Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സന്തത സഹചാരിയായ ഹാൻഡ് ബാഗിനുള്ളിൽ നിറയെ രഹസ്യം... പിശുക്കിന്റെ തമ്പുരാട്ടി; പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി... മെക്കാനിക്കായി പണിയെടുത്തു: 90 തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ നിങ്ങൾ അറിയാത്ത ചില കഥകൾ വായിക്കാം

സന്തത സഹചാരിയായ ഹാൻഡ് ബാഗിനുള്ളിൽ നിറയെ രഹസ്യം... പിശുക്കിന്റെ തമ്പുരാട്ടി; പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി... മെക്കാനിക്കായി പണിയെടുത്തു: 90 തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ നിങ്ങൾ അറിയാത്ത ചില കഥകൾ വായിക്കാം

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ആണിപ്പോൾ വാർത്തയിലെ താരം. അമ്മ മഹാറാണി 90 തികഞ്ഞതിന്റെ ആഘോഷമാണെങ്ങും. പഴയ പ്രതാപം ഒക്കെ പോയെങ്കിലും ഇന്നും ബ്രിട്ടീഷ് ജനതയ്ക്ക് രാജകുടുംബം ആണെല്ലാം. ഇക്കാരണത്താൽ തന്നെ രാജ കുടുംബവും ആയി ബന്ധപ്പെട്ടത് എന്തും വാർത്തയാണ്. രാജ്ഞി പിറന്നാൾ ആഘോഷിക്കാൻ തയ്യാറായതോടെ റാണിയുടെ വിശേഷങ്ങൾ തപ്പി എടുക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് മാദ്ധ്യമ ലോകം. ഇക്കൂട്ടത്തിൽ പൊതു ജനത്തിനു വലിയ പിടിയില്ലാത്തതും രസകരവും ആയ ഒട്ടേറെ കാര്യങ്ങാളാണ് വെളിയിൽ വരുന്നത്. ഇക്കൂട്ടത്തിൽ ഒന്നാണ് രാജ്ഞിയുടെ കയ്യിൽ എപ്പോഴുമുള്ള ബാഗിന്റെ കഥ. പലരും കരുതുന്ന പോലെ അത്ര നിഗൂഢം ഒന്നുമല്ല രാജ്ഞിയുടെ ജീവിതം എന്നാണ് പത്രങ്ങൾ പറയുന്നത്. എന്നാൽ ചില കാര്യങ്ങളിൽ ഇപ്പോഴും രഹസ്യാത്മകത ഉണ്ട് പോലും.

ബാഗ് കയ്യിലുണ്ടെങ്കിൽ കുഴപ്പം തന്നെ

ബാഗ് ഒരു അലങ്കാരം എന്നതിന് ഉപരി രാജ്ഞി സന്ദേശം കൈമാറാൻ സൂക്ഷിക്കുന്ന പ്രധാന അടയാളമാണ് എന്നതാണ് രസകരമായ വസ്തുത. തന്റെ ശേഖരത്തിൽ ഉള്ള വിലപിടിപ്പുള്ള 200 ബാഗുകളും വസ്ത്രത്തിന് യോജിച്ച തരത്തിൽ മാറി മാറി ഉപയോഗിക്കുമെങ്കിലും അതിനകത്ത് കാര്യമായ രഹസ്യം ഒന്നുമില്ല. എന്നാൽ തന്നോടൊപ്പം ഉള്ളവർക്ക് തന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കാൻ വേണ്ടിയാണ് രാജ്ഞി ബാഗ് ഉപയോഗിക്കുന്നത്. പൊതു പരിപാടികളിലും ഔദ്യോഗിക തിരക്കുകളിലും രാജ്ഞിയെ ബാഗ് ഇല്ലാതെ കാണുക പ്രയാസം. എന്നാൽ കുടുംബത്തിനു വേണ്ടി സമയം ചെലവിടുമ്പോൾ ബാഗിനും അവധി നൽകുക ആണ് പതിവ്.

ബാഗ് കയ്യിലുണ്ടെങ്കിൽ രാജ്ഞി ഗൗരവത്തിൽ ആണെന്നതാണ് സന്ദേശം. ബാഗ് മേശപ്പുറത്തു വച്ചാൽ ഇനി 5 മിനിറ്റ് കൂടിയേ ആ ചടങ്ങിൽ ചെലവിടാൻ കഴിയൂ എന്നതാണ് രഹസ്യ സന്ദേശം. ബാഗ് ഒരു വശത്തേക്ക് നീക്കി പിടിച്ചാൽ രാജ്ഞിക്ക് നിൽക്കുന്നിടത്ത് നിന്ന് മാറാൻ തിടുക്കം ആയി എന്നർത്ഥം. ഇതോടെ ലേഡി ഇൻ വെയിറ്റ് പൊസിഷനിൽ ഉള്ള ജീവനക്കാർ വഴി ഒരുക്കും. സംസാരത്തിനിടയിൽ ബാഗ് താഴെ വച്ചാൽ അതും മറ്റൊരു അടയാളമാണ്. ആ സംസാരം തുടരാൻ രാജ്ഞി ആഗ്രഹിക്കുന്നില്ല. അപ്പോഴും ലേഡി ഇൻ വെയിറ്റ് പൊസിഷനിൽ ഉള്ള ജീവനക്കാർ എത്തി രംഗത്ത് നിന്ന് രാജ്ഞിയെ ഒഴിവാക്കും. എന്നാൽ പലപ്പോഴും ബാഗിൽ ഒരു കുടുംബ ഫോട്ടോ, നുണയാൻ ഉള്ള മിന്റ് മിഠായി, പട്ടിക്കുഞ്ഞുങ്ങൾകുള്ള സ്‌നാക്‌സ്, മേക്ക് അപ് സാധനങ്ങൾ, ക്യാമറ, ക്രോസ് വേർഡ് പുസ്തകം, തന്റെ പടം അച്ചടിച്ച് വന്ന പേപ്പർ കട്ടിങ് എന്നിവ ഒക്കെയാണ് കൊട്ടാരം ജീവനക്കാർ രാജ്ഞിക്കായി ബാഗിൽ തയ്യാറാക്കുക. പലപ്പോഴും ശുഭ സൂചന നൽകുന്ന അടയാളങ്ങളും ബാഗ് തൂക്കിയിടാൻ ഉള്ള കൊളുത്തുകളും കരുതുകയും പതിവാണ്.

ജോർജിനും ഷെർലറ്റിനും കുസൃതി കാട്ടാമോ?

എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾ ആണെങ്കിലും കൊച്ചുമക്കളുടെ മക്കളായ ജോർജിനും ഒരു വയസു പോലും തികയാത്ത ഷെർലറ്റിനും രാജ്ഞിയുടെ അടുത്ത് കുസൃതി കാട്ടുന്നതിന് പരിധി ഉണ്ടത്രേ. പ്രോട്ടോകോൾ അനുസരിച്ച് അവരും കാണുമ്പോൾ തല കുനിച്ചു വന്ദിക്കണമത്രേ. രാജ്ഞിയും തന്റെ നാലാം തലമുറയുടെ കുസൃതികളിൽ സന്തോഷിക്കുമെങ്കിലും സാധാരണ മുത്തശ്ശിയുടെ മട്ടിൽ ഉള്ള കൊഞ്ചി കുഴയലിനും കുട്ടിക്കളിക്കും നിന്ന് കൊടുക്കില്ല എന്നാണ് കൊട്ടാരം എഴുത്തുകാരി ജെന്നി ബോണ്ട് പറയുന്നത്. വീട്ടുകാർക്ക് മുന്നിലും രണ്ടാം എലിസബത്ത് രാജ്ഞി തന്നെ ആണത്രേ. പൊതു ചടങ്ങിലും കൊട്ടാരത്തിലും തന്റെ വികാര പ്രകടനങ്ങൾ നടത്താൻ രാജ്ഞി തയ്യാറാകാറില്ല. അവർക്ക് തന്റെ സ്വഭാവം മാറ്റുക സാധ്യമല്ലെന്നും ജെന്നി ബോണ്ട് പറയുന്നു. രാജ്ഞിയെ കാണുമ്പോൾ എങ്ങനെ വന്ദിക്കണം എന്ന പരിശീലനം ജോർജിന് ലഭിച്ചു കഴിഞ്ഞു. ഷെർലറ്റിനും ഉടനെ ലഭിക്കും. രാജ്ഞിയുടെ മുൻപിൽ പ്രത്യേകമായ ബന്ധം നിലനിർത്താൻ ഇത് അത്യാവശ്യം ആണത്രേ.

അറിയപ്പെടുന്ന പിശുക്കിയും

കൊട്ടാരത്തിലെ പുതു തലമുറ പണം വാരി എറിയുന്നതിൽ മടി കാട്ടാത്തവർ ആണെങ്കിലും രാജ്ഞി അത്യാവശ്യം നല്ല പിശുക്കി ആണെന്നാണ് കൊട്ടാരം വൃത്തങ്ങളുടെ മൊഴി. നിലവിലെ കണക്കു അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്ന ആയവരുടെ ലിസ്റ്റിൽ 302 സ്ഥാനം ഉണ്ടെങ്കിലും രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികൾ കണ്ട മനസ് പണത്തിന്റെ ധൂർത്ത് ഒരിക്കലും അനുവദിക്കില്ലത്രേ. കൊട്ടാരത്തിലെ സ്‌നാക്‌സ് ഐറ്റം ആയ മുംബൈ മിക്‌സ്ചർ ജീവനക്കാർ എടുത്തു ഉപയോഗിക്കുന്നതിൽ രാജ്ഞി ദേഷ്യം പൂണ്ടതായി രണ്ടു വർഷം മുൻപ് വാർത്ത പുറത്തു വന്നിരുന്നു. തന്റെ വിവാഹ വസ്ത്രം വാങ്ങാൻ രാജ്ഞി കൂപ്പണുകൾ ശേഖരിച്ചിരുന്നു എന്നാണ് കൊട്ടാരം രേഖകൾ പറയുന്നത്.

പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി

ബ്രിട്ടണിലെ എല്ലാ പാസ്‌പോർട്ടും രാജ്ഞിയുടെ പേര് ഉണ്ടെങ്കിലും പാസ്‌പോർട്ട് ഇല്ലാതെ തനിക്കു ഇഷ്ടമായ ഏതിടത്തേക്കും യാത്ര ചെയ്യാൻ അവർക്ക് കഴിയും. ഇമ്മിഗ്രേഷൻ നടപടികൾ ബാധകമേ അല്ല. കൂടെ ഡ്രൈവിങ് ലൈസൻസും ആവശ്യമില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ യാത്ര ചെയ്യാനും അനുവാദമുണ്ട്.

ഫ്രഞ്ച് കൈകാര്യം ചെയ്യാൻ നിപുണ

ഇംഗ്ലീഷ് കൂടാതെ മണി മണി പോലെ ഫ്രഞ്ച് കൈകാര്യം ചെയ്യാനും രാജ്ഞി സമർത്ഥയാണ്. ഔദ്യോഗിക കൂടിക്കാഴ്ചകളിൽ മൊഴിമാറ്റം നടത്താൻ സഹായി ഇല്ലാതെ ആണ് രാജ്ഞി സംഭാഷണം നടത്തുക.

മെക്കാനിക്കായി തുടക്കം

രണ്ടാം ലോക യുദ്ധം നടക്കുന്ന സമയം ബ്രിട്ടീഷ് സൈന്യത്തിൽ മെക്കാനിക്കായി ഫുൾ ടൈം ജോലി ചെയ്ത അനുഭവവും രാജ്ഞിക്കുണ്ട്. ഒരിക്കൽ അന്നത്തെ അമ്മ റാണിയും രാജാവും എലിസബത്ത് ജോലി ചെയ്യുന്ന ക്യാമ്പിൽ എത്തുമ്പോൾ അവർ ഒരു ലോറി എഞ്ചിന്റെ തകരാർ പരിഹരിക്കുക ആയിരുന്നത്രെ. ഇക്കാരണത്താൽ കൊട്ടാരം അംഗങ്ങൾക്കിടയിൽ ടയർ മാറ്റാനും സ്പർക് പ്ലഗ് മാറി ഇടാനും അറിയുന്ന ഒരേ ഒരാൾ രാജ്ഞി ആണെന്ന തമാശയും നിലവിലുണ്ട്.

മീൻ പിടിക്കാൻ ലൈസൻസ് വേണ്ടതിന്റെ കാരണവും രാജ്ഞി തന്നെ

ബ്രിട്ടണിലെ സകല അരയന്നങ്ങളും മീനുകളും രാജ്ഞിയുടെ സമ്പത്ത് ആണെന്ന് അധികം പേർക്കും അറിയാത്ത കാര്യം. സ്വകാര്യ വ്യക്തികൾ വളർത്തുന്ന അരയന്നങ്ങളെ ഇക്കൂട്ടത്തിൽ ഒഴിവാക്കും. എന്നാൽ മീനുകൾ രാജ്ഞിയുടെ സ്വത്ത് ആയതിനാൽ ആണത്രേ അവയെ പിടിക്കുന്നതിനു ലൈസൻസ് ഇനത്തിൽ പണം വാങ്ങുന്നത്. എഡ്വേർഡ് രണ്ടാമൻ രാജാവിന്റെ കാലത്താണ് മീനുകളെയും കൊട്ടാരം വകയായി കാണാൻ നിയമം ഉണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP