Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യം സോഷ്യൽ മീഡിയയ്‌ക്കെതിരെ വ്യാജ പ്രചരണം ആരോപിച്ച് റാണിയുടെ കേസ്; ഇപ്പോൾ മാനനഷ്ടം പറഞ്ഞ് ചെന്നിത്തലയ്‌ക്കെതിരെ കേസ്; 54 ചെക്ക് കേസുകൾ ഉണ്ടാക്കിയ വിവാദങ്ങൾ തുടരുന്നു; വിഎസിനെതിരെ ഒളിയമ്പുകൾ എയ്യുന്നതിന്റെ പ്രശ്‌നങ്ങൾ വേറെ; തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ റിപ്പോർട്ടർ എംഡിക്ക് തലവേദനകൾ ഒഴിയുന്നില്ല

ആദ്യം സോഷ്യൽ മീഡിയയ്‌ക്കെതിരെ വ്യാജ പ്രചരണം ആരോപിച്ച് റാണിയുടെ കേസ്; ഇപ്പോൾ മാനനഷ്ടം പറഞ്ഞ് ചെന്നിത്തലയ്‌ക്കെതിരെ കേസ്; 54 ചെക്ക് കേസുകൾ ഉണ്ടാക്കിയ വിവാദങ്ങൾ തുടരുന്നു; വിഎസിനെതിരെ ഒളിയമ്പുകൾ എയ്യുന്നതിന്റെ പ്രശ്‌നങ്ങൾ വേറെ; തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ റിപ്പോർട്ടർ എംഡിക്ക് തലവേദനകൾ ഒഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാരെ വെള്ളം കുടുപ്പിച്ച എം.വി നികേഷ് കുമാർ ഇപ്പോൾ എല്ലാം തിരിച്ചറിയുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരോപണങ്ങൾ ഉയരുക സ്വാഭാവികം. അത് ആരേയും വേദനിപ്പിക്കും. ഇതെല്ലാം പൊതുപ്രവർത്തനത്തിന്റെ ഭാഗമാണെന്ന വാദവുമായി രാഷ്ട്രീയക്കാരെ ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തിയ നികേഷ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ പരമാർശങ്ങളെ നിയമപരമായി നേരിടുന്നു. കുടുംബവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണത്തിൽ നികേഷിന്റെ ഭാര്യ റാണി ജോർജ് പൊലീസിന് പരാതി നൽകി. ഇപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെയാണ് കേസ് നൽകൽ. അത് നികേഷ് നേരിട്ടും.

അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി നികേഷ് കുമാർ 52 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന പരാമർശം നടത്തിയ ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ നികേഷ് വക്കീൽ നോട്ടീസയച്ചു. വ്യക്തിപരമായി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും കമ്പനി നിയമപ്രകാരം മാത്രമുള്ള കേസുകളാണ് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് നിയമപരമായി നീങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന തന്നെ മനഃപൂർവ്വം അപമാനിക്കാനും വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമാല തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചെന്നിത്തലയുടെ നീക്കമെന്നും പതിനഞ്ചു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചാനലിന്റെ എംഡി എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാത്രമുണ്ടായ കേസുകളാണ് ഇവയെന്ന് പരാതിയിൽ പറയുന്നു. നിയമപ്രകാരം ഈ കേസുകൾ പിന്നീട് ഒത്തുതീർപ്പാക്കാൻ കഴിയുന്നവയാണെന്നും ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ ചെന്നിത്തല അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണു പരാതി. തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കും പരാതിയും നൽകിയിട്ടുണ്ട്. നികേഷ്‌കുമാറിന്റെ നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ച കേസുകൾ കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണെന്ന് റിപ്പോർട്ടർ ചാനൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ നിലയിൽ ഈ കേസുകളിലോ ഇടപാടുകളിലോ നികേഷ്‌കുമാറിന് ഒരു ബാധ്യതയുമില്ലെന്നും ചാനൽ വാർത്താകുറിപ്പിൽ അറിയിച്ചു. ഈ കമ്പനിയുടെ ചെക്കുകളിൽ ഒപ്പിടാൻ നിയോഗിക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ മാത്രമാണ് എം വി നികേഷ്‌കുമാർ കേസുകളിൽ എതിർ കക്ഷിയാക്കപ്പെട്ടത്. സ്ഥാപനത്തിന്റെ ചുമതലപ്പെട്ട ആൾ എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുക മാത്രമാണ് നികേഷ്‌കുമാർ ചെയ്തിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.

പരാമർശിക്കപ്പെട്ട ചെക്ക് കേസുകളെല്ലാം ഏഷ്യാനെറ്റ് കേബിൾ വിഷൻ (എസിവി) എന്ന കമ്പനിയുമായി ഉള്ളതാണ്. റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് കേബിൾ ശൃംഖല വഴി പ്രേക്ഷകരിൽ എത്തിക്കുന്നതിന് കാര്യേജ് ചാർജ്ജ് ഇനത്തിൽ നൽകേണ്ട തുക സംബന്ധിച്ചാണ് തർക്കം. എസിവിക്ക് നൽകാനുള്ള പണം കമ്പനി അടച്ചു തീർക്കുന്നുണ്ട്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കോടതികളുടെ അധികാര പരിധി പലപ്രാവശ്യം മാറിയതിനെ തുടർന്നാണ് കേസുകൾ പലതും തീർപ്പാകാതെ കിടക്കുന്നത്. ഈ കേസുകൾ നില നിൽക്കുമ്പോഴും ഏഷ്യാനെറ്റ് കേബിൾ വിഷൻ ശൃഖല വഴി റിപ്പോർട്ടർ ചാനൽ സംപ്രേഷണം തുടരുന്നുമുണ്ട്.

മറ്റേതെങ്കിലും തരത്തിൽ പണം കൈപ്പറ്റി തിരിച്ചു നൽകാത്തതിനെ തുടർന്നല്ല കേസുകൾ ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടർ ചാനൽ വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റേതെങ്കിലും തരത്തിൽ പണം കൈപ്പറ്റി തിരിച്ചു നൽകാത്തതിനെ തുടർന്നല്ല കേസുകൾ ഉണ്ടായിട്ടുള്ളതെന്നും ചാനൽ അറിയിച്ചു. ഈ വിശദീകരണത്തിനൊപ്പമാണ് ചെന്നിത്തലയ്ക്ക് എതിരെ നികേഷ് കേസ് കൊടുക്കുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിലെ സാങ്കത്വമാണ് ചോദ്യം ചെയ്യുന്നത്. നികേഷിനെ പോലൊരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ ഇതിന് മറുപടി കൊടുത്തു കൂടെ എന്നതാണ് ഉയരുന്ന ചോദ്യം. വിശദീകരണത്തിലൂടെ സത്യം ജനങ്ങളിലേക്ക് എത്തിക്കാതെ കേസ് കൊടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് യോജിച്ചതല്ലെന്ന വാദവും ഉണ്ട്.

ഈ കേസുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാടുകൾ നികേഷിന് അനുകൂലമല്ല. ഓഹരി തട്ടിപ്പിൽ നികേഷിനെതിരെ വി എസ് പൊലീസിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിനൊപ്പമാണ് ചെക്ക് കേസുകളും ചർച്ചയാക്കി ചെന്നിത്തല എത്തിയത്. അതുകൊണ്ട് കൂടിയാണ് കേസ് കൊടുക്കൽ. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇതെന്നാണ് സൂചന. കണ്ണൂരിൽ പ്രചരണത്തിനെത്തിയ വി എസ് അഴിക്കോട് വരാത്തത് വലിയ ചർച്ചയായിരുന്നു. കേസുകളുള്ളതിനാലാണ് ഇതെന്ന് വിലയിരുത്തലെത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് ആരോപണങ്ങളിലെ ചർച്ച മറ്റൊരു തലത്തിലെത്തിക്കാൻ നികേഷിന്റെ കേസുകൊടുക്കൽ. വി എസ് അച്യുതാനന്ദനെ കുറ്റപ്പെടുത്തി പല വാർത്തകളും റിപ്പോർട്ടർ ചാനലിൽ വരാറുണ്ട്. അത് നിയന്ത്രിക്കാനും നികേഷിന് കഴിയുന്നില്ല. ഇതും തലവേദനയാകും.

സാമ്പത്തിക പ്രതിസന്ധിയിൽ റിപ്പോർട്ടർ ചാനൽ ഉഴറുന്ന വേളയിലാണ് ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ശക്തനായ സ്ഥാനാർത്ഥി കെ എം ഷാജിക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രത്യേക താൽപ്പര്യമെടുത്താണ് നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്. നികേഷ് സ്ഥാനാർത്ഥിയായതോടെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ വിവാദമായി ഉയർന്നു പൊങ്ങിയത്. പിന്നീട് കൂത്തുപറമ്പ് വെടിവെയ്‌പ്പും എം വി രാഘവനെ സിപിഐ(എം) പ്രവർത്തകർ ആക്രമിച്ച വിഷയവുമൊക്കെ ചർച്ചയായി.

എന്നാൽ, ഇതിലൊക്കെ ഉപരിയായ നികേഷിന് വിനയായത് നികേഷ് കുമാർ വഞ്ചിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാനലിലെ ഡയറക്ടർ ലാലി ജോസഫ് നൽകിയ പരാതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ നേടിയാണ് നികേഷ് മത്സര രംഗത്തിറങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നികേഷ് കുമാർ സത്യവാങ്മൂലം നൽകിയതോടെ നികേഷ് കുമാറിലേക്കായി വീണ്ടും ശ്രദ്ധ. ഇതു പ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ ഉള്ള സ്ഥാനാർത്ഥി ചിലപ്പോൾ നികേഷ് കുമാർ ആയേക്കും. 57 കേസുകളാണ് നികേഷിനെതിരെ ഉള്ളത്. ഇതിൽ 54 കേസുകൾ ചെക്ക് നൽകിയിട്ട് പണം നൽകാത്തതിന്റെ പേരിൽ വിവിധ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. 54 കേസുകളിലും ജാമ്യമെടുത്തതായി സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു.

സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പേരിൽ പോലും 11 കേസുകളേയുള്ളൂ. ഈ ഘട്ടത്തിലാണ് റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട് നികേഷിന്റെ പേരിൽ 54 കേസുകൾ ഉള്ളത്. ഇത് ചെന്നിത്തല ചർച്ചയാക്കി. ഇതോടെയാണ് കേസ് കൊടുക്കൽ എന്ന ആയുധം നികേഷ് പുറത്തെടുത്തത്. നേരത്തെ നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു..നികേഷ്‌കുമാറുമായുള്ള വിവാഹബന്ധം തകർച്ചയിലേക്കെന്ന നിലയിൽ വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടക്കുന്നതായി ഭാര്യ റാണിയുടെ പരാതി. സാമൂഹികമാദ്ധ്യമങ്ങളിലെ അപവാദ പ്രചാരണത്തെ തുടർന്ന് നികേഷ്‌റാണി വിവാഹബന്ധം തകർന്നതായി ആരോപിക്കുന്ന വാട്‌സാപ് സന്ദേശം പ്രചരിച്ചു തുടങ്ങിയതു പ്രമുഖ പാർട്ടിയുടെ വെബ്‌സൈറ്റിൽ നിന്നാണെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP