Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അത്യുഗ്രൻ നൃത്തച്ചുവടുമായി കത്രീനാ കൈഫും രൺവീർ സിംഗും; ചാമ്പ്യൻസ് ഗാനവുമായി ബ്രാവോ: ഐപിഎൽ പൂരത്തിന് പൂരക്കാഴ്‌ച്ചയോടെ കൊടിയേറ്റം

അത്യുഗ്രൻ നൃത്തച്ചുവടുമായി കത്രീനാ കൈഫും രൺവീർ സിംഗും; ചാമ്പ്യൻസ് ഗാനവുമായി ബ്രാവോ: ഐപിഎൽ പൂരത്തിന് പൂരക്കാഴ്‌ച്ചയോടെ കൊടിയേറ്റം

മുംബൈ: മഴയൊഴിഞ്ഞ് വറുതിയിൽ പൊരിയുന്ന മഹാരാഷ്ട്രയിൽ ഇനി ഐ.പി.എൽ മഴക്കാലം. മൈതാനങ്ങളിൽ ഇനി ക്രിക്കറ്റിന്റെ പേമാരി പെയ്തിറങ്ങും. ജനങ്ങൾ വരൾച്ച മൂലം ബുദ്ധിമുട്ടുമ്പോൾ നിങ്ങൾ ക്രിക്കറ്റ് കളിക്കുകയാണോ എന്ന കോടതിയുടെ ചോദ്യം ആദ്യം അല്പം നിറം കെടുത്തിയെങ്കിലും ഐ.പി.എല്ലിന്റെ കൊടിയേറ്റം നിറങ്ങളുടെ പൂരക്കാഴ്ചയായി. ഇന്നലെ വരെ ഒരേ മനസ്സോടെ പോരാടിയവർ ഇനി തമ്മിൽ ഏറ്റുമുട്ടും.

ഐ.പി.എൽ കണ്ടതിൽ വച്ച് ഏറ്റവും പ്രൗഢമായ ഉദ്ഘാടന ചടങ്ങായിരുന്നു ഇന്നലത്തേത്. ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസും, കത്രീന കൈഫും, രൺവീർ സിങും, ഹണി സിങും പൊടി പാറിച്ച വേദിയിൽ തന്റെ ചാമ്പ്യൻസ് ഗാനവുമായി വെസ്റ്റ് ഇൻഡീസ് താരം ഡൈ്വൻ ബ്രാവോയും ചേർന്നതോടെ ആവേശം പരകോടിയിലെത്തി.

2008ൽ ആരംഭിച്ചതിനു ശേഷം ഒത്തുകളികളും, വാതുവയ്പുകളും ആഴിമതി ആരോപണങ്ങളും കൊണ്ട് സംഭവ ബഹുലമായിരുന്നു ഐ.പി.എൽ ചരിത്രം. ഒടുവിൽ രണ്ട് ടീമുകളുടെ പുറത്താകലിൽ വരെയെത്തി കാര്യങ്ങൾ. ഇതിനൊക്കെ ശേഷമുള്ള ടൂർണമെന്റ് എന്ന നിലയിൽ പ്രത്യേകതകൾ ഏറെയാണ് ഇത്തവണ ഐ.പി.എല്ലിന്. വാതുവയ്പ് വിവാദത്തെത്തുടർന്നു ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ സ്ഥാനത്ത് പുതിയ രണ്ടു ടീമുകളുണ്ട്; ഗുജറാത്ത് ലയൺസും റൈസിങ് പൂണെ സൂപ്പർജയന്റ്‌സും. കഴിഞ്ഞ എട്ടു സീസണുകളിലും ചെന്നൈയെ നയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണു നായകൻ. ജഴ്‌സി മാറിയെത്തുന്ന ചെന്നൈയാണ് പുണെ എന്നു വേണമെങ്കിൽ പറയാം. കോച്ചും പഴയ ആളു തന്നെ, സ്റ്റീഫൻ ഫ്‌ലെമിങ്. ഗുജറാത്ത് ലയൺസിനെ നയിക്കുന്നത് സുരേഷ് റെയ്‌നയാണ്.

എട്ടു ടീമുകൾക്കായി പത്തു വേദികളാണുള്ളത്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് റൈസിങ് സൂപ്പർ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ട്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഗുജറാത്ത് ലയൺസിനു സ്വന്തം. ഡൽഹി ഡെയർ ഡെവിൾസിന്റെ രണ്ടു കളികൾ റായ്പൂരിലെ ശഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മൂന്നു മൽസരങ്ങൾ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും നടക്കും. ബാക്കിയെല്ലാം പതിവുപോലെ. ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ലേഓഫിലേക്കു യോഗ്യത നേടും. ഒരു എലിമിനേറ്ററിനും രണ്ടും ക്വാളിഫയർ മൽസരങ്ങൾക്കുംശേഷമാണ് ഫൈനൽ.

ടീമുകൾ ഇങ്ങനെ: ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും ചീഞ്ഞതാണ് ഗുജറാത്ത് ലയൺസിനു വളമായത്. ക്യാപ്റ്റൻ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രണ്ടൻ മക്കല്ലം, ജയിംസ് ഫോക്‌നർ, ഡ്വെയ്ൻ ബ്രാവോ എന്നിവരെല്ലാം ട്വന്റി20 ഫോർമാറ്റിൽ പരിചയസമ്പന്നർ. ബാറ്റിങ്ങിൽ റെയ്‌നക്കും മക്കല്ലത്തിനും കൂട്ടായി ആരോൺ ഫിഞ്ച്, ഡ്വെയ്ൻ സ്മിത്ത് എന്നിവരുമുണ്ട്. ഡെയ്ൽ സ്റ്റെയ്ൻ നയിക്കുന്ന ബോളിങ് നിരയിൽ ഐപിഎലിൽ മികച്ച റെക്കോർഡുള്ള ഇന്ത്യൻ താരങ്ങൾ പ്രവീൺ കുമാർ, ധവാൽ കുൽക്കർണി എന്നിവരുമുണ്ട്.

ധോണിയുടെ ടീം എന്നതാണ് റൈസിങ് പുണെ സൂപ്പർ ജയന്റ്‌സിന്റെ മേൽവിലാസം. ചെന്നൈ ടീമിൽ ഒപ്പമുണ്ടായിരുന്ന പല താരങ്ങളും ധോണിക്കൊപ്പമുണ്ട്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്, കെവിൻ പീറ്റേഴ്‌സൺ, അജിങ്ക്യ രഹാനെ എന്നിവരെല്ലാം ധോണിക്കു വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാന്മാർ. ഇന്ത്യൻ ടീമിലും ചെന്നൈ ടീമിലും ധോണിയുടെ വിശ്വസ്തനായ രവിചന്ദ്ര അശ്വിൻ നയിക്കുന്ന ബോളിങ് നിരയിൽ ഇഷാന്ത് ശർമ, ആർ. പി. സിങ്, ഇർഫാൻ പത്താൻ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ആദം സാംപ, ആൽബി മോർക്കൽ, തിസര പെരേര എന്നീ വിദേശ താരങ്ങളുമുണ്ട്.

കഴിഞ്ഞ ഐപിഎൽ ജയിച്ച അതേ ടീംതന്നെയാണ് ഏകദേശം മുംബൈ ഇന്ത്യൻസിന്റേത്. ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്നു നയിക്കുന്ന ബാറ്റിങ് നിരയിൽ ലോകകപ്പ് ഹീറോ ലെൻഡൽ സിമൺസ്, ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡു, ഉന്മുക്ത് ചന്ദ് എന്നിവർ പ്രധാനികൾ. ബോളിങ് നിര അതിഗംഭീരം ലസിത് മലിംഗ, ജസ്പ്രീത് ബുംറ, മിച്ചൽ മക്ലീനഘൻ, ടിം സൗത്തി, ഹർഭജൻ സിങ്. കീറോൺ പൊള്ളാർഡ്, കോറി ആൻഡേഴ്‌സൺ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓൾറൗണ്ടർമാർ.

വീരേന്ദർ സേവാഗ് പോയതിനുശേഷം പഞ്ചാബ് സൂപ്പർ കിങ്‌സിന്റെ പേരിലെ പ്രതാപം ഒട്ടു കുറഞ്ഞു. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറാണു ക്യാപ്റ്റൻ. മില്ലർ ഉൾപ്പെടെ ഏഴു വിദേശതാരങ്ങൾ മാത്രം. മുരളി വിജയ്, ഷോൺ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, മനൻ വോറ എന്നിവരാണു ബാറ്റിങ്ങിലെ പ്രധാനികൾ. പക്ഷേ, പഞ്ചാബിന്റെ ഐക്കൺ താരം മറ്റൊരാളാണ് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്വെൽ. പഞ്ചാബ് ഫൈനൽ കളിച്ച 2014 ഐപിഎലിന്റെ താരമായിരുന്നു മാക്‌സ്വെൽ. ബോളിങ്ങിൽ മിച്ചൽ ജോൺസൺ, മോഹിത് ശർമ, അക്ഷർ പട്ടേൽ എന്നിവർ. ഓൾറൗണ്ടർമാരായി മില്ലർ, മാക്‌സ്വെൽ, ഗുർകീറത് സിങ്.

മെന്ററായി രാഹുൽ ദ്രാവിഡിന്റെ സാന്നിധ്യമാണ് ഡൽഹി ഡെയർ ഡെവിൾസിനെ ശ്രദ്ധേയമാക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ പരിചയസമ്പത്തും യുവത്വത്തിന്റെ ചോരത്തിളപ്പും ഡൽഹിയുടെ ടീമിൽ കാണാം. ഇന്ത്യൻ പേസ് ബോളർ സഹീർ ഖാനാണ് ക്യാപ്റ്റൻ. ക്വിന്റൺ ഡികോക്ക്, ജെ. പി. ഡുമിനി, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ ഇന്ത്യൻ സാഹചര്യങ്ങളിൽ ചിരപരിചിതർ. മായങ്ക് അഗർവാൾ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവർ പേരുറപ്പിക്കാൻ വെമ്പുന്നവർ. എല്ലാവരും ഉറ്റുനോക്കുന്ന ഒരാളുമുണ്ട് ടീമിൽ ലോകകപ്പ് ഫൈനലിൽ തുടരെ നാലു സിക്‌സുമായി വിൻഡീസിനെ വിജയത്തിലെത്തിച്ച കാർലോസ് ബ്രാത്വെയ്റ്റ്.

വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, എ. ബി. ഡിവില്ലിയേഴ്‌സ്, ഷെയ്ൻ വാട്‌സൺ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനു മറ്റെന്തു പരിചയപ്പെടുത്തൽ വേണം! ഐപിഎലിലെ ഏറ്റവും താരമൂല്യമുള്ള ടീം. കോഹ്ലിയാണു ക്യാപ്റ്റൻ. കേദാർ യാദവ്, മൻദീപ് സിങ്, സർഫ്രാസ് ഖാൻ തുടങ്ങിയ ഇന്ത്യൻ യുവനിര പിന്നാലെയുണ്ട്. മിച്ചൽ സ്റ്റാർക്ക് പേസ് നിരയെയും സാമുവൽ ബദ്രി സ്പിൻ നിരയെയും നയിക്കുന്നു. വാട്‌സണു പുറമേ ഓൾറൗണ്ടറായി സ്റ്റുവർട്ട് ബിന്നിയുമുണ്ട്. സച്ചിൻ ബേബി ടീമിലെ മലയാളി സാന്നിധ്യം. താരാധിക്യമുള്ള ടീമിൽ ബേബിക്കു കളിക്കാൻ അവസരം കിട്ടിയാൽ ഭാഗ്യം.

താരങ്ങൾക്കു കുറവില്ല ഹൈദരാബാദിലും. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ് ക്യാപ്റ്റൻ. ലോകകപ്പിലെ മോശം ഫോമിനെത്തുടർന്ന് ഇന്ത്യൻ ടീമിലെ ഇടം വെല്ലുവിളിയായ ധവാന് ഈ ഐപിഎൽ നിർണായകം. ഡേവിഡ് വാർണർ, കെയൻ വില്യംസൺ, ഓയിൻ മോർഗൻ എന്നിവർ പുകൾപെറ്റ വിദേശതാരങ്ങൾ. ബോളിങ്ങിലെ നായകൻ ഇന്ത്യൻ ടീമിലേക്കു ശക്തമായ തിരിച്ചുവരവു നടത്തിയ ആശിഷ് നെഹ്‌റ. ട്രെന്റ് ബോൾട്ട്, ഭുവനേശ്വർ കുമാർ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഒപ്പം. ഓൾറൗണ്ടറായി യുവരാജ് സിങ്ങും മോയ്‌സെസ് ഹെന്റിക്വെസും. ബരീന്ദർ സ്രാൻ, ദീപക് ഹൂഡ തുടങ്ങിയ യുവതാരങ്ങളും പ്രതീക്ഷ നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP