Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംരംഭകന്റെ ദൂരദർശിനിയിലെ കരടുകൾ

സംരംഭകന്റെ ദൂരദർശിനിയിലെ കരടുകൾ

രു സംരംഭം തുടങ്ങാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്?

ഒറ്റവാക്കിലുള്ള ഉത്തരം സംരംഭകൻ എന്നാണ്. സംരംഭത്തിന്റെ അടിസ്ഥാന ആശയത്തിന്റെ ബീജാവാപം മുതൽ അതിന്റെ മൂർത്തരൂപം ഗുണഭോക്താക്കൾക്ക് ഉപയുക്തമാകുന്നത് വരെ ഓരോ ഘട്ടത്തിലും സംരംഭകന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനമുണ്ട്. ഏതൊരു സംരംഭത്തിന്റെയും സുസ്ഥിരതയും വിജയവും സംരംഭകന്റെ ദീർഘകാല വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു.

കൃത്യമായ മുന്നൊരുക്കങ്ങളോടെ തുടങ്ങിയ പല സംരംഭങ്ങളും വിജയത്തിലെത്താതെ പോകാറുണ്ട്. സംരംഭത്തിന്റെ ദീർഘകാലവിഷൻ രൂപപ്പെടുത്തുമ്പോൾ ദൂരക്കാഴ്ചയെ മറയ്ക്കുന്ന ചില കരടുകളാണ് ഇതിനുകാരണം. വിഷൻ രൂപീകരണ ഘട്ടത്തിൽ തന്നെ, ഇത്തരം കരടുകൾ സംരംഭകന്റെ ദൂരക്കാഴ്ചയെ ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്, അതിന്റെ ആദ്യപടി നിങ്ങൾ ഏതുതരം സംരംഭകനാണ് എന്ന് കണ്ടെത്തുകയാണ്. പ്രചോദകങ്ങളുടെ (Motives) അടിസ്ഥാനത്തിൽ മൈക്കൽ കൂപ്പർ നടത്തിയ ബ്രെയിൻടൈപ്പുകളുടെ (Brain Type) തരം തിരിക്കൽ ഇതിന് അവലംബമായെടുക്കാവുന്നതാണ്.

നിങ്ങൾ ഏത് 'ടൈപ്പ്' സംരംഭകനാണ്?

ടൈപ്പ് 1: കൺട്രോളർ+മാനേജർ

എപ്പോഴും ഡ്രൈവിങ് സീറ്റിലിരിക്കാൻ ഇഷ്ടപ്പെടുന്നവർ എന്ന് തർജമചെയ്യാം. കാര്യങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുക എന്നതാണ് ഇക്കൂട്ടരെ ഏറ്റവും പ്രചോദിപ്പിക്കുന്നത്. പൊതുജനാഭിപ്രായത്തെപ്പറ്റിയും സ്റ്റാറ്റസിനെപ്പറ്റിയും പറ്റി ഇവർ ബദ്ധശ്രദ്ധരായിരിക്കും. തന്റെ സംരംഭത്തിന്റെ നിയന്ത്രണം ഭാഗികമായിപ്പോലും നഷ്ടമാകുന്നതിനെ ഇവർ ഭയക്കുന്നു.

ടൈപ്പ് 2: ഇന്നൊവേറ്റർ+ഇൻഫ്‌ലുവൻസർ

Thinking out of the box- 'പെട്ടിക്കു പുറത്തേക്കു ചിന്തിക്കുന്നവർ' എന്നതിലുപരി, ചിന്തകളിൽ പോലുമില്ലാത്ത പെട്ടികൾ പണിത് അവയ്ക്കു മുകളിൽ മലർന്നുകിടന്ന് സ്വപ്നം കാണുന്നവർ എന്നാണ് ഇവർക്കുള്ള വിശേഷണം. സംരംഭകവഴികളിലെ പുത്തൻ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഇവരുടെ പ്രചോദനം. സ്വന്തം വ്യതിരിക്ണ്ടതതയെപ്പയറ്റിയുള്ള ബോധ്യം കൊണ്ടുതന്നെ അവർ മറ്റുള്ളവരുടെ ബഹുമാനവും ആദരവും ആഗ്രഹിക്കുന്നു, അതു നഷ്ടപ്പെടുന്ന അവസ്ഥയെ ഭയക്കുന്നു. വസ്തുതകളുടെ വിശദാംശങ്ങളേക്കാൾ അവയുടെ പർപ്പസിനെക്കുറിച്ച് ചിന്തിക്കാനിഷ്ടപ്പെടുന്നവരാണ് ഇവർ.

ടൈപ്പ് 3: നർചറേർസ് + ഹാർമണൈസേഴ്‌സ്.

100% സാമൂഹ്യജീവികളാണിവർ. ആഴത്തിലുള്ള ബന്ധങ്ങളും കൂട്ടായ്മകളും ഇവരെ പ്രചോദിപ്പിക്കും. സ്ഥാപനത്തിലെ എല്ലാവരുമായും അടുത്തബന്ധമുണ്ടാക്കുകയും പലപ്പോഴും അവരുടെ രക്ഷാകർതൃസ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്യും. ഇവരുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും എന്ത് എന്നതിനേക്കാളേറെ 'ആര്' എന്നത് സ്വാധീനിക്കും.

ടൈപ്പ് 4: സിസ്റ്റമൈസേഴ്‌സ് + അനലൈസേഴ്‌സ്

ഈ ടൈപ്പിൽ പെടുന്ന സംരംഭകൻ 'മിസ്റ്റർ പെർഫക്ട്' ആയിരിക്കും. ഇവരുടെ പ്രധാന സവിശേഷത പ്രവർത്തനങ്ങളിലെ അടുക്കും ചിട്ടയുമാണ് . സംരംഭത്തിന്റെ ഓരോഘട്ടത്തിലും കൃത്യമായ മുന്നൊരുക്കങ്ങൾ ഇവർക്ക് നിർബന്ധമാണ്. കൃത്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഇവർ സുരക്ഷിതത്വം ഇഷ്ടപ്പെടുന്നു. ഇത്തരം സംരംഭകരെ ഏറ്റവും അലട്ടുന്നത് പരാജയത്തെക്കുറിച്ചുള്ള ഭയമാണ്

ശരിയാണ്, നിങ്ങളിൽ മുകളിൽ പറഞ്ഞ നാലു ടൈപ്പുകളിലെയും ചില പ്രത്യേകതകളുണ്ടാവാം, എന്നാൽ നിങ്ങളുടെ വ്യക്തിത്വവും പെരുമാറ്റരീതികളും കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്ന ഒരു ടൈപ്പ് അതിൽനിന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കും. സംരംഭത്തിന്റെ ദീർഘകാലവിഷൻ രൂപപ്പെടുത്തുമ്പോൾ നിങ്ങളുടെ ദൂരക്കാഴ്ചയെ തടയുന്ന കരടുകളെ കണ്ടെത്തി പരിഹരിക്കാൻ അതു നിങ്ങളെ സഹായിക്കും

സംരംഭകരിലെ സിംഹങ്ങൾ:

കാട്ടിലെ രാജാവ് സിംഹം തന്നെയാണ്, സമ്മതിച്ചു, അതുകൊണ്ട് കാട്ടിലെ ഓരോ ഇലയനക്കങ്ങളും തന്റെ കൽപ്പനയ്ക്കനുസരിച്ചാവണമെന്ന് ശഠിച്ചാലോ?
നിയന്ത്രണം അപ്പാടെ കയ്യിലൊതുക്കാനുള്ള ത്വര പലപ്പോഴും സംരംഭത്തിന്റെ പരാജയത്തിനു കാരണമാവും. സ്വന്തം ശക്തികൾക്കൊപ്പം ദൗർബല്യങ്ങൾ കൂടി തിരിച്ചറിയുകയും, ആ മേഖലകളുടെ നിയന്ത്രണം മറ്റുള്ളവർക്കായി വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. ആശയത്തിൽ നിന്ന് സംരംഭം അതിന്റെ രൂപീകരണഘട്ടം പിന്നിട്ടാൽ അടുത്തതായി ഓരോ മേഖലകളിലും ഇടപെടുന്ന വ്യക്തികളെ ഉൾക്കൊള്ളുകയും അവരുടെ ചുമതലകളെയും പങ്കിനെയും അംഗീകരിക്കുകയുമാണ് വേണ്ടത്. കാലാൾ തൊട്ട് കുതിരയെവരെ അനുകരിക്കലല്ല, സിംഹത്തിന്റെ റോൾ പടനായകന്റേതാണ്.

യെവൻ പുലിയാണ് കെട്ടാ!

സംരംഭകൻ പുലിയായിരിക്കും, പുലിയായതുകൊണ്ടാണ് പ്രതിഭാസമ്പന്നനായതു കൊണ്ടാണ് അയാൾ സംരംഭകനായത്. പക്ഷേ സംരംഭം വിജയിപ്പിക്കാൻ പ്രതിഭ മാത്രം പോരാ, ആ പ്രതിഭയെ മൂർത്തരൂപത്തിലുള്ള സൊല്യൂഷനാക്കി മാറ്റുന്ന സിസ്റ്റം കൂടി വേണം. ഉപഭോക്താവിനെ സംബന്ധിച്ച് സംരംഭകന്റെയോ സംരംഭത്തിന്റെയോ പ്രതിഭയല്ല വിഷയം, മറിച്ച് തനിക്ക് ലഭിക്കുന്ന ഉൽപ്പന്നത്തെ ആ പ്രതിഭ എന്തുമാത്രം മികച്ചതാക്കുന്നുണ്ട് എന്നതാണ്. സംരംഭത്തിന്റെ ഒബ്ജക്റ്റീവുകൾ കൃത്യമായി നിശ്ചയിക്കുകയും അവ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സിസ്റ്റം സ്ഥാപനത്തിൽ പ്രയോഗിച്ചുതുടങ്ങുകയും വേണം. വ്യവസ്ഥാപിതമായ ഒരു സിസ്റ്റം അതിന്റെ ഔട്പുട്ടിന്റെ മികവ് ഉറപ്പുവരുത്തും

പുള്ളിപ്പുലികൾക്കിടയിലെ ആട്ടിൻകുട്ടി

ചുറ്റുമുള്ളവരെപ്പറ്റിയുള്ള ശ്രദ്ധയും കരുതലും (People Orientation) ഏതൊരു സംരംഭകനും മുതൽക്കൂട്ടാണ്. ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയാനും ഏറ്റവും മികച്ച സൊല്യൂഷൻ കണ്ടെത്താനും അത് സംരംഭകനെ സഹായിക്കും. പക്ഷേ, അതിലുപരി സംരംഭത്തിന് ഊർജം പകരുന്ന ശക്തമായ ടീം കെട്ടിപ്പടുക്കാൻ ഇത് സഹായിക്കും. പക്ഷേ പുള്ളിപ്പുലികൾക്കിടയിലെ ആട്ടിൻകുട്ടിയാവുമ്പോൾ നടക്കാതിരിക്കുന്നത് ഉറച്ച തീരുമാനങ്ങളാണ്. സംരംഭകന്റെ തീരുമാനങ്ങൾ ഒബ്ജക്റ്റീവാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്, വൈകാരിക സമ്മർദ്ദങ്ങളെ അതിജീവിച്ച് യുക്തിപരമായ തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തി സംരംഭകൻ കൈവരിക്കേണ്ടതുണ്ട്.

ഓടും കുതിര, ചാടും കുതിര

വർക്കഹോളിസം നല്ലതാണ്

നിങ്ങളൊരു തൊഴിലാളിയാണെങ്കിൽ വർക്കഹോളിസം നിങ്ങളുടെ തൊഴിലുടമയ്ക്ക് നല്ലതാണ്. മറിച്ച് ഒരു സംരംഭകൻ വർക്കഹോളിക്കാവുന്നതിൽ കാര്യമില്ല. കാരണം വർക്കഹോളിസം ലക്ഷ്യത്തെ വിസ്മരിക്കുകയും പ്രവൃത്തിയുടെ സാങ്കേതികതകളിൽ അഭിരമിക്കുകയും ചെയ്യുന്നു. ജോലിയുടെ നൂലാമാലകളിൽ മാത്രം മുഴുവൻ ശ്രദ്ധയും സമയവും കേന്ദ്രീകരിക്കുമ്പോൾ സംരംഭത്തിന്റെ ദീർഘകാലവിഷനിൽ സംരംഭകന് ശ്രദ്ധയൂന്നാനാവാതെ വരുന്നു.

'സമയത്തിന്റെ ഫലപ്രദമായ ഉപയോഗം' എന്നതായിരിക്കണം സംരംഭകന്റെ മന്ത്രം. ഇതിനു സംരംഭകനെ പ്രാപ്തനാക്കുന്നത് മുൻഗണനകൾ നിശ്ചയിക്കലാണ്. തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്തുമ്പോൾ സംരംഭകന്റെ മുന്നിലുള്ള ചോദ്യം ആ തീരുമാനങ്ങളുടെ ഫലം തന്റെ സേവനത്തെ എത്രമാത്രം മികച്ചതാക്കുന്നു എന്നതാവണം. ഓരോ ചുവടിലും തന്റെ സേവനത്തെ/ താൻ നൽകുന്ന സൊല്യൂഷനെ മികവുറ്റതാക്കിക്കൊണ്ടിരിക്കുക എന്നതാണ് സംരംഭകന്റെ കടമ, ഇതിനായി സമയത്തിന്റെ വിനിയോഗം മുൻഗണനാക്രമമനുസരിച്ച് നിർണയിക്കപ്പെടേണ്ടതുണ്ട്.

ആശയത്തിന്റെ മൗലികതയോ പ്രയോഗത്തിലെ കൃത്യനിഷ്ഠയോ മാത്രം ഒരു സംരംഭത്തെ വിജയത്തിലെത്തിക്കില്ല. ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്ന സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യബോധത്തിലൂന്നിയ ദീർഘകാല വിഷൻ രൂപപ്പെടുത്തുമ്പോൾ, വിജയകരവും സുസ്ഥിരവുമായ ഒരു പ്രവർത്തനരൂപരേഖയ്ക്കാണ് സംരംഭകൻ രൂപം കൊടുക്കുന്നത്. ഈ ഘട്ടത്തിൽ സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കാൻ തന്നെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ സംരംഭകനെ സഹായിക്കും.

സംരംഭത്തെ വിജയത്തിലെത്തിക്കുന്ന ഒന്നാമത്തെ പടി വിജയത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കലാണ്. പിഴവുകളില്ലാത്ത ദീർഘകാലവിഷനാണ് സംരംഭകവിജയത്തിന്റെ ബ്ലൂപ്രിന്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP