Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇലക്ട്രിക് പോസ്റ്റുകൾ കൊലമരം ആകുന്നതല്ല, ആക്കുന്നതാണ് - മുരളി തുമ്മാരുകുടിയുടെ സുരക്ഷ ലേഖനം

ഇലക്ട്രിക് പോസ്റ്റുകൾ കൊലമരം ആകുന്നതല്ല, ആക്കുന്നതാണ് - മുരളി തുമ്മാരുകുടിയുടെ സുരക്ഷ ലേഖനം

മുരളി തുമ്മാരുകുടി

കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ( കെ എസ് ഇ ബി ) മെയ് 1 മുതൽ 7 വരെ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഒരു സുരക്ഷാ വിദഗ്ദ്ധനെന്ന നിലയിൽ ചില ചിന്തകൾ പങ്കുവെക്കട്ടെ.

ഒരു വർഷം ശരാശരി 200 വൈദ്യുതി അപകടമരണങ്ങൾ കേരളത്തിൽ സംഭവിക്കുന്നുണ്ട് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. ഇതിൽ 30 ഓളം പേർ കെ.എസ്.ഇ.ബി.യുടെ തന്നെ കീഴിൽ ജോലി ചെയ്യുന്നവർ ആണ്. 10-15 പേർ സ്ഥിരം ജീവനക്കാരും ബാക്കി കരാർത്തൊഴിലാളികളും. കഴിഞ്ഞ ഒരു ദശാബ്ദമായി ഇതാണു സ്ഥിതി. മരിക്കുന്നവരുടെ പല മടങ്ങ് ആളുകൾക്ക് പരിക്ക് പറ്റുന്നുമുണ്ട്. ഉദാഹരണത്തിന് 2015 ൽ 32 പേർ മരിച്ചപ്പോൾ 150 ഓളം തൊഴിലാളികൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇവരിൽ മൂന്നിൽ രണ്ടും കരാർ തൊഴിലാളികൾ ആയിരുന്നു.

വൈദ്യുതി അപായം ഉണ്ടാക്കുന്ന ഒന്നായതിനാൽ വൈദ്യുതിബോർഡിൽ അപകടവും മരണവും സ്വാഭാവികമല്ലേ എന്ന് ശരാശരി ആളുകൾക്ക് തോന്നാം. പക്ഷെ ഇത് ശരിയല്ല. വൈദ്യുതി അപകടം പിടിച്ചതായതുകൊണ്ട് വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളിൽ അപകടം ഉണ്ടായിക്കൊള്ളണം എന്നില്ല. എത്ര അപകടം പിടിച്ച ജോലിയും സുരക്ഷിതമായി ചെയ്യാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ ഉണ്ട്. എന്നാൽ അതിനു വേണ്ട നിയമങ്ങളും സൗകര്യങ്ങളും പരിശീലനവും വേണമെന്നേയുള്ളൂ. നിയമവും സൗകര്യങ്ങളും ഉപയോഗിച്ച് മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വേണം. വികസിതരാജ്യങ്ങളിലെ വൈദ്യുതികമ്പിനികളിലെ അപകടനിരക്കും മരണസംഖ്യയുമായി കേരളത്തിലെ ബോർഡിലെ അപകടനിരക്ക് ഒന്ന് താരതമ്യം ചെയ്താൽ ഇത് എളുപ്പത്തിൽ ബോധ്യപ്പെടും. ഏതാണ്ട് കേരളത്തിലെ അത്രയും തന്നെ ജനസംഖ്യയുള്ള ആസ്‌ട്രേലിയയിലെ യൂട്ടിലിറ്റി കമ്പനികളിലെ ഉദാഹരണം എടുക്കാം (ഇത് വൈദ്യുതി, ഗ്യാസ്, വെള്ളം, വേസ്റ്റ് ഇത് നാലും കൂടിയതാണ്). കേരളത്തിലെ വൈദ്യുതി ഉല്പാദനത്തിന്റെ പല മടങ്ങ് വരും അവിടുത്തെ മൊത്തം ഉല്പാദനം. പ്രസരണവും വിതരണവും നമ്മളേക്കാൾ എത്രയോ വലുതായ ശൃംഖല ആണ്. പക്ഷെ നമ്മുടേതിനേക്കാൾ നാലിലൊന്നിലും കുറവാണ് അവിടുത്തെ വൈദ്യുതി മൂലമുള്ള മരണസംഖ്യ. അപ്പോൾ അപകടം ഉണ്ടാക്കുന്നത് വൈദ്യുതി മാത്രമല്ല എന്ന് ഉറപ്പ്.

ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്നതിന് മുൻപ് ഞാൻ ഒരു ദശാബ്ദക്കാലം ഒരു അന്താരാഷ്ട്ര എണ്ണക്കമ്പനിയുടെ സേഫ്ടി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിട്ടുണ്ട്. അപകടങ്ങൾ കുറക്കാൻ അവർ ചെയ്തിരുന്ന മാർഗ്ഗങ്ങൾ നമുക്കും ഉപയോഗിക്കാവുന്നതാണ്. അവയിൽ പ്രധാനമായവ ഇവിടെ പറയാം.

സുരക്ഷയാണ് ഏറ്റവും പ്രധാനം: ലോകമെന്പാടും ഉള്ള വ്യവസായ സ്ഥാപനങ്ങളിലെ മേധാവി എപ്പോഴും ഉറക്കെ പറയുന്ന കാര്യമാണ് 'സുരക്ഷ ആണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം' എന്നത്. പക്ഷെ ഭൂരിഭാഗം പേരും ഇത് ശരിക്കും അർത്ഥമാക്കുന്നില്ല. അങ്ങനെ അർത്ഥമാക്കിയാലുള്ള ബുദ്ധിമുട്ടുകളെ നേരിടാൻ തയ്യാറുമല്ല. അപ്പോൾ പൊതുപരിപാടികളിലെല്ലാം സുരക്ഷയാണ് ഏറ്റവും പ്രധാനം എന്ന് പറയുകയും കമ്പനി മീറ്റിംഗുകളിൽ പ്രോഡക്ഷൻ ടാർഗറ്റിനെപ്പറ്റിയും ഉപഭോക്തൃ ക്ഷേമത്തെപ്പറ്റിയും മാത്രം പറയുകയും ചെയ്താൽ ഈ ഇരട്ടത്താപ്പ് തൊഴിലാളികൾക്ക് വേഗത്തിൽ മനസ്സിലാകും. അവർ അതിനനുസരിച്ച് പെരുമാറുകയും ചെയ്യും. ഞങ്ങളുടെ കന്പനിയിൽ ഓരോ മീറ്റിംഗും തുടങ്ങിയിരുന്നത് സുരക്ഷയെപ്പറ്റി പറഞ്ഞുകൊണ്ടാണ്. കന്പനിയിലെ ഓരോ സ്റ്റാഫും പുതുതായി ജോലിക്ക് കയറിയാൽ ഉടൻ സുരക്ഷയെപ്പറ്റിയുള്ള ഓറിയന്റേഷൻ കോഴ്‌സിനു പോകണം എന്നത് നിർബന്ധമാണ്. അത് കമ്പനിയുടെ മേധാവി ആണെങ്കിലും ഡ്രൈവർ ആണെങ്കിലും മാറ്റമില്ല. ഓരോ വർക്ക് സൈറ്റിലും ചെല്ലുമ്പോൾ ആദ്യം കിട്ടുന്നത് സുരക്ഷാ വിവരണം (safety briefing) ആണ്. ആവശ്യത്തിനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെ ആരും ,അത് എം.ഡി. ആയാലും മന്ത്രി ആയാലും എന്തിനു സുൽത്താൻ ആണെങ്കിലും വർക്ക് സൈറ്റിൽ വരാൻ പാടില്ല. ഓരോ ദിവസത്തേയും പണി തുടങ്ങുന്നതിനു മുൻപ് ആ ജോലിയുടെ സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്തിരിക്കണം. സുരക്ഷാ അനുമതി (Safety Permit) വേണ്ട ജോലിയാണെങ്കിൽ മുൻകൂർ അനുമതി എടുത്തിരിക്കണം. ഇതിലൊന്നും യാതൊരു വിട്ടുവീഴ്ചയും അനുവദനീയമല്ല.

സുരക്ഷാ കാര്യത്തിൽ എല്ലാവരും തുല്യർ: കന്പനികൾ അപകടത്തിന്റെ കണക്കു പറയുന്‌പോൾ പലപ്പോഴും കന്പനിയിൽ നേരിട്ട് ജോലി ചെയ്യുന്നവരുടെയും കരാർതൊഴിലാളികളുടെയും (ഇത് കരാർ ആയി ജോലി ചെയ്യുന്നതോ, കരാറുകാരുടെ കൂടെ ജോലി ചെയ്യുന്നതോ ഒക്കെ ആവാം) കണക്ക് വേറെ വേറെ പറയാറുണ്ട്. ബോർഡിലും ഈ സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ എല്ലാ മനുഷ്യജീവനും ഒരു പോലെ വിലപ്പെട്ടതായതിനാൽ അങ്ങനെ ഒരു വേർതിരിവിൽ അർത്ഥമില്ല. അപകട സാധ്യതകൾ കൂടുതലുള്ള പണി പുറം കരാർ കൊടുക്കുന്നതുകൊണ്ടോ കരാർതൊഴിലാളികൾക്കും കരാറുകാരുടെ പണിയെടുക്കുന്ന തൊഴിലാളികൾക്കും സുരക്ഷാസംരക്ഷണവും പരിശീലനവും കുറവായതുകൊണ്ടോ ഒക്കെ ആണ് അവരിൽ അപകടം കൂടുന്നത്. കരാർ തൊഴിലാളികൾക്ക് അപകടം ഉണ്ടായാൽ വലിയ നഷ്ടപരിഹാരം ഒന്നും കൊടുക്കേണ്ട എന്നതും കരാർ തൊഴിലാളികളുടെ മരണസംഖ്യ കമ്പനിയുടെ കണക്കിൽ വരില്ല എന്നതും, പലപ്പോഴും അപകടംപിടിച്ച ജോലികൾ കരാർ കൊടുക്കാൻ കാരണമാകുന്നുണ്ട്. ആധുനിക സുരക്ഷാ ചിന്താഗതി അനുസരിച്ച് ഒരു കന്പനിക്കു വേണ്ടി ജോലി ചെയ്യുന്ന എല്ലാവരുടേയും ജീവനെ കന്പനി ഒരു പോലെ കരുതണം. അവർക്ക് തുല്യ പരിശീലനവും സംരക്ഷണവും പണി ചെയ്യുന്‌പോഴും അപകടം പറ്റുന്‌പോഴും മരിക്കുന്‌പോളും കൊടുക്കുകയും വേണം.

ജോലി നിർത്തിവക്കാനുള്ള അവകാശം. കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന ഓരോ ആൾക്കും, അത് മേലുദ്യോഗസ്ഥനോ, തൊഴിലാളിയോ ആകട്ടെ, സ്ഥിരം ജോലിക്കാരനോ കരാർ ജോലിക്കാരനോ ആകട്ടെ, ഇവർക്കെല്ലാം, കന്പനിയുടെ എം.ഡി. ഒപ്പിട്ടു കൊടുത്ത ഒരു കാർഡ് ഉണ്ട്. 'സ്റ്റോപ്പ് കാർഡ്' എന്നാണ് ഇതിന്റെ പേര്. 'സുരക്ഷിതമല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ഏതു ജോലിയും തുടങ്ങാതിരിക്കാനോ തുടങ്ങിയതാണെങ്കിൽ നിർത്തിവക്കാനോ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു. അതിന്റെ പേരിൽ നിങ്ങൾക്കോ നിങ്ങളുടെ കന്പനിക്കോ ഒരു വിധത്തിലും ശിക്ഷാനടപടികൾ നേരിടേണ്ടി വരില്ല എന്ന് ഞാൻ ഉറപ്പു തരുന്നു' എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത്. ഇത് എല്ലായ്‌പ്പോഴും എല്ലാവരുടേയും അടുത്ത് കാണും. ആർക്കും എപ്പോഴും എടുത്ത് ഉപയോഗിക്കാം. നമ്മുടെ സ്വന്തം വർക്ക് സൈറ്റിൽ തന്നെ ആകണമെന്നില്ല. നമ്മൾ കന്പനിയിൽ എവിയെങ്കിലും പോകുന്‌പോൾ അപകടകരമായ ഒരു പണി കണ്ടാൽ ഉടൻ സ്റ്റോപ്പ് കാർഡ് പുറത്തെടുക്കാം. ഇങ്ങനെ പണി നിർത്തി വയ്‌പ്പിക്കാൻ ധൈര്യം കാണിക്കുന്നവർക്ക് 'അപ്പോൾത്തന്നെ പിടിച്ച് അവാർഡ്' ( spot award ) നല്കുന്ന രീതിവരെ ഉണ്ട്. ഇതുകൂടാതെ കന്പനി വർഷാവസാനം ബോണസ് പ്രഖ്യാപിക്കുന്‌പോൾ പ്രൊഡക്ഷനേക്കാൾ പ്രധാനം സുരക്ഷയിലെ നിർവഹണം ആണ്. എങ്ങനെയൊക്കെയാണ് 'സുരക്ഷയാണ് പ്രധാനം' എന്ന മുദ്രാവാക്യത്തെ ശക്തവും യാഥാർത്ഥ്യവും ആക്കുന്നത് എന്ന് നോക്കൂ.

അപകട സാധ്യതയാണ് കുറക്കേണ്ടത്: വൈദ്യുതിമേഖലയിൽ അപകടമരണം കുറയ്ക്കുക എന്നത് മാത്രമല്ല നമ്മൾ ആത്യന്തികമായി ലക്ഷ്യം വയ്‌ക്കേണ്ടത്. നിരവധി പിഴവുകളുടേയും അതു മൂലമുണ്ടാകുന്ന അപകടങ്ങളുടേയും പരിണിതഫലമാണ് അപകടമരണം. ആധുനിക വ്യവസായശാലകളിൽ ഏതു ചെറിയ അപകടത്തിനും സംഭവവിവരണം (Incident Report) എഴുതുന്ന പതിവുണ്ട്. ചില സാഹചര്യങ്ങളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവൃത്തികൾ ചെയ്തിട്ടും ഭാഗ്യമൊന്നുകൊണ്ടുമാത്രം അപകടം ഒഴിവാകാറുണ്ട്. അത്തരത്തിൽ 'ഒഴിവാകുന്നത്' (Near Miss) മുതൽ അപകടം മൂലം തൊഴിലാളിക്ക് പ്രവൃത്തിസമയം നഷ്ടപ്പെടുത്തിയവ (Lost time injury), ഗുരുതരമായ പരിക്കുണ്ടാക്കിയവ (Serious Injury), സ്ഥിരം വൈകല്യമുണ്ടാക്കിയത് (Permanent Disability), മരണകാരണമായത് (loss of life) എന്നിങ്ങനെ അഞ്ച് തലങ്ങളിലായിട്ടാണ് സാധാരണ ഈ റിപ്പോർട്ട് എഴുതാറ്. ഇത്തരം റിപ്പോർട്ടുകൾ വർഷാവസാനം പരിശോധിച്ചാൽ, അപകടം സംഭവിച്ച ഓരോ വിഭാഗത്തിലും അതിനു മുൻപേ തന്നെ ഒഴിവായിപ്പോയതും സമയം നഷ്ടപ്പെടുത്തിയതുമൊക്കെയായ നിരവധി സംഭവങ്ങൾ ഉണ്ടായിക്കാണും എന്ന് ഉറപ്പാണ്. അത്തരം സംഭവങ്ങൾ അവലോകനം ചെയ്യുകയും പ്രതിരോധനടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ വളരെ കാര്യക്ഷമമായി അപകട സാധ്യതകളെ തന്നെ ഒഴിവാക്കാനാകും. മരണം ഒഴിവാകുകയും ചെയ്യും.

സുരക്ഷാ വിദഗ്ധന്മാരുടെ ആവശ്യം: ഏതു തരം കന്പനിയിലും അവരുടെ പ്രധാന ശ്രദ്ധ അവരുടെ മുഖ്യ തൊഴിൽ ചെയ്യുന്നതിനാണ്. വളംകന്പനിയിൽ വളം ഉണ്ടാക്കുനതിന്, വൈദ്യുതികന്പനിയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് എന്നിങ്ങനെ. അതുകൊണ്ടുതന്നെ സുരക്ഷാരംഗത്ത് വരുന്ന പുതിയ സമീപനങ്ങളും മാതൃകകളും മാനേജ് മെന്റിന്റെ ശ്രദ്ധയിൽ പെടണം എന്നില്ല. ഇവിടെയാണ് പൂർണ്ണ സ്വാതന്ത്ര്യവും ചുമതലയും ഉള്ള (independent and dedicated) ഒരു ഹെൽത്ത് & സേഫ്റ്റി ഡിപ്പാർട്ട് മെന്റിന്റെ ആവശ്യം. മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ സുരക്ഷാരംഗത്ത് മെച്ചപ്പെട്ട പരിശീലനം നേടിയവരാകണം ഇതിൽ ഉള്ളത്. ജീവനക്കാർക്ക് സുരക്ഷയെപ്പറ്റിയും സുരക്ഷാ നിർവ്വഹണത്തെപ്പറ്റിയും (Safety Management) വ്യക്തവും കൃത്യവുമായ പരിശീലനം നിശ്ചിത ഇടവേളകളിൽ നൽകുക, ഓരോ ജോലിയിലും സുരക്ഷാമുൻകരുതലുകൾ പാലിക്കാൻ അവരെ സഹായിക്കുക, പ്രൊജക്റ്റ് ഉണ്ടാക്കുന്ന സമയത്ത് തന്നെ അവ സുരക്ഷിതമാക്കാനുള്ള പ്രത്യേക ശ്രദ്ധ കൊടുക്കുക, അപകടം ഉണ്ടായാൽ അതിനുള്ള പ്രതിരോധ ശ്രമങ്ങൾക്കും അത് കഴിഞ്ഞ് അപകടത്തെ പറ്റിയുള്ള അന്വേഷണങ്ങൾക്കും കന്പനിയെ സഹായിക്കുക ഇവയെല്ലാം ഈ വിഭാഗത്തിന്റെ ചുമതലയായിരിക്കും.

നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ആൾ: ബ്രൂണയിലെ ഓഫീസുകളിൽ എല്ലാം ഒരു വലിയ ബുക്ക് ഉണ്ട്. 'നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ആളുടെ ഫോട്ടോ' എന്നാണതിന്റെ പേര്. നിങ്ങൾ അത് തുറന്നു നോക്കിയാൽ അതിലുള്ളത് ഒരു കണ്ണാടിയാണ്, കാണുന്നത് നിങ്ങളെത്തന്നെയും. അപ്പോൾ സുരക്ഷ എന്നത് സുരക്ഷാ വകുപ്പിന്റെയോ മേലുദ്യോഗസ്ഥന്റെയോ മാത്രം ഉത്തരവാദിത്തം അല്ല എന്നതാണ് അത് നല്കുന്ന സന്ദേശം. കന്പനിയിൽ ഒരു സുരക്ഷാവകുപ്പ് ഉണ്ടാക്കി ഇനി സുരക്ഷ അവർ നോക്കും എന്ന് വിചാരിച്ചിരുന്നാൽ കാര്യം ഇല്ല. സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തം ആണ്. നിങ്ങളെ സഹായിക്കുക മാത്രമാണ് സുരക്ഷാ വിദഗ്ദ്ധന്റെ ജോലി.

എമർജൻസി റെസ്‌പോൺസ്: എത്ര തന്നെ മുൻകരുതൽ എടുത്താലും അപകടങ്ങൾ പതുക്കെപ്പതുക്കെ മാത്രമേ കുറഞ്ഞുവരികയുള്ളൂ. അപ്പോൾ ഒരപകടമുണ്ടായാൽ അതിനെ നേരിടുന്നതിനും നാം തയ്യാറായിരിക്കണം. പരിഷ്‌കൃത വ്യവസായ സ്ഥാപനങ്ങളിലുള്ളതുപോലെ ഒരു കേന്ദ്രീകൃത അത്യാഹിത പരിപാലന സംവിധാന (Corporate Emergency Management System) ത്തിന് കെ എസ് ഇ ബി യിലും രൂപം നൽകണം. ചെറുതും വലുതുമായ അപകടങ്ങളിൽ, അതത് സംഭവങ്ങളുടെ ഗൗരവമനുസരിച്ച് എന്തൊക്കെ വിഭവങ്ങൾ (Resources) ആവശ്യമുണ്ടെന്നത് മുൻകൂട്ടി മനസ്സിലാക്കിയിരിക്കണം. ഒരു ഇലക്ട്രിക് ലൈനിലുണ്ടാകുന്ന ചെറിയ അപകടം പരിഹരിക്കാൻ സമീപത്തു തന്നെ ലഭ്യമായ വിഭവങ്ങൾ മതിയായേക്കും. എന്നാൽ, പവർഹൗസ് പോലെയുള്ള വലിയ സ്ഥാപനങ്ങളിലുണ്ടാകുന്ന അപകടത്തിന് വലിയ വ്യാപ്തിയുണ്ടാവാം. സ്വാഭാവികമായി ഇങ്ങനെ ഒരപകടം പ്രതീക്ഷിച്ച് ഇവയെല്ലാം സംഘടിപ്പിച്ച് ഓരോ സ്ഥലത്തും സൂക്ഷിക്കാൻ കെ എസ് ഇ ബി ക്ക് കഴിയില്ല, അതിന്റെ ആവശ്യവും ഇല്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ അപകടലഘൂകരണ വിഭാഗങ്ങൾ, സമീപത്തു തന്നെയുള്ള മറ്റു വലിയ വ്യവസായങ്ങൾ, സൈന്യം തുടങ്ങി ഇത്തരം ദുരന്തലഘൂകരണ സംവിധാനങ്ങൾ എവിടെനിന്ന് എങ്ങനെയൊക്കെ സംഘടിപ്പിക്കാം എന്ന് രേഖാമൂലമുള്ള ധാരണ മുൻകൂർ ഉണ്ടാക്കി വയ്‌ക്കേണ്ടതുണ്ട്. അതേസമയം ഒരു അപകടമേഖലയിൽ കമാൻഡന്റ് ആൻഡ് കൺട്രോൾ വളരെ പ്രധാനമാണ്. അപകടം നടന്ന സ്ഥലത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാൻ ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ ഉണ്ടായിരിക്കണം. അയാളുടെ കീഴിലായിരിക്കണം എല്ലാം നടക്കേണ്ടത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതി അപകടമുഖത്ത് ഒട്ടും നന്നല്ലെന്ന് സാരം. ഇതിനു പുറമേ അപകടസമയത്ത് ബോർഡിന്റെ മുഖ്യ ആസ്ഥാനത്ത് ഒരു എമർജൻസി മാനേജരുടെ ആവശ്യം കൂടിയുണ്ട്. അപകടമേഖലയിലെ ജോലിക്ക് ആവശ്യമായ തരത്തിൽ ആളും അർഥവും ആവശ്യാനുസരണം ചെലവഴിക്കാനുള്ള അധികാരം ഇവർക്ക് രേഖാമൂലം മുൻകൂർ തന്നെ നൽകിയിരിക്കണം. ഇതൊക്കെ രേഖയിലിരുന്നാൽ മാത്രം പോര, കൃത്യമായ ഇടവേളകളിൽ പ്രായോഗിക പരിശീലന (Mock Drill) ത്തിലൂടെ എല്ലാ ജീവനക്കാരും മനസ്സിലാക്കിയിരിക്കുകയും വേണം.

കുറ്റവാളിയെ കണ്ടെത്താത്ത അന്വേഷണം: ബോർഡിൽ ഓരോ അപകടത്തിനു ശേഷവും കേൾക്കുന്ന ഒരു വാർത്ത ഉണ്ട് 'അപകടത്തിന് ഉത്തരവാദികൾ ആയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കും എന്ന്'. ആധുനിക സുരക്ഷാ തത്വശാസ്ത്രത്തിൽ സുരക്ഷാ അപകടങ്ങൾക്ക് ഒരു ഉത്തരവാദി ഇല്ല. ആരും തന്നെ 'ഇന്ന് ഞാൻ ഒരു അപകടം ഉണ്ടാക്കും' എന്ന് കരുതി ജോലിക്ക് വരുന്നും ഇല്ല. സുരക്ഷാ വിഷയത്തിലെ ഒരു കൂട്ടം മുൻകരുതലുകൾ പാലിക്കാതെ വരുന്‌പോൾ ആണ് അതൊരു അപകടത്തിൽ കലാശിക്കുന്നത്. അതിനോരോന്നിനും പ്രത്യക്ഷവും അടിസ്ഥാനപരവും ആയ കാരണങ്ങളും കാണും. സമയബന്ധിതമായി ജോലി തീർക്കാനുള്ള സമ്മർദ്ദമോ, അറിവില്ലായ്മയോ, ലഹരിയുടെ ഉപയോഗമോ ഒക്കെയാവാം കാരണം. ഇതിൽ പ്രത്യക്ഷമായ ഒരു കാരണവും അതിനൊരു ഉത്തരവാദിയേയും കണ്ടെത്തി ശിക്ഷിച്ചു അന്വേഷണം അവസാനിപ്പിച്ചാൽ നമ്മൾ സുരക്ഷാരംഗത്ത് പുരോഗതി പ്രാപിക്കില്ല. മറിച്ച് അപകടത്തിന്റെ അടിസ്ഥാനകാരണം മനസ്സിലാക്കുകയും അതിനു പരിഹാരം കാണുകയും ആ അറിവ് ബോർഡിന്റെ എല്ലാ തൊഴിലിടങ്ങളിലും അറിയിക്കുകയും ചെയ്യുന്‌പോൾ ആണ് ആ അപകടത്തിൽ നിന്നും സുരക്ഷയുടെ കാര്യത്തിൽ നാം മുന്നേറുന്നത്. അപകടത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുകയും അത് ആവർത്തിക്കാതെ നോക്കുകയുമാണ് ലക്ഷ്യമെങ്കിൽ അന്വേഷണത്തിന്റെ ശൈലിക്ക് മാറ്റം വന്നേ തീരൂ. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കലല്ല പ്രത്യുത അപകടകാരണം കണ്ടെത്തുകയാണ് ഉദ്ദേശ്യമെന്ന് സ്വയം ബോധ്യപ്പെടുന്നതോടൊപ്പം ജീവനക്കാരെ വ്യക്തമായി ബോധ്യപ്പെടുത്താനും അന്വേഷകർക്ക് കഴിയണം. അന്വേഷണത്തെത്തുടർന്ന് തങ്ങളുടെ സഹപ്രവർത്തകനെ ശിക്ഷിക്കുമെന്ന തോന്നൽ, സത്യം മറച്ചുവയ്ക്കാൻ കൂടെയുള്ളവരെ പ്രേരിപ്പിക്കുകയും തൽഫലമായി അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താനാവാതെ വരികയും ചെയ്യും. ഇതുകൂടാതെ അന്വേഷണം നടത്തേണ്ടത് അപകടം ഉണ്ടാകുന്‌പോൾ മാത്രമല്ല. ഒഴിവായ അപകടങ്ങൾ തന്നെ 'എന്ത് സംഭവിക്കാമായിരുന്നു' എന്നതിനെ ആശ്രയിച്ചാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. അല്ലാതെ അപകടം ഒന്നും ഉണ്ടായില്ലല്ലോ എന്നതുകൊണ്ട് അതിനെ നിസ്സാരം ആയി കാണുകയല്ല.

സുരക്ഷിതം അല്ലാത്ത പെരുമാറ്റം വേണ്ട: അപകടം ഉണ്ടാക്കാൻ ആരും തുനിഞ്ഞിറങ്ങാറില്ലെങ്കിലും മനഃപൂർവ്വം സുരക്ഷിതമല്ലാത്ത രീതിയിൽ പെരുമാറുന്നത്, സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് എല്ലാം സാധാരണം ആണ്. അപകടം നമുക്ക് വരില്ല എന്ന തോന്നൽ, ഇതൊക്കെ ഞാൻ എത്രയോ പ്രാവശ്യം ചെയ്തിരിക്കുന്നു എന്ന അമിത ആത്മവിശ്വാസം, ഈ സുരക്ഷയൊക്കെ പേടിത്തൂറികൾക്ക് വേണ്ടിയുള്ളതാണെന്ന അഹംഭാവം, ലഹരിയുടെ ഉപയോഗം ഇതെല്ലം സുരക്ഷിതമല്ലാത്ത പെരുമാറ്റത്തിലേക്ക് നയിക്കും. ഇത് അവരുടേയും കൂടെയുള്ളവരുടേയും സുരക്ഷ അപകടത്തിലാക്കും. സുരക്ഷ പ്രധാനം എന്ന് കരുതുന്ന ഒരു കന്പനിക്കും ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനു പരിശീലനം ഉണ്ടായിട്ടും സുരക്ഷാഉപകരണങ്ങൾ ഉണ്ടായിട്ടും സുരക്ഷാനിയമങ്ങൾ ഉണ്ടായിട്ടും അത് മനഃപൂർവം അവഗണിക്കുന്ന ഒരാൾ, അയാൾ എത്ര ഉയർന്ന ആളാണെങ്കിലും എത്ര നല്ല തൊഴിലാളി ആണെങ്കിലും ജോലിയിൽ നിന്നും മാറിപ്പോയെ പറ്റൂ, അല്ലെങ്കിൽ നാളെ അവർ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിൽ ആക്കും. ഇങ്ങനെ നാല് പേരെ, അതും പിടിപാടുള്ളവരെ, മാതൃകാപരമായി കൈകാര്യം ചെയ്താൽ സുരക്ഷാബോധം പെട്ടെന്ന് കൂടും.

ഹൃദയത്തോട് സംസാരിക്കുക: സുരക്ഷയുടെ കാര്യത്തിൽ പരീക്ഷിച്ച് വിജയം കണ്ടിട്ടുള്ള മറ്റൊരു രീതിയാണ് വൈകാരിക സമീപനം (Hearts & Minds Technique). ഇലക്ട്രിസിറ്റി വർക്കർ മുതൽ ചീഫ് എഞ്ചിനിയർ വരെയുള്ള ജീവനക്കാരുടെ മനോഭാവം സുരക്ഷിതമായ ജോലിക്ക് അനുഗുണമാക്കി രൂപാന്തരപ്പെടുത്തിയെടുക്കാൻ ഈ വൈകാരിക സമീപനം സഹായിക്കും. ഒരുദാഹരണം പറയാം. കെ എസ് ഇ ബി യുടെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിനു മുന്നിൽ ഒരു സുരക്ഷാ ബോർഡ് സ്ഥാപിക്കുന്നു എന്ന് കരുതുക. അതിൽ ഈ വിഭാഗത്തിനു കീഴിൽ നാളിതുവരെ എത്ര അപകടങ്ങൾ നടന്നു, അപകടമില്ലാതെ എത്ര സമയം ജോലി ചെയ്തു, അവസാനമായി അപകടമുണ്ടായിട്ട് എത്ര ദിവസമായി, എത്ര മരണങ്ങളുണ്ടായി, എത്രയെണ്ണം ഗുരുതരമായിരുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ രേഖപ്പെടുത്തി പ്രദർശിപ്പിച്ചിരിക്കണം. ഇത് മുകളിലേക്ക് എക്‌സിക്യുട്ടീവ് എഞ്ചിനിയർ, ചീഫ് എഞ്ചിനിയർ, ചെയർമാൻ എന്നിങ്ങനെ എല്ലാ ഓഫീസുകൾക്ക് മുന്നിലും സഞ്ചയിതമായി (Cumulative) പ്രദർശിപ്പിക്കണം. ഇത് സുരക്ഷ ഒരു പ്രവർത്തനശൈലിയാക്കുന്നതിലുള്ള ആവേഗം വർദ്ധിപ്പിക്കും. സ്വന്തം അധികാരപരിധിയിൽ ഇങ്ങനെയൊരു ജീവാപായം ഉണ്ടായല്ലോ എന്ന ചിന്ത ഓരോ അധികാരിയുടെ മനസ്സിനേയും വേദനിപ്പിച്ചുകൊണ്ടിരിക്കും. അത് ജാഗ്രതയുണർത്തുകയും, ഒരു ഗുണപരമായ മാറ്റത്തിലേക്ക് വഴി തെളിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രിയുടെ ഓഫീസിനു മുൻപിലുള്ള സുരക്ഷാ ബോർഡിൽ 'അവസാനത്തെ അപകടം നടന്നിട്ട്' എന്ന ബോർഡ് ആഴ്ചയിൽ തന്നെ പലപ്പോഴും മൂന്നോ നാലോ പ്രാവശ്യം മാറ്റേണ്ടി വരും. അപ്പോൾ ഇതിനു മാദ്ധ്യമശ്രദ്ധ കിട്ടും, അതോടെ ഇതിനെപ്പറ്റി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി എന്നും വരാമല്ലോ.

'ആനച്ചോറ് കൊലച്ചോറ് ' എന്നൊരു പഴഞ്ചൊല്ല് മലയാളത്തിൽ ഉണ്ട്. ആനപ്പാപ്പാൻ ആയി ജോലി ചെയ്യുന്ന ജീവിതവൃത്തി അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പാണിത്. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇലക്ട്രിക് പോസ്റ്റിനെ കൊലമരം ആക്കി പുതിയ ചൊല്ലുകൾ വന്നേക്കും.

(ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളി ആയ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണമെന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP