Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി; തൃശൂർ പൂരം വെറും ചടങ്ങ് മാത്രമാകും; വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരുമെന്ന് വിലയിരുത്തൽ; ഉന്നതതല ഇടപെടൽ വേണമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി; തൃശൂർ പൂരം വെറും ചടങ്ങ് മാത്രമാകും; വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരുമെന്ന് വിലയിരുത്തൽ; ഉന്നതതല ഇടപെടൽ വേണമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ;  പുറ്റിങ്ങൽ ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി. ഉഗ്രശബ്ദത്തോടെ രാത്രി വെടിക്കെട്ടു പാടില്ലെന്നാണു കോടതിയുടെ ഉത്തരവ്. ശബ്ദഘോഷങ്ങളില്ലാതെ കരിമരുന്നു പ്രയോഗം ആകാമെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിന്റെ ബാക്കി ഭാഗം 14നു കോടതി വായിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ കടുത്ത വിമർശനമാണ് വിഷയത്തിൽ കോടതി ഉന്നയിച്ചത്. വിമർശനം കടുത്തപ്പോൾ വെടിക്കെട്ട് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ചിദംബരേഷ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇതോടെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ തീർക്കാനും ആചാരങ്ങൾ നിലനിർത്താനും ഉന്നത ഇടപെടലുകൾ ഉണ്ടാവണമെന്ന് ആവശ്യവും സജീവമായി. വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി വിധിയെത്തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഇക്കാര്യമാവശ്യപ്പെട്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്ത പ്രമേയം പാസാക്കി. ഹൈക്കോടതി ഉത്തരവ് പാലിച്ചാൽ പൂരം വെറും ചടങ്ങ് മാത്രമാകും. നിലവിലെ സാഹചര്യത്തിൽ വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരും. അതിനാൽ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗം തീരുമാനിച്ചു. തൃശൂർ പൂരത്തിന് സുപ്രീം കോടതി ഇളവ് നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, സ്‌ഫോടക വസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. നിയലംഘനങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങനെ നടന്നുവെന്നും, പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്നും ചോദിച്ച കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. എത്രകിലോ വെടിമരുന്ന് വെടിക്കെട്ടിനായി ഉപയോഗിച്ചെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷണർക്ക് മറുപടി ഉണ്ടായില്ല. പൊലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നൽകണമെന്നും, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

അന്വേഷണത്തിൽ കേന്ദ്രസർക്കാരിന് പൂർണ തൃപ്തിയുണ്ടോ എന്നും കോടതി ചോദിച്ചു.വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്നും, അന്വേഷണത്തിന്റെ കാര്യക്ഷമതയിൽ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. അമ്പലങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും പൂർണമായും വെടിക്കെട്ട് നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരൻ കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും ആശുപത്രിയിൽ മരിച്ചു. 90 ശതമാനം പൊള്ളലേറ്റിരുന്ന സുരേന്ദ്രന്റെ മരണത്തോടെ അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 111 ആയി.

അഥേസമയം ക്ഷേത്രത്തിൽ മത്സര വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ചിരുന്നതായി കമ്മിറ്റിക്കാർ മൊഴി നൽകി. എന്നാൽ ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാൽ മത്സര വെടിക്കെട്ട് നടന്നില്ലെന്നും ഭാരവാഹികൾ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകി. തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള വെടിക്കെട്ടായി നടത്തുകയായിരുന്നുവെന്നും ഇതിനായി കരാറുകാർക്ക് ഏഴു ലക്ഷം രൂപ നൽകിയെന്നും ഇവർ മൊഴിനൽകി. പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ. കൃഷ്ണൻകുട്ടിപിള്ള, ട്രഷറർ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രൻപിള്ള, സോമസുന്ദരൻ പിള്ള, ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഇവർ കീഴടങ്ങിയത്. ക്ഷേത്രഭരണ സമിതി രക്ഷാധികാരി സുരേന്ദ്രനാഥൻ പിള്ള ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് സംഘം ഇതുവരെ 24 പേരെ പ്രതിചേർത്തിട്ടുണ്ട്. ക്ഷേത്രഭരണസമിതി അംഗങ്ങളായ 15 പേർ, നാല് കരാറുകാർ, അഞ്ച് ജോലിക്കാർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ പേർ പ്രതിചേർക്കപ്പെടുമെന്നാണ് സൂചന. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ്‌പി ശ്രീധരൻ, ഡിവൈ.എസ്‌പിമാരായ രാധാകൃഷ്ണപിള്ള, സുരേഷ്‌കുമാർ, ബൈജു, ഷാനവാസ് എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംഘം തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫിസർമാരായ ജിജി, നിഷ, ദേവപ്രഭ തുടങ്ങിയവരും അന്വേഷണസംഘത്തെ അനുഗമിക്കുന്നുണ്ട്.

കൊല്ലം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. ചാത്തന്നൂർ ഡിവൈ.എസ്‌പി എം.എസ്. സന്തോഷ്‌കുമാറിന്റെ ഓഫിസ് രേഖകളും പരിശോധിക്കും. വെടിക്കെട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കമീഷണറും കലക്ടറും വിരുദ്ധ നിലപാടുകൾ കൈക്കൊണ്ട സാഹചര്യത്തിൽ രേഖകൾ ആധികാരികമായി പരിശോധിക്കാനാണ് എ.ഡി.ജി.പി നൽകിയ നിർദ്ദേശം.

ക്ഷേത്ര സെക്രട്ടറി ഒന്നാം പ്രതി; മറ്റ് ഭാരവാഹികളും പ്രതികൾ

അതിനിടെ വെടിക്കെട്ട് ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറി കൃഷ്ണൻകുട്ടി പിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ക്ഷേത്ര പ്രസിഡന്റ് ജയലാൽ രണ്ടാം പ്രതിയാണ്. കീഴടങ്ങിയ ഏഴ് ക്ഷേത്ര ഭാരവാഹികളും കേസിൽ പ്രതിയാണ്. സെക്രട്ടറിക്കും പ്രസിഡന്റിനും പുറമെ ഖജാൻജി പ്രസാദ്, സോമസുന്ദരൻ പിള്ള, രവീന്ദ്രൻ പിള്ള, മുരുകേശൻ എന്നിവരാണ് മറ്റ് ക്ഷേത്രം ഭാരവാഹികൾ. ഇവരെ വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

മത്സരകമ്പം ആസൂത്രണം ചെയ്തത് ഇവരാണെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായാണ് ക്ഷേത്രം ഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്. പകുതി കത്തിയ അമിട്ട് കമ്പപ്പുരയിലേക്ക് വീണ് തീ പടരുകയായിരുന്നു. തുടർന്ന് കമ്പപ്പുരയും സമീപത്തുള്ള ദേവസ്വം ബോർഡ് കെട്ടിടവും പൂർണമായും തകർന്നു. അപകടത്തിൽ 112 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിനിടെ പരവൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.

വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിങ് ജഡ്ജി ചിദംബരേഷ് നൽകിയ കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ് കോടതി നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP