിയുന്ന സ്ത്രീശരീരത്തിന്റെ പുതുധാന്യഗന്ധം; മാർക്കേസിന്റെ 'കോളറക്കാല'ത്തിലെ കാമുകീകാമുകന്മാർ, അനന്തമായി ആവർത്തിക്കാനാഗ്രഹിക്കുന്ന യാത്രയിൽ, കപ്പൽത്തട്ടിൽവച്ച് തൊട്ടറിയുന്ന, മൃത്യുവിന്റെ പരഭാഗസ്പർശമുള്ള വാർദ്ധക്യത്തിൽ പൂത്തഗന്ധം - ഈ നൂറായിരം മണങ്ങളിൽ ഈ മണ്ണും പ്രകൃതിയും വിട്ടുപോകുമ്പോൾ, ഏതാവും എന്റെ കൂടെപ്പോരുക?'

കാഴ്ച എന്ന നാലാം ഭാഗത്ത് സിനിമകളിലെ ജീവിതവും കലയും തന്നെ വിസ്മയിപ്പിച്ചതിന്റെ തിരക്കഥയെഴുതുന്നു, ശശിധരൻ. ആന്ദ്രെ തർക്കോവ്‌സ്‌കിയുടെ നൊസ്റ്റാൾജിയ, ഋത്വിക് ഘട്ടക്കിന്റെ ജീവചരിത്രം പുനഃസൃഷ്ടിച്ച കമലേശ്വർ മുഖർജിയുടെ മേഘാധാക്കാതാര, മെക്‌സിക്കൻ സംവിധായകനായ ഗില്ലെർമോ ദെൽ തോറോയുടെ 'pan's labyrinth', ജർമൻ സംവിധായകനായ ഫ്‌ളോറിയൻ ഹെങ്കൽ വോൺ ഡോണർ സ്മാർക്കിന്റെ 'The liv-es of Others' എന്നീ സിനിമകളെക്കുറിച്ചാണ് ഈ രചനകൾ. നോവലിനെപ്പോലെതന്നെ തന്റെ കാലത്ത് ചരിത്രത്തിന്റെയും മർത്യാനുഭവത്തിന്റെയും നരകയാഥാർഥ്യങ്ങൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞത് സിനിമക്കാണെന്ന് ശശിധരൻ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവുകൾ കൂടിയാണ് ഇവ. എങ്കിലും വായനയിലും നോവലിലും തന്റെ ഭാഗധേയത്തിന്റെ പുരുഷാർഥങ്ങൾ ഒന്നടങ്കം കണ്ടെത്തിയ ഒരു മനുഷ്യൻ ആധുനികതയുടെ സാംസ്‌കാരിക ജീവചരിത്രം എങ്ങനെയെഴുതും എന്നതിന്റെ തെളിവുകൂടിയാകുന്നു, ഈ പുസ്തകം. ബാക്കി അനുഭവങ്ങളും അനുഭൂതികളും മാദ്ധ്യമ, കലാപാഠങ്ങളും വ്യക്തിചിത്രങ്ങളും സാമൂഹ്യാഘാതങ്ങളും ചരിത്രത്തിന്റെ തന്നെ തലകീഴ്മറിയലുകളും പ്രത്യയശാസ്ത്രത്തിന്റെയും പ്രസ്ഥാനങ്ങളുടെയും വിഷംതീണ്ടലുകളുമൊക്കെ പിന്നീടേ വരുന്നുള്ളു ശശിധരന്. അത്രമേൽ നോവലിനും അവ നൽകുന്ന ജീവിതാസക്തികൾക്കും കീഴടങ്ങിയ വായനക്കാരനാകുന്നു എൻ. ശശിധരൻ. ഈ മണ്ണും പ്രകൃതിയും വിട്ടുപോകുമ്പോൾ ഏതു ഗന്ധമാകും തന്റെ കൂടെപ്പോരുക എന്ന് ഒരു ലേഖനത്തിൽ ശശിധരൻ ചോദിക്കുന്നുണ്ട്. സംശയമേ വേണ്ട, അത് പുതിയ പുസ്തകങ്ങളുടെ താളുകൾക്കിടയിൽ മുഖം പൂഴ്‌ത്തിനേടുന്ന അക്ഷരങ്ങളുടെ അമരഗന്ധം തന്നെയായിരിക്കും.

കപ്പൽച്ചേതം വന്ന നാവികൻ
എൻ. ശശിധരൻ
ഡി.സി.ബുക്‌സ്, 2015
170 രൂപ

പുസ്തകത്തിൽ നിന്ന്

കേരളത്തിന് മുഴുവൻ മാതൃകയായിത്തീർന്ന, വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിലും മതവിഭാഗങ്ങളിലും ഉൾപ്പെട്ട, അനേകം നേതാക്കളും നവോത്ഥാന നായകരും എഴുത്തുകാരും പിറന്നുവീണ മണ്ണിൽ, ഇന്ന് ഏറ്റവും സാധാരണക്കാരായ മനുഷ്യർ ബലിമൃഗങ്ങളെപ്പോലെ വെട്ടിവീഴ്‌ത്തപ്പെടുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഇരകളായിത്തീരുന്ന ഇവരിലധികംപേരും സാമൂഹികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നവരും സജീവമായ രാഷ്ട്രീയബന്ധമില്ലാത്തവരും തൊഴിലാളിവർഗ്ഗത്തെ പ്രതിനിധീകരിക്കുന്നവരുമാണ്. ഒരു മനുഷ്യൻ മറ്റൊരു സഹജീവിയെ വാളും മഴുവും കത്തിയും കൊണ്ട് വെട്ടിവീഴ്‌ത്തുന്നതിലെ അയുക്തികതയും വന്യതയും ചോദ്യംചെയ്യാൻപോലുമാവാത്ത നിസ്സംഗതയിലാണ് ഇന്ന് തലശ്ശേരിയിലെ മനുഷ്യർ. ഓരോ കൊലപാതകത്തിനുശേഷവും ഉണ്ടാകുന്ന ശാന്തതയിൽ, ഇത് അവസാനത്തേതാണ് എന്ന് ജനങ്ങൾ ആശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അശനിപാതംപോലെ മറ്റൊരു ദുരന്തം അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരിക്കും. ഒരു കുറ്റവും ചെയ്യാത്ത ഒരു ജനസമൂഹം, ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നില്‌ക്കേണ്ടിവരുന്നതിന്റെ വൈപരീത്യം ആരും മനസ്സിലാക്കാതെപോവുന്നു. ഏറ്റവും ആത്മാർത്ഥതയോടെ സംഘടിപ്പിക്കപ്പെടുന്ന സമാധാനശ്രമങ്ങൾപോലും അതുകൊണ്ടുതന്നെ ജനമനസ്സുകളെ സ്പർശിക്കാതെ പോവുന്നു. മനുഷ്യർക്കു സഹജീവികളെ സംശയദൃഷ്ടിയോടെ മാത്രം കാണാൻ കഴിയുന്ന ഒരു സമൂഹത്തിൽനിന്ന് എല്ലാ തരത്തിലുള്ള സർഗ്ഗാത്മകതയും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. തലശ്ശേരിമേഖല ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്.

സാമൂഹികമായ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കാൻ അവസരമില്ലാതിരിക്കുമ്പോൾ ജനങ്ങൾക്കിടയിലുണ്ടാവുന്ന ശൂന്യത അവനവനെക്കൊണ്ടുമാത്രം നിറയ്ക്കപ്പെടാവുന്ന ഒന്നല്ല. കുടുംബവും തൊഴിലിടങ്ങളും തൊഴിൽതന്നെയും അപ്പോൾ യാന്ത്രികമായ അനുഷ്ഠാനം മാത്രമായിത്തീരുന്നു. എല്ലാത്തരം കൂട്ടായ്മകളെയും തിരസ്‌കരിക്കുകയും അസ്തിത്വത്തിന്റെ ഉപരിപ്ലവതകളിൽ അനായാസമായി മുങ്ങിയും പൊങ്ങിയും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന വെറുമൊരു ആൾക്കൂട്ടമായി ഞങ്ങൾ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയകലാപങ്ങളിൽ കൊലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്ത ബന്ധുക്കളും പ്രിയപ്പെട്ടവരുമായി ഒരാളെങ്കിലും, ജീവിതാന്ത്യംവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഓർമ്മയായി, ഒട്ടേറെപ്പേരുടെ മനസ്സിലും ജീവിക്കുന്നുണ്ടാവും. ഓരോ പുതിയ സംഘർഷവാർത്ത കേൾക്കുമ്പോഴും അയാളുടെ ഹൃദയം ഭീതിയും ഉത്കണ്ഠയുംകൊണ്ട് മിടിക്കുന്നുണ്ട്. ഇങ്ങനെ ഒഴികഴിവുകളില്ലാത്ത അനിവാര്യതയായി ഭീതിയും ദുരന്തവും വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ, ബാക്കിയാവുന്നത് ജീവിതമെന്നു വിളിക്കാൻ കഴിയാത്ത ജീവിതവും മനുഷ്യർ എന്ന് വിളിക്കാൻ കഴിയാത്ത മനുഷ്യരും മാത്രം. ഒരിക്കൽ സ്‌നേഹവിശ്വാസങ്ങളുടെ വെള്ളിവെളിച്ചം തൂവിനിന്ന നഗരത്തെരുവുകളും നാട്ടുവഴികളും ഇപ്പോൾ പകൽസമയത്തുപോലും ഇരുട്ടിലാണ്. മുഖംമൂടിയും ആയുധവുമണിഞ്ഞ അജ്ഞാതരായ അക്രമികളെ ഏത് ആൾക്കൂട്ടത്തിലും ഇടവഴിയിലും (വീട്ടിനകത്തുപോലും) സങ്കല്പിച്ചുപോവുന്ന ഒരു ജനതയ്ക്കു സാമൂഹികമായ സ്വാതന്ത്ര്യം എങ്ങനെ അനുഭവിക്കാനാവും? പ്രാദേശികമായി അടിച്ചേൽപ്പിക്കപ്പെടുന്ന (ഫലത്തിൽ ബന്ദായി മാറുന്ന) ഹർത്താലുകളാണ് മറ്റൊരു ദുരന്തം. 12 മണിക്കൂറോ 24 മണിക്കൂറോ നീണ്ടുനിൽക്കുന്ന ഒരു ഹർത്താൽ, ഫലത്തിൽ, സാമൂഹികമായ ഒരു കൊലപാതകമാണ്; ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ദൈനംദിന ജീവിതവ്യവഹാരങ്ങളെയും ഹനിക്കലാണ്. അങ്ങേയറ്റം പ്രാകൃതവും ജനാധിപത്യവിരുദ്ധവുമായ ഈ അനുഷ്ഠാനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.

1983-ൽ തലശ്ശേരി സബ് കളക്ടറായിരുന്ന അമിതാബ് കാന്ത് ജനങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ച തലശ്ശേരി കാർണിവൽ യഥാർത്ഥത്തിൽ ഒരു നല്ല തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് വർഷാവർഷം കാർണിവലുകൾ കേമമായി കൊണ്ടാടപ്പെടുമ്പോഴും രാഷ്ട്രീയ കൊലപാതകങ്ങൾ നിർബാധം തുടരുകതന്നെയായിരുന്നു. ഏറ്റവുമൊടുവിൽ, 2008-ലെ കാർണിവൽ ആരംഭിച്ച രാത്രിയിൽത്തന്നെ തലശ്ശേരിക്കടുത്ത് ഒരു കൊലപാതകം കൂടി അരങ്ങേറി. മനുഷ്യഹിംസയ്ക്ക് എതിരായ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഒരിടവും അനുവദിക്കാത്തവിധത്തിൽ ഒരു ദേശം മാറിക്കഴിഞ്ഞുവോ? സാംസ്‌കാരിക പ്രവർത്തകരുടെ അഭാവമോ അവരുടെ ആത്മാർത്ഥതയില്ലായ്മയോ അല്ല കാരണം. അവർക്ക് അഭിസംബോധന ചെയ്യാൻ യുക്തിസഹമായ സാമൂഹികബോധമുള്ള ഒരു ജനതതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളത്, ഭീതിയുടെയും നിസ്സഹായതയുടെയും ഇരുട്ടിൽ അവനവനെത്തന്നെ കൊന്നുതിന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ടം മാത്രം. തലശ്ശേരിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ രാഷ്ട്രീയ സംഘട്ടനങ്ങൾ എന്ന് വിളിക്കുന്നത് പൂർണ്ണമായും തെറ്റാണ്. ആശയതലത്തിലോ, ആശയുടെ തലത്തിൽപോലുമോ, അവയ്ക്കുപിന്നിൽ രാഷ്ട്രീയം അശേഷമില്ല; നഗ്നവും പ്രാകൃതവുമായ ഹിംസമാത്രമാണവ. '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP