Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിയരുകിൽ കിടന്നുറങ്ങുന്നവരെ കണ്ടാൽ അപ്പോൾ കല്ലിനിടിച്ച് കൊല്ലും; എറണാകുളം നഗരത്തിൽ മാത്രം റിപ്പർ സേവിയർ കൊന്ന് തള്ളിയത് ഒൻപത് പേർ; കൊച്ചിയുടെ ഉറക്കം കെടുത്തിയ കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ

വഴിയരുകിൽ കിടന്നുറങ്ങുന്നവരെ കണ്ടാൽ അപ്പോൾ കല്ലിനിടിച്ച് കൊല്ലും; എറണാകുളം നഗരത്തിൽ മാത്രം റിപ്പർ സേവിയർ കൊന്ന് തള്ളിയത് ഒൻപത് പേർ; കൊച്ചിയുടെ ഉറക്കം കെടുത്തിയ കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ

കൊച്ചി: എറണാകുളം നഗരത്തിലും പരിസരങ്ങളിലും പത്തുവർഷത്തിനിടെ നടന്ന ഒൻപതു കൊലപാതകങ്ങൾക്കാണ് ഒടുവിൽ തുമ്പുണ്ടായത്. റിപ്പർ മോഡലിൽ ഒൻപതുപേരെ കൊന്നയാൾ അറസ്റ്റിൽ. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ പണിക്കര് കുഞ്ഞുമോൻ എന്നുവിളിക്കുന്ന സേവ്യർ(42) ആണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായ റിപ്പർ കൊലപാതകി.

വഴിയരികിൽ ഉറങ്ങുന്ന ഊരും പേരുമില്ലാത്തവരെ പോക്കറ്റടിക്കാനും കൊല്ലാനും സേവ്യർ തുനിഞ്ഞത് കേസിൽനിന്നും രക്ഷപ്പെടാനും കൂടിയാണ്. കൂലിപ്പണിക്കാരനായ സേവ്യർ പല കേസുകളിലായി പലപ്പോഴായി അറസ്റ്റിലായിട്ടുമുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ, ടൗൺ നോർത്ത് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ മയക്കുമരുന്നു കേസിൽ സേവ്യർ പിടിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയശേഷം സ്വാഭാവികമായി പെരുമാറാനുള്ള കഴിവാണ് സേവ്യറിനെ സംശയിക്കാതിരിക്കാൻ പ്രധാന കാരണം. രാത്രി പട്രോളിങ്ങിനിടെ സേവ്യറിനെ പൊലീസ് പലവട്ടം പിടികൂടിയിട്ടുണ്ടെങ്കിലും സിനിമാ ടിക്കറ്റ്കാട്ടി രക്ഷപെടാറാണ് പതിവ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും അമിതമായ ഉപഭോഗംമൂലം ഇയാൾക്ക് രാത്രി ഉറക്കം കുറവായിരുന്നു. സെക്കൻഡ് ഷോ പതിവാക്കിയ സേവ്യർ ഇടവേളയോടെ പുറത്തിറങ്ങും. അതിന് ശേഷമാണ് മോഷണവും കൊലയും.

ലഹരിക്കുള്ള പണത്തിനായാണ് മോഷണം. ഇത് സംഘർഷത്തിലും കൊലയിലേക്കും കാര്യങ്ങൾ എത്തിക്കും. സംഘർഷത്തിനുശേഷം തൽക്കാലത്തേക്കു സ്ഥലംവിടുന്ന സേവ്യർ അയാൾ ഉറങ്ങിയശേഷം 20 കിലോവരെയുള്ള കല്ലുമായെത്തി തലയിലേക്കിടും. മരണം ഉറപ്പാക്കിയശേഷമേ മടങ്ങൂ. ഇത്തരത്തിൽ കല്ലിന് അടിയേറ്റവരിൽ മിക്കവരും സംഭവസ്ഥലത്തുതന്നെ മരിക്കുന്നതിനാൽ മൊഴിയോ തെളിവുകളോ ലഭിച്ചിരുന്നില്ല. കൊലപാതകശേഷം അടുത്തദിവസം മുതൽ സ്വാഭാവിക ജീവിതത്തിലേക്കും ജോലിയിലേക്കും സേവ്യർ കടക്കും. കൊലപാതകിയുടെ മാനസികാവസ്ഥയിൽനിന്നു സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് കടക്കുന്നതിനാൽ സുഹൃത്തുക്കൾക്കിടയിൽപോലും സംശയം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കലൂർ മണപ്പാട്ടി പറമ്പിനടുത്താണ് സേവ്യർ ഏറെനാൾ താമസിച്ചിരുന്നത്. പിന്നീട് ഇവിടെനിന്നു തേവക്കലിലുള്ള സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.

എറണാകുളം ഇ.എസ്.ഐ. ആശുപത്രിക്കുസമീപം ഉണ്ണി(നെഞ്ചുണ്ണി) എന്നയാൾ കല്ലു കൊണ്ടുള്ള ഇടിയേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സേവ്യർ പിടിയിലായത്. വഴിയരികിലും റെയിൽവേ പരിസരങ്ങളിലും കിടന്നുറങ്ങിയിരുന്ന എട്ടുപേരെക്കൂടി സമാനരീതിയിൽ കൊന്നതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിക്കുകയായിരുന്നു. ഈ മാസം ഒൻപതിനാണു റിപ്പർമോഡൽ ആക്രമണത്തിനിരയായി നെഞ്ചും വാരിയെല്ലും തകർന്ന ഉണ്ണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അബോധാവസ്ഥയിൽ ആയിരുന്നതിനാൽ ഉണ്ണിയുടെ മൊഴിയെടുക്കാനായില്ല. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘം കല്ലു കൊണ്ടിടിച്ചുള്ള കൊലക്കേസുകളിൽ പ്രതികളായവരെ നിരീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

അതിനിടെ കഴിഞ്ഞദിവസം എറണാകുളം ട്രാഫിക് ജങ്ഷനുസമീപം വഴിയരികിൽ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം നടന്നു. ആക്രമണത്തിനിരയായ വ്യക്തി നൽകിയ വിവരമാണ് അന്വേഷണം സേവ്യറിനെ കുരുക്കിയത്. കലൂർ മണപ്പാട്ടിപ്പറമ്പിലെ സ്ഥിരം സാന്നിധ്യമായ സേവ്യറിനെ സംഭവശേഷം ഇവിടെ കാണാതിരുന്നതും ഇയാളെ സംശയനിഴലിലാക്കി. മദ്യപിക്കുന്നതിനിടെ ഉണ്ണിയുടെ പണം കവരാനുള്ള ശ്രമം തർക്കത്തിലേക്കു നയിച്ചെന്നും ഉണ്ണിയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലിൽ സേവ്യർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

2007-2016 വരെ ജില്ലയുടെ വിവിധഭാഗങ്ങളിലായി എട്ടുപേരെ സമാനരീതിയിൽ കൊന്നതായി സേവ്യർ സമ്മതിച്ചു. 2007ൽ തൃക്കാക്കര മുനിസിപ്പൽ ഷോപ്പിങ് കോപ്ലക്‌സിന് മുന്നിൽ 75 വയസുള്ള വയോധികൻ, 2008ൽ കലക്ടറേറ്റിനു സമീപമുള്ള ചായക്കടയ്ക്കു മുന്നിൽ 40 വയസുകാരൻ, കളമശേരിയിൽ അബ്ദു ഖാദർ(70), വരാപ്പുഴ ചെറിയപള്ളിക്കു സമീപത്തുവച്ച് പ്രതാപചന്ദ്രൻ(72), 2009ൽ ബ്രോഡ്‌വേയ്ക്കുസമീപം കടയരികിൽവച്ച് തമിഴ്‌നാട് സ്വദേശി ചെകിടൻ എന്ന സന്താനം(60), മാർക്കറ്റ് റോഡിൽവച്ച് തകര(60), 2014ൽ ആസാദ് റോഡിൽ ചേരാതൃക്കോവിലിനു സമീപം പരമേശ്വരൻ(70), 2015ൽ നോർത്ത് റെയിൽവേ മേൽപ്പാലത്തിനു കീഴിൽ തമിഴ്‌നാട് സ്വദേശി സെൽവം(28) എന്നിവരാണ് സേവ്യറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റായിരുന്നു എല്ലാവരുടെയും മരണം.

മദ്യത്തിനും കഞ്ചാവിനുമായി രാത്രിയിൽ വഴിയരികിൽ കിടന്നുറങ്ങുന്നവരുടെ പണം തട്ടിയെടുക്കുന്നതു സേവ്യർ പതിവാക്കിയിരുന്നു. ഇങ്ങനെയുണ്ടായ സംഘർഷങ്ങളാണ് എല്ലാ കൊലപാതകങ്ങളിലേക്കും നയിച്ചത്. ചോദ്യം ചെയ്‌ലിയനോട് സേവ്യർ സഹകരിക്കാതിരുന്നതിനെത്തുടർന്ന് മനഃശാസ്ത്രവിദഗ്ധരുടെ സഹായവും പൊലീസ് തേടിയിരുന്നു. കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP