Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ അതിമാനുഷികയല്ല; ഉത്തരവ് നടപ്പാക്കേണ്ടിയിരുന്നത് പൊലീസ്; ആറാം തീയതി നൽകിയ റിപ്പോർട്ടിൽ സ്ഥലപരിമിതി പ്രശ്‌നമായി; രണ്ട് ദിവസം കൊണ്ട് അതെങ്ങനെ മാറി? സത്യം തുറന്ന് പറഞ്ഞ് കളക്ടർ ഷൈനമോൾ; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് കാരണം പൊലീസ് അനാസ്ഥ തന്നെ

ഞാൻ അതിമാനുഷികയല്ല; ഉത്തരവ് നടപ്പാക്കേണ്ടിയിരുന്നത് പൊലീസ്; ആറാം തീയതി നൽകിയ റിപ്പോർട്ടിൽ സ്ഥലപരിമിതി പ്രശ്‌നമായി; രണ്ട് ദിവസം കൊണ്ട് അതെങ്ങനെ മാറി? സത്യം തുറന്ന് പറഞ്ഞ് കളക്ടർ ഷൈനമോൾ; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് കാരണം പൊലീസ് അനാസ്ഥ തന്നെ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് ജില്ലാ കളക്ടർ. കളക്ടർ അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പൊലീസ് എങ്ങനെയാണ് അനുമതി നൽകിയതെന്ന് കളക്ടർ എ ഷൈനമോൾ ചോദിച്ചു. ആറാം തിയ്യതി പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് സ്ഥലപരിമിതിയുള്ളതിനാൽ ക്ഷേത്രത്തിൽ മത്സര കമ്പം വെടിക്കെട്ടിന് അനുമതി നൽകരുതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.

എന്നാൽ, രണ്ടു ദിവസങ്ങൾക്കകം വെടിക്കെട്ട് നടത്താൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് മറ്റൊരു റിപ്പോർട്ട് നൽകി. രണ്ടു ദിവസങ്ങൾക്കകം കാര്യങ്ങളിൽ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാൽ നിരോധനവുമായി മുന്നോട്ടു പോവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു. പൊലീസ് റിപ്പോർട്ട് എങ്ങനെ തിരുത്തി എന്നതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഷൈനമോൾ പറഞ്ഞു. തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന പൊലീസിന്റെ മറുപടി വളരെ ബാലിശമാണെന്നും ജില്ലാകളക്ടറായ തന്റെ നിർദ്ദേശം നടപ്പാക്കുന്നതിൽ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കളക്ടർ പറഞ്ഞു.

വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോർട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് കൊല്ലം കലക്ടർ ചോദിക്കുന്നത്. പൊലീസിന്റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിർദ്ദേശിച്ചതാണ്.എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോർട്ട് തിരുത്തിയത്. ഒരു ദിവസംതന്നെ രണ്ട് റിപ്പോർട്ടുകൾ പൊലീസ് എങ്ങിനെയാണ് നൽകിയത്. ഇത് പൊലീസിന്റെ വീഴ്ചതന്നെയാണ്. കലക്ടറുടെ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് കളക്ടറുടെ വാദം. ആറാം തിയതി പൊലീസ് നൽകിയ റിപ്പോർട്ടിൽ സ്ഥലപരിമിതിയുള്ളതായി പറയുന്നു. ഒൻപതിന് നൽകിയ റിപ്പോർട്ടിൽ കുഴപ്പമില്ലെന്ന് പൊലീസ് പറയുന്നു. രണ്ടുദിവസംകൊണ്ട് എങ്ങനെ സ്ഥലപരിമിതി മാറിയെന്നതാണ് ചോദ്യം.

ജില്ല കലക്ടർക്ക് പൊലീസിന്റെ പണി ചെയ്യാൻ പറ്റില്ല. മൽസരകമ്പമാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അതിനുള്ള സ്ഥലപരിധി ഇല്ലെന്നു പൊലീസ് തന്നെയാണ് റിപ്പോർട്ട് നൽകിയത്. ഇവർതശന്നയാണ് വെടിക്കെട്ട് നടത്തുന്നതിൽ കുഴപ്പമില്ലെന്ന് പിറ്റേന്ന് റിപ്പോർട്ട് നൽകിയത്. എട്ടിന് വെടിക്കെട്ടിന് ജില്ലഭരണകൂടം അനുമതി നിഷേധിച്ചതാണ്. പൊലീസിന്റെയും തഹസിൽദാഹിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. പിന്നെ എങ്ങിനെയാണ് ഉൽസവ കമ്മിറ്റി മൽസര കമ്പക്കെട്ട് നടത്തിയതെന്നും കലക്ടർ ചോദിച്ചു.

അതിനിടെ വിഷയത്തിൽ നിന്ന് തലയൂരാൻ പൊലീസും ശ്രമം തുടങ്ങി. പരവൂരിൽ വലിയ സ്‌ഫോടനത്തിന് അൽപം മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നത് ഈ സാഹചര്യത്തിലാണ്.. അപകട ശേഷം മത്സരക്കമ്പം നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം ഭാരവാഹികൾ അനുസരിച്ചില്ല. കരാറുകാരൻ ഉമേഷിന് പരവൂരിൽ നടന്ന സ്‌ഫോടനത്തിന് തൊട്ടുമുമ്പുണ്ടായ വെടിക്കെട്ട് അപകടത്തിലാണ് പരിക്ക് പറ്റിയതെന്ന് പരവൂർ സിഐ ചന്ദ്രകുമാർ. ഇതേ തുടർന്ന് താൻ കമ്പം നിർത്തിവെക്കാൻ സംഘാടകൻ ലൗലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും, സംഘാടകർ ഇക്കാര്യം ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും സി ഐ ചന്ദ്രകുമാർ പറഞ്ഞു. പരവൂരിൽ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടത്തിൽ പ്രതി പൊലീസാണെന്ന ജില്ലാ കളക്ടറുടെ നിലപാട് വാർത്തയായതിന് തൊട്ട് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

ജില്ലാ കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ടിന് കൊല്ലം ജില്ലാ കളക്ടർ ഷൈനാമോൾ നിഷേധിച്ചപ്പോൾ അനുമതി നൽകണമെന്നാവശ്യപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നൽകിയ കത്ത് പുറത്തു വന്നിരുന്നു. പന്ത്രണ്ടു കിലോ കരിമരുന്നു മാത്രം ഉപയോഗിക്കുമെന്ന ക്ഷേത്രം ഭാരവാഹികളുടെ വാദം തെറ്റാണെന്നും മത്സരക്കമ്പം നടത്തുന്നതിനാൽ ദുരന്തമുണ്ടാകാമെന്നു തഹസിൽദാർ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെ കളക്ടർ വെടിക്കെട്ട് നിരോധിച്ചു. പക്ഷേ എല്ലാത്തിനും പൊലീസ് നിശബ്ദ സാന്നിധ്യമായി. ഇതിനൊപ്പം വെടിക്കെട്ട് തടയാൻ കളക്ടർ നടപടിയൊന്നും എടുത്തില്ലെന്ന വാദവുമെത്തി. ഇതോടെയാണ് പൊലീസിനെതിരെ ആഞ്ഞടിച്ച് കളക്ടർ രംഗത്ത് വന്നത്.

താൻ നിരോധന ഉത്തരവിറക്കി. ഇത് നടപ്പാക്കേണ്ടത് പൊലീസാണ്. എന്നാൽ ഒന്നും ചെയ്തില്ല. തന്റെ ജോലിയാണ് താൻ ചെയ്തത്. കോടതി ഉത്തരവിട്ടാൽ നടപ്പാക്കുന്നത് പൊലീസാണ്. അല്ലാതെ ജഡ്ജി വന്നല്ല-വിവാദങ്ങളോട് കൊല്ലം കളക്ടർ പ്രതികരിച്ചത് ഇങ്ങനെ സംഭവത്തിൽ ഒരു ദിവസം തന്നെ പൊലീസ് രണ്ട് റിപ്പോർട്ട് നൽകി. ആദ്യത്തേതിൽ വെടിക്കെട്ട് അനുവദിക്കരുതെന്നായിരുന്നു. തൊട്ട് പിറകെ കുഴപ്പമില്ലെന്ന തരത്തിലും റിപ്പോർട്ട് തന്നെ. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോദിക്കണം. പൊലീസിനോട് വിശദീകരണം തേടുമെന്നും കളക്ടർ അറിയിച്ചു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ പൊലീസാണ് യഥാർത്ഥ പ്രതിയെന്ന ചിത്രമാണ് ഉയരുന്നത്. ഇതിനെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചോദ്യം ചെയ്യുന്നത്. എന്നാൽ എല്ലാം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് റവന്യൂമന്ത്രി അടൂർ പ്കാശും നിലപാട് എടുത്തു കഴിഞ്ഞു. തെറ്റ് ചെയ്ത ആരേയും താൻ സംരക്ഷിക്കാനില്ലെന്നാണ് റവന്യൂമന്ത്രിയുടെ നിലപാട്.

വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കളക്ടർക്കു കത്തു നൽകിയത്. തിരുവനന്തപുരം വെണ്ണിക്കോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിക്കാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കമ്പക്കെട്ട് മത്സരത്തിൽ പങ്കാളിയായ കരാറുകാരനാണ് കൃഷ്ണൻകുട്ടി. കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയ കത്തിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നാണ് ശിപാർശ. വെടിക്കെട്ടു കാണാൻ വരുന്നവരെ പ്രദേശത്തുനിന്ന് അകറ്റി നിർത്താൻ പ്രത്യക വേലി നിർമ്മിക്കണം. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, എക്‌സ്‌പ്ലോസീവ്‌സ് ഡയറക്ടർ എന്നിവരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കമ്മീഷണർ പറയുന്നു. രാത്രി പത്തുമുതൽ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താൻ അനാർക്കലിക്ക് അനുമതി നൽകാൻ പരവൂർ സർക്കിൾ ഇൻസ്‌പെക്ടറും ശിപാർശ നൽകിയിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ക്ഷേത്ര ഭരണസമിതി അപേക്ഷ സമർപ്പിച്ചതെന്നും സിഐയുടെ ശിപാർശയിൽ വ്യക്തമാക്കുന്നു

അതേസമയം, വെടിക്കെട്ട് നടത്താൻ അനുയോജ്യമായ സ്ഥലമാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ റിപ്പോർട്ട് നൽകിയത്. പരവൂർ സ്റ്റേഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫയർ ആൻഡ് റെസ്‌ക്യൂ അഡീഷണൽ ഡിവഷൻ ഓഫീസർ അനുമതി നൽകിയത്. സുരക്ഷിതമായ അകലത്തിൽ വച്ചു വെടിക്കെട്ടു നടത്താമെന്ന് കാട്ടി മലിനീകരണ നിയന്ത്രണബോർഡും അനുമതി നൽകിയിരുന്നു. അതേസമയം, എല്ലാം വിശദമായി പിരശോധിച്ച് തഹസിൽദാർ അനുമതി നിഷേധിച്ചു. മത്സരം കമ്പം നടത്തുന്നതിനു വേണ്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നും വെടിക്കെട്ടു നടക്കുന്ന പ്രദേശത്തിന് അമ്പത്അറുപതു മീറ്ററിനുള്ളിൽ പതിനൊന്നു വീടുകൾ സ്ഥിതിചെയ്യുന്നുണ്ടെന്നും ഇവരിൽനിന്ന് അനുമതി പത്രം വാങ്ങിയതായി കാണുന്നില്ലെന്നും തഹസിൽദാർ ചൂണ്ടിക്കാട്ടുന്നു. തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം അനുമതി നിഷേധിക്കുകയായിരുന്നു. എന്നിട്ടും ഈ ഉത്തരവ് നടപ്പാക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP